Friday, 7 June 2019

ഹൃദയരൂപ ശിലകൾ


ഹൃദയരൂപ ശിലകൾ


പ്രശാന്ത സുന്ദരമായ തിബേരിയാസ് കടൽത്തീരം. തിരമാലകളെ തൊട്ടുണർത്തുന്ന ഇളം കാറ്റ് കടലോരത്തെ സർവ്വ സസ്യലതാദികളെയും തഴുകി എന്നരുകിൽ എത്തി. ഒരു ദിവസത്തെ ധ്യാനത്തിനായി ഞാൻ തിരഞ്ഞെടുത്തപ്പോൾ ഈ കടൽത്തീരത്തിനരികെ ഉത്ഥിതനായ കർത്താവ് അവസാനമായി പ്രത്യക്ഷപ്പെട്ടു കൂടിക്കാഴ്ച നടത്തിയ വികാരഭരിതമായ രംഗമായിരുന്നു എന്റെ മനസ്സിൽ. ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്ന യോഹന്നാന്റെ സുവിശേഷത്തിലെ 21:15 വാക്കുകളിലൂടെ ഒന്ന് യാത്ര ചെയ്യാം തിബേരിയാസ് തീരത്തിനരികെ.
തിരമാലകളുടെ നൃത്തച്ചുവടുകളും, ഇളം കാറ്റിന്റെ തഴുകലിലും മൂളിപ്പാട്ടിലും ലയിച്ചു ഞാൻ നടന്നപ്പോൾ മൂന്ന് പാറകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. അവയ്ക്ക് ചില പ്രത്യേകതയും വേറിട്ട സൗന്ദര്യവും ഉണ്ടായിരുന്നു; അവ മൂന്നും ഹൃദയാകൃതിയിൽ ആയിരുന്നു. രണ്ടായിരം വർഷത്തെ പഴക്കമുള്ള ആ പാറകൾ അന്ന് കർത്താവ് പത്രോസിനോട് മൂന്നു പ്രാവശ്യം സ്നേഹിക്കുന്നുവോ? എന്ന് ചോദിച്ച് പത്രോസാകുന്ന പാറമേൽ സഭയെ ഏല്പിച്ച ഏറ്റവും വികാരഭരിതമായ സംഭവങ്ങൾക്ക് ദൃക്സാക്ഷ്യം വഹിച്ചവയായിരിക്കാം ഈ ശിലാത്രയങ്ങൾ .ആ ശിലകളിലേക്ക് ദൃഷ്ടിയുറപ്പിച്ചപ്പോൾ അരികെ വന്ന ഇളംകാറ്റിൽ കർത്താവിന്റെ ചോദ്യം ധ്വനിച്ചിരുന്നു: " നീ എന്നെ സ്നേഹിക്കുന്നുവോ?". തന്റെ പ്രിയ കുടുംബത്തെയും, സ്വത്തായ വലയെയും വഞ്ചിയെയും, തന്നെയുംകാൾ എന്നെ സ്നേഹിക്കുന്നുവോ എന്ന് പത്രോസിനോട് ചോദിച്ച ചോദ്യം അവിടുന്ന് ആവർത്തിക്കുകയാണ്. ആ സ്വരധ്വനി എന്റെ കാതിലൂടെ കരളിലെത്തിയപ്പോൾ കരഞ്ഞു പോയ് ഞാനറിയാതെ... മൂന്നുവർഷം കൂടെ നിന്നിട്ടും അവനെ അറിയില്ലന്ന് പറഞ്ഞ നിമിഷങ്ങൾ... ക്ലേശത്തിന്റെൽവരി യാത്രയിൽ ഞാൻ സഹായിയാകാതിരുന്നതും...കാരിരുമ്പ് തുളച്ചു കയറി എനിക്കായി മരിച്ചപ്പോൾ വികാരരഹിതയായി നിന്ന നിമിഷങ്ങൾ... കരളിലെ നൊമ്പരം കണ്ണുനീരായ് പെയ്തിറങ്ങി... മനസ്സിലെ ക്രൂശിതരൂപത്തെ ഞാൻ നോക്കി നിന്നു ധ്യാനനിമഗ്നയായ്.

