Thursday, 23 December 2021

Near God

 മിഴിനീരൊഴുകുമെൻ മുഖത്താരോ

മൗനമായ് വന്നെൻ മിഴിനീർ തുടച്ചു

മനമിടറുമ്പോൾ മിഴി നിറയുമ്പോൾ
മനസ്സു മൊഴിയുന്നു നിൻ നാമമീശോ

മനസ്സിൽ മുൾമുനകൾ അമരുമ്പോൾ
മലിനതയാലെൻ മനം നിറയുമ്പോൾ
മനുജനായ് പിറന്നവൻ അരികെ വരും
മനതാരിലവൻ ഓസ്തിയായിവരും

മാനവനവനിയിൽ എന്നും കൂട്ടായു്
മൃദു മന്ത്രണമായ്  അരികിലെത്തും
മാന്ത്രിക സാന്നിധ്യമാണെൻ ദൈവം
മൗന സങ്കേതമാണെൻ  ദൈവം

- സോണിയ കെ ചാക്കോ, DC

Wednesday, 11 August 2021

അവസാനത്തെ ഇടം - 2

അവസാനത്തെ ഇടം - 2 വാടാൻ തുടങ്ങുന്ന പൂക്കൾക്കിടയിൽ വാതായനങ്ങൾ ഒന്നുമില്ലാതെ ഞാൻ വാനോളം സ്നേഹം പകർന്നു കൊടുത്തവർ വരില്ലെന്ന് പറയാതെ പറഞ്ഞ് നിലനിൽക്കുന്നു. ആദ്യമാദ്യം അടുത്തു കേട്ട കരച്ചിലുകൾ അകലേക്ക് അകലേക്ക് മാഞ്ഞിടുമ്പോൾ ആരൊക്കെയോ ആണികള മർത്തിടുമ്പോൾ ആരൊക്കെയോ മണ്ണുവാരിയെറിയുന്നു... സ്നേഹത്തിൻ നൊമ്പരങ്ങൾ നെഞ്ചിൽ വിങ്ങലായി തേങ്ങലായി ഗദ്ഗദമായ് പൊങ്ങിയും താണും കണ്ണുനീരായി തുള്ളുമ്പുമ്പോൾ പേരിനു വന്നവർ ആദ്യം സ്ഥലം വിടുന്നു... നിന്നോട് വിട ചൊല്ലാൻ മറന്നു നിൻ മിഴിനീരിൽ തിളങ്ങിയ വിരഹദുഃഖമറിയുന്നു ഞാൻ നിൻ്റെ നെറുകയിൽ ഒരു മുത്തമേകാൻ മറന്നു ഞാൻ നീ നിറമിഴിയാലേകി ആയിരംമുത്തങ്ങൾ ആശ്ലേഷിക്കാൻ ഇനി ഇക്കരങ്ങൾ പൊങ്ങില്ലെനിക്കിനി ആ മുഖമൊരു നിമിഷം കാണാനുമാകില്ല. ആ നെഞ്ചിലെ ചൂടുമറിയാനാവില്ല. ആറടി മണ്ണിൽ ലയിച്ചു ഞാൻ മറയുമ്പോൾ അവശേഷിക്കുന്നു എൻ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ. നിനക്കായി മിടിക്കില്ല എൻ ഹൃദയമിനി നിൻ മിഴിനീർ തുടക്കില്ലെൻ കരങ്ങളിനി നിനക്കായി വേല ചെയ്യാൻ എൻ പാദങ്ങൾ ചലിക്കില്ലൊരിക്കലും... എങ്കിലും, നിന്നെ ഓർക്കുന്നു ഞാൻ ഓരോ നിമിഷവും... നിന്നെക്കുറിച്ചുള്ള ഓർമ്മകളാണിനി എൻ ഹൃദയമിടിപ്പും എൻ ശ്വാസവും നിൻ മുന്നിൽനിന്ന് ഞാൻ മറഞ്ഞാലും
നീ അറിയാത്ത ലോകത്ത് നിനക്കായി ഞാൻ കാത്തിരിക്കും... മണ്ണിൽ എൻ മേനി മറഞ്ഞു പോയാലും വിണ്ണിലെൻ മനം ഓർക്കുന്നു, നിനവായ് വിദുരമീ ജീവിത പാന്ഥാവിൽ വിദൂരത്തായി നാമിന്നു നിൽക്കുമ്പോൾ വിരഹ ദുഃഖങ്ങൾ തളർത്തരുതിനി വരുന്നു അരികെ ഞാനൊന്നും ഒരുവിളിപ്പാടകലെ... Sr Soniya K Chacko, DC

*അവസാനത്തെ ഇടം*

       *അവസാനത്തെ ഇടം* ആകാശം പോലെ കൈയെത്താ ദൂരത്തെൻ ആശകളും അകാലത്തിൽ അവയിൽ നിന്നും കൺ തിരിക്കുമ്പോൾ അവശേഷിക്കുന്നു ഗദ്ഗദങ്ങൾ എൻ മനസ്സിൽ അശ്രുവെൻ  കവിളിൽ ചിതറിത്തെറിക്കുമ്പോൾ. കണ്ണത്താ ദൂരത്ത് ആയി ഞാൻ മറയുമ്പോൾ കനലരിയുന്നെൻ കരളിൽ ചെഞ്ചൂടാൽ കരയുന്ന മിഴികൾ തളരുന്ന കൈകാലുകൾ കാലത്തിൻയവനികക്കപ്പുറത്തായ്. കദനങ്ങൾ ഇനിയെന്നെ പുല്കില്ലൊരിക്കലും കവിളുകളിൽ ഇനി വേണ്ട മുത്തങ്ങൾ കൈമാറില്ല ഇനി ഞാൻ സൗഹൃദത്തിനു പുഞ്ചിരികൾ കരളിൽ നിറയ്ക്കുന്നു ഞാൻ വർണ്ണങ്ങളും സ്വപ്നങ്ങളും. അനശ്വരതയുടെ ആകാശത്തേക്ക് വിടർത്തുന്നെൻ വർണ്ണചിറകുകൾ അകലത്തായ് ഞാൻ പറന്നകലുമ്പോൾ അവശേഷിക്കുന്നു ആയിരം നിറങ്ങളെൻ ചിറകിൽ ആയിരം സ്വപ്നങ്ങൾ എൻ നെഞ്ചിൽ. ആവില്ല ആണികൾക്ക് അമർത്താനെൻ ചിന്തകൾ ആവില്ലൊഒരു പെട്ടിക്ക് പൂട്ടാൻ എന്മനം അവർണ്ണനീയമായ സൗന്ദര്യത്തിൽ ഞാൻ ലയിക്കും ആത്മനാഥനിൽ ചേർത്തുവയ്ക്കുമെൻ മധുരസ്വപ്നങ്ങൾ. അവനിയിൽ അന്യമാകും വ്യർത്ഥചിന്തകൾ അനശ്വര വാനത്തിൽ പടർത്തുന്നു ഞാനെൻ സ്വപ്നങ്ങൾ ആയിരം നിറങ്ങളുള്ള  മഴവില്ലാ മെൻ മനസ്സും ആയിരങ്ങൾക്ക്  സ്നേഹമേ കും എൻറെ ഹൃദയവും. അനന്തതയിൽ അലിയുന്നെൻ ചിന്തകൾ അനശ്വരനായവനിലേക്ക്  എൻആത്മാവും ആറടി മണ്ണല്ലെൻ അവസാനത്തെ ഇടം അവനിയിൽ അവശേഷിക്കും സൃഷ്ടിയും  അനശ്വരതയിൽ മറയുന്നൊരു ആത്മാവും. - Sr സോണിയ കെ ചാക്കോ DC

