കാരാഗൃഹത്തെ ദേവാലയമാക്കി മാറ്റിയ കർദ്ദിനാൾ ഫ്രാൻസിസ് വാൻ ത്വാൻ
"റ്റോഡാ പാസാ"
"എല്ലാം കടന്നു പോകും" എന്ന അമ്മത്രേസ്യയുടെ വാക്കുകളാണ് ബിഷപ്പ് ഫ്രാൻസിസ് സേവ്യർ
വാൻ ത്വാൻ തൻ്റെ സ്ഥാന മോതിരത്തിൽ പതിച്ചിരുന്നത്. വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ്
ഭരണകൂടത്തിൻ്റെ തടങ്കലിൽ നീണ്ട പതിമൂന്നു വർഷത്തെ അന്ധകാരത്തിലെ അരണ്ട വെളിച്ചത്തിൽ
നിന്നും പ്രത്യാശയുടെ പ്രകാശത്തിലേക്ക് ക്രമേണയുള്ള യാത്രയും ഇന്നും പ്രത്യാശയുടെ
കാവൽ ഗോപുരം ആയി നിലകൊണ്ട് വിയറ്റ്നാമിലും ഏഷ്യയിലും മാത്രമല്ല കത്തോലിക്കാ സഭ
മുഴുവനും അത്ഭുതങ്ങൾ വിരിയിച്ച കർദ്ദിനാളാണ് ഫ്രാൻസിസ് വാൻ ത്വാൻ. 2007 നവംബർ 30 ന്
ബെനഡിക്റ്റ് 16-ാംമൻ മാർപാപ്പ എഴുതിയ 'സ്പേ സാൽവി' എന്ന ചാക്രിക ലേഖനത്തിൽ
കർദ്ദിനാൾ ഫ്രാൻസിസ് മെത്രാൻ്റെ പ്രത്യാശ നിറഞ്ഞ പ്രാർത്ഥനാ ജീവിതത്തെ കുറിച്ച്
പാപ്പാ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: "ആരും എന്നെ ശ്രവിക്കാത്തപ്പോൾ എന്നെ ദൈവം
ശ്രവിക്കുന്നു. എനിക്ക് ആരോടും സംസാരിക്കാൻ കഴിയാത്തപ്പോഴും എനിക്ക് ദൈവത്തോട്
സംസാരിക്കുവാൻ കഴിയുന്നു. എന്നെ സഹായിക്കുവാൻ ആരും ഇല്ലാത്തപ്പോൾ ദൈവത്തിനു
സഹായിക്കുമായിരുന്നു. ഏകാന്തതയിൽ, നിശ്ശബ്ദതയിൽ അന്ധകാരത്തിൽ ഞാൻ മുങ്ങി
ഇരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോൾ ഞാൻ ഒരിക്കലും തനിച്ചായിരുന്നില്ല എന്ന ധൈര്യം
എന്നിൽ നിറഞ്ഞു". മനുഷ്യൻ എത്തിച്ചേരുവാൻ ആവുന്നതിനും അപ്പുറത്തുള്ള പ്രത്യാശ
കൈവരിക്കുവാൻ ആ ഏകാന്ത വസത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. [ഒമ്പതുവർഷം ഏകാന്ത
തടങ്കലും നാലുവർഷം അല്ലാതെയുള്ള തടങ്കലുമായി മൊത്തം ] ) 13 വർഷം നീണ്ടു നിന്ന
കർദ്ദിനാളിൻ്റെ ജയിൽവാസ അനുഭവത്തിൽ നിന്നും ബനഡിറ്റ് പതിനാറാമൻ മാർപാപ്പ
അടിവരയിട്ട് എഴുതിയതാണ് ഈ വാക്കുകൾ. 1928 ഏപ്രിൽ 17ന് വിയറ്റ്നാമിൽ ജനിച്ച
