ദൈവതണലില്‍ വസിച്ച് ദൈവത്തിന് തണലേകിയവന്‍ - വിശുദ്ധ യൗസേപ്പിതാവ്
പിതാക്കന്മാരുടെ മാര്‍ഗ്ഗവും രാജാക്കന്മാരുടെ വംശമഹിമയും വിജ്ഞാനികളുടെ ജ്ഞാനവും വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവുമായി വിണ്ണിന്റെ കുമാരനെ മണ്ണിലേയ്ക്കിറക്കിയ വിധേയന്‍
മൗനങ്ങള്‍ പ്രാര്‍ത്ഥനയാക്കി, കിനാക്കളുടെ പൊരുളറിഞ്ഞ് വേദനകളില്‍ ത്യാഗത്തെ പുണര്‍ന്ന് ദിവ്യസുതനെ നെഞ്ചിലേറ്റിയ വിദ്‌നയൗസേപ്പ്.
ഈശോയ്ക്കു വേണ്ടി
ഈശോയും മേരിയുമൊപ്പം, ഈശോയെ മാറിലേറ്റി,
ഈശോയെ നിനച്ച്, ഈശോയാല്‍ നയിച്ച്,
ഈശോയെ മടിയിലുറക്കി, ഈശോതന്‍ മടിയിലുറങ്ങി
ഈശോയുടെ സ്‌നേഹപിതാവ് നീതിമാന്‍ യൗസേപ്പിതാവ്.
"എന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനാണ്, വിശുദ്ധ യൗസേപ്പിതാവ്. എനിക്ക് യൗസേപ്പിതാവിനോട് ഒത്തിരി സ്‌നേഹമാണ്. കാരണം, അദ്ദേഹം നിശബ്ദനും ശക്തനുമായ ഒരു മഹദ്‌വ്യക്തിയാണ്. എന്റെ മേശയില്‍ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപമുണ്ട്. ഉറക്കത്തിലും ദിവ്യതാതന്‍ സഭയെ കാത്തുപരിപാലിക്കുന്നു." ഫ്രാന്‍സിസ് പാപ്പാ. ഘോരമായ തിരമാലകളാലും ശക്തമായ കൊടുങ്കാറ്റുകളാലും സഭാനൗക ആഞ്ഞുലഞ്ഞാലും അമരത്ത് ഉറങ്ങുന്നവന്‍ അലകളെക്കാള്‍ ശക്തനായവന്‍ ആയതിനാല്‍ എല്ലാം ഒരു നിമിഷം കൊണ്ട് ശാന്തമാകും. അതിനാലാണ് ഏറ്റവും കുലീനവും മഹനീയവുമായ ഈ മാദ്ധ്യസ്ഥരീതി പരിശുദ്ധ ഫ്രാന്‍സീസ് പിതാവ് സഭയെ പഠിപ്പിച്ചത് - അദ്ദേഹത്തിന്റെ ഉറങ്ങുന്ന ജോസഫിനോടുള്ള കൊച്ചുഭക്തിയിലൂടെ. വിശുദ്ധ യൗസേപ്പിതാവ് നാസീർ വ്രതക്കാരനാകയാൽ 20 വയസ്സിന് മുൻപെ യഹൂദ നിയമപ്രകാരം വിവാഹം കഴിച്ചിരിക്കണം. യുവത്വം തുളുമ്പുന്ന വിശുദ്ധൻ ഒരു മാലാഖയെയും നേരിൽ കണ്ടില്ലെങ്കിലും, സ്വപ്നങ്ങളുടെ പെരുളറിഞ്ഞ്, ദൈവഹിതത്തിന് ചെവി ചായ്ച്ച്, ഉണ്ണിയേശുവിനെയും, മറിയത്തെയും എല്ലാ വിപത്തുകളിൽ നിന്നും കാത്തു സംരക്ഷിച്ച് കന്യാവ്രതക്കാരുടെയും, കുടുംബങ്ങളുടെയും, കത്തോലിക്കാ സഭയുടെയും , തൊഴിലാളികളുടെയും സംരക്ഷകനായും, മദ്ധ്യസ്ഥനായും വിളങ്ങുന്നു.