Thursday, 5 August 2021

Hiroshima Day

*അണു ബോംബിൽ നിന്നും അൾത്താരയിലേക്ക്* ആദ്യ അണുബോംബ് പതിച്ച ആഴമായ ഉണങ്ങാത്ത മുറിവുകളും, രോഗങ്ങളും, വൈകല്യങ്ങളും തീരാ വേദനകളുടെയും നീണ്ട 76 വർഷങ്ങളായി നാഗസാക്കി ഹിരോഷിമ ജനങ്ങളെ എന്നും വിഴുങ്ങുമ്പോൾ ഹിരോഷിമ-നാഗസാക്കി നീറുന്ന ഓർമ്മയായി അവശേഷിക്കുമ്പോൾ അണുബോംബിനാൽ ഭാവി കറുത്തിരുണ്ട - ലക്ഷങ്ങൾക്ക് ജീവിതത്തിൽ പ്രത്യാശയുടെ നിറമുള്ള ചിറകുകൾ വിടർത്തിയ മാർഷൽ ലെയനാട് ചെഷറിനെ നമുക്കടുത്തറിയാം . രണ്ടാം ലോകമഹായുദ്ധത്തിൽ തീപാറുന്ന ഉത്സാഹത്തോടെ ബ്രിട്ടൻ്റെ യുദ്ധവിമാനങ്ങൾ പറത്തിയ വൈമാനികൻ ആണ് ലയനാർഡ് ചെഷർ. അദ്ദേഹത്തിൻ്റെ വൈമാനിക കഴിവ് കണ്ട് ബ്രിട്ടീഷ് സേന അദ്ദേഹത്തിന് പ്രത്യേക പദവി കൊടുത്തിരുന്നു. പേൾ ഹാർബറിലെ ജപ്പാൻ്റെ ആക്രമണത്തിന് തിരിച്ചടിയായി ലോകത്തിൽ ഇന്നുവരെ ചെയ്യാത്ത ഏറ്റവും നികൃഷ്ടമായതും കേട്ടുകേൾവിയില്ലാത്തതും, നൂതനവുമായ അണു ആയുധമുപയോഗിക്കുവാൻ തീരുമാനിച്ചു. ആദ്യത്തെ അണുബോംബ് വഹിച്ചുകൊണ്ടുള്ള ആദ്യ പോർവിമാനം ഓടിക്കുവാൻ തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടും അവർ നിർബന്ധിച്ച് ചെഷറിനെ നിയോഗിച്ചു.1945 ഓഗസ്റ്റ് ആറാം തീയതി ഹിരോഷിമ നഗരത്തിൽ മേലെ പതിച്ച ആദ്യ അണുബോംബ് തൻ്റെ വിമാനത്തിൽ വഹിക്കുവാനുള്ള ചുമതലയും പേറി ഏറെ വിഷമത്തോടെ അദ്ദേഹം കൂട്ടുകാർക്കൊപ്പം ജപ്പാൻ ലക്ഷ്യമാക്കി പറന്നു. ലക്ഷങ്ങളുടെ ജീവനപഹരിച്ചു... ജീവനോടെ കത്തിച്ചു, ലക്ഷങ്ങളെ മുറിവേൽപ്പിച്ചു ... ജനിച്ചവരെയും ജനിക്കുവാനിരിക്കുന്നവർക്കും തീരാ വ്യാധികൾ സമ്മാനമായ് നല്കിയ ദുരന്ത ദിനം. ആ മുറിവുകൾ താങ്ങി 76 വർഷങ്ങൾ ജപ്പാൻ ജനത അനുഭവിച്ച തീരാ വേദന... ബലഹീനനും, ബുദ്ധിഹീനരും, അംഗവൈകല്യരും, മാറാവ്യാധിയുടെ ഇരയും ആയി അവരെ അവശേഷിപ്പിച്ച ലിറ്റിൽ ബോയ് അണുബോംബ് ഒരു ജനതയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. തൻ്റെ പ്രവൃത്തിയുടെ പരിണത ഫലം മനസ്സിലായ ചെഷർ RAF സ്ഥാനം തള്ളിക്കളഞ്ഞു. ആകസ്മികമായി ആ ദുരന്തത്തിൽ അണിചേർന്ന കുറ്റബോധം അയാളുടെ ജീവിതത്തെയാകെ ആദ്യ മാറ്റിമറിച്ചു. യാതൊരു മതവും മത ചിന്തകളും ഭക്തിയും ഇല്ലാതിരുന്ന അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് ശേഷം 1948 കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. മറ്റനേകം ആളുകളെയും യുദ്ധത്തിൽ നിന്നും പിന്തിരിപ്പിച്ചു . അദ്ദേഹം പ്രസിദ്ധമായി ഭിന്നശേഷിക്കാരായ അവർക്കായി ചെഷെർ ഫൗണ്ടേഷൻ തുടങ്ങി. അന്ന് അദ്ദേഹം തുടങ്ങിയ ആ കൊച്ചു സംരംഭം ഇന്ന് ലോകം മുഴുവനും ആയി അനേകം മക്കൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്നു. 1941 തന്നെക്കാൾ 21 വയസ്സ് അധികമുള്ള ഒരു യുവതിയെ വധുവായി സ്വീകരിച്ച അദ്ദേഹത്തിന് ദാമ്പത്യം 1951 വേർതിരിഞ്ഞു. മക്കളില്ലാതിരുന്ന അദ്ദേഹം പിന്നീടുള്ള കാലം കണ്ടു സർവ്വവും കൊടുത്ത ജീവിച്ചു. 1959 കത്തോലിക്കാ യു റൈഡർനെ വിവാഹം കഴിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ പിതാവായി. സേനയുടെ ഔദ്യോഗിക ഓഫീസറായിരുന്നു അദ്ദേഹം ആറു വർഷത്തെ യുദ്ധത്തിനുള്ള പങ്കുചേരൽ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അങ്ങനെ 1946 ൽ ആർ. എ .എഫ് സ്ഥാനം രാജിവെച്ച് അദ്ദേഹം നഴ്സിങ് പഠിച്ചു . 1948 ൽ ചെഷർ ഹോം ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിച്ചു. 1949 ൽ 6 രോഗികളുമായി തുടങ്ങിയ സംരംഭം ഇന്ന് ലോകം മുഴുവനായി പടർന്നിരിക്കുന്നു. 1085 നാഗസാക്കിയിലും അദ്ദേഹം അങ്ങനെ ഉള്ളവർക്ക് വേണ്ടി ചെഷർ തുടങ്ങി. പശ്ചാത്തപിച്ച് കരഞ്ഞു കർത്താവിനെ ആശ്ലേഷിക്കുന്ന എത്ര വലിയ പാപിയും കർത്താവിൻറെ കരുണ തിരിച്ച് ആശ്ലേഷിക്കുന്നു. ദൂർത്ത പുത്രൻ്റെ ഉപമ യിലെ വത്സല പിതാവിനെ പോലെ അവിടുന്ന് തരംതിരിച്ച് കണ്ണുയർത്തി കാത്തിരിക്കുകയാണ് ഓരോ പാപിയുടെയും തിരിച്ചുവരവിനായി ... കത്തോലിക്കാ സഭ എന്ന പ്രവർത്തനനിരതയാണ്. തന്നിലേക്ക് കണ്ണുനീരുമായി വരുന്ന ആരെയും സഭ ആശ്ലേഷിച്ചു മറ്റു മക്കൾക്കൊപ്പം ചേർത്തുപിടിക്കുന്നു. മകനായി മകളായി ചേർത്തുപിടിക്കുന്നു. അതുകൊണ്ടുതന്നെയാണ് "ഇത് വീണവരുടെ സഭയെ ആണെന്ന്" ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ച് പറയുന്നത്. 1993 ജൂലൈ 31 ആം തീയതി ലെയനാട് ചെഷർ മരണമടഞ്ഞു. രക്തത്തിനും വിജയത്തിനും ആയി വിളിച്ചുകൂവി യുദ്ധവിമാനങ്ങൾ പറത്തി മാർഷൽ ലെയനാർഡ് മരണമടഞ്ഞത് ഒരു വിരുദ്ധ നായാണ്. താൻ രാഷ്ട്രത്തോട് ചേർന്ന് ചെയ്ത തെറ്റിന് പിന്നീടുള്ള 40 ൽ അധികം വർഷങ്ങൾ പരിഹാരം ചെയ്ത് സമുഹത്തത്തിലെ ബലഹീനർക്കായി ജീവിച് ഈ വൈമാനികൻ പിന്നീട് സ്നേഹത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ചിറകുമായി ആയിരങ്ങളിലേയ്ക്ക് പറന്നിറങ്ങി. ഇന്ത്യയിൽ മാത്രം 23 ചെഷെർഹോളുകളിൽ ആയിരങ്ങൾ സ്വയംപര്യാപ്തതയും സേവനവും സ്വീകരിക്കുന്നു. മംഗലാപുരം, വൈറ്റ് ഫീൽഡ് ചെഷെർ ഹോമുകളിൽ കുറച്ചു നാൾ സേവനം നല്കുവാൻ സാധിച്ചത് നന്ദിയേടെ ഓർക്കുന്നു. 102 വിജയകരമായ വിമാന പറക്കലുകൾ അദ്ദേഹം നടത്തിയിട്ടുള്ള ചെഷർ "ബോംബർ പൈലറ്റ് "എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടുന്നത് എങ്കിൽ ഇന്നദ്ദേഹം വിഭിന്ന ശേഷിക്കാരുടെ പിതാവാണ്. - Sr Soniya K Chacko DC

