Friday, 29 May 2020

വാഴ്ത്തപ്പെട്ട മാർത്താ അന്നാ വീക്കാ,ഡിസി 


വാഴ്ത്തപ്പെട്ട മാർത്താ വീക്കാ,ഡിസി 

മുപ്പതാം വയസ്സിൽ മറ്റൊരു നേഴ്സിന് പകരം പകർച്ചവ്യാധി വാർഡിൽ ശുശ്രൂഷ ചെയ്യുവാൻ തയ്യാറായതിനാൽ ടൈഫോയ്ഡ് പിടിപെട്ട് മരിച്ച നേഴ്സായിരുന്നു വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ഡോക്ടർ ചാരിറ്റി സഭാംഗം സിസ്റ്റർ മാർത്താ വീക്ക. വാഴ്ത്തപ്പെട്ട മാർത്താ വീക്കയുടെ തിരുനാൾ ആണ് മെയ് 30.

12 വർഷത്തെ സമർപ്പണ ജീവിതത്തിലൂടെയും, വിൻസെൻഷ്യൻ ചൈതന്യത്തിലൂടെ നേടിയെടുത്ത പരസ്നേഹാധിഷ്ഠിതമായ ആതുരശുശ്രൂഷയിലൂടെ വിശുദ്ധിയുടെ സോപാനം ചവിട്ടിക്കയറിയ ധീരയാണ് വാഴ്ത്തപ്പെട്ട വാഴ്ത്തപ്പെട്ട മാർത്ത വീക്കാ.


1874 ജനുവരി പന്ത്രണ്ടാം തീയതി പോളണ്ടിലെ നോവിക്കായിലെ ധനികനായ ജന്മിയുടെ 13 മക്കളിൽ ഒരാളായി മാർത്ത ജനിച്ചു. അവളുടെ ജന്മദേശം മതപരമായ വിശ്വാസങ്ങൾക്കും ചടങ്ങുകൾക്കും വിലക്ക് ഏർപ്പെടുത്തിയ പ്രഷ്യൻ പ്രവിശ്യ ആയിരുന്നിട്ടും, ക്രിസ്തുവിനെയും ക്രിസ്തീയ വിശ്വാസങ്ങളെയും തത്വശാസ്ത്രങ്ങളെ മറികടന്ന് അവളുടെ കുടുംബം നെഞ്ചേറിയിരുന്നു.

1886 ൽ മാർത്ത ഈശോയെ ആദ്യമായി ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ മുതൽ അവൾക്ക് സർവ്വവും ഈശോ ആയി മാറി. 12 കിലോമീറ്റർ അകലെയുള്ള ഇടവക ദേവാലയത്തിലെ അനുദിന ദിവ്യബലി അവളുടെ ഊർജ്ജ സ്രോതസ്സായിരുന്നു.

മാർത്തയ്ക്കു രണ്ടു വയസ്സുള്ളപ്പോൾ അവൾക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. വൈദ്യശാസ്ത്രം വരെ കൈവെടിഞ്ഞപ്പോൾ മാതാപിതാക്കൾ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ഈശോ അവളെ കുഞ്ഞു മാർത്താ യെ സുഖപ്പെടുത്തുകയും ചെയ്തു. അതിനാൽ തന്നെ ചെറുപ്പത്തിലെ അവൾക്ക് പരിശുദ്ധ അമ്മയോട് പ്രത്യേക സ്നേഹവും ഭക്തിയും ഉണ്ടായിരുന്നു. മാർത്താ വീക്ക മരണമടഞ്ഞത് അമ്മയെ ഏറെ ഓർക്കുന്ന മെയ് മാസം മുപ്പതാം തീയതി ആണ്. 2008 മെയ് 24ൽ ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനം ആണ് ഉക്രെയിനിൽ വച്ച് കത്തോലിക്കാ സഭ സിസ്റ്റർ മാർത്തായെ ഉക്രെയിനിലെ ലിവ്യൂവിൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയത്..

പതിനാറാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അടുത്തുള്ള വിൻസെൻ്റ് ഡി പോളിൻ്റെ ചാരിറ്റി മഠത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ പ്രായക്കുറവിനാൽ അവർ പ്രവേശനം നിരസിച്ചു. പിന്നീട് പതിനെട്ടാം വയസ്സിൽ തൻ്റെ പ്രിയ കുടുംബത്തെ വിട്ട് ഈശോയ്ക്കു വേണ്ടി സമൂഹത്തിലെ ഒറ്റപ്പെട്ട വരെ ശുശ്രൂക്കുവാനുള്ള അതീവ താല്പര്യത്തോടെയും സ്നേഹത്തോടും കൂടി പോളണ്ടിലെ ക്രാക്കോവിലേക്ക് കൂട്ടുകാരി മോനിക്കക്കൊപ്പം അവൾ യാത്രയായി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ രൂപതയും ദിവ്യകാരുണ്യ ഈശോയെ ആദ്യമായി വി. ഫൗസ്റ്റീനക്ക് പ്രത്യക്ഷപ്പെട്ട പ്രസിദ്ധമായ നഗരമാണ് ക്രാക്കോവ്.


1892 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി സഭാംഗമായി സിസ്റ്റർ മാർത്ത വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ഉപവി പുത്രിമാരുടെ സഭാംഗമായി. 1893 ഏപ്രിൽ 23 ആം തീയതി ലിവ് വിലെ ഒരു ആശുപത്രിയിലേക്ക് നവസന്യാസിനിയെ രോഗീശുശ്രൂഷക്കായി അയക്കപ്പെട്ടു. 1894 നാം പതിനഞ്ചാം തീയതി സ്നയറ്റനിലെ പോഡ്ഝെയിലുള്ള ഹോസ്പിറ്റലിലേക്ക് അവൾക്ക് സ്ഥലംമാറ്റം ലഭിച്ചു. ചുരുങ്ങിയ കാലത്തിൽ ശുശ്രൂഷയിലൂടെ സിസ്റ്റർ മാർത്ത രോഗികളുടെ മനം കവർന്നു. അവളിൽ ജന്മസിദ്ധമായ പാവങ്ങളോടുള്ള കാരുണ്യവും സ്നേഹവും അനുകമ്പയും നേഴ്സ് ആയിട്ടുള്ള ശുശ്രൂഷ വഴി പ്രകടമാക്കി. രോഗികളോട് വളരെ കരുതലോടെയും അനുകമ്പയും കൂടി പെരുമാറുകയും, തന്നെ ഏൽപിച്ച ഉത്തരവാദിത്വം അതീവശ്രദ്ധയോടെ നിർവ്വഹിക്കുകയും ചെയ്ത സിസ്റ്റർമാർത്തയെ രോഗികൾക്ക് ഏറെ ഇഷ്ടമായിരുന്നു. അവരുടെ പ്രശസ്തി എങ്ങും പരന്നു 1899 ബോസ്നിയ ആയിരിക്കവേ ക്രൂശിതനായ കർത്താവിൻ്റെ ഒരു ദർശനം അവൾക്കുണ്ടായിരുന്നു. "ജീവിതത്തെ നേരിടാൻ പോകുന്ന പ്രതിസന്ധികൾ, വേദനകൾ എല്ലാം ക്ഷമയോടെ , സമചിത്തതയോടെ സഹിക്കുവാൻ അവിടുന്ന് അവളെ ഉത്ബോധിപ്പിച്ചു. അവൾ തൻ്റെ അടുത്തേക്ക് വേഗം വരുമെന്നും" അവിടുന്ന് ഓർമിപ്പിച്ചു.