ഓര്‍മ്മവച്ച കാലം മുതല്‍ വിശുദ്ധ യൗസേപ്പിതാവ് എന്റെ മനസ്സിലും ജീവിതത്തിലും വലിയ ഒരു അനുഗ്രഹമായിരുന്നു. ഏറ്റവുമധികം പ്രചോദനമായി മുന്നിലുള്ളത് ഞങ്ങളുടെ ആദ്യപിതാവ് മാര്‍ സെബാസറ്റിയന്‍ വള്ളോപ്പള്ളിയാണ്. തലശ്ശേരി അതിരൂപതയുടെയും, എന്റെ ഇടവകപ്പള്ളിയും വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലാണ് എന്നുള്ളത് സന്തോഷവും അനുഗ്രഹപ്രദവും തന്നെ. ആ ദിവ്യാനുഗ്രഹങ്ങള്‍ക്കു മുന്നില്‍ ഒന്നേ പറയാനുള്ളൂ. വേദപാരംഗതയായ വിശുദ്ധ അമ്മത്രേസ്യായുടെ ഉജ്ജ്വലവാക്കുകള്‍ "വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ ത്താല്‍ ഞാന്‍ ചോദിച്ചിട്ടുള്ള യാതൊന്നും ലഭിക്കാത്തതായി ഓര്‍ക്കുന്നില്ല. അവിടുത്തെ സഹായം അപേക്ഷി ച്ച ഒരുവനും പുണ്യത്തില്‍ അഭിവൃദ്ധിപ്പെടാത്തതായി ഞാന്‍ കേട്ടിട്ടില്ല". കുടിയേറ്റമക്കളെ അനുഗ്രഹിച്ചു സംരക്ഷിച്ച മാര്‍ യൗസേപ്പിനെക്കുറിച്ച് വാതോരാതെ സംസാരിച്ച പിതാവാണ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി. വിനയനും വിശുദ്ധനുമായ ഈ ശ്രേഷ്ഠ പിതാവിന്റെ കുറച്ച് സവിശേഷതകളിലൂടെ ഒന്നു യാത്ര ചെയ്യാം.
1. തിരുക്കുടുംബത്തിന്റെ തിരുസംരക്ഷകന്‍
വാനോളം ചിറകുവിരിക്കുന്ന സ്‌നേഹവുമായി പറന്നകന്ന വാഴച്ചാല്‍ വനമേഖലയിലെ അപ്പന്‍ വേഴാമ്പല്‍, ബൈജു വാസുദേവനിലൂടെ സോഷ്യല്‍ മീഡിയാകളില്‍ കഴിഞ്ഞ വര്‍ഷം വളരെ വൈറലായ ഒരു ചിത്രമായിരുന്നു. മരണവേദനയിലും ഒരുപിടി ശ്വാസത്തിനായി കൊക്കു തുറക്കാതെ പ്രിയപ്പെട്ടവര്‍ക്കായി കരുതിയ കാട്ടുപഴങ്ങളുമായി നിത്യതയില്‍ ആ വേഴാമ്പല്‍ അപ്രത്യക്ഷനായപ്പോള്‍, അവന്‍ ബാക്കിവച്ചത് ആര്‍ക്കും പകരം കൊടുക്കാനാവാത്ത സ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ പിതൃസ്‌നേഹവും സംരക്ഷണവുമാണ്. തന്റെ ആരോമല്‍ കുഞ്ഞുങ്ങള്‍ക്കും അവര്‍ക്ക് തുണയായിരിക്കുന്ന പ്രിയസഖിയ്ക്കായും കരുതിയ പഴങ്ങളായിരുന്നു ആ വേഴാമ്പലപ്പന്‍ തന്റെ ചുണ്ടില്‍ നഷ്ടപ്പെടാതെ കാത്തത്. ആ അപ്പന്‍ വേഴാമ്പല്‍ ഒരു നിമിഷത്തേയ്ക്ക് ലോകത്തെ തന്റെ നിസ്വാര്‍ത്ഥ സ്‌നേഹത്താല്‍ നിശബ്ദമാക്കിയെങ്കില്‍, വിശുദ്ധ യൗസേപ്പിതാവ് അദ്ദേഹ ത്തിന്റെ നിശബ്ദ സ്‌നേഹത്തിലൂടെ ആരെയും അറിയിക്കാതെ ആരുമറിയാതെ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന അപ്പന്മാരുടെ നിസ്വാര്‍ത്ഥവും നിശബ്ദവുമായ സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്.