Tuesday, 20 July 2021

കടൽ

കടൽ ആഴിയുടെ ആഴങ്ങളിലെ ശാന്തതയും ആവനാഴിയിൽ ഒളിപ്പിച്ച സ്നേഹവും തണവും നനവുമായി തെന്നിവരും തെന്നലെന്നെ ലോലമായ് തഴുകും ആരോടുമോതുവാനാവാത്തെൻ അഴലുകൾ അലകൾ തൻചിറകിലേറ്റി ആഴിയുടെ അഗാധങ്ങളിൽ ഒളിപ്പിച്ച് അനഘ സംരക്ഷണമാണെൻ കടലമ്മ ആഴിയുടെ ആഴങ്ങളിലൂളിയളന്നു അറിയാനാവാത്ത നിഗൂഢ സ്നേഹമേ അറിയുന്നു ഞാനതിൽ സ്നേഹസ്പർശം അലകളായ് വന്നെന്നെ തഴുകുമ്പോൾ. - സോണിയ കെ ചാക്കോ, DC

മലയാളം മീഢിയം

https://youtu.be/Cm0IuvdKwpc എൻ്റെ മലയാളം എൻ്റെ മാതൃഭാഷയായ മലയാളത്തെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയുവാൻ എനിക്ക് വാക്കുകളില്ല. അതോടൊപ്പം ഞാൻ എന്താണോ അതിനു പിന്നിൽ +2 വരെ എനിക്ക് വിദ്യഭ്യാസം തന്ന മലയാളം മീഡിയം ഗവൺമെൻ്റ് സ്കൂളാളെന്ന് അഭിമാനത്തോടെ അടിവരയിട്ട് എവിടെയും എപ്പോഴും പറയുവാൻ എനിക്ക് സന്തോഷം മാത്രം. "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു തൻ ഭാഷ പെറ്റമ്മ താൻ ..." എന്ന മഹാകവി വള്ളത്തോളിൻ്റെ പാടിപ്പതിഞ്ഞ കവിതാ ശകലം ഓർക്കുന്നു. ഇന്നലെ യാദൃച്ഛികമായി ഞാൻ കണ്ട ''മലയാളം മീഡിയം " എന്ന കൊച്ചു ചലച്ചിത്രമാണ് അതിന് കൂടുതൽ ഉത്തേജനം ഏകി ഇത്രയൊക്കെ ഓർക്കാനുള്ള കാരണം. എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും അടിവരയിട്ടു പറഞ്ഞിട്ടും കേൾക്കാത്തപ്പോൾ തനിമയെ തനിമയിൽ ഉയർത്തിക്കാണിക്കുന്ന ഈ കൊച്ചു ചലച്ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ! കാലത്തിൻ്റെ ചുവടുകൾ നിങ്ങൾ കാതോർക്കുന്നു എന്നതിൽ ഏറെ സന്തോഷം. വിശുദ്ധ അൽഫോൻസാമ്മയും, എവുപ്രാസ്യമ്മയും, മറിയം ത്രേസ്യായേയും, ചാവറ പ്പിതാവിനെയും വിശുദ്ധരായി പ്രഖ്യാപിച്ച അവസരങ്ങളിൽ പലതവണ ഞാൻ കേട്ട് മനസ്സിൽ തട്ടിയ ഒരു കാര്യം ഇതായിരുന്നു 'ഇനി മലയാളം മനസ്സിലാകുന്ന മലയാളം മീഡിയത്തിൽ പഠിച്ച മലയാളികളുടെ സാന്നിധ്യം സ്വർഗ്ഗത്തിലും ഉണ്ട് '. ഇത് കേവലം ഒരു തിളങ്ങുന്ന വാക്യം ആയിരുന്നു എങ്കിലും അതിൽ ഒരു കാര്യം ഞാൻ കണ്ടിരുന്നു. തായ് മൊഴിയായ മലയാളത്തെ അമ്മയെപ്പോലെ സ്നേഹിക്കാനുള്ള ആദ്യ അവസരം എനിക്ക് കിട്ടിയത്  എൻ്റെ മലയാളം അധ്യാപകരായ ഡോക്ടർ C K മോഹനൻ മാഷ്, ജഗദീഷ് മാഷ്, കൃഷ്ണൻകുട്ടി മാഷ് എന്നിവരിൽ നിന്നുമാണ് എന്ന് നിസംശയം പറയാം. അറിവിൻറെ നിറകുടങ്ങളാണ് ആയിരുന്നു എൻ്റെ അധ്യാപകർ. എന്നെ ഞാൻ ആക്കുന്നതിൽ  ഒരു പ്രധാനപങ്ക് എൻ്റെ പ്ലസ് ടു വരെയുള്ള മലയാളം മീഡിയം സ്കൂ സ്കൂളിലെ പഠനമാണ്.  പഠിത്തത്തിൽ  എന്നും മുന്നിൽ  അല്ലായിരുന്നു എങ്കിലും 'മിടുക്കി' എന്ന വിശേഷണത്തിന് ചിലപ്പോഴൊക്കെ അർഹയായ ഞാൻ എൻറെ മലയാളം മീഡിയത്തിലെ ദിനങ്ങൾ ഏറ്റവുമധികം ഓർത്ത് കൃതജ്ഞത താഭരിതയായത് പ്ലസ് ടു പരീക്ഷയിൽ സ്കൂളിലും, ഡിഗ്രി കാലഘട്ടത്തിൽ കോളേജിലും ഒന്നാമതായ് എത്തിയപ്പോൾ ആണ്.  അപ്പോൾ മുതൽ എന്നിലെ വിജ്ഞാനത്തിൻ്റെ അടിത്തറ മലയാളം മീഡിയം ഗവൺമെൻ്റ്സ്കൂൾ ആണെന്ന് യാതൊരു മടിയും ഇല്ലാതെ എവിടെയും ഞാൻ പറഞ്ഞിരുന്നു. ഏത് വേദിയിലും യാതൊരു മടിയുമില്ലാതെ തലയുയർത്തി നിൽക്കുവാൻ എന്നെ  മലയാളം മീഡിയത്തിലെ പഠന പാഠ്യേതര അവസരങ്ങളും, യുവജനോത്സവങ്ങളും സാഹിത്യ സമാജങ്ങളും പ്രാപ്തയാക്കി. ഏതൊരു സംശയവും അപ്പോൾ തന്നെ ചോദിക്കുന്നത് എൻറെ അധ്യാപകർ പ്രത്യേകിച്ചും ട്വിങ്കിൾ, ലില്ലിക്കുട്ടി ടീച്ചറും, പോൾ, യൂസഫ്, P P മാത്യു , മാത്തുക്കുട്ടി, ഡെന്നിസ് മാഷുമാർ എൻ്റെ അമ്മാവനായ സെബാസ്റ്റ്യൻ സാറും, കണക്ക് ഞങ്ങളുടെ ശത്രുവല്ലാതാക്കിയ തിരുവനന്തപുരത്തു നിന്നും വന്ന് ഇന്ന് നമ്മോടൊപ്പമില്ലാത്ത കുഞ്ഞുമോഹൻ മാഷുമാണ്. പിന്നീട് മൂന്ന് സർവകലാശാലകളിൽ നിന്നും സമ്മാനങ്ങൾ വാരിക്കോരുവാനും, ഏത് വേദിയിലും ഭയമില്ലാതെ ഏതു മത്സരങ്ങളും പങ്കെടുക്കുവാനും എന്നെ ഒരുക്കിയതും പ്രാപ്തയാക്കിയതും എൻ്റെ  മലയാളമീഡിയം സ്കൂൾ ആണ്. കൂടാതെ എന്നിലെ എഴുത്തുകാരിയെ ആദ്യം കണ്ടെത്തിയതും, വായനയുടെ മ  വിസ്മയലോകം എനിക്ക്  തുറന്നു തന്നതും മലയാളം മീഡിയം ആണ്. ഐ പി എസ് സ്വപ്നത്തിൽ എൻറെ പ്ലസ് ടു പരീക്ഷ ഏറ്റവും ഉയർന്ന മാർക്കോടെ പഠിച്ചു തീർത്തു ഇന്ന് പാവങ്ങളെ ശുശ്രൂഷിക്കുന്ന നിൻറെ സഭാ സമൂഹമായ ഡോക്ടേഴ്സ് ചാരിറ്റി എന്ന സന്യാസി സമൂഹത്തിൽ അംഗം ആയിരിക്കുമ്പോൾ മധുരസ്മരണകൾ മാത്രമേ എനിക്ക് കൈവരിക്കുവാൻ ഉള്ളൂ എന്തേ ഞാൻ പഠിച്ച എൻറെ മലയാളം എഴുത്ത് കുറിച്ച് പറയുവാൻ ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം ആധുനിക തത്വചിന്തകനായ വൈഗോസ്കിയും, ടാഗോറും, ഗാന്ധിജിയും അടിവരയിട്ട് പറയുന്നതുപോലെ അനുഭവത്തിൽനിന്നു ഞാനും കുറിക്കട്ടെ... മാതൃഭാഷാ വിദ്യാഭ്യാസം  ഒരു വ്യക്തിയുടെ  മനസ്സിൽ സർഗ്ഗശേഷിയും , സത്ചിന്തയും  സാഹോദര്യവും വളർത്തുന്ന സർവ്വകലാശാലയാണ് മലയാളം മീഡിയം.  മഹാകവി വള്ളത്തോളിൻ്റെ വരികൾ കൊണ്ട് നിർത്തട്ടെ... അമ്മതാന്‍തന്നേ പകര്‍ന്നുതരുമ്പോഴേ നമ്മള്‍ക്കമൃതുമമൃതായ്‌ത്തോന്നൂ! ഏതൊരു വേദവുമേതൊരു ശാസ്ത്രവു– മേതൊരു കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍ വക്ത്രത്തില്‍ നിന്നുതാന്‍ കേള്‍ക്കവേണം ഹൃദ്യം സ്വഭാഷതന്‍ ശീകരമോരോന്നു– മുള്‍ത്തേനായ്‌ച്ചേരുന്നു ചിത്തതാരില്‍; അന്യബിന്ദുക്കളോ, തല്‍ബഹിര്‍ഭാഗമേ മിന്നിച്ചുനില്‍ക്കുന്ന തൂമുത്തുകള്‍.   -വള്ളത്തോള്‍ നാരായണമേനോന്‍ (സാഹിത്യമഞ്ജരി- ഭാഗം7) മാതൃഭാഷയെ സ്നേഹിക്കുന്ന മലയാളത്തെ ബഹുമാനിക്കുന്ന എന്നും മലയാളത്തെ നെഞ്ചിലേറ്റുന്ന തനിമലയാളികൾക്ക് സമർപ്പിക്കുന്നു... സി. സോണിയ K ചാക്കോ.

