Thursday, 31 October 2019

                    ബലിമൃഗങ്ങൾ

പാരിനു ദീപ്തിയേകേണ്ട പെൺ ദീപനാളങ്ങൾ
പട്ടാപ്പകലിൽ നിശ്ചലരായ് തീരുന്നു.
പകയും പകരം വീട്ടലുമില്ലാതെ നിലക്കുന്നു
പാരിൽ പാവനപെൺ ജൻമങ്ങൾ.

അബലയെന്ന കവിവാക്യം പരിചയാക്കുന്നു
അധമമാനുഷ്യഹൃദയങ്ങൾ പതുങ്ങി നില്ക്കുന്നു
അക്രമ, കാമഭ്രാന്തിൽ മറക്കുന്നു മനുഷ്യത്വം
അരാജകത്വം നാടുവാഴുന്നീ ദേവ മണ്ണിൽ.

ഉയരുന്നു നിലവിളികൾ ഈ മണ്ണിൽ
ഉയിരറ്റ പെൺമേനികൾ നിരക്കുന്നീ മണ്ണിൽ
ചിറകറ്റ ശലഭങ്ങൾ ഇഴയുന്നൂ നിശബ്ദരായ്
ചാരിത്രത്തെ കാർന്നെടുക്കുന്നു കരാളഹസ്തങ്ങൾ.

അകാലത്തിൽ ഇറുത്തെടുത്തു നിങ്ങൾ
ആയിരം ജീവസ്പന്ദനങ്ങൾ, സ്വപ്നങ്ങൾ
അറ്റുനോറ്റു പോറ്റു വളർത്തിയ അച്ഛനമ്മമാർ
അടക്കാനാവാത്ത നൊമ്പരങ്ങളാൽ എരിഞ്ഞമരുന്നു
അശ്രുബിന്ദുക്കളാൽ കുതിരുന്നീ മണ്ണും, മനസ്സും ഈ മണ്ണിലിന്ന്...
അറിയുന്നു ഞങ്ങൾ ബലിമൃഗങ്ങളെന്നും സിംഹങ്ങളല്ല കുഞ്ഞാടുകൾ.

കേരള, ഉണരൂ... തുറക്കൂ നിൻ ഭ്രാന്തൻകണ്ണുകൾ
കാമ, കപാലിക കഴുകൻമാരെ അറിയൂ
എരിഞ്ഞമർന്ന കുരുന്നു ജൻമങ്ങൾ
എന്റെയും നിന്റെയും കുഞ്ഞനുജത്തിമാർ...
-സിസ്റ്റർ സോണിയ കെ ചാക്കോ, ഡിസി

Tuesday, 15 October 2019

അമ്മത്രേസ്യാ



ദൈവം മാത്രം മതി


ഒരു കുഞ്ഞുപൂവിലും, തളിര്‍ക്കാറ്റിലും, മണല്‍ത്തരിയിലും, മനുജരിലും, സര്‍വ്വസൃഷ്ടിയിലും സൃഷ്ടാവിന്റെ ഒരംശമെങ്കിലും കണ്ടെത്തുമ്പോള്‍ അവിടെ വിശ്വാസം, ദൈവമായി അവതരിക്കുകയാണ്. വിശുദ്ധ അമ്മത്രേസ്യാ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു: 'എന്റെ സഹോദരിമാരേ, നിങ്ങള്‍ അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ ദൈവം അവിടുത്തെ പാത്രങ്ങള്‍ക്കിടയിലും നടക്കും.'

ദൈവത്തിന്റെ കരസ്പര്‍ശം ജീവിതത്തിലും, ദൈവത്തിന്റെ സാന്നിധ്യം അനുദിന ജീവിതത്തിലും 500 വര്‍ഷങ്ങള്‍ക്കും മുന്നേ അനുഭവിച്ചറിഞ്ഞ പുണ്യവതി കേവലം ഒരു വിശുദ്ധ മാത്രമല്ല, നൂറ്റാണ്ടുകളായി ലോകത്തെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത ദിവ്യസാന്നിധ്യമായിരുന്ന ആവിലായിലെ വിശുദ്ധ തെരേസ. ധ്യാനപ്രാര്‍ത്ഥനാശീലം, ദൈവീക ദര്‍ശനങ്ങള്‍, കര്‍മ്മലീത്താ സഭാനവീകരണം, എന്നിവയാൽ ആത്മര്‍ത്ഥമായി സഭയെ സ്‌നേഹിച്ച്, സന്യാസത്തിന്റെ പവിത്രതയും വിശ്വസ്തതയും മാതൃകാപരവുമായ ജീവിതത്താല്‍, കഴിഞ്ഞ 436 വര്‍ഷങ്ങളായി തലമുറകളെ സ്വാധീനിക്കുകയും അനേകരെ വിശ്വാസത്തിലേയ്ക്കും വിശുദ്ധിയിലേയ്ക്കും നയിച്ച മഹത് വ്യക്തിത്വത്തിനുടമയും വേദപാരംഗതയുമാണ് ആവിലായിലെ വിശുദ്ധ ത്രേസ്യാമ്മ.

...എന്നാല്‍, ദൈവമാണ് എന്റെ ബലം. അവിടുന്നാണ് എന്നേയ്ക്കുമുള്ള എന്റെ ഓഹരി. - അമ്മത്രേസ്യാ

നശ്വരമായവ നഷ്ടപ്പെടുമ്പോള്‍ അനശ്വരമായതിനെ പുല്‍കുവാനുള്ള ത്വര ജന്മനാ ത്രേസ്യാ പുണ്യവതിയിലുണ്ടായിരുന്നു. 14-ാം വയസ്സില്‍ തന്റെ പ്രിയപ്പെട്ട അമ്മച്ചി അകാലത്തില്‍ മരിച്ചപ്പോള്‍ ആ ദുഃഖത്തില്‍ തകരാതെ പരിശുദ്ധ അമ്മയുടെ സ്വരൂപത്തിലേയ്ക്ക് ഓടി അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'അമ്മേ, ഇന്നുമുതല്‍ നീയാണ് എന്റെ അമ്മ.' അന്നുമുതല്‍ ദൈവമാതാവ് കൊച്ചുപുണ്യവതിയെ ഒരുക്കുകയായിരുന്നു... വേദനകളുടെയും, തീരാ രോഗത്തിന്റെയും, അവഗണനയുടെയും മുള്ളുകളിലൂടെ... നിഷ്പാദുക സഭയുടെ നവീകരണ മാതാവാകാന്‍, നിശബ്ദതയുടെ ആഴങ്ങളില്‍ അനശ്വരമായ പരമദൈവത്തെ ദര്‍ശിക്കുവാന്‍.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പീഢാനുഭവങ്ങളെയോര്‍ത്ത് നിത്യവും പൂര്‍ണ്ണസ്‌നേഹത്തില്‍ ത്രേസ്യാ പുണ്യവതി ധ്യാനിച്ചിരുന്നു. ഒരിക്കല്‍ പാടുപീഢകളേറ്റ യേശുവിന്റെ ചിത്രം കണ്ട് ഒരുപാട് ദിനം അവള്‍ കരഞ്ഞിരുന്നു. ഈശോയുടെ മുറിവുകള്‍ തന്റെ വേദനകളില്‍ പലപ്പോഴും സ്‌നേഹത്തോടെ സഹിച്ചിരുന്ന ത്രേസ്യാമ്മ വേദനകളുടെയും സഹനത്തിന്റെയും ആഴവും എണ്ണവും കൂടുമ്പോള്‍ ഇപ്രകാരം ഈശോയോടു പറയുമായിരുന്നു: 'ചുമ്മാതല്ല നിന്നെ ആരും സ്‌നേഹിക്കാത്തത്. സ്‌നേഹിക്കുന്നവരെ എത്രമാത്രം സഹനങ്ങള്‍ കൊടുത്താണ് നീ പരീക്ഷിക്കുന്നത്..'  തന്റെ ദിവ്യനാഥനായ യേശുവിനോട് അതിയായ സ്‌നേഹം അമ്മ പ്രകടിപ്പിച്ചിരുന്നു.