ചുടുനിണമൊഴുകുന്ന തിരുശരീരത്തെ നോക്കി
വാവിട്ടു കരഞ്ഞപ്പോൾ ഞാൻ കണ്ടു
എന്നെ ഓർത്തൊഴുക്കുന്ന രണ്ടു കണ്ണുകൾ.
കുഞ്ഞേ... വരൂ! എൻ ചാരെ
നുകരൂ ... എൻ സ്നേഹം
നിശബ്ദത മാടി വിളിച്ചെന്നെ.

തോരാതൊഴുകുന്ന മിഴിനീരുകൾ
ചുടുചോരയാണെന്ന് അറിഞ്ഞു വൈകി.
നേത്രാംബുവും നിണവുമൊന്നു ചേർന്ന്
പതിഞ്ഞെൻ നെഞ്ചിൽ ഒരു മണിമുത്തായ്.
രക്ഷിതൻ രണമെന്നിൽ ജീവനായി.

സന്യാസവ്രതങ്ങളായ ബ്രഹ്മചര്യം, ദാരിദ്രം, അനുസരണം, പാവങ്ങളുടെ സേവനം എന്നിവ ആദ്യമായ് ഞാൻ ഉരുവിട്ടപ്പോൾ ഉണ്ടായ അതേ ഹൃദയഭാവമെനിക്കപ്പോൾ അനുഭവവേദ്യമായി. എന്നെ സ്നേഹിക്കുന്നവരുടെയും, ഞാൻ സ്നേഹിക്കുന്നവരുടെയും പേരുകൾ ഉരുവിട്ടവിടുന്ന് എന്നോട് ചോദിച്ചു: " ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ? അവരുടെ സ്നേഹം ഞാനൊരു നിമിഷം മനസ്സിലോർത്തു. പിന്നെ കർത്താവെന്നോട് കുരിശിൽ കാണിച്ചുതന്ന മഹനീയ സ്നേഹവും. അനന്ത സ്നേഹത്തിന് മുന്നിൽ നമ്രശിരസ്കയായ് തെല്ലും മടിക്കാതെ ഞാൻ വിളിച്ചു പറഞ്ഞു, " ഉവ്വ് കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു".
മറ്റൊന്നും ആലോചിക്കും മുമ്പേ, അവിടുന്ന് ഒരിക്കൽകൂടി ചോദിച്ചു; നീ എന്നെ സ്നേഹിക്കുന്നുവോ? ലോകത്തിലുള്ള കാഞ്ചന തിളക്കത്തിലേ സ്വത്തുക്കളിൽ മയങ്ങാത്ത കർത്തൃ സന്നിധേ ചേർന്നു നില്ക്കാനല്ലേ ഞാൻ എന്നു മാഗ്രഹിക്കുന്നത്... ഒന്നുമെന്നിക്കായി കരുതി വയ്ക്കാതെ കർത്താവിന്റെ പരിപാലനയിൽ ആശ്രയിച്ചല്ലേ കാലിത്തൊഴുത്തിലെ ലാളിത്യത്തെ പുണർന്ന യേശുവിനെ ഞാനിഷ്ടപ്പെട്ടത്? "കർത്താവേ, ഈ ലോക സമ്പത്തിനേക്കാൾ ഞാനങ്ങയെ സ്നേഹിക്കുന്നു". ഒട്ടും മടിയില്ലാതെ ഞാനുത്തരം വിളിച്ചു പറഞ്ഞു.