നഗരഘടികാരം

നാല്ക്കവലയിൽ തനിയെ ചുറ്റിലും ആയിരങ്ങൾ ചുറ്റുമ്പോൾ കൂടെയല്ലാരും തനിയെ ഞാൻ എന്നും. എന്നെ നോക്കി ശകാരത്തിൻ്റെ അമ്പ് തൊടുത്തു പലർ എൻ്റെ സുഹൃത്താകാനായ് കൊതിച്ചു ചിലർ എന്നെ ഒറ്റ നോട്ടത്തിലിഷ്ടമില്ലാത്തവർ എന്നെ ഇഷ്ടം നടിച്ച് ചുറ്റും കൂടുന്നവർ. എന്നിലെ നന്മയെ ഊറ്റാൻ നോക്കുന്നവർ എന്നിലെ തിൻമയെ ചുവർ ചിത്രമാക്കുന്നവർ എന്നോട് സഹതാപം കാണിക്കുന്നവർ എന്നെ കളിയാക്കി ഓടിയകലുന്നവർ എന്നെ ഒട്ടും വകവയ്ക്കാത്തവർ എന്നെ കണ്ടിട്ടും കാണാതെ നടക്കുന്നവർ. എന്നെയും എൻ്റെ ബന്ധുക്കളെയും പഴിക്കുന്നവർ എന്നെയും എൻ പ്രവൃത്തിയെയും പരിഹസിക്കുന്നവർ... എൻ്റെ അടുക്കൽ അവസാനം ഒരാൾ വന്ന് എൻ വിഷമം എന്നരികെ വന്ന് കണ്ടറിഞ്ഞു എൻ്റെ ബെലഹീനതയപ്പോൾ എന്നിലെ ബാറ്ററികൾ മാറ്റി വേറെയിട്ടു. എല്ലാം മറന്നു ഞാൻ ദിനചര്യ തുടങ്ങി. എല്ലാർക്കും മുന്നിൽ എന്നെ ആക്രോശിച്ചവർക്കും, സുഹൃത്തുക്കൾക്കും, പരിചയക്കാർക്കും, അപരിചിതർക്കും സമയം കാണിച്ച് നിശബ്ദയായ് ഞാൻ ചരിക്കുന്നു ഞാൻ "നഗരഘടികാരം". Sr സോണിയ കെ ചാക്കോ, DC