ഖലീല്‍ ജിബ്രാന്‍ തന്റെ 'അലഞ്ഞുനടക്കുന്നവന്‍' എന്ന കൃതിയില്‍ ഇപ്രകാരം വിവരിക്കുന്നു: 'ഒരിക്കല്‍ രണ്ടുപേര്‍ വഴിയില്‍ വച്ച് കണ്ടുമുട്ടി. കോളംസ് നഗരത്തിലെ സലാമീസിലേയ്ക്ക് അവര്‍ ഒന്നിച്ചു നടന്നു. നട്ടുച്ചയ്ക്ക് അവര്‍ ഒരു നദിക്കരയിലെത്തി. മറുകരയെത്താന്‍ പാലമില്ലാത്തതിനാല്‍ നീന്താനായി അവര്‍ വെള്ളത്തിലേ യ്ക്ക് എടുത്തുചാടി. നീന്തല്‍ നന്നായി അറിയാമായിരുന്ന അവരിലൊരാള്‍ പെട്ടെന്ന് ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ മുമ്പൊരിക്കലും നീന്തിയിട്ടില്ലാത്ത മറ്റേയാള്‍ നേരെചൊവ്വെ നദി മുറിച്ചുകടന്ന് ഒഴുക്കില്‍പ്പെട്ട സഹയാത്രികനെ രക്ഷിച്ചു. 'നീന്തല്‍ അറിയാത്ത താങ്കളെങ്ങനെ നദി മുറിച്ചുകടന്നു' എന്ന് രണ്ടാമന്‍ ചോദിച്ചപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: 'ചങ്ങാതി എന്റെ അരപ്പട്ട കണ്ടോ? ഒരു കൊല്ലക്കാലം ഭാര്യയ്ക്കും മക്കള്‍ക്കുമായി ശേഖരിച്ച സ്വര്‍ണ്ണനാണയങ്ങളാണ് ഇതു നിറയെ. അതിന്റെ ഭാരമാണ് എന്നെ മറുകരയില്‍ എത്തിച്ചത്. എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി നീന്തുമ്പോള്‍ അവരെന്റെ ചുമലിലുണ്ടായിരുന്നു.'
സ്വഭാര്യ - മറിയത്തെയും യേശുവിനെയും തോളില്‍ മാത്രമല്ല, ഹൃദയത്തില്‍ക്കൂടി വഹിച്ച സ്‌നേഹതാതനാണ് വിശുദ്ധ യൗസേപ്പിതാവ്. നസ്രത്തിലെ തന്റെ കുടുംബത്തെ ഏറെ സ്‌നേഹിച്ച് അവര്‍ക്കായി വിയര്‍പ്പൊഴുക്കിയ, തൊഴിലാളികളുടെ മാതൃകയും കുടുംബജീവിതക്കാരുടെ അലങ്കാരവുമായിത്തീര്‍ന്ന പുണ്യതാതന്‍ കുടുംബനാഥന്മാര്‍ക്ക് ഉത്തമ മാതൃകയാണ്.' പ്രകൃതിക്ക് ഇണങ്ങിയ ജോലികളാല്‍ മനുഷ്യനെ ഒരര്‍ത്ഥത്തില്‍ക്കൂടുതല്‍ മനുഷ്യനാക്കുന്ന മാനുഷിക നന്മയായ അദ്ധ്വാനത്തെ ഒരു സ്‌നേഹപ്രകടനവും ജീവിതചര്യയുമാക്കിത്തീര്‍ത്ത അപ്പച്ചനാണ് യൗസേപ്പിതാവ്'. കൂടാതെ, തന്റെ കഴിവുകള്‍ ബാല്യത്തിലേ തന്നെ സ്വപുത്രനെ പരിശീലി പ്പിക്കാനും പഠിപ്പിക്കാനും അദ്ദേഹം മറന്നില്ല.