ഫ്രാൻസിസ് മെത്രാൻ്റെ പൂർവ്വികരിൽ പലരും വിശ്വാസത്തിന് വേണ്ടി ജീവത്യാഗം
ചെയ്തവരായിരുന്നു. അവർ പകർന്നുകൊടുത്ത ജീവിക്കുന്ന വിശ്വാസത്തിൻറെ ചെഞ്ചോര
ഫ്രാൻസിസ് സിരകളിലൂടെയും ചലിച്ചുകൊണ്ടിരുന്നു. 1953 ജൂൺ 11-ാം തിയതി അദ്ദേഹം
വിയറ്റ്നാം രൂപതയിൽ വൈദികനായി. ഊർജ്ജസ്വലനും, എട്ടു ഭാഷകൾ അനായാസം സംസാരിക്കുകയും
ചെയ്ത അച്ചൻ നിരവധി കഴിവുകളാൽ വിളങ്ങിയ വ്യക്തിത്വമായിരുന്നു. റോമിലെ ഉന്നത
പഠനത്തിനു ശേഷം 1967 ജൂൺ 24-ാം തിയതി വിയറ്റ്നാമിലെ രൂപതയുടെ മെത്രാനായി വിശുദ്ധ
പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. ഫ്രാൻസിസ് വാൻ ത്വാൻ മെത്രാനെ അധികം
താമസിയാതെ തന്നെ 1975-ൽ രൂപതയുടെ കോ അഡ്ജതൂർ മെത്രാനായി അവരോധിച്ചു കൊണ്ടുള്ള
ഉത്തരവ് ബഹുമാനപ്പെട്ട പോൾ ആറാമൻ മാർപാപ്പ നൽകിയിരുന്നു. അതനുസരിച്ച് ആ വർഷം
ഓഗസ്റ്റ് 15 ആം തീയതി സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച മെത്രാനെ തേടി
എത്തിയത് കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ കൈവിലങ്ങുകളും കരിങ്കൽ തടവറയും ആയിരുന്നു.
വിശ്വാസത്തെ പ്രതി മഹനീയമായ സാക്ഷ്യം വഹിക്കാനുള്ള ഉന്നതമായ വിളിയുടെ ഏറ്റവും വേദന
നിറഞ്ഞ ഭാഗമായിരുന്നു അത് . മറ്റ് 1400 ഓളം വിയറ്റ്നാം പൗരന്മാർക്കൊപ്പം ഫ്രാൻസിസ്
മെത്രാനും യാതൊരു വിചാരണയും ഇല്ലാതെ ജയിലിലടയ്ക്കപ്പെട്ടു. വെറുംകയ്യോടെ വന്നതിനാൽ
അവശ്യസാധനങ്ങൾക്ക് ഉള്ള കുറിപ്പ് കൊടുത്തു വിട്ടതിൽ വീഞ്ഞും, ഓസ്തിയും വയറു
വേദനയ്ക്കുള്ള മരുന്നായി എഴുതി കൊടുത്തു വിടാൻ അദ്ദേഹം മറന്നില്ല. അതനുസരിച്ച്
വയറുവേദന എന്ന കുറിപ്പ് ഒട്ടിച്ചു കുറച്ചു വീഞ്ഞും ചെറുതായി മുറിച്ച് ഓസ്തികളും
അദ്ദേഹത്തിനുവേണ്ടി അയച്ചിരുന്നു. മറ്റനേകം തടവുകാർക്കൊപ്പം അറുപതോളം ആളുകൾ
ഉണ്ടായിരുന്ന പൊതു മുറിയിലായിരുന്നു കിടന്നത്. അവരിലെ കത്തോലിക്കാ സഹോദരന്മാരെ
അരികെക്കൂട്ടി അദ്ദേഹം എല്ലാദിവസവും രാത്രി ഒമ്പതരയ്ക്ക് ശേഷം ദിവ്യബലിയർപ്പിച്ചു.