ചരിത്രത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തി ത്രേസ്യാ പുണ്യവതിയാണ്. കര്‍മ്മലീത്താ നിഷ്പാദുക സഭയുടെ നവീകരിച്ച ആദ്യ കമ്മ്യൂണിറ്റിയെ വിശുദ്ധ യൗസേപ്പിതാവിന്റെ പേരിലാണ് നാമകരണം ചെയ്തത്. കൂടാതെ, ഏതെങ്കിലുമൊരു ആവശ്യത്തിനോ, യാത്രയ്‌ക്കോ പുറത്തുപോകുമ്പോള്‍ ത്രേസ്യാ പുണ്യവതി, തന്റെ മഠത്തിനു മുന്നിലെ യൗസേപ്പിതാവിന്റെ  രൂപത്തിന്റെ മുന്നിൽ വന്ന് പ്രാര്‍ത്ഥിച്ച് അകത്തുള്ളവരുടെ സംരക്ഷണവും, യാത്രയും ആ പിതാവിനെ ഭരമേല്‍പിക്കുക നിത്യശീലമായിരുന്നു. യൗസേപ്പിതാവിനോട് ചോദിച്ച ഒരു കാര്യവും എനിക്ക് ഇതുവരെ ലഭിക്കാതിരുന്നിട്ടില്ല എന്ന അടിവരയിട്ട് വിശുദ്ധ ആവര്‍ത്തിക്കുമായിരുന്നു.

ലോകത്തിന്റെ തിളങ്ങുന്ന ആകര്‍ഷണങ്ങളിലും, മറ്റുള്ളവരുടെ പരിഹാസത്തിന്റെയും അവഗണനയുടെയും നടുവിലും, നോവുന്ന സഹനദിനങ്ങളിലും അന്തരാത്മാവിലേയ്ക്ക് നിശബ്ദതയുടെ ആഴങ്ങളിലൂടെ, പ്രാര്‍ത്ഥനയുടെ അഭിഷേകത്തിലൂടെ സുകൃതസരണിയിലൂടെ നടന്ന് ആയിരങ്ങള്‍ക്ക് സുകൃതസരണിയായി അമ്മ ഉറക്കെ പ്രഘോഷിച്ചു: 'ദൈവം മാത്രം മതി! ദൈവം മാത്രം മതി!' 'ഈ ലോകത്തിലുള്ള സര്‍വ്വവും മറഞ്ഞുപോകും; എന്നാല്‍, നാഥനായ അങ്ങു മാത്രം നിത്യസത്യമായി വാഴും.' സനാതനവും നിത്യസത്യവുമായ സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ച് അഗാധമായ ജ്ഞാനവും അനുഭവവും പുണ്യവതിക്ക് ഉണ്ടായിരുന്നു.
1515 മാര്‍ച്ച് 28-ാം തീയതി സ്‌പെയിനിലെ ആവിലായില്‍ ജനിച്ച പുണ്യവതി കര്‍മ്മനിരതയായും ഭക്തി, വിശ്വാസവതിയായും ജീവിച്ച് 1582 ഒക്‌ടോബര്‍ 4-ന് തന്റെ ദിവ്യമണവാളന്റെ അരികിലേയ്ക്ക് യാത്രയാവുകയാണ്. 1622 മാര്‍ച്ച് 12-ാം തീയതി ഗ്രിഗറി 15-ാം മാര്‍പാപ്പാ ഒരു വിശുദ്ധയായി അവളെ ഉയര്‍ത്തി.

കേരളത്തിലെ ഉത്തര മലബാറുകാര്‍ക്ക് ഏറ്റവുമധികം ഭക്തിയുള്ള ഒരു വിശുദ്ധയാണ് വി. അമ്മത്രേസ്യാ. മാഹീലമ്മ എന്ന ചെല്ലപ്പേരില്‍ സ്‌നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്നത് വി. അമ്മത്രേസ്യായെ ആണ്. 1723 ഡിസംബറിലാണ് അമ്മത്രേസ്യായുടെ തിരുസ്വരൂപം, തലശ്ശേരിക്കടുത്തുള്ള മാഹിയിലെത്തിയത്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയായി അന്നുമിന്നും അമ്മയെ വണങ്ങുകയാണ് എല്ലാവരും.