അധികം താമസിയാതെ ഒരു വലിയ ക്ലേശമവളെ പിന്തുടർന്നു. അതുവരെ ഒരുപാട് സന്തോഷം നിറഞ്ഞ അവരുടെ ജീവിത വഴിയിൽ മുള്ളുകൾ നിറഞ്ഞതായി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ അസ്വസ്ഥനായ ഒരു വ്യക്തി അവളെ കുറിച്ച് ഒരു വലിയ അപവാദം എങ്ങും പരത്തി. സിസ്റ്റർ മാർത്താ അവിടെ ശുശ്രൂഷിച്ചിരുന്ന ഒരു രോഗിയിൽ നിന്നും അവൾ ഗർഭിണിയായിരിക്കുകയാണ് എന്ന് അപകീർത്തി അയാൾ എല്ലായിടത്തും പരത്തി. ഈ അപവാദത്തെ വളരെ ശാന്തയായി അവൾ അഭിമുഖീകരിച്ചു. എല്ലാം ദൈവത്തിൽ സമർപ്പിച്ച് എന്നും പോലെ തൻറെ ശുശ്രൂഷ നൽകുവാനായി ശാന്തയായി സ്നേഹത്തോടെ പോയിരുന്നു. അവളുടെ സഹാനുഭൂതിയും കാര്യത്തിലും കുറവ് വന്നില്ല ഉള്ളിൽ നൊമ്പരത്തിന് അലകൾ ഉയർന്നു പൊങ്ങിയ അപ്പോഴും അവരുടെ സഹാനുഭൂതിയും കാരുണ്യത്തിലും കുറവും വന്നില്ല. "സത്യം തന്നെ സ്വതന്ത്ര്യയാക്കുമെന്ന് അവൾ വിശ്വസിച്ചു. മാനം നഷ്ടപ്പെടുത്താൻ പൊങ്ങിവന്ന അപവാദം പുകപോലെ മറഞ്ഞു.

രോഗികളെ കർത്താവുമായി അടുപ്പിക്കുവാനുള്ള പ്രത്യേക വരം സിസ്റ്റർ മാർത്തക്ക് ഉണ്ടായിരുന്നു. സിസ്റ്റർ മാർത്തയുടെ ഡിപ്പാർട്ട്മെൻറിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയും രോഗീലേപനം ലഭിക്കാതെ മരണമടഞ്ഞിട്ടില്ല. രോഗികളെ പോളിഷ് എന്നോ ക്രിസ്ത്യാനി എന്നോ യഹൂദൻ എന്നോ ഓർത്തഡോക്സ് എന്നോ കത്തോലിക്ക എന്ന് എന്ന് തിരിച്ചു വ്യത്യാസമില്ലാതെ സമമായി സ്നേഹത്തോടെ അവൾ ശുശ്രൂഷിച്ചിരുന്നു.അതു കൊണ്ട് തന്നെ വാഴ്ത്തപ്പെട്ടവളായി ഉയർത്തിയപ്പോൾ വത്തിക്കാൻ പ്രതിനിധി പറഞ്ഞു: " വാഴ്ത്തപ്പെട്ട മാർത്ത സഭൈക്യത്തിൻ്റെ കണ്ണിയായിരുന്നു... "

പെട്ടെന്ന് ഒരു പകർച്ചവ്യാധി ഉക്രെയിനിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു കുടുംബസ്ഥനായ നേഴ്സ് തൻ്റെ വാർഡിൽ വാർഡിൽ ശുശ്രൂഷ ചെയ്യാൻ വളരെ ഭയപ്പെട്ടു.

പകർച്ചവ്യാധി വാർഡിൽ ശുശ്രൂഷ ചെയ്യുവാൻ അദ്ദേഹം വളരെ വിശദമായി വിഷണ്ണനായി ഇരിക്കുന്നത് കണ്ടപ്പോൾ സിസ്റ്റർ മാർത്ത സന്തോഷത്തോടെ അദ്ദേഹത്തിൻറെ ഡ്യൂട്ടി ഏറ്റെടുത്തു. പിന്നീട് 40 വർഷങ്ങൾക്ക് ശേഷം പോളിഷ് വൈദികനായ വിശുദ്ധ കോൾബെ രക്തസാക്ഷിയായതും ഇതേ പരസ്നേഹ പ്രവർത്തനത്താലാണ്.

ആ പകർച്ചവ്യാധി വാർഡിലെ പരിചരണം വഴി അവൾക്കും പിടിപെട്ടു. ടൈഫോയിട് പിടിച്ച് അവൾ രോഗബാധിതയായി. വിവരമറിഞ്ഞ് രോഗികൾ സിസ്റ്റർ മാർത്തായ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി.