ബംഗളൂരുവിലെ വിധാനസൗധയുടെ മുന്നിലൂടെ ഞാൻ കടന്നു പോകുമ്പോഴൊക്കെ ആ സൗധത്തിന്റെ സൗന്ദര്യത്തെക്കാൾ എന്നെ ആകർഷിച്ചത് നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തിലഴുതിയ വാക്കുകളാണ് " ഗവൺമെന്റിന്റെ പ്രവർത്തനം ദൈവത്തിന്റെ പ്രവർത്തനമാണ് ". അധികാരം ദൈവത്തിൽ നിന്നാണെന്ന് അഹങ്കരിച്ചുരുവിട്ട ഏകാധിപതികളെയും ഓർത്തിരുന്നു. അധികാരം മനുഷ്യനെ മാറ്റുന്ന ഈ യുഗത്തിൽ തന്നെ അധികാരം തെല്ലും വകവയ്ക്കാതെ തികഞ്ഞ ലാളിത്യത്തിൽ കഴിഞ്ഞ നമ്മുടെ സ്വന്തം രാഷ്ട്രപതിയായിരുന്ന ശ്രീ അബ്ദുൾ കലാം... അങ്ങനെ പലരെയും ഞാനോർത്തു. അധികാരവും അനുസരണവും കൈകോർത്തപ്പോൾ, ദൈവീകപദ്ധതികൾക്ക് മുന്നിൽ കൈകൂപ്പിയ ഞാൻ വീണ്ടും മൂന്നാം പ്രാവശ്യം കർത്താവിന്റെ ചോദ്യം കേട്ടു; " നീയെന്നെ സ്നേഹിക്കുന്നുവോ കുഞ്ഞെ?" സർവ്വ സൃഷ്ടികൾക്കും മകുടമായ, മഹനീയമായ യേശുനാമത്തിനു മുന്നിൽ തല കുമ്പിട്ട് ആ തിരുസാമീപ്യമറിഞ്ഞ് ഞാൻ ഏറ്റവും ശക്തിയോടും ശബ്ദത്തോടും കൂടി പറഞ്ഞു: "കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". എന്റെ ഉത്തരത്തിന്റെ പ്രതിധ്വനി അവിടെ മാത്രമല്ല ആ കടൽക്കരയാകെ പടർന്നു.

തന്റെ ബലഹീനതയിൽ വീണ്ടും വീണുപോയ സക്കേവൂസ് യേശുവിനെ കണ്ടതിൽ പിന്നെ പലതവണ ആ സിക്കമൂർ മരത്തിൽ നിന്ന്ആദ്യമനുഭവിച്ച ദൈവാനുഭവ സ്മരണകളിലേക്ക് തിരിച്ചവന്നതു പോലെ തിബേരിയാസിന്റെ കരയിലെ ഈ ഹൃദയരൂപശിലകൾ ആരെയും ഒരു ക്രിസ്ത്വാനുഭത്തിലേക്ക് നയിക്കും. അളവില്ലാത്ത അചഞ്ചല സ്നേഹത്തിന്റെ സ്മരണയുതിരുന്ന തിരുഹൃദയത്തിന്റെ സ്മൃതിയുണർത്തുന്ന ഈ ജൂൺ മാസത്തിൽ തിരുസഭ നമ്മെ കാത്തിരിക്കുകയാണ് - സ്നേഹത്തിന്റെ വറ്റാത്ത നീർച്ചാലുകളായ പരിശുദ്ധ കുർബ്ബാനയിലൂടെ കരുണയുടെ കവാടമായ കുമ്പസാരത്തിലൂടെ വീണ്ടും കർത്തൃ സന്നിധിയിലേക്ക്...
തിരുഹൃദയ സ്നേഹത്തിലേക്ക് തിരികെ വരാൻ...
തിരിച്ചു നടത്തുന്ന തിരിച്ചറിവിലേക്ക്
തിരിച്ചു നടക്കാം നമുക്ക്
തിരിച്ചറിവുകളിലൂടെ
തിരുത്തലുകളിലൂടെ
തിരുഹൃദയ നാഥനിലേക്ക്‌
തിരുഹൃദയ മാസത്തിൽ.
തിരുമുറിവുകൾ തൊട്ടൊരു യാത്ര.
തിരുമാറിലെന്നെയും ചേർക്കണെ
നാഥാ എന്നെ പൊതിയൂ തിരുരക്തത്താൽ....
സോണിയ ചാക്കോ കളപ്പുരക്കൽ DC
















No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...