മാഹീലമ്മേ, അമ്മത്രേസ്യായെ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി...

സിസ്റ്റർ സോണിയ കെ ചാക്കോ DC


Friday, 11 October 2019

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ (1801-1890)


കോളനിവത്ക്കരണവും, വ്യാവസായിക വിപ്ലവവും, അസമത്വങ്ങളുമെല്ലാം നിറഞ്ഞുനിന്ന ഇംഗ്ലണ്ടിന്റെ ഇരുണ്ട ദിനങ്ങളിലേയ്ക്ക് 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1801 ഫെബ്രുവരി 21-ന് ഉദയം ചെയ്ത ദിവ്യജ്യോതിയാണ് വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍. ആഗ്ലിക്കന്‍ സഭയുടെ ചരിത്രത്താളുകളില്‍ നിന്നും കത്തോലിക്കാസഭയുടെ ചരിത്രത്തിലേയ്ക്ക്, ദൈവപരിപാലനകള്‍ നിറഞ്ഞ സംഭവബഹുലമായ സാഹചര്യങ്ങളില്‍ ധീരവും വിശുദ്ധവുമായ ചുവടുകളാല്‍ കടന്നുവന്ന തീക്ഷ്ണവാനായ പുരോഹിതനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാന്‍.

17-ാം നൂറ്റാണ്ടിനു ശേഷം സാമ്രാജ്യവത്ക്കരണത്തിന്റെ സാമ്രാട്ടായ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ജനിച്ചവരില്‍ നിന്നും വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ന്യൂമാന്‍. സൂക്ഷ്മബുദ്ധിയിലും, പ്രതിഭ നിറഞ്ഞ എഴുത്തിലും നന്നേ ചെറുപ്പത്തിലേ പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന ആംഗ്ലിക്കന്‍ വൈദീകനായ ന്യൂമാന്‍, തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികളായി മുന്നിൽ നിര്‍ത്തുന്നത് അരിസ്റ്റോട്ടില്‍, പ്ലേറ്റോ, സോക്രട്ടീസ് തുടങ്ങിയ തത്വചിന്തകരെയും ഡാന്റെ, ജോണ്‍ മില്‍ട്ടണ്‍, സീസറോ, ബട്ട്‌ലര്‍ തുടങ്ങിയ സാഹിത്യസാമ്രാട്ടുകളെയും ഒരിജന്‍, വി. അഗസ്റ്റിന്‍, വി. തോമസ് അക്വീനാസ് തുടങ്ങിയ ദൈവശാസ്ത്ര പണ്ഡിതരെയുമാണ്.
താന്‍ വിശ്വസിക്കുന്ന മതത്തിന്റെ ഏറ്റവും വിശ്വസ്ത പുത്രനായിരുന്ന അദ്ദേഹം വി. പൗലോസ് ശ്ലീഹായെപ്പോലെ തന്നെ വാഴ്. ന്യൂമാനും അതി തീക്ഷ്ണതയോടെ നീങ്ങിയ നിമിഷങ്ങളെ അനര്‍ഘ നിമിഷമാക്കിയത് അപ്രതീക്ഷിതമായി വന്ന രോഗാവസ്ഥകളും തുടര്‍ന്നുള്ള ദൈവീക ഇടപെടലുകളുമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ദൈവമറിയാതെ, അനുവദി'ക്കാതെ ഒന്നും സംഭവിക്കുകയില്ല. മാത്രമല്ല, റോമ 8:28-ല്‍ പറയുന്നതുപോലെ, ദൈവം എല്ലാം നമ്മുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്നു. അതു തന്നെയാണ് വാഴ്ത്തപ്പെട്ട ന്യൂമാന്റെ ജീവിതത്തിലും സംഭവിച്ചത്.