Wednesday, 23 June 2021

Vocation experiences

അധരങ്ങൾ മൊഴിയും മുന്നെ, ഉദരത്തിലുരുവാകും മുന്നെ, ഹൃദയത്തിലുരുവാക്കി, അരുളിയെൻ കാതിൽ ഒരു വാക്ക് "വരൂ " എന്നരികെ. 'സ്‌നേഹം, ത്യാഗം, സേവാസഹനം അതാണ് നമ്മുടെ മുദ്രാവാക്യം' എന്ന് ധീരതയോടെ വിളിച്ചു പറഞ്ഞ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായത് വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൊച്ചുമിഷനറിയായി ഭാരതത്തിന്റെ പല ഭാഗങ്ങളിലൂടെ യാത്ര ചെയ്തപ്പോഴാണ്. 2006-ല്‍ കേരളത്തില്‍ ഏറ്റവും വേദനയാല്‍ ഓര്‍മ്മിക്കപ്പെടുന്ന രണ്ടു കുരുന്നുമുഖങ്ങളാണ് അക്ഷരയും അനന്ദുവും. എയ്ഡ്‌സ് എന്ന ഭീകരരോഗം എത്രമാത്രം അവരെ വേദനിപ്പിച്ചുവെന്നും അതിലെല്ലാമുപരി സാംസ്‌കാരിക സാക്ഷരകേരളം അത്രത്തോളം അവരെ വേദനിപ്പിച്ചതിന്റെ ഓര്‍മ്മകളുമായി ഞാനും എന്റെ കൂടെ അര്‍ത്ഥിനിയായുളള സൗമ്യയും മഹാരാഷ്ട്രയിലെ മന്‍മാട് എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. 2005-ല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ഞങ്ങള്‍ക്ക്, സിസ്റ്റര്‍ ആകുന്നതിനു മുമ്പുള്ള എക്‌സ്പീരിയന്‍സ് സമയമായിരുന്നു അത്. അവിടുത്തെ എച്ച്. ഐ.വി. ടി.ബി. ആശുപത്രിയില്‍ സഹായിക്കുവാനായി ഞങ്ങള്‍ പോയിരുന്നു. മരുന്നിനായുള്ള കാര്‍ഡുകളില്‍ മിക്കവയിലും എയ്ഡ്‌സിനെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. കൂടെ മരുന്ന് കൊടുക്കുന്ന സി. മരിയ പഞ്ഞിക്കാരനും മേരിയും അപ്പോള്‍ ഞങ്ങളോട് പറഞ്ഞുതന്നു: അതൊക്കെ എച്ച്. ഐ.വി/ എയിഡ്സ്  മരുന്ന് കഴിക്കുന്നവരാണെന്ന്. വളരെ മൃദുസ്വരത്തില്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അവര്‍ അത് പറഞ്ഞത്. സ്‌നേഹവും ആര്‍ദ്രതയും കരുണ ഹോസ്പിറ്റലിലെ സിസ്റ്റേഴ്‌സ് അന്ന് ഓരോ രോഗിക്കും കൊടുക്കുന്നത് കണ്ട് ഞങ്ങള്‍ ശരിക്കും വിസ്മയിച്ചുപോയിട്ടുണ്ട്. ഒരുപാട് രോഗികള്‍ക്ക് പിന്നീട് ഞങ്ങള്‍ തന്നെ മരുന്നുകള്‍ കവറിലിട്ട് കൊടുക്കാനുള്ള സാഹചര്യം ഉണ്ടായി. അവര്‍ക്കായി ഒരു പ്രാര്‍ത്ഥനയും കൂടി മനസ്സില്‍ ചൊല്ലിയിട്ടാണ് ഞാന്‍ മരുന്നുകള്‍ കൊടുക്കുവാന്‍ തുടങ്ങിയത്. ചിലപ്പോള്‍ ജീവിതം എത്ര വിസ്മയകരമാണെന്ന് ഞാന്‍ അതിശയിച്ചിരുന്നു. ഞങ്ങള്‍ പലരും കണ്ണൂരില്‍ നിന്നുള്ളവരായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗത്തുള്ളവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുമായ പത്ത് സിസ്റ്റേഴ്‌സ്! എത്ര സന്തോഷത്തോടെയാണ് അവരോരോരുത്തരും പാവങ്ങളായ HIV/ TB രോഗികളെ ശുശ്രൂഷിച്ചത് എന്ന് ഞങ്ങള്‍ കണ്ടുപഠിച്ചു. പിന്നെ തീരുമാനിച്ചു, ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട്  ഞങ്ങൾ ഈ വിൻസെൻഷ്യർ  സഭാസമൂഹത്തിൻ്റെ ഭാഗമാകും. 2012-13 ല്‍ ഒരു കൊച്ചു സിസ്റ്ററായി, അതിയായ സന്തോഷത്തോടെ വീണ്ടും മഹാരാഷ്ട്രയിലേയ്ക്ക്  തിരിച്ചെത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ ശുശ്രൂഷാമേഖല, പാവങ്ങളായ ഹോസ്റ്റല്‍ പെണ്‍കുട്ടികളെ ശുശ്രൂഷിക്കലായിരുന്നു. അവര്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഞാന്‍  വീണ്ടും കരുണ ആശുപത്രിയിലേയ്ക്ക് പോകുമായിരുന്നു. ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ചെന്നപ്പോള്‍ എയ്ഡ്‌സ് ഒരു അസാധാരണ രോഗമായി ഞങ്ങള്‍ കരുതിയെങ്കിലും ഇന്ന് അവര്‍ ഒരു സാധാരണ രോഗമായാണ് അതിനെ പരിഗണിക്കുന്നത്. മന്‍മാട് ഒരു വലിയ റെയില്‍വേ ജംഗ്ഷന്‍ ആയതിനാലും, ദേശീയപാതയ്ക്കരികെയുള്ള ടൗണ്‍ ആയതിനാലും നാനാ തുറയില്‍പ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ ആ വഴി കടന്നുപോയിരുന്നു. അതുകൊണ്ടുതന്നെ എയിഡ്സ് പകരാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെ ഉണ്ടായി. അസന്മാര്‍ഗ്ഗികതയും അജ്ഞതയും നിരക്ഷരതയും ദാരിദ്ര്യവും ഒരുപോലെ അവരെ കാര്‍ന്നുതിന്നിരുന്നു. ആരും ശുശ്രൂഷിക്കുവാന്‍ അറയ്ക്കുന്ന രോഗികളിലേയ്ക്കും, ചേരികളിലേയ്ക്കും, ഭവനങ്ങളിലേയ്ക്കും, മരുന്നും റൊട്ടിയും വസ്ത്രങ്ങളുമായി കഴിഞ്ഞ 50 വര്‍ഷങ്ങളായി ഞങ്ങളുടെ സിസ്റര്‍മാര്‍ പോകുന്നുണ്ട്. 