കൊതുകുവലക്കടിയിൽ കുനിഞ്ഞു കിടന്ന് കൈപ്പത്തി ബലിവേദിയാക്കി രണ്ടു തുള്ളി വീഞ്ഞും,
ഒരു തുള്ളി വെള്ളവും കൊണ്ട് ആരുമറിയാതെ ഇടറിയ സ്വരത്തിൽ എന്നാൽ അത്യുച്ചത്തിൽ
മനസ്സിൽ പ്രാർത്ഥനകൾ ചൊല്ലി അനുദിന ബലിയർപ്പിച്ചു. കുർബാനയായി മാറിയ
തിരുവോസ്തിക്കഷ്ണങ്ങളിൽ ഒരെണ്ണം സിഗരറ്റ് പാക്കറ്റുകൾ കൊണ്ട് ഉണ്ടാക്കിയ കൊച്ചു
കവറിലിട്ട് അദ്ദേഹം എപ്പോഴും കീശയിൽ കാത്തുസൂക്ഷിച്ചു. ( മറ്റൊന്നും തടവുകാർക്ക്
ലഭിച്ചിരുന്നില്ല) കത്തോലിക്കരായവരുടെ ഇടയിലേക്ക് നടക്കുമ്പോൾ അവർക്ക് അനുദിന
ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങൾ ആയിരുന്നു.
അവരുടെ കൂടെയുള്ള ഉടയവൻ - സ്വന്തം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തടവുകാർക്ക്
ഉടയതമ്പുരാൻ എപ്പോഴും കൂടെയായിരുന്നു എന്നനുഭവവേദ്യമായി. അവർണ്ണനീയമായ പ്രത്യാശയിൽ
അവരുടെ ഹൃദയങ്ങൾ നിറഞ്ഞു മനസ്സിലും, പിന്നെ ചുറ്റിലും. കത്തോലിക്കർക്ക് മാത്രമല്ല
ബുദ്ധമതക്കാരും മറ്റു മതസ്ഥരായ പലർക്കും എന്തിന് കമ്മ്യൂണിസ്റ്റുകാരിലേക്കും
ഒരുപോലെ പ്രത്യാശയുടെ മെഴുകുതിരി പ്രകാശം ഫ്രാൻസിസ് മെത്രാൻ പകർന്നിരുന്നു. രാത്രി
നേരങ്ങളിൽ തടവുകാർ നിശബ്ദരായി ദിവ്യകാരുണ്യ സന്ദർശനത്തിനായി ഓരോരുത്തരും
താന്താങ്ങളുടെ ഊഴമനുസരിച്ച് വന്ന് ഈശോയെ ആരാധിച്ചു മടങ്ങി. ഒരിക്കലും മറക്കാനാവാത്ത
വിധത്തിൽ ദിവ്യകാരുണ്യ ഈശോ അവരെ അനുഗ്രഹിച്ചിരുന്നു. അവർക്ക് ഓരോരുത്തർക്കും അത് ആ
ഏകാന്തതയിൽ അനുഭവവേദ്യവുമായി. വിശുദ്ധ കുർബാന ക്രിസ്ത്യാനികളെ
തീക്ഷ്ണതയുള്ളവരാക്കി. അന്യമതസ്ഥരെ ക്രിസ്ത്യാനികൾ ആക്കി. ആർക്കും തടയുവാൻ
കഴിയാത്തത്ര സ്നേഹത്താൽ ക്രിസ്തു ഞങ്ങൾ പൊതിഞ്ഞു എന്ന് അവരിൽ പലരും പിന്നീട്
സാക്ഷ്യപ്പെടുത്തി. നീണ്ട 13 വർഷങ്ങളിൽ ഞാനെൻ്റെ ആത്മീയവും ശാരീരികമായ ബലഹീനതകൾ
മനസ്സിലാക്കി. ചില നിമിഷങ്ങളിൽ എനിക്കൊന്ന് പ്രാർത്ഥിക്കുവാനോ, എന്തെങ്കിലും
ചെയ്യുവാനോ പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയം ഈശോയെനിക്ക് ഒരു ദിവ്യ പ്രകാശം തന്നു.