യഹൂദരും ഓർത്തഡോക്സുകാരും, കത്തോലിക്കരും ഒരുപോലെ സിസ്റ്റമാർത്തക് വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങി. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു. 1904 മെയ്യിൽ മുപ്പതാമത്തെ വയസ്സിൽ മാർത്ത സിസ്റ്റർ തൻറെ സ്നേഹ നാഥനിലേക്ക് യാത്രയായി.
പാവങ്ങളെ ശുശ്രൂഷിക്കാൻ ആയി സ്വയം സമർപ്പിച്ച ജീവിതം അങ്ങനെ ഒരു ബലിയായി സമർപ്പിച്ചു.
2008 മെയ് 30-ാം തിയ്യതി ഉക്രെയിനിലെ ലവ് വിൽ വച്ച് ആയിരങ്ങളെ സാക്ഷി നിർത്തി അപരനു വേണ്ടി ജീവിതം ത്യാഗം ചെയ്ത മർത്തയെ വാഴ്ത്തപ്പെട്ടവളായി ഉയർത്തി. 100 വർഷങ്ങൾ കഴിഞ്ഞിട്ടും വാടാമലരുകൾ അവളുടെ അന്ത്യവിശ്രമസ്ഥലത്ത് സ്നേഗത്തോടെ വച്ച് എല്ലാ വിശ്വാസികളും പ്രാർത്ഥിക്കുന്നത് ഇന്നും കാണാം.

എൻറെ ഈ എളിയ സഹോദരൻ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തതെന്ന (മത്തായി 25: 40) കർത്താവിൻറെ തിരുവചനം ജീവിതത്തിൽ ഏറ്റവും സ്നേഹത്തോടെ സിസ്റ്റർ പ്രാവർത്തികമാക്കിക്കൊണ്ട് അതിൻറെ ഒരു പ്രകടനമായി അവളുടെ ജീവിതം മാറ്റി വയ്ക്കപ്പെട്ടു. കർത്താവിനോടുള്ള സ്നേഹം പാവങ്ങളോടുള്ള സ്നേഹം ആക്കി മാറ്റി ജീവിതം തന്നെ കർത്താവിനു വേണ്ടി പാവങ്ങൾക്ക് ശുശ്രൂഷ ചെയ്തവളാണ് സിസ്റ്റർ മാർത്ത. കഴിക്കുവാൻ അവൾ ഏറ്റവും സ്നേഹത്തിൻ്റെ പര്യായമായ ആ നേഴ്സ് കർത്തൃ സന്നിധിയിൽ നിന്ന് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

ലോകമെങ്ങും മഹാ പകർച്ചവ്യാധിയായി വേദന അനുഭവിക്കുമ്പോൾ കോവിഡ് - 19 ബാധിതരായ ഓരോ മക്കൾക്ക് വേണ്ടിയും ആ മദ്ധ്യസ്ഥം വഹിക്കണമെന്ന് നമുക്കും യാചിക്കാം. കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന മാർത്തയെ പോലുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരെ കാത്തു സംരക്ഷിക്കുകയും വിശ്വാസത്തിൽ വളർത്തുകയും ചെയ്യണമേ ...
Sr Soniya K Chacko DC 

Monday, 18 May 2020

ലോകം നിങ്ങളെ വെറുക്കും 

ലോകം നിങ്ങളെ വെറുക്കും

''നിങ്ങൾ ലോകത്തിന്റെ അല്ലാത്തതുകൊണ്ട് ഞാൻ നിങ്ങളെ ലോകത്തിൽ നിന്നും തിരഞ്ഞെടുത്തത് കൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു". യോഹന്നാൻ 15 :19