'ദേവി' എന്നും 'മാലാഖമാര്‍' എന്നും 'ദൈവങ്ങള്‍' എന്നുമൊക്കെ ആ സിസ്റ്റര്‍മാരെ ആളുകള്‍ വിളിക്കുന്നത്‌ ഞാനും കേട്ടിടുണ്ട്.   ദൈവാനുഭവത്തിന്റെ, ദൈവകരുണയുടെഅത്തരം കര്‍മങ്ങള്‍ സിസ്റ്റേഴ്‌സിന് ഇന്നും ദിനചര്യയാണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ സന്യാസത്തിലേയ്ക്ക് ആദ്യമായി ചുവടുകള്‍ വച്ച ഞങ്ങള്‍ക്ക് ലഭിച്ച ഉത്തമസാക്ഷ്യവുമായിരുന്നു അത്. 2013 - 14 വർഷങ്ങളിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള മരിലാക്  ഭവനിൽ വിഭിന്ന ശേഷിയുള്ള നാനാ മതവിഭാഗത്തിൽ പ്പെട്ട 45 ഓളം യുവതികൾ  - അമ്മമാരെ നോക്കുവാൻ ലഭിച്ച അവസരം ഒരിക്കലും മറക്കാനാവില്ല. ഉള്ളവരും ഇല്ലാത്തവരുമായ നിരവധി ചേച്ചിമാർ മാനസീകമായി വൈകല്യമുള്ളവർ, ഭിന്നശേഷി ക്കാർ.. പിന്നെ വഴിയോരങ്ങളിൽ അലഞ്ഞു നടന്നവർ ... അവരുടെ ആരോക്കെയോ ആയി കുറെ ദിവസകങ്ങൾ പ്രഭാത പ്രാർത്ഥനക്ക് ശേഷം അവരെ കുളിപ്പിച്ച് പിന്നെ ദേവാലയത്തിലേക്ക് കുർബ്ബാനക്ക് പോയി പങ്കെടുത്ത് തിരിച്ച് വന്ന് അമ്മച്ചിമാർക്ക് മരുന്നും ഭക്ഷണവും കൊടുത്ത ശേഷമുള്ള ഞങ്ങളുടെ പ്രഭാത ഭക്ഷണം... പലപ്പോഴും എനിക്ക് നേരത്തെ വിശക്കുമായിരുന്നെങ്കിലും അവരുടെ വയർ നിറങ്ങിട്ട് നമ്മുടെ പാത്രങ്ങൾ നിറഞ്ഞത് എന്നും മനസ്സും നിറച്ചു... പിന്നെ പകൽ മുഴുവൻ നേഴ്സറി കുരുന്നുകളെ അക്ഷരം പഠിപ്പിക്കൽ... അന്തേവാസികളുടെ സഹായത്തിന് അവിടെ ഓടി എത്തൽ... അങ്ങനെ തികച്ചും സമ്പൂർണ്ണമായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ദിനങ്ങൾ... പാവങ്ങളിൽ തമ്പുരാനെ മാതമല്ല എൻ്റെ കുടുംബാംഗങ്ങളെ കൂടി കണ്ട് പരിചരിച്ച വിശുദ്ധ ദിനങ്ങൾ... ഏറ്റവും മറക്കാനാവാത്തത് ഉറങ്ങുന്ന നേരമാണ്. കാലുകളും നടുവും വേദനയെടുത്ത് മടുത്ത് കട്ടിലിൽ കിടക്കുമ്പോൾ അവാച്യമായ ഒരു നിർവൃതിയും സന്തോഷവുമായിരുന്നു... കാരണം ഈ ജീവിതം കൊണ്ട് ഒത്തിരി പേർക്ക് ആവശ്യമുണ്ടെന്ന ബോധ്യവും ഈശോയ്ക്ക് വേണ്ടിയും പാവങ്ങൾക്ക് വേണ്ടിയും എന്തൊക്കെയോ കുറച്ച്  നല്ല കാര്യങ്ങൾ ചെയ്തു എന്ന ചാരിതാർത്ഥ്യവും... പാവങ്ങളെ ശുശ്രൂഷിക്കുവാനുള്ള ഈ ദൈവവിളി എത്രയോ മനോഹരമാണെന്ന് വിവരിക്കുക തികച്ചും അസാധ്യം. ഉദ്യാന നഗരമായ ബാംഗ്ലൂരില്‍ 2015-18 കാലഘട്ടത്തില്‍ പഠിക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു. ആധുനിക ലോകത്തിലെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന മഹാനഗരത്തിന്റെ ചേരിയിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ നിരവധി അവസരങ്ങള്‍ വീണുകിട്ടി. ഫാമിലി അപ്പസ്‌തൊലേറ്റും, ബേബിക്രഷും, വേദപാഠവും വര്‍ഷങ്ങളായുള്ള ശുശ്രൂഷകളാണെങ്കിലും 2016-ല്‍ രണ്ടു പുതിയ ശുശ്രൂഷകളിലേയ്ക്ക് കടന്നുചെല്ലുവാന്‍ ഞങ്ങളുടെ സെന്റ് വിന്‍സെന്റ്‌സ് പ്രൊവിന്‍ഷ്യള്‍ ഹൗസ് കമ്മ്യൂണിറ്റിക്കു കഴിഞ്ഞു. 1. തെരുവു കുട്ടികള്‍ക്കായുള്ള അഭയവും വിദ്യാഭ്യാസവും 2. തീരെ കിടപ്പിലായവരുടെ ഭവനങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ കുര്‍ബാന കൊടുക്കുവാന്‍ പോകലും ആയിരുന്നു അവ. തെരുവോരങ്ങളില്‍ ഭിക്ഷ യാചിച്ചും, പ്ലാസ്റ്റിക്കും മറ്റും പെറുക്കിയെടുത്തും നടന്നിരുന്ന 16 കുരുന്നു ബാലികമാരെ ഞങ്ങള്‍  മഠത്തിലേയ്ക്ക് കൂട്ടികൊണ്ടു വന്നു. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഈ കൊച്ചുകുട്ടികളെ എഴുന്നേല്‍പ്പിച്ച്, കുളിപ്പിച്ച്, ഒരുക്കിയതിനു ശേഷമായിരുന്നു ഞങ്ങള്‍ പഠിക്കാനായി കോളേജിലേയ്ക്ക് പോയിരുന്നത്. അപ്പോഴുണ്ടാകുന്ന അനുഭവം, ആനന്ദം പറയുവാന്‍ ആകുന്നതല്ല. മിക്കപ്പോഴും കണ്ണുകളില്‍ നിറഞ്ഞുവരുന്ന കണ്ണുനീര്‍ ആരും കാണാതെ തുടച്ചിരുന്നു. കാരണം, ഈ കുരുന്നുപ്രായത്തില്‍ അപ്പനെയും അമ്മയെയും ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍, അപ്പനോ അമ്മയോ നഷ്ടപ്പെട്ടവര്‍, അപ്പനും അമ്മയും ഉപേക്ഷിച്ചു പോയവര്‍, അപ്പനും അമ്മയും മരിച്ചു പോയവര്‍ ഒക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ആകെയുള്ള അവധി ദിനമായ ഞായറാഴ്ച അതിലും ആനന്ദകരമായിരുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനു ശേഷം, വിശുദ്ധ കുര്‍ബാന ഹൃദയത്തിലും കരങ്ങളിലും വഹിച്ച് കൂറ്റന്‍ ഫ്‌ളാറ്റുകളിലേയ്ക്കും നഗരത്തിന്റെ അറ്റത്തെ ചേരിയിലുള്ള കോളനികളിലേയ്ക്കും ഞങ്ങള്‍ പോയിരുന്നു. യുവത്വവും ആരോഗ്യവും നഷ്ടപ്പെട്ട് വാര്‍ദ്ധക്യവും രോഗങ്ങളും കാര്‍ന്നുതിന്നുന്ന ശരീരവും, എന്നാല്‍  തളരാത്ത മനസ്സുലെ ജ്വലിക്കുന്ന വിശ്വാസമായി രോഗക്കിടക്കയിലും ഈശോയെ സ്വീകരിക്കാനായി കൊതിച്ചിരുന്ന അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയുമൊക്കെ അടുത്തേയ്ക്കുള്ള യാത്രയായിരുന്നു അത്. ഒരു വൈദികനായിരിക്കുക എത്ര ശ്രേഷ്ഠകരമാണെന്ന് ഞാന്‍ ഏറ്റവും അധികം ചിന്തിച്ച കാലമാണ് അത്. ആ സമയങ്ങളില്‍ എല്ലാ ഞായറാഴ്ചയും ഞങ്ങള്‍ സിസ്റര്‍മാര്‍ ഈരണ്ടു പേരായി ഓരോ കുടുംബത്തിലേയ്ക്കും കൊന്ത ചെല്ലി നടന്നു പോകും. മിക്ക കുടുംബങ്ങളും ഒരുപാട് വാത്സല്യം നിറഞ്ഞ തമിഴ് കുടുംബങ്ങളായിരുന്നു. ശാലോം ടി.വി-യിലെയോ, മാതാ ടി.വി-യിലെയോ കുര്‍ബാന കാണുകയായിരിക്കും അവര്‍ ആ സമയം. കുര്‍ബാന സ്വീകരണത്തിനു ശേഷം 80-90 കഴിഞ്ഞ അപ്പച്ചന്മാരും അമ്മച്ചിമാരും ഞങ്ങളുടെ മുന്നില്‍ ആശീര്‍വാദത്തിനായി തല കുനിക്കും. വിറയ്ക്കുന്ന കൈകളാല്‍ അവര്‍ക്കായി പ്രാര്‍ത്ഥിച്ച്  ഞങ്ങള്‍ അവരെ ആശീര്‍വദിക്കുമായിരുന്നു. ഒപ്പം അവരുടെ ആശീര്‍വാദം മറക്കാതെ ഞങ്ങളും വാങ്ങിയിരുന്നു.  പിന്നീടു വരുന്ന ഞായറാഴ്ച വീട്ടിലെത്തുമ്പോഴായിരിക്കും അറിയുക, കഴിഞ്ഞ ദിനങ്ങളില്‍ കുര്‍ബാന കൊടുത്ത ആ മാതാപിതാക്കള്‍ അവിടെയില്ല എന്ന്. ഒന്നും പറയാതെ നിത്യതയിലേയ്ക്ക് യാത്രയായി എന്ന വാര്‍ത്ത. അപ്പോള്‍ വീട്ടുകാര്‍ പറയുമായിരുന്നു: "സിസ്റ്ററിന്റെ കയ്യില്‍ നിന്നാണ് അവസാനമായി ചാച്ചന്‍/ അമ്മ ഈശോയെ സ്വീകരിച്ചത്." ഞാന്‍ അവരില്‍നിന്നു സ്വീകരിച്ച ആശീര്‍വാദവും അവസാനത്തേതായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. വി. വിന്‍സെന്റ് ഡി പോള്‍, 1600-കളില്‍ ഞങ്ങളുടെ ആദ്യകാല സിസ്റ്റേഴ്‌സിനോടു പറയുമായിരുന്നു: "എന്റെ മക്കളേ, നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുമ്പോള്‍ നിങ്ങളെ സ്വീകരിക്കാന്‍ കര്‍ത്താവും മാതാവും വിശുദ്ധരും മാത്രമല്ല, നിങ്ങള്‍ ശുശ്രൂഷിച്ച എല്ലാ പാവങ്ങളും കൈനീട്ടി നിന്നിരിക്കും" എന്ന്. വൈദീകരെയും സന്യസ്തരെയും ഏറ്റവും ഹീനമായി നോക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന എനിക്കു മുന്നിലെ സമൂഹത്തോട് ദൃഢതയോടെ, അഭിമാനത്തോടെ ഞാന്‍ പറയട്ടെ. "ദൈവം ദാനമായി അനുഗ്രഹിച്ചു തന്ന വിളിയാണ് എന്റെ/ ഞങ്ങളുടെ ഓരോരുത്തരുടെയും. ഞാന്‍/ ഞങ്ങള്‍ കുളിപ്പിച്ചിട്ടുണ്ട്, ഉടുപ്പിച്ചിട്ടുണ്ട്, ആഹാരം കൊടുത്തിട്ടുണ്ട്. അവരില്‍ ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും ഉണ്ടായിരുന്നു.എയിഡ്സം ടി.ബി.യും ഉള്ളവരും കുഷ്ഠരോഗികളും ഉണ്ടായിരുന്നു. ദൈവം വിളിക്കുന്നവന്റെ മുന്നില്‍ അവര്‍ക്ക് മതമില്ല, നിറമില്ല, ജാതയില്ല, രോഗമില്ല. എന്റെ അമ്മയും ചാച്ചനും സഹോദരങ്ങളും മാത്രം. പച്ചയായ മനുഷ്യര്‍ മാത്രം. വാഴ്ത്തപ്പെട്ട ലിന്‍ഡാല്‍വായുടെ വാക്കുകള്‍ ഞാനും ഉറക്കെ പറയട്ടെ. "യേശുവിന്റെ പാത പിന്തുടരുന്നതെത്രെ സന്തോഷകരമാണ്. ആര്‍ക്കും അത് തടയാനാവില്ല. കാരണം, ഇത് സ്‌നേഹത്തിന്റെ ധ്വനിയാണ്!"   ഓരോ തുടിപ്പിലും ഉയരുന്നു മന്ത്രമായ്  ഒരായിരം സ്തുതി എൻ ദൈവമേ! ഓരോരോ വാക്കിലും, ഉച്ചത്തിൽ താളമായ്  ഒന്നായി പാടുന്നു, ഒരായിരം നന്ദി! അറിയാത്ത നേരത്ത്,അറിയാത്ത ദേശത്ത്, അറിയാത്തവരിലൂടെ നീ വന്നൂ വിളിക്കാൻ. ആയിരങ്ങൾക്ക് അത്താണിയാകുവാൻ  ആഗതയായി... ആ തിരുമുമ്പിൽ . നിന്നിൽ കുടികൊള്ളും നിത്യനിശ്ചയത്തിൽ  നീ ചേർത്തിരുത്തി തിരുഹൃദയത്തിൽ. ''നീയെന്റെ സ്വന്തവും ഞാൻ നിന്റെ സ്വന്തവും '' നീയില്ലാത്തൊരു ജീവിതം വ്യർത്ഥവുമായ്. നിൻ  തിരുസ്വപ്നത്തിൽ എൻ കിനാക്കൾ ചേർത്ത്, നീ നയിക്കും വഴിയിലൂടെ ചരിക്കാൻ, നിൻ മാറിലെന്നും തലചായ്ച്ചു നിന്നിലലിയാൻ, നിന്റേതായ് ജീവിക്കാൻ  ആശീർവദിക്കൂ... നന്ദിയെൻ ദൈവമേ അനവരതം നന്ദി! നിന്റെ ഈ സമ്മാനം എത്ര വിശിഷ്ടം ! സി സോണിയ കെ ചാക്കോ Daughter of Charity of St Vincent de Paul