" കർത്താവു തന്ന കല്പന ജീവിക്കണം. മരണത്തിനു മുൻപേ അവിടുന്ന് തൻ്റെ ശരീരവും വചനവും,
അമ്മയെയും, പൗരോഹിത്യത്തെയും, പുതിയ ദൗത്യവും എല്ലാം ഒന്നാക്കി - ഒറ്റവാക്കിൽ
"സ്നേഹം ". ദിവസേന പലതവണ ഞാൻ അവ ഉരുവിട്ടു. " ഇനി എനിക്ക് ക്രിസ്തുവിൻറെ കല്പന
ജീവിക്കണം. ആ തീരുമാനം 10 ജീവിത നിയമങ്ങളായി പരിണമിച്ചു. അവ - 1. ഞാൻ ഓരോ നിമിഷവും
പരിപൂർണ്ണ ജീവിക്കും ഞാൻ ഈ നിമിഷം ഏറ്റവും ഉത്സാഹത്തോടെ, സന്തോഷത്തോടെ പൂർണ്ണമായി
ജീവിക്കും. 2 ദൈവവും ദൈവത്തിൻ്റെ പ്രവർത്തികളും തമ്മിൽ ഉള്ള വ്യത്യാസം എന്താണെന്ന്
അറിഞ്ഞു. 3. പ്രാർത്ഥന എന്ന രഹസ്യത്തെ ഞാൻ മുറുകെ പിടിക്കും. 4. എൻ്റെ ഏക ശക്തി ഞാൻ
വിശുദ്ധ കുർബാനയിൽ കണ്ടെത്തും. 5 കുരിശിൻറെ ശാസ്ത്രം ആയിരിക്കും എൻറെ വിജ്ഞാനം 6
എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന സഭയിൽ ക്രിസ്തുവിൻറെ വിശ്വസ്തനായ സാക്ഷിയായി ഞാൻ
നിർവഹിക്കും . 7. ലോകത്തിന് തരാൻ കഴിയാത്ത സമാധാനം ഞാൻ തേടും. 8. പരിശുദ്ധാത്മാവിൽ
ഉള്ള ഒരു നവീകരണം വഴി ഒരു വിപ്ലവം തന്നെ എൻറെ ജീവിതത്തിൽ സൃഷ്ടിക്കും. 9. ഞാൻ
ധരിക്കുന്ന ഒരേ ഒരു യൂണിഫോമും, സംസാരിക്കുന്ന ഭാഷയും സ്നേഹമായിരിക്കും . 10 എൻറെ
ഏറ്റവും പ്രത്യേകമായ സ്നേഹം പരിശുദ്ധ അമ്മയോടായിരിക്കും. ധന്യനായ കർദ്ദിനാൾ
ഫ്രാൻസിസ് സേവ്യർ വാൻ ത്വാനിൽ ഏറെ വിളങ്ങിയ ഗുണങ്ങളാണ് ശുഭാപ്തിവിശ്വാസം, സ്ഥിരത
വിശ്വസ്തത, പ്രത്യാശ, അചഞ്ചലമായ ദൈവ ശരണം, സൗമ്യത തുടങ്ങിയവ. ജയിലിലായിരുന്നപ്പോൾ
മിക്കപ്പോഴും അദ്ദേഹം ഭക്തിഗാനങ്ങൾ പാടിയിരുന്നു തൻറെ മുറിയിലേക്ക് വെള്ളം
ചുമക്കുമ്പോഴും പൂന്തോട്ടത്തിൽ നടക്കുമ്പോഴും ഒക്കെ അദ്ദേഹം നിരവധി സങ്കീർത്തനങ്ങൾ
ഉരുവിട്ടിരുന്നു... 1975 കളുടെ ആരംഭത്തിൽ ജയിലിലടയ്ക്കപ്പെട്ടപ്പോൾ കർദിനാളിനെ
മനസ്സിൽ ഓടിയെത്തിയത് കമ്മ്യൂണിസ്റ്റ് ചൈനയിൽ 12വർഷം അറസ്റ്റ് ചെയ്യപ്പെട്ട
ജയിലിലടക്കപ്പെട്ട ജോൺ മെത്രാനാണ് ജയിൽമോചിതനായപ്പോൾ ഒരിക്കൽ അദ്ദേഹം പറഞ്ഞു "എൻറെ
ജീവിതത്തിൻറെ പകുതി ഞാൻ കാത്തിരുന്നു തീർത്തു". കാത്തിരിപ്പ് എല്ലാ തടവുപുള്ളികളുടെ
ജീവിതഭാഗമാണെങ്കിലും അന്ന് മെത്രാൻ തീരുമാനിച്ചു: "എത്രനാൾ ആയാലും ഇതൊരു
ദൈവതിരുമനസ്സിന് ഉള്ള വിധേയത്വം മാത്രമല്ല മറിച്ച് എൻറെ ജീവിതത്തിലെ ഒരു