ലോകത്തിൻ്റെതല്ലാത്ത, സുഖലോലുപതയുടേതല്ലാത്ത, ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും വഴിയിൽ കൂടി ദൈവതിരുമുമ്പിൽ ആത്മാർപ്പണം ചെയ്യുന്ന സമർപ്പിതർ എന്നും ലോകത്തിനു മുൻപിൽ ഒരു പരിഹാസമാണ്. എന്നാൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അത് മുന്നിൽ കണ്ടു കർത്താവ് പ്രവചിച്ചിരുന്നു "ലോകം നിങ്ങളെ വെറുക്കും ". അത് അക്ഷരംപ്രതി ഇന്നത്തെ സാക്ഷരകേരളം സാക്ഷ്യം വഹിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ അതിജീവനത്തിനായി ലോകരാഷ്ട്രങ്ങൾ ഉണർന്ന് ഒറ്റ മനസോടെ പ്രവർത്തിക്കുമ്പോൾ അതിനിടയിലും സന്യസ്തരെ അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ,സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ വാർത്തകളും വൃത്തികെട്ട പദപ്രയോഗങ്ങളും നിരത്തി കാണിക്കുന്ന ചിലർക്കൊപ്പം പിറകെ പായുന്ന കുറെ മഞ്ഞ പത്രങ്ങളും. പത്രസ്വാതന്ത്ര്യത്തിൻ്റെയും പൗര സ്വാതന്ത്ര്യത്തിൻ്റെയും വരമ്പുകൾ ലംഘിച്ച് അവഹേളനത്തിനും അധിക്ഷേപത്തിനും വേണ്ടി അടിവരയിട്ട് ആദ്യപേജിൽ ഉയർത്തിക്കാട്ടുന്ന അധ:പതിച്ച മാധ്യമ സംസ്കാരവും, അത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കുന്നവരും നമ്മുടെ മുന്നിൽ നിലനിൽക്കുകയാണ് ... ചിലപ്പോൾ അത് നിങ്ങളുടെ മനസ്സിൽ നീറുന്ന ചില സഫലമാകാത്ത കാര്യങ്ങളുടെ പ്രതിഫലനമാകാം, മുറിവേറ്റ മനസ്സിൻ്റെ വികാരപ്രകടനമാകാം, ചില പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണയിൽ ചെയ്തുകൂട്ടുന്ന വിഡ്ഢിത്തങ്ങളാകാം , ... എന്തായാലും, തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല. കാരണം കർത്താവ് സൂസന്നക്കും ജൂഡിത്തിനും കൊടുത്തത് പോലെ ഞങ്ങളുടെ മൗനനൊമ്പരങ്ങൾക്കും വിജയം നല്കും. നിങ്ങൾ എത്രയെത്ര വളച്ചൊടിച്ചാലും സത്യം സത്യമായിരിക്കും.

പാരീസിലെ തെരുവോരങ്ങളിൽ, മഹാമാരിയിൽ പിടഞ്ഞുവീണ ലക്ഷങ്ങളുടെ അടുത്തേക്ക് മരുന്നുമായി കടന്നുചെന്ന ഒരുകൂട്ടം സന്യാസിമാർ,സമൂഹത്തിൽ കുന്നുകൂടിയ പാപങ്ങളുടെ ദുരന്തഫലം അനുഭവിക്കാൻ തെരുവോരങ്ങളിൽ വലിച്ചെറിയപ്പെട്ട കുരുന്നുകളെ വാരിയെടുത്തു ജീവൻ്റെ കാവലായി മാറിയ സന്യാസിനികൾ, അവരോട് നാല് പതിറ്റാണ്ടുകൾ മുന്നെ വിശുദ്ധ വിൻസെൻറ് ഡി പോൾ പറഞ്ഞു:അവർ നിങ്ങളെ അധിക്ഷേപിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യും... എങ്കിലും ഒന്നും ശബ്ദിക്കേണ്ട. തിരികെ വന്ന് സക്രാരിയിലെ നാഥനോട് എല്ലാം പറയുക... ".

കൽക്കട്ടയിലെ ഘട്ടറുകളിലേക്ക് പാവങ്ങൾക്കായി പണക്കാരൻ്റെ മുറ്റത്ത് പാത്രവുമായി ചെന്ന മദർ തെരേസക്ക് ലഭിച്ച പ്രതിഫലം നോബൽ സമ്മാനം അല്ലായിരുന്നു. ആക്രോശങ്ങളും ആട്ടും തുപ്പലും ആയിരുന്നു. സന്യാസിനി സമൂഹങ്ങൾ അധിക്ഷേപവും അപവാദവും ഒന്നും ആദ്യം കേൾക്കുന്നതല്ല. ആക്രോശങ്ങളെയും അവഹേളനങ്ങളെയും ആരാധനയായി മാറ്റുവാൻ യേശു ഞങ്ങളെ പഠിപ്പിച്ചിരുന്നു: " പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവരോട് ക്ഷമിക്കണേ.. ".

