Wednesday, 30 January 2019

കല്ഭരണിയിലെ കലവറരഹസ്യം

കല്ഭരണിയിലെ കലവറരഹസ്യം


കാനായിലെ കല്യാണ ദിനത്തിൽ ഈശോയെത്തി
കാര്യമറിഞ്ഞമ്മ ചെന്നു തൻ മകനോട്
മകനേ അവർക്കിപ്പോൾ വീഞ്ഞില്ല.
കാണണെ നീ .
മൊഴിഞ്ഞു അമ്മ മകനോട് നിസംശയം.

കലവറക്കാരോടുന്നു അങ്ങോട്ടുമിങ്ങോട്ടും
കല്യാണ വീട് പെട്ടെന്ന്
ആകുല വീടായ പോൽ
കല്പിച്ചു കർത്താവപ്പോൾ കലവറക്കാരോടൊന്നായ്
കല്ഭരണികളാറിൽ നിറക്കൂ പച്ചവെള്ളം.

കനിവും കടാക്ഷവുമൊരുമിച്ച നേരം
കിനിഞ്ഞു കാരുണ്യം കരതലെനാഥന്
ഉയർന്നു ശിരസ്സല്പം സ്വർഗ്ഗത്തിലേക്ക്
മൊഴിഞ്ഞു, പകർന്നോളൂ വീഞ്ഞായ വെള്ളം
ഉതിർന്നു അത്ഭുതം കലവറക്കാർക്ക് .
നിത്യവും പച്ചവെള്ളം നിറഞ്ഞ
കല്ഭരണികൾ കല്യാണനാൾ
കലവറ രഹസ്യമായ്.

കല്യാണ രാവിലന്നേരം കല്ഭരണികളൊന്നൊന്നായ് കൂട്ടിമുട്ടിപ്പറഞ്ഞു
കല്ലല്ല, വെള്ളമല്ല, നമ്മൾ തൻ ഭംഗിയല്ല
കർത്താവിൻ വാക്കാലാണീ വെള്ളം വീഞ്ഞായത്‌.

-സി സോണിയ കളപ്പുരക്കൽ ഡിസി



Tuesday, 29 January 2019

വർണ്ണപ്പകിട്ട്

                        
 വർണ്ണപ്പകിട്ട്


ആദ്യമായ് കണ്ണുതുറന്ന നാളിൽ
അമ്മയെൻ മുന്നിൽ നിന്നു നിറദീപമായ്.

ഓരോ ചുവടിലും നിറഞ്ഞ നിറങ്ങൾ
ജീവിതത്തിനേകി പല നിറങ്ങൾ
പച്ചപ്പുടവയണിഞ്ഞ പ്രകൃതി വാതാവ്വം
വർണ്ണക്കുടകൾ നിവർത്തും പൂക്കളും
നീലമേലങ്കിയണിഞ്ഞ ആകാശവും
നിറഞ്ഞു മനസ്സിൽ നിത്യമഴവില്ലായ്.

വർണ്ണശബളമാം പുണ്യനാടിത്
വർണ്ണപ്പകിട്ടിൻ ദിവ്യഭൂമി.
വർണ്ണപ്പെരുമയിൽ പൊൻപുലരിയും
വർണ്ണങ്ങൾ ചാലിച്ച സായംസന്ധ്യയും
വാർമുകിലും,വാനിൽ വിടരും മഴവില്ലും.

മുത്തുക്കുടകൾ നിറഞ്ഞ പള്ളി തിരുനാളുകൾ
പലവർണ്ണക്കുടമാറും ഉത്സവപ്പറമ്പുകൾ
പലഹാരങ്ങൾ നിരയും പെരുന്നാളുകൾ
നിറച്ചെൻ നാടിനെ സുന്ദര കേരളമായ്.

എന്റെ മനസ്സിലെ ജാലകച്ചില്ലയിൽ
എന്നും കുറിച്ചു ഞാൻ നിൻ മഞ്ജുള രൂപം
എന്നുമെൻ അന്തരാത്മാവിലേക്കൊഴുകി
എന്റെ ഗ്രാമത്തിൻ നിറവും കുളിർമ്മയും
എന്നിൽ നിറഞ്ഞു നിൻ മൃദുമർമ്മരങ്ങൾ
എങ്ങനെ വരച്ചെൻ മലനാടിനെ ദൈവമെ
നിത്യ വർണ്ണമെ, നിറക്കെന്നിൽ വർണ്ണവൈഭവം.
നിൻ പാവന ഭാവനകൾ.