വഴിത്തിരിവായി ആയിരിക്കും". അക്കാലത്ത് അഴിമതിയുടെ പേരിൽ ജയിൽ ശിക്ഷയ്ക്ക്
വിധിക്കപ്പെട്ട വിൻ എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിൻ്റെ മുറിയിലായിരുന്നു
അടപ്പെട്ടത്. വാൻ ത്വാനുമായുള്ള സൗഹൃദവും, അദ്ദേഹത്തിൻ്റെ വിശ്വാസജീവിതവും വിന്നിനെ
ഒത്തിരി സ്വാധീനിക്കുകയുണ്ടായി. പതിയെ അത് കത്തോലിക്കനായ വിശ്വാസസ്വീകരണത്തിലേക്ക്
നയിച്ചു. 1988 ജയിൽമോചിതനായ ആർച്ചുബിഷപ് വിയറ്റ്നാമിൽ നിന്നും ആസ്ട്രേലിയയിലേക്ക്
കുടിയേറിയ കുടുംബാംഗങ്ങളോടൊപ്പം കുറച്ചു നാൾ താമസിച്ചതിന് ശേഷം വത്തിക്കാനിലെത്തി.
വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നീതിക്കും സമാധാനത്തിനു വേണ്ടിയുള്ള
തിരുസംഘത്തിൻ്റെ അധ്യക്ഷനായി 1998 ൽ അദ്ദേഹത്തെ നിയമിച്ചു. മൂന്നാം സഹസ്രാബ്ദത്തിലെ
ആരംഭത്തിൽ 2000 ആണ്ടിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വാർഷികധ്യാനം
കൊടുക്കുവാനായി തിരഞ്ഞെടുത്തത് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഏകാധിപതികൾ ഒരു
വിചാരണയും ഇല്ലാതെ കാരാഗൃഹത്തിൽ അടച്ചു വാനെ ആയിരുന്നു.13 വർഷക്കാലത്തെ കഠിന
വേദനയുടെയും ഒറ്റപ്പെടലിൻ്റെയും ദിനങ്ങൾ പ്രകാശ ഭരിതമായ ആക്കി അദ്ദേഹം എഴുതിയ
പുസ്തകത്തിൻറെ പേരാണ് പ്രത്യാശയുടെ സാക്ഷ്യം (The Testimony of Hope ). 2001
ഫെബ്രുവരി 21ന് കർദിനാളായി ഉയർത്തിയെങ്കിലും 2002 ൽ അർബുദ രോഗബാധിതനായി. അതേ വർഷം
സെപ്റ്റംബർ പതിനാറാം തീയതി തൻറെ ഏക പ്രത്യാശയായ ദൈവത്തിൽ വിലയം പ്രാപിച്ചു.
അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ റോമിൽ അടക്കം ചെയ്യപ്പെട്ടു. 2013 ജൂലൈ 6ന് ദൈവദാസ
പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2017 മെയ് നാലാം തീയതി "ധന്യനായി" സഭ അദ്ദേഹത്തെ
ഉയർത്തിയപ്പോൾ ചടങ്ങിൽ അദ്ദേഹത്തിൻ്റെ കുടുംബം മുഴുവനും, വിയറ്റ്നാമിലെ അജഗണങ്ങളും
,സ്നേഹിതരും സന്നിഹിതരായിരുന്നു. വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള നടപടികൾ
വത്തിക്കാനിൽ നടക്കുകയാണ്. ദശവർഷ കാലഘട്ടത്തിലധികം ജയിലറയുടെ കൂരിരുട്ടിലും
പ്രത്യാശയുടെ ദീപമായി മാറുവാൻ കഴിഞ്ഞ കർദ്ദിനാളിന് അനേകരെ ദൈവത്തിലേക്ക്
അടിപ്പിക്കുവാനും, അതുവഴി അനേകം ആത്മാക്കളെ കർത്താവിനു വേണ്ടി നേടുവാനും സാധിച്ചു.