അന്നും ഇന്നും സന്യസ്തരിൽ കുറവുകൾ ഉണ്ട്, ഇല്ലായ്മകൾ ഉണ്ട്. കുറവുകളെല്ലാം നിറവാക്കുന്ന പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റുന്ന തമ്പുരാൻ ഉള്ള ദൃഢ വിശ്വാസത്തിലാണ് ഞങ്ങൾ മുന്നോട്ടുനീങ്ങുന്നത് . കർത്താവ് തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാൾ ഒറ്റുകാരൻ ആയിരുന്നല്ലോ. എങ്കിലും ഒറ്റുകാരനെ ലോകത്തിലെ ഏറ്റവും വലിയ തെറ്റായി തമ്പുരാൻ വിളിച്ചു പറഞ്ഞില്ല. അത് ദൈവഹിതം ആണെന്ന് മാത്രം അവിടുന്ന് പറഞ്ഞു. എന്നിട്ടും തിരിച്ചു വന്നാൽ മാറോട് ചേർത്ത് സ്വീകരിക്കുവാൻ അവിടുന്ന് തയ്യാറായിരുന്നു. ആ തിരുപ്പാതകളാണ് ഞങ്ങൾ പിന്തുടരുന്നത്.

ആക്രോശങ്ങളുടെയും അവഗണനകളുടെയും ഒക്കെ നടുവിൽ ഒന്ന് ഓർക്കുക...
ഞങ്ങൾ സന്യസ്തർ ശുശ്രൂഷിക്കുന്ന അച്ഛനമ്മമാർ നിങ്ങളുടെ മാതാപിതാക്കളാണ്. ഞങ്ങൾ ഭക്ഷണം കോരിക്കൊടുക്കുന്ന പിഞ്ചോമനകൾ, ഭിന്ന ശേഷിയുള്ളവർ ... നിങ്ങളുടെ മക്കളും സഹോദരരുമാണ്. ഞങ്ങൾ പഠിപ്പിക്കുന്ന പിഞ്ചോമനകൾ നിങ്ങളുടെ മക്കളാണ്. ഞങ്ങൾ ശുശ്രൂഷിക്കുന്ന രോഗികൾ നിങ്ങളിൽ പലരുമാണ്... പ്രാർത്ഥിക്കുന്നത് നമ്മുടെലോകത്തിന്റെ ഐശ്വര്യത്തിനാണ് ... അതായതു നിങ്ങളുടെ ഐശ്വര്യത്തിന് ... . ഇവയിൽ എന്തു തെറ്റിനാണ് നിങ്ങൾ ഇത്രമാത്രം പരിഹസിക്കുന്നത്? ഞങ്ങളിൽ പലരും നിങ്ങളുടെ സഹപാഠികളും, സഹോദരിമാരും ബന്ധുക്കളും, പ്രിയപ്പെട്ടവരുമല്ലേ?എന്നിട്ടും എന്തേ സഹോദരാ ഇത്രമാത്രം ആട്ടലുകൾ?

ഒരുലക്ഷത്തിലേറെ സന്യസ്തർ ഭൂമിയുടെ ഉപ്പും ലോകത്തിൻറെ പ്രകാശമായി ഈ ഭൂവിൽ നിലകൊള്ളുന്നു. തൻറെ ദൈവവിളിയിൽ ഏറ്റവും അധികം സന്തോഷവതികളായി, സമർപ്പണത്തിൽ ശ്രദ്ധ കൊടുത്ത് ലോകത്തിനുവേണ്ടി ഇന്നും എന്നും പ്രാർത്ഥിച്ചുകൊണ്ട് ...
ഒന്നും ഞങ്ങളെ തളർത്തുന്നില്ല.. കാരണം വിളിച്ചതും, പിന്തുടരുന്നതും, നയിക്കുന്നതും ക്രിസ്തുവാണ്. ആ ലക്‌ഷ്യം മാറിപ്പോയവർ തങ്ങളുടെ വായിൽ നിന്ന് വരുന്നതെന്തെന്നു മനസിലാക്കുന്നില്ല. ക്രിസ്തു പറയുന്നുണ്ട് ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നതെന്ന് ... ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ വീണ്ടും നിർബന്ധിക്കുന്നു ... ഇനിയും ഞങ്ങൾ അവിടുത്തോടൊപ്പം യാത്ര തുടരും ....

Sr സോണിയ K Chacko, DC

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...