കഴിഞ്ഞ കാലങ്ങളിലത്രയും കത്തോലിക്കാസഭയെയും കുടുംബങ്ങളെയും അളവുകളില്ലാതെ അനുഗ്രഹിച്ചാശിര്‍വ്വദിച്ച വിശുദ്ധ യൗസേപ്പ് താതന്റെ സംരക്ഷണത്തിന് നമ്മുടെ കുടംബങ്ങളെ ഇനിയും ഭരമേല്‍പ്പിക്കാന്‍ നമുക്ക് മറക്കാതിരിക്കാം.
2. മൗനം വാചാലമാക്കിയ വിശുദ്ധ താതന്‍
"നിശബ്ദത വാചാലതയെക്കാള്‍ വാചാലമാണ് " എന്ന് ജോസഫ് അഡിസന്‍ പറഞ്ഞത് യൗസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമാണ്. സുവിശേഷങ്ങളില്‍ ഒരു വാക്കുപോലും ഉരിയാടാത്ത മഹാവ്യക്തിത്വമാണ് യൗസേപ്പ് താതന്റേത്. ദൈവത്തെ കണ്ടെത്തുവാനായുള്ള മഹാപ്രയാണത്തില്‍, ഏറെ തിരക്കിലായിരിക്കുന്ന ഇന്നത്തെ ലോകത്തിനു മുന്നില്‍ ആത്മീയതയുടെ ഉറവിടങ്ങള്‍ കണ്ടെത്തുവാനായി നിരന്തരം തീര്‍ത്ഥാടനത്തിലായിരിക്കുന്ന മറ്റൊരു ഭാഗം ലോകജനതയ്ക്കും മുന്നില്‍ വിലമതിക്കാനാവാത്ത ഭാഗ്യവാനായി മിന്നിത്തിളങ്ങുകയാണ് വിശുദ്ധ യൗസേപ്പിതാവ്. ഈ മഹോന്നതഭാഗ്യം ലഭിച്ച പുണ്യപിതാവിന് സ്വജീവിതം തന്നെ ഒരു മനോഹര-മഹോന്നത പ്രാര്‍ത്ഥനയായിരുന്നു. ഈശോയുടെ കൂടെ ഈശോയ്ക്കു വേണ്ടി ഈശോയോടൊപ്പം ആയിരിക്കുക എത്ര മഹോന്നത സൗഭാഗ്യമാണ്. സ്വര്‍ഗ്ഗം ഭൂമിയില്‍ ആഘോഷിക്കുകയായിരുന്നു ആ തിരുക്കുടുംബം. ദൈവം തന്റെ അമൂല്യനിധിയുടെ രക്ഷകര്‍ത്താവായി ജോസഫിനെ ഭരമേല്‍പ്പിച്ചപ്പോള്‍ എത്രമാത്രം ജാഗ്രതയോടും ഉത്തരവാദിത്വത്തോടും വിശ്വസ്തതയോടും വാത്സല്യത്തോടെയുമാണ് യൗസേപ്പിതാവ് പരിപാലിച്ചത് എന്ന് വിവരിക്കുക അവര്‍ണ്ണനീയം തന്നെ. ജീവിതത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും നിരന്തര തീര്‍ത്ഥാടനമാക്കി മാറ്റിയ വിശുദ്ധന്‍ അവസാനംവരെ ദൈവത്തോട് വിധേയപ്പെട്ട് വിശ്വസ്ത കാര്യസ്ഥനായിരിക്കുവാന്‍ പരിശുദ്ധ മറിയത്തെപ്പോലെ വിശുദ്ധ യൗസേപ്പിനും സാധിച്ചു.
ജോസഫ് പറഞ്ഞ ഒരു വാക്കുപോലും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിതാവിന്റെ മൗനം വാചാലമാണ്. യൗസേപ്പിന്റെ മൗനം അഗാധമായ പ്രാര്‍ത്ഥനയുടെയും ദൈവത്തോടുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെയും അടയാളങ്ങളാണ്. ദൈവവുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്ന വന്ദ്യപിതാവിന്റെ മരണം പോലും ഈശോയുടെയും മാതാവിന്റെയും അരികെയായിരുന്നു. എത്ര വിശിഷ്ടവും മഹനീയവുമായിരുന്നു ആ പുണ്യജീവിതം!