1830-കളില്‍ എഴുത്തിന്റെ ലോകത്ത് പടിപടിയായി അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും, ന്യൂമാന്‍ ഏറ്റവുമധികം സ്മരിക്കപ്പെടുന്നത് 'നയിക്കണേ നിത്യപ്രകാശമേ, ഇരുള്‍മൂടുമീ ധരയിലൂടെന്നെ നയിക്കണേ...' (Lead Kindly light..) എന്ന കവിതയിലൂടെയാണ്. എങ്കിലും അന്നുമിന്നും ആയിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ് ഈ കവിതാശകലങ്ങള്‍. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക് ഈ വരികള്‍ ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തും തത്ത്വിചിന്തയും ചിലരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തി. അവരിൽ ചിലരാണ് ആക്റ്റണ്‍ പ്രഭു, അര്‍ണോള്‍ഡ്, ജി.കെ. ചെസ്റ്റേര്‍ട്ടണ്‍, സി.എസ്. ലൂവിസ്, ഒസ്‌കാര്‍ വൈല്‍ഡ്, ജയിംസ് ജോയ്‌സ് തുടങ്ങിയവര്‍.

സാവൂള്‍ -  അഗസ്റ്റിന്‍ - ന്യൂമാന്‍

തീക്ഷ്ണതയുടെയും വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും ഏറ്റവും നല്ല നാളുകളാണ് യുവത്വം. യഹൂദ മതത്തോടുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ച താര്‍സൂസില്‍ നിന്നുള്ള യുവകോമളന്‍ സാവൂളും, അസാധാരണ ബുദ്ധിയാല്‍ ജ്വലിച്ച് ആജ്‌ഞേയവാദികളുമായി ധീരമായി ചര്‍ച്ച ചെയ്തു നടന്ന് വിശുദ്ധ അംബ്രോസില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച അഗസ്റ്റിനും, ഓക്‌സ്‌ഫോര്‍ഡിലെ ഉന്നത വിദ്യാഭ്യാസവും പ്രഗത്ഭനായ ആംഗ്ലിക്കന്‍ പ്രാസംഗികനും എഴുത്തുകാരനുമായ ന്യൂമാനും കത്തോലിക്കാ സഭയിലേയ്ക്ക് വിശ്വാസത്തിന്റെ ആഴമേറിയ കണ്ണുകളും ദൈവാനുഭവത്തിന്റെ ഉള്‍ക്കാഴ്ചകളുമായി പ്രവേശിച്ചത് അവരുടെ മുപ്പതാം വയസ്സുകളിലാണെന്ന വസ്തുത വിസ്മയകരമാണ്.

ഒരിക്കല്‍ രുചിച്ചറിഞ്ഞ ദൈവകരുണയെ അവര്‍ അവസാനം വരെ പ്രഘോഷിച്ചു. അവര്‍ അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അവസാനം വരെ നെഞ്ചോടു ചേര്‍ത്ത് രക്തം ചൊരിഞ്ഞും സാക്ഷ്യം വഹിക്കുവാന്‍ കഴിഞ്ഞതായിരുന്നു അവരുടെ ദൈവാനുഭവത്തിന്റെ ശക്തി. അറിഞ്ഞാല്‍ പിന്നെ പറയാതിരിക്കാനാവില്ല. അനുഭവിച്ചറിഞ്ഞാല്‍ പിന്നെയൊരിക്കലും വിസ്മരിക്കാനുമാവില്ല. ദൈവാനുഭവം ആത്മാവിന്റെ ആഴങ്ങളിലേയ്ക്ക് പടരുമ്പോള്‍ അവിടെ വ്യക്തിയല്ല, യുക്തിയല്ല, യേശു മാത്രം മതി!

'സനാതന സത്യമേ, എത്ര വൈകീ നിന്നെ അറിയുവാന്‍... എത്ര വൈകീ നിന്നെ സനേഹിക്കുവാന്‍...' എന്ന് കരഞ്ഞ് കൊണ്ട് വിശുദ്ധ അഗസ്റ്റിന്‍ ഏറ്റുപറയുമ്പോള്‍ വാഴ്. ന്യൂമാന്‍ എഴുതുന്നത് ഇപ്രകാരമാണ്:  'നയിക്കണേ, നിത്യപ്രകാശമേ, ഇരുള്‍മൂടുമീ ധരയിലൂടെന്നെ നയിക്കണേ... ഇരുള്‍ നിറയുമീ നിശയില്‍, എന്‍ ഗൃഹത്തില്‍ നിന്നകലുമീ വേളയില്‍ നയിക്കണമെന്നെ മുന്നോട്ട്...' കൊച്ചുവൈദീകനായിരിക്കെ, രോഗക്കിടക്കയല്‍ കിടന്ന് വിതുമ്പിക്കൊണ്ട് 1833-ല്‍ ഇറ്റലിയില്‍ വച്ച് ന്യൂമാന്‍ എഴുതിയ വരികളാണിവ.