കുറ്റവാളികളെയും കാവൽക്കാരെയും, പോലീസ് പട്ടാളക്കാരെയും തൻ്റെ പ്രിയ അജഗണമായി
കണക്കാക്കി, അവരിeലക്ക് തന്നിൽ ജ്വലിക്കുന്ന വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും
തീപ്പൊരി പകർന്നേകി. ജീവിതത്തിലെ ആകുലതകളിൽ, കഷ്ടപ്പാടുകളിൽ, വേദനകളിൽ, ഏകാന്തതയിൽ
പ്രത്യാശപൂർവ്വം ഓർക്കാം " എല്ലാം കടന്നു പോകും " ഈ നല്ല ഇടയൻ്റെ ജീവിതമാതൃക
നമ്മുടെ ജീവിതത്തിലെ ഏകാന്ത നിമിഷങ്ങളിൽ പ്രത്യാശാ ദീപമായിരിക്കട്ടെ.
പ്രത്യേകിച്ചും, കൊറോണ കാലത്തെ ലോക്ഡൗണിലും, വീട് തടങ്കലിലും നമുക്ക് മാർഗ്ഗവും,
മാർഗ്ഗ ദീപവും, പ്രത്യാശയും ആയിരിക്കട്ടെ. നമ്മുടെ കാലഘട്ടത്തിൽ നമുക്കൊപ്പം
ജീവിച്ച് ഏകാന്തതയുടെ കൂരിരുട്ടിൽ പ്രത്യാശയുടെ പ്രകാശം നിറച്ചവിശുദ്ധനായ
കർദ്ദിനാളിൻ്റെ ജീവചരിത്രം 'തടവറയിൽ തെളിഞ്ഞ പ്രത്യാശദീപം' എന്ന എൻ്റെ കവിതയിലൂടെ
ചുരുക്കി വായിക്കാം... ദൈവസ്നേഹത്തിന്റെ കരുതലും, ദൈവാനുഗ്രഹത്തിന്റെ നിറവും ,
ദൈവസാന്നിധ്യത്തിന്റെ നിഴലും , ദൈവകരുണയുടെ നിലക്കാത്ത പ്രവാഹവും തൊട്ടറിഞ്ഞ 4200
നാളുകൾ ... കൂടെയുണ്ടെന്നു പറഞ്ഞ ദൈവം കൈപിടിച്ചു നടത്തിയ ഇരുളിൻ നാളുകൾ. ഉള്ളം
കയ്യിൽ എൻ പേരെഴുതിയവനെ ഉള്ളിൽ ചേർത്തുവച്ച ഉൾത്തുടിപ്പുകളുടെ നാളുകൾ ! തോക്കുകളുടെ
ഉന്നങ്ങളിൽ പതറാതെ, തളരാതെ തീഷ്ണതയോടെ വിശ്വാസദീപമേന്തി മരണത്തിന്റെ താഴ്‌വരയിൽ,
മരിച്ചുയർത്തവനു സാക്ഷ്യമേകി മെത്രാൻ. അറിയാത്ത ദേശങ്ങളിൽ , അറിയാത്ത ജനതകൾക്കായ്
അറിഞ്ഞവനെ അറിയിക്കാൻ അയക്കപ്പെട്ട പുണ്യ വിളി ! പതറാത്ത ചുവടുകളിൽ ഇടറാത്ത
വാക്കുകളിൽ പകർന്നേകിയ പാവനവിശ്വാസം. പ്രാർത്ഥനയുടെ ആഴങ്ങളിൽ പ്രത്യാശയാൽ ജ്വലിച്ച
തമസ്സിൻ ദിനങ്ങളിൽ, ചേർത്തു പിടിച്ചു ദിവ്യകാരുണ്യത്തെ സന്തത സഹചാരിയായ് തടവറയിലും
ഇടയൻ! സാക്ഷ്യമേകാനും, സാക്ഷ്യമാകാനും, സാന്നിധ്യമായി സഭയിൽ. പ്രാർത്ഥിക്കുവാനും,
പ്രവർത്തിക്കുവാനും, പ്രത്യാശയുടെ തിരിനാളമായ് അണയുന്നു പൊൻവിളക്കായ് പുണ്യപുരോഹിത
ശ്രേഷ്ഠനിന്ന്... സി സോണിയ കെ ചാക്കോ, DC