3. മാര്‍ യൗസേപ്പിനോടുള്ള ഭക്തി മാര്‍പ്പാപ്പാമാരിലൂടെ
വിണ്ണില്‍ നിന്നും മണ്ണിലേയ്ക്ക് മനുജരില്‍ ഒരാളായി ദൈവപുത്രനെ അയച്ചപ്പോള്‍ ദിവ്യശിശുവിന്റെ സംരക്ഷണം ഏറ്റവും നന്നായി നടത്തുവാന്‍ ദൈവംതമ്പുരാന്‍ ഏല്‍പ്പിച്ച വിശ്വസ്തപാലകന്‍ യൗസേപ്പിതാവാണെങ്കില്‍ ക്രിസ്തുവിന്റെ മൗതികശരീരവും മണവാട്ടിയുമായ സഭയെ ഇക്കാലമത്രയും കാത്തുപരിപാലിക്കുന്ന ദിവ്യ സംരക്ഷകനും യൗസേപ്പിതാവാണെന്നത് നിസ്സംശയമായ യാഥാര്‍ത്ഥ്യമാണ്.
ഒന്നരപ്പതിറ്റാണ്ടായി മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള പഠനങ്ങളിലും ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മികതയിലും ഏറെ പുരോഗതിയുണ്ടായിരിക്കുകയാണ്. ജോസഫോളജി എന്ന ശാസ്ത്രശാഖ തന്നെ ദൈവശാസ്ത്രത്തില്‍ ഉത്ഭവിച്ചിരിക്കുകയാണ്. വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള മാര്‍പ്പാപ്പാമാരുടെ ഭക്തിയും പ്രബോധനങ്ങളും വളരെ ചുരുക്കത്തില്‍ കാണാം.
1. പീയൂസ് 9-ാമന്‍ പാപ്പ:- 'പൊതെന്റിസിമോ പത്രോചിനിയോ' എന്ന തിരുവെഴുത്തിലൂടെ 1870 ഡിസംബ ര്‍ 8-ാം തീയതി മാര്‍ യൗസേപ്പിനെ കത്തോലിക്കാസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും 1871 ജൂലൈ 7-ാം തീയതി വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മാര്‍ച്ച് 19-ന് ആചരിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു. കൂടാതെ, സഭയെ മഹാപിതാവായ യൗസേപ്പിന്റെ ശക്തമായ സംരക്ഷണത്തിന് സമര്‍പ്പിക്കുകയും കത്തോലിക്കാസ ഭയുടെ രക്ഷാധികാരി എന്ന് വിളിക്കുകയും ചെയ്തു.
2. ലിയോ 13-മാന്‍ പാപ്പ:
മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള ആദ്യ അപ്പസ്‌തോലിക ലേഖനം ക്വാം ക്വാം പ്ലൂ രിയെസ്. 1889 ആഗസ്റ്റ് 15-ാം തീയതി പുറപ്പെടുവിച്ചു.
3. പീയൂസ് 10-ാമന്‍ പാപ്പ: മാമ്മോദീസായിലൂടെ ജോസഫ് എന്ന് നാമകരണം ചെയ്യപ്പെട്ട പാപ്പായാണ് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ അംഗീകരിച്ചത്.
4. ബെനഡിക്ട് 15-ാമന്‍: വിശുദ്ധ യൗസേപ്പിതാവിന്റെ നാമം സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ കൂട്ടിച്ചേര്‍ക്കുകയും വിശുദ്ധന്റെ ഓര്‍മ്മയാചരണം കടമുള്ള ദിവസമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെ യ്തു.
5. പീയൂസ് 11-ാമന്‍:- പീയൂസ് 11-ാമന്‍ മാര്‍പ്പാപ്പ തന്റെ ചാക്രികലേഖനം 'ദിവീനി റെദംതോരിസീ'ലൂടെ വിശുദ്ധ യൗസേപ്പിന്റെ സ്ഥാനം പരിശുദ്ധ കന്യകാമറിയത്തിന് തൊട്ടുതാഴെയും വിശുദ്ധ പത്രോസിനും സ്‌നാപകയോഹന്നാനും മേലെയാണെന്നും പഠിപ്പിച്ചു.