തിരിച്ചറിവുകള്‍ തിരിച്ചുനടത്തുമ്പോള്‍, പതറാതെ തിരിച്ചുനടന്ന് നേരായ വഴിയിലൂടെയുള്ള ധീരമായ ചുവടുവയ്പ്പാണ് വിശുദ്ധിയിലേയ്ക്കുള്ള ആദ്യ ചുവടുകള്‍. തന്റെ പേരു പോലെ തന്നെ ദൈവസമ്മാനവും (ജോണ്‍) പുതിയ മനുഷ്യനും ( Newman) ആയ അനര്‍ഘ നിമിഷമായിരുന്നു അത്. 1845 ഒക്‌ടോബര്‍ 9-ാം തീയതി കത്തോലിക്കാ സഭാംഗമായ സ്വര്‍ഗ്ഗീയ നിമിഷമായിരുന്നു അത്. എഴുത്തുകാരനും പ്രാസംഗീകനുമായ വൈദികനായി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോള്‍ പെട്ടെന്ന് റോമില്‍ വച്ച് രോഗിയാവുകയും ആ വേദനയുടെ ദിനങ്ങളില്‍ വലിയൊരു ഉള്‍ക്കാഴ്ചയാല്‍ കത്തോലിക്കാ സഭയുടെ തുറന്ന കവാടങ്ങള്‍ നടന്നുകയറുകയും, തുടര്‍ന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ്ണസൗഖ്യം നേടുകയും, പതിയെ സ്വര്‍ഗ്ഗത്തിന്റെ പടവുകളും ചവിട്ടിക്കയറി ഇന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വം ആണ് ന്യൂമാൻറേത്.
1824 ജൂണ്‍ 13-ാം തീയതി ആംഗ്ലിക്കന്‍ വൈദീകനായ ന്യൂമാന്‍, 1845 ഒക്‌ടോബര്‍ 9-ാം തീയതി കത്തോലിക്കാ സഭാംഗമാവുകയും 1847-ല്‍ കത്തോലിക്കാ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ 1879 മെയ് 12-ാം തീയതി ലിയോ 13-ാമന്‍ മാര്‍പാപ്പാ കര്‍ദ്ദിനാള്‍ പദവി നല്‍കി ഉയര്‍ത്തിയപ്പോള്‍ ആദര്‍ശവാക്യമായി കര്‍ദ്ദിനാള്‍ ന്യൂമാന്‍ സ്വീകരിച്ചത് (Heart speaks unto Heart' - 'ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു' എന്നായിരുന്നു.

:വാഴത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്റെ ആദര്‍ശവാക്യമായ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു എന്ന വാക്കുകള്‍ക്ക് വ്യക്തിജീവിതത്തിലും, സന്യാസ ജീവിതത്തിലും, വൈദിക ജീവിതത്തിലും, കുടുംബ ജീവിതത്തിലുമൊക്കെ ഹൃദയത്തോളം അര്‍ത്ഥവും ആഴവുമുണ്ട്.