നിറങ്ങളെ നിങ്ങൾ പഠിപ്പിച്ചെന്നെ
നിറങ്ങളാലൊരു പാഠം
നിറങ്ങളെല്ലാം പലതെങ്കിലും - ഓരോ
നിറത്തിനുമുണ്ടൊരു ഭംഗി വെവ്വേറെ.

നിറങ്ങളെ നിങ്ങൾ നിറയും പ്രപഞ്ചം
നിറങ്ങളുടെ മായാലോകം
നിറങ്ങളെ നിങ്ങൾ എഴുതും മഷി
നിറമേകിയെൻ മനസ്സിലൊരു മഴവില്ല്.

പ്രപഞ്ചത്തെ അനശ്വരമാക്കുന്ന നിറങ്ങൾ
പ്രകൃതിക്ക് പുള്ളിപ്പുടവ ചാർത്തും നിറങ്ങൾ
പ്രഭാതം മുതൽ പ്രദോഷം വരെ നീളുന്നു നിങ്ങൾ തൻ ചായപ്രകടനം
പൂർവ്വം മുതൽ പശ്ചിമവരെ ജ്വലിക്കുന്നു നിങ്ങൾ ...ശോഭ സുന്ദരികൾ!

- സോണിയ കളപ്പുരയ്ക്കൽ DC




Sunday, 27 January 2019

സായാഹ്ന നൊമ്പരങ്ങൾ

സായാഹ്ന നൊമ്പരങ്ങൾ

വാർദ്ധക്യമാം വേദനയിൽ
വശംകെട്ടുരുകുമ്പോൾ
വിണ്ണും മണ്ണും നനയുന്നു
വിരഹദുഃഖ വിഷമത്താൽ .

ജീവനെപ്പോലെ സ്നേഹിച്ചവർക്ക് 
ജീവനില്ലാതാകുമ്പോൾ
ജീവിതമൊരു നാൽക്കവലയിലെത്തി നില്ക്കുന്നു
ജീവിത സായാഹ്ന നൊമ്പരനിമിഷങ്ങൾ.

നെഞ്ചോട് ചേർത്തണച്ച മക്കൾക്ക്
നെഞ്ചിലിടമില്ലാതാകുമ്പോൾ
നിശ്ചലമായ ഹൃത്തടത്താലവർ
നിരത്തിലെറിയുന്നു... ദിശ നിശയായ് മാറുന്നു.

സായാഹ്നമൊരു നൊമ്പരമാണ്
സൂര്യന് ധരണിയെ പിരിയാനും, വസുധയ്ക്ക് അരുണനെ പിരിയാനും ദു:ഖം
സാന്ത്വനമേകി സാന്നിധ്യമേകിയവർക്ക്
സഹനവീഥിയിലൊതുങ്ങാൻ വിധി.
_ സോണിയ കളപ്പുരക്കൽ DC







Friday, 18 January 2019

Dusk


അസ്തമയം



അസ്തമയ സൂര്യന് ശോഭയേറുമെന്നു പറഞ്ഞച്ഛൻ
ആശ്ചര്യത്തോടെ ഞാൻ നിത്യം നോക്കി നിന്നു...
ആ പ്രപഞ്ച സത്യം കാണാൻ ...

കത്തിത്തീരുമ്പോൾ വിളക്കിനു ശോഭയേറുമെന്നമ്മ പറഞ്ഞു .
കാഞ്ചന കാന്തിയിൽ കത്തുന്ന തിരിക്കാണാൻ
കണ്ണിമപൂട്ടാതെ കാത്തിരുന്നു ഞാൻ ...

കൊഴിയാൻ പോകും പൂവിനു വലിപ്പമേറുമെന്നും,
ഉണങ്ങും മുന്നേ ഇല്ലി പൂക്കുമെന്നും മാഷു പറഞ്ഞപ്പോൾ
തലകുലുക്കി ഇരുന്നു ഞാൻ ക്ലാസ്സിലന്നു.

വിസ്മയത്തോടത് കാണാൻ നോക്കിനിൽക്കെ
ഞാനറിഞ്ഞു ആ യാഥാർഥ്യം ...
അസ്തമയവും, തിരിയും, പൂവും, ഇല്ലിയുമാകേണ്ടത്
എൻ ജീവിതമെന്ന്.

- Sr സോണിയ കളപ്പുരക്കൽ ഡിസി


Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...