6. പീയൂസ് 12-ാമന്‍ പാപ്പ:- 1955 മുതല്‍ മെയ്ദിനം (മെയ് 1) തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിന്റെ തിരുനാളായി സഭയില്‍ ആചരിക്കാന്‍ ആരംഭിച്ചു. ഇത് കമ്മ്യൂണിസ്റ്റുകാരുടെ തൊഴിലാളിദിനാചരണത്തോടുള്ള പ്രതികരണമായിരുന്നു.
7. ജോണ്‍ 23-ാമന്‍ പാപ്പ:- 1962-65 വരെ നടന്ന സാര്‍വ്വത്രിക സഭയിലെ ഏറ്റവും വലിയ സൂന്നഹദോസിന്റെ മദ്ധ്യസ്ഥനും സംരക്ഷകനുമായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിക്കുകയും റോമന്‍ തക്‌സയില്‍/കുര്‍ബാനക്രമത്തില്‍ മറിയത്തിന്റെ നാമത്തിനു ശേഷം യൗസേപ്പിന്റെ നാമം ചേര്‍ക്കുകയും ചെയ്തു.
8. പോള്‍ 6-ാമന്‍ പാപ്പ:- പലതവണ പ്രംസംഗങ്ങളില്‍ യൗസേപ്പിന്റെ എളിമ, അനുസരണം, തുടങ്ങിയ ഗുണങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
9. ജോണ്‍പോള്‍ 2-ാമന്‍ പാപ്പ:- ലിയോ 13-ാമന്‍ പാപ്പ യൗസേപ്പിതാവിനെക്കുറിച്ച് ആദ്യ അപ്പസ്‌തോലികലേഖനം പുറപ്പെടുവിച്ചതിന്റെ നൂറാം വര്‍ഷം 1989 ആഗസ്റ്റ് 15-ാം തീയതി മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള അപ്പസ്‌തോലിക ആഹ്വാനം എഴുതി.
റെദെംതോറിസ് കുസ്‌തോസ് (രക്ഷകന്റെ പാലകന്‍) എന്ന ഈ ശ്ലൈഹികാഹ്വാനത്തില്‍ പാപ്പ പറയുന്നു: 'ദൈവം തന്റെ അമൂല്യനിധിയുടെ പരിപാലനം ഏല്‍പ്പിച്ചിരിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിനെയാണ്' (RC. 3)
ലിയോ 13-ാമന്‍ പാപ്പാ ഇപ്രകാരം പറയുന്നു: "സഭ യൗസേപ്പിനെ തന്റെ മദ്ധ്യസ്ഥതയിലും വലിയ പ്രത്യാശ അര്‍പ്പിക്കുന്നതിനും ഏറ്റവും പ്രധാനകാരണം അദ്ദേഹം മറിയത്തിന്റെ ഭര്‍ത്താവും യേശുവിന്റെ വളര്‍ത്തുപിതാവുമായിരുന്നു. തന്റെ കാലത്ത് യേശുവിന്റെ നിയമപരവും സ്വാഭാവികവുമായ രക്ഷകര്‍ത്താവായിരുന്ന യൗസേപ്പ് - തിരുക്കുടുംബത്തിന്റെ തലവനും സംരക്ഷകനുമായിരുന്നു. അതുകൊണ്ട് ഒരിക്കല്‍ നസ്രത്തിലെ തിരുക്കുടുംബത്തിന് നിതാന്തജാഗ്രതയോടെയുള്ള വിശുദ്ധ സംരക്ഷണം നല്‍കിയ ജോസഫ്, ക്രിസ്തുവിന്റെ സഭയ്ക്കും സ്വര്‍ഗ്ഗീയമാദ്ധ്യസ്ഥ്യം നല്‍കി അതിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു".
10. ബെനഡിക്ട് 16-ാമന്‍:- 'കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ എളിയ വേലക്കാരന്‍' എന്ന അഭിസംബോധനയോടെ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ബെനഡിക്ട് 16-ാമന്‍ 2005-ല്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റു. പാപ്പ നിശ്ചയദാര്‍ഢ്യത്തോടെ പഠിപ്പിച്ചു: 'നിക്ഷേപങ്ങളൊന്നുമില്ലാതെയും സ്‌നേഹിക്കാന്‍ സാധ്യമെന്ന് മാര്‍ യൗസേപ്പ് പഠിപ്പിക്കുന്നു.' മാര്‍ യൗസേപ്പിനോട് വളരെ ഭക്തിയും സ്‌നേഹവും പാപ്പായ്ക്ക് ഉണ്ടായിരുന്നു.