ഹൃദ്യംഗമായ സംഭാഷണങ്ങളാല്‍, പ്രസംഗങ്ങളാല്‍, ഈശോയുടെ ഹൃദയത്തോടു ചേര്‍ന്ന് താന്‍ അനുഭവിച്ച സ്‌നേഹം വിശ്വാസികളിലേയ്ക്ക് പകര്‍ന്നുകൊടുക്കുവാന്‍ മാത്രമല്ല, നാനാതുറയില്‍ പെട്ട ആളുകളുടെ ഹൃദയങ്ങളെ തൊടുവാന്‍ കര്‍ദ്ദിനാള്‍ ന്യൂമാന് സാധിച്ചിരുന്നു. 1890 ആഗസ്റ്റ് 11-ാം തീയതി സ്വര്‍ഗ്ഗീയഭവനത്തിലേയ്ക്ക് മടങ്ങിയ ന്യൂമാന്റെ ഭൗതികശരീരത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ പല വിഭാഗത്തില്‍പ്പെട്ട് പതിനയ്യായിരിത്തിലധികം ആളുകള്‍ ക്ഷമയോടെ ബര്‍മിംഗ്ഹാം പള്ളിക്കു മുമ്പില്‍ വരിയായി നിന്നിരുന്നു.

89 വര്‍ഷക്കാലം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിേലയ്ക്കും എത്തിപ്പെടാന്‍ കഴിഞ്ഞ കര്‍ദ്ദിനാള്‍ ന്യൂമാനെ കത്തോലിക്കാ സഭ മാത്രമല്ല ആംഗ്ലിക്കന്‍ സഭയും, എപ്പിസ്‌കോപ്പിയന്‍ സഭയും ആദരിക്കുന്ന ഈ ധന്യജീവിതം ഇന്നും ആയിരങ്ങള്‍ക്ക് പ്രചോദനവും പ്രതീക്ഷയുമേകുമ്പോള്‍ ആ പുണ്യജീവിതമാതൃക നമുക്കും ഹൃദയത്തോട് ചേര്‍ക്കാം.

പാണ്ഡിത്യവും പ്രതാപവും പ്രാഗത്ഭ്യവുമെല്ലാം പുണ്യതയിലേയ്ക്കുള്ള ഉപകരണങ്ങളായേക്കാമെങ്കില്‍ ദൈവംതമ്പുരാനിലേയ്ക്കുള്ള അകലം കേവലം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കുള്ള ദൂരമാണെന്ന് 2019 ഒക്‌ടോബര്‍ 13-ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന വിശുദ്ധ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍ നമ്മെ പഠിപ്പിക്കുന്നു.

- സിസ്റ്റർ സോണിയ കളപ്പുരയ്ക്കല്‍,ഡി സി

Thursday, 10 October 2019

മാറാത്ത സ്നേഹിതൻ


    മാറാത്ത സ്നേഹിതൻ


മലകൾ മാറിയകന്നാലും, കുന്നുകൾ നിരന്നാലും
താഴ്‌വരകൾ ഉയർന്നാലും, കര കാലായാലും
മനുഷ്യർ മറന്നാലും, ബന്ധുക്കൾ പിരിഞ്ഞാലും
മാറാത്ത സ്നേഹമായ് മാറോടു ചേർക്കുമെൻറിശോ.
ഈശോ മാറാത്ത സ്നേഹിതൻ

മാതാവു മറന്നാലും, പിതാവു വെറുത്താലും
മറക്കാത്ത സ്നേഹമാണെന്റെ ദൈവം.
ശത്രുക്കൾ പിരിഞ്ഞാലും, സഹോദരർ പിരിഞ്ഞാലും
ശാന്തനായ് തഴുകുമെന്നെ സ്നേഹിതനാം ദൈവം.
ദൈവം ശാന്തസ്നേഹിതൻ.

കുന്നോളം പാപങ്ങൾ ചെയ്തു ഞാൻ അകലുമ്പോൾ
കടലോളം കാരുണ്യമായ് വന്നുചേരുമവൻ.
വഴി തെറ്റി പോയാലും പിഴകൾ ഞാൻ ചൊല്ലുമ്പോൾ
വാരിയെടുത്തുമ്മ തരും വാത്സല്യനാഥൻ
നാഥൻ ദിവ്യകാരുണ്യ നാഥൻ !

വരണെ നീ മാറോട് ചേർക്കണേ...
എന്നെ നിൻ കരുണയാൽ നിറക്കണേ...
കൃപയാൽ നിത്യവും പൊതിയണെ...
തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണേ
കർത്താവെൻ രക്ഷകനാം നാഥൻ !
- Sr സോണിയ കെ ചാക്കോ DC

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...