Friday, 26 April 2019

              മൃത്യു സ്മൃതി




മനുഷ്യ മുന്നിലെ ദിനമറിയാത്ത നിത്യ യാഥാർത്ഥ്യം
മനുഷ്യൻ മന്നനായാലും, പാമരനായാലും
മണ്ണ് മണ്ണിലേക്ക് വിലയം പ്രാപിക്കും
മറക്കാനാവാത്ത നിത്യസത്യം.

മരിച്ചാലും മറക്കാത്ത ഓർമ്മകൾക്ക് മുന്നിൽ
മരിക്കുമോ നിങ്ങൾ പ്രിയ ജീവിതങ്ങളെ...?
മൃതരാണെങ്കിലും, നിത്യജീവനായ്
മനസ്സിലുയരുന്നു മരിക്കാത്ത നൽ സ്മൃതികൾ.

മടങ്ങൂ എൻ മിഴികളെ, മെല്ലെ, മെല്ലെ...
മൃതിയിലല്ല, സ്മൃതിയിലാണ് ജീവൻ.
മയങ്ങൂ എൻ മനസ്സെ, മെല്ലെ, മെല്ലെ...
മനസ്സിനെ തളിരണിയിക്കും ജീവസ്മരണയിൽ.

മാന്തളിരും, മലരും, മഞ്ചാടിക്കുരുവും,
മനവും, മൗനവും, മാനവും, മയിൽപ്പീലിയും,
മൗനമായ് മയങ്ങുന്നു മൃതു മന്ദഹാസത്താൽ
മനസ്സിൻ മരീചികയിൽ...
മരിക്കില്ല , മറക്കില്ല നിങ്ങൾ മനസ്സിന്നറയിൽ.

- സോണിയ കളപ്പുരക്കൽ, ഡിസി.



കുരിശിലൊരിടം


കുരിശിലൊരിടം


അലഞ്ഞുഞാൻ നിന്നെ തേടി ലോകമെല്ലാം,
കണ്ടുഞാൻ നിന്നെ മണ്ണിനും വിണ്ണിനും മദ്ധ്യേ,
സർവ്വം മറന്നു ഓടി ഞാൻ നേടിയതെല്ലാംവ്യർത്ഥമായ് നിൻ കരിശിലിടം നേടിയപ്പോൾ.

വരൂ എന്നരികെ എന്നവൻ ചൊല്ലി ഞാൻ കുഞ്ഞായിരുന്നപ്പോൾ...
വരൂ എൻ പിന്നാലെ എന്നവൻ പറഞ്ഞു ഞാൻ വളർന്നപ്പോൾ
വരൂ എൻ കുരിശു വഹിക്കൂ എന്നവനോതി ഞാൻ ശിഷ്യയായപ്പോൾ
തരൂ നിൻ കുരിശിലൊരിടം എന്നു ഞാൻ കെഞ്ചി നാഥനെ ഞാനറിഞ്ഞപ്പോൾ.

വ്യർത്ഥ സ്വപ്നങ്ങളേ വിട
വിരഹ ദു:ഖങ്ങളേ വിട
വീടിനും, വീട്ടാർക്കും, കൂട്ടുകാർക്കും വിട
വിജയത്തിനും വീറിനും വെറുപ്പിനും വിട...

നിന്റെ നെടുവീർപ്പുകൾ കേട്ടു നിശബ്ദയായ് കരയാൻ,
നിന്റെ ആണികളുടെ മുനകളാൽ എൻ കൈകാലുകൾ തുളക്കുവാൻ,
നിന്റെ ചെഞ്ചോരയാൽ എൻ ഘോര പാപങ്ങൾ കഴുകാൻ,
നിന്റെ സാമീപ്യത്താൽ, തിരുമൊഴിയാൽ പറുദീസ നേടാൽ
നിന്റെ സ്നേഹത്തിൻ നിഴലാകാൻ,
നിന്റെ ത്യാഗത്തിൻ സാക്ഷിയാകാൻ,
നിന്റെ മുറിവുകളാൽ മുദ്രിതയാകാൻ
നിൻ കുരിശിലൊരിടമേകണേ നാഥാ...

സോണിയ കെ ചാക്കോ , ഡിസി

Thursday, 18 April 2019

തിളങ്ങുന്ന ഓർമ്മകൾ


തിളങ്ങുന്ന ഓർമ്മകൾ

ഓർമ്മകളെ... മനസ്സിന്റെ ഓരത്തെ തട്ടിത്തടവി
മൗനത്തെ വാചാലമാക്കി
കണ്ണിനെ ഈറനണിയിക്കുകയും
കരളിനെ ലയിപ്പിക്കുന്നു നനുത്ത ചിന്തകൾ .

ഓർമ്മകളേ, ഓർത്താലും മറക്കാൻ ശ്രമിച്ചാലും,
ഓടി നടക്കും നിങ്ങൾ മനസ്സിന്റെ മ്ലാനമാം മൈതാനത്ത്
മധുരവും, കയ്പും നിറയും ജീവിത പാഠങ്ങൾ.

ഓർമ്മകളെ, മരിക്കാത്ത സ്മൃതികൾ, മറക്കാത്ത നിമിഷങ്ങൾ,
മനസിന്റെ ചുമരിൽ പതിക്കുന്നു
മിന്നി മായും മിന്നാമിനുങ്ങായ്... മിന്നും താരകമായ്, ഇരുളിൻ മിത്രമായ് തെളിയുന്നു മനസ്സിലെ മായാ ദീപമായ്.

-സോണിയ കെ ചാക്കോ , ഡി സി

തിരുരക്തത്താൽ തിരിച്ചറിവിലേക്ക്

തിരുരക്തത്താൽ തിരിച്ചറിവിലേക്ക്


ചുടുനിണമൊഴുകുന്ന തിരുമേനിയെ നോക്കി
വാവിട്ടു കരഞ്ഞപ്പോൾ ഞാൻ കണ്ടു
എന്നെ ഓർത്തൊഴുക്കുന്ന രണ്ടു കണ്ണുകൾ.
കുഞ്ഞേ... വരൂ! എൻ ചാരെ
നുകരൂ ... എൻ സ്നേഹം
നിശബ്ദനായ് ചൊല്ലി നീ.

തോരാതൊഴുകുന്ന മിഴിനീരുകൾ
ചുടുചോരയാണെന്ന് അറിഞ്ഞു വൈകി.
നേത്രാംബുവും നിണവുമൊന്നു ചേർന്ന്
പതിഞ്ഞെൻ നെഞ്ചിൽ ഒരു മണിമുത്തായ്.
രക്ഷിതൻ രണമെന്നിൽ ജീവനായി.

തിരിച്ചു നടത്തുന്ന തിരിച്ചറിവിലേക്ക്
തിരുമുറിവുകൾ തൊട്ടൊരു യാത്ര.
തിരുമാറിലെന്നെയും ചേർക്കണെ...
തിരുനാഥാ എന്നെ പൊതിയൂ.. തിരുരക്തത്താൽ.
- സോണിയ കെ ചാക്കോ DC

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...