11. ഫ്രാന്‍സിസ് പാപ്പ:- 1953-ല്‍ ബുവനസ് ഐരസിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലു ള്ള പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് 17-ാമത്തെ വയസ്സില്‍ തന്റെ ദൈവവിളി ആദ്യമായി തിരിച്ചറിഞ്ഞത്. ആ ജോര്‍ജ്ജ്, 50 വര്‍ഷങ്ങള്‍ക്കുശേഷം 2013 മാര്‍ച്ച് 19-ല്‍ 266-ാമത്തെ മാര്‍പ്പാപ്പയായി സ്ഥാനമേറ്റു. അതിനുശേഷം പാപ്പായുടെ ഉറങ്ങുന്ന യൗസേപ്പിനോടുള്ള സ്വകാര്യഭക്തി സഭയിലുടനീളം പടര്‍ന്നു. "എന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനായ യൗസേപ്പിനോട് എനിക്ക് അളവറ്റ സ്‌നേഹവും ഭക്തിയുമാണ്. എന്റെ യൗസേപ്പിതാവ് ഉറങ്ങുന്നത് മെത്തയിലല്ല, അപേക്ഷകളുടെ മേലെയാണ്. എനിക്കെന്തെങ്കിലും വിഷമങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ അതൊരു തുണ്ടുകടലാസിലെഴുതി യൗസേപ്പിന്റെ രൂപത്തിനടിയില്‍ വയ്ക്കും. അതിനാല്‍, അദ്ദേഹത്തിന് അവയെക്കുറിച്ച് കിനാക്കള്‍ കാണാം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഞാന്‍ മാര്‍ യൗസേപ്പിനോട് പറയും ഈ പ്രശ്‌നത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം".
4. നിക്ഷേപങ്ങളുടെ അക്ഷയപാത്രം
പഴയനിയമത്തിലെ ജോസഫിന്റെ ഒരു പ്രതിച്ഛായയാണ് നമ്മുടെ പുതിയ ജോസഫ് താതന്‍. പൂര്‍വ്വപിതാവ് ജോസഫ്, ഈജിപ്തില്‍ സര്‍വ്വാധികാരിയായി രാജകീയ ഭണ്ഡാരത്തിലുള്ളവ വിതരണം ചെയ്ത് അക്കാലത്തെ ജനതയെ സംരക്ഷിച്ചതുപോലെ നമ്മുടെ പിതാവായ മാര്‍ ജോസഫിനെ ഈജിപ്തിലെ മാത്രമല്ല, ദൈവം അവിടുത്ത സ്വര്‍ഗ്ഗീയനിക്ഷേപങ്ങളുടെയും സംരക്ഷകനായി നിയോഗിച്ചിരിക്കുകയാണ്.
അപേക്ഷിച്ചാല്‍ ഒരിക്കലും ഉപേക്ഷിക്കാത്ത പാവന യൗസേപ്പിന്റെ പിതൃവാത്സല്യത്തണലില്‍ നമുക്കേവര്‍ക്കും ആമോദം അണിനിരക്കാം. അനുഗ്രഹങ്ങളുടെ കലവറയുടെ കാവല്‍ക്കാരനായ വിശ്വസ്ത താതന്‍ - നമ്മുടെ മുമ്പാകെ, നമുക്കായി തുറന്ന് അനുഗ്രഹം വര്‍ഷിക്കുവാനായി കാത്തിരിക്കുന്ന വത്സലതാതനെ നമ്മുടെയും കുടുംബങ്ങളുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി സ്വീകരിക്കാം. ഈശോയ്ക്കു വേണ്ടി ഈശോയും മാതാവും യൗസേപ്പ് താതനുമൊപ്പം സ്വര്‍ഗ്ഗതുല്യം ജീവിക്കാം.
വിശുദ്ധ അമ്മത്രേസ്യായെപ്പോലെ വീടിന് പുറത്തുപോകുമ്പോള്‍ വീടിനെയും വീട്ടിലുള്ളവരെയും പുണ്യപിതാവിന്റെ സംരക്ഷണത്തിനേല്‍പ്പിക്കാം. വിശുദ്ധ വിന്‍സെന്റ് ഡി പോളിനെപ്പോലെ ജീവിതവിശുദ്ധിക്കും വിളിയിലെ നിലനില്‍പ്പിനായും യൗസേപ്പ് താതന്റെ മാദ്ധ്യസ്ഥ്യം തേടാം. വിശുദ്ധ ചാവറ പിതാവിനെപ്പോലെ കു ടുംബങ്ങളുടെ നാഥനായി, ജീവിതപരീക്ഷകളില്‍, ക്ലേശങ്ങളില്‍ കൂട്ടാളിയായി ഈശോയ്ക്കു വേണ്ടി സഹിക്കുവാന്‍ നമ്മെയും പഠിപ്പിക്കുവാനായി യാചിക്കാം. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ..
സി സോണിയ കളപ്പുരയ്ക്കല്‍,ഡിസി.
സുകൃതജപങ്ങൾ
1. നീതിമാനായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ.
2. വിവേകമതിയായ വിശുദ്ധ യൗസേപ്പേ, നന്മ തിരഞ്ഞെടുക്കാനുള്ള വിവേകം ഞങ്ങള്‍ക്ക് തരേണമേ.
3. ദാവീദിന്റെ പുത്രനായ മാര്‍ യൗസേപ്പേ, തിരുസഭയുടെ ഉത്തമപുത്രരാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.
4. തിരുക്കുടുംബത്തിന്റെ പാലകനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സദാ പരിപാലിക്കേണമേ.
5. ദൈവകുമാരന്റെ വളര്‍ത്തുപിതാവേ, ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളെ സഹായിക്കേണമേ.
6. രക്ഷാകരകര്‍മ്മത്തില്‍ സഹകരിച്ച മാര്‍ യൗസേപ്പേ, നിത്യരക്ഷ നേടുവാന്‍ ഞങ്ങളെ സഹായിക്കേണമേ.
7. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ജോലിയുടെ മഹത്വം ഞങ്ങളെ പഠിപ്പിക്കേണമേ.
8. തിരുസഭയുടെ പാലകാ, ദൈവജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
9. പ്രാര്‍ത്ഥനാജീവിതത്തിന്റെ മാതൃകയായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കേണമേ.
10. അനുസരണത്തിന്റെ മകുടമായ വിശുദ്ധ യൗസേപ്പേ, ദൈവതിരുമനസ്സ് അനുസരിച്ച് ജീവിക്കുവാന്‍ ഞങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തേണമേ.
11. ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ ക്ലേശങ്ങള്‍ ധീരതയോടെ നേരിടുവാന്‍ സഹായിക്കേണമേ.
12. ദിവ്യകുമാരന്റെ വളര്‍ത്തുപിതാവേ, ഞങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ.
13. വിനീതഹൃദയനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിനയമുള്ളവരാക്കേണമേ.
14. ഈശോയുടെ സ്‌നേഹമുള്ള വളര്‍ത്തുപിതാവേ, ഈശോയെ സ്‌നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ.
15. കന്യാമറിയത്തിന്റ വിശ്വസ്ത ഭര്‍ത്താവേ, ഞങ്ങളില്‍ പരസ്പരവിശ്വാസം വര്‍ദ്ധിപ്പിക്കേണമേ.
16. തിരുക്കുടുംബത്തിന്റെ നാഥനായ പിതാവേ, ഞങ്ങളുടെ ഭവനത്തിന്റെ നാഥനായിരിക്കേണമേ.
17. വിശുദ്ധരുടെ സമുന്നതനേതാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിശുദ്ധിയില്‍ നയിക്കേണമേ..
18. നീതിമാനായ മാര്‍ യൗസേപ്പേ, നീതിബോധം ഞങ്ങള്‍ക്ക് നല്‍കേണമേ..
19. ദൈവസ്‌നേഹം നിറഞ്ഞ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കേണമേ.
20. നന്മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നന്മരണം പ്രാപിക്കുവാനിടയാക്കേണമേ.
https://www.lifeday.in/lifeday-devotion-to-st-joseph-through-different-popes/
--
https://www.lifeday.in/lifeday-st-joseph-father-of-son-of-god/
No comments:
Post a Comment