Sunday, 6 June 2021

പാവനാത്മാവേ പറന്നിങ്ങണമേ ആത്മാവേ ദൈവ ദാനമേ ആത്മാവേ നിത്യ സഹായമേ ആത്മാവേ സ്നേഹാഗ്നിയേ ആത്മാവേ സത്യദീപമേ... ആത്മാവേ ദൈവ ശ്വാസമേ ആത്മാവേ നവജീവനേ ആത്മാവേ കൊടുങ്കാറ്റേ പറന്നിറങ്ങണമേ നിറഞ്ഞു കവിയണമേ... ആത്മാവേ ജീവ ജ്വാലയേ ആത്മാവേ കത്തിപ്പടരണേ ആത്മാവേ ശുദ്ധികരിക്കണമേ പറന്നിറങ്ങണമേ ശുദ്ധീകരിക്കണമേ... സോണിയ കെ ചാക്കോ,DC
സ്നേഹതാതനേ, ദൈവപുത്രനേശുവേ പാവനാത്മാവേ, പരിപാവനനേ സ്തുതി ആരാധന, ത്രിത്വമേ ആരാധന പരിശുദ്ധനേ  ആരാധന, നിത്യമാരാധന സ്നേഹത്തിന്നാധാരമേ ദൈവമേ ആരാധന സ്നേഹത്തിന്നാധമേ, ദൈവമേ ആരാധന സ്നേഹത്തിൻ ആഴിയേ,ദൈവമേ ആരാധന സ്നേഹത്തിന്നുറവിടമേ, ദൈവമേ ആരാധന സത്യത്തിൻ പൂർണ്ണതയേ, യേശുവേ ആരാധന സനാതന സത്യമേ, യേശുവേ ആരാധന വചനത്തിൻ അവതാരമേ, യേശുവേ ആരാധന തിരുവോസ്തിയിൽ വാഴുന്നോനെ, യേശുവേ ആരാധന. സ്നേഹത്തിൻ ഫലമേ, ആത്മനേ ആരാധന നിത്യം കൂടെ വസിക്കുന്നോനെ, ആത്മനെ ആരാധന. ആശ്വാസദായകനേ, ആത്മനെ ആരാധന നിത്യസഹായകാ ആത്മനെ ആരാധന. സോണിയ K ചാക്കോ, DC

ചെറിയാനച്ചൻറ ഓർമ്മ

ബാഷ്പാഞ്ജലി
ഒരു വാക്ക് ഉരിയാടാതെ ഒരു മന്ദസ്മിതത്തോടെ ഒരിക്കലും തിരിച്ചു വരാത്ത യാത്ര തുടങ്ങി മൗനമായ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, കേട്ടിട്ടില്ലെങ്കിലും ഒന്ന് ചൊല്ലട്ടെ  എൻ  യാത്രാമൊഴി ... ഒറ്റപ്പെടലും, കുറ്റാരോപണങ്ങളും ഒറ്റയ്ക്ക് ധീരനായ് നേരിട്ട പുരോഹിതാ പുഞ്ചിരിയാൽ  ലോകത്തെ കീഴടക്കി പാട്ടും, പ്രാർത്ഥനയും, എഴുത്തും പ്രഘോഷണമാക്കി... ജീവനേകിയോന്  ജീവൻ കൊടുത്ത്‌  കാരുണ്യം ദിനചര്യയാക്കിയച്ചൻ വാക്കുകൾ പാടവാളാക്കി, പുണ്യമാക്കി വാക്കുരിയാടാതെ പറന്നു വിണ്ണിലേക്ക് ഒന്ന് കണ്ടിട്ടില്ലേലും, കേട്ടിട്ടില്ലേലും ഒരിക്കലും കനത്ത ആയിരങ്ങൾ ഒരുമിച്ചു ഓർത്തു അച്ചനെ  ദൈവസന്നിധെ. സുസ്മേര വദനനായി,ധീരമായ് നേരിട്ട പൗരോഹിത്യമെ, സ്വർഗ്ഗത്തിൽ നിന്നും ഓർക്കണേ ഞങ്ങളെ…  സോണിയ കെ ചാക്കോ

Friday, 21 May 2021

30-ാം ചരമവാർഷികം - രാജീവ് ഗാന്ധി

നവഭാരത ശില്പി രാജിവ് ഗന്ധിയുടെ  30-ആം  ചരമ വാർഷിക ദിനത്തിൽ  ഒരു കാര്യം വിസ്മരിക്കുക അസാധ്യം; സ്വന്തം ഭർത്താവിനെ തുണ്ടം തുണ്ടമാക്കിയവരവരുടെ മരണശിക്ഷ "ക്ഷമിച്ചു " മാറ്റിക്കൊടുത്ത സോണിയ ഗാന്ധിയുടെ മനുഷ്യത്വവും, സ്നേഹവും നിറഞ്ഞ ഹൃദയവും പിന്നെ പ്രിയപ്പെട്ട പപ്പായെ മൃഗീയമായി കൊന്നവരോട് ഞാൻ ക്ഷമിക്കുന്നു എന്ന് രാഹുലും പ്രിയങ്കയും ഉറക്കെ പറഞ്ഞപ്പോൾ, നളിനിയെ ജയിലിൽ പോയി കണ്ടു അത് അറിയിച്ചപ്പോൾ നളിനി എന്ന ഘാതക മാത്രം ആയിരുന്നില്ല ഭാരതം മുഴുവൻ കോരിത്തരിച്ചിരുന്നു. കാരണം യുവ പ്രധാനമന്ത്രി രാജീവിനെ ഈ രാജ്യം ഏറെ സ്നേഹിച്ചിരുന്നു. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോൾ രക്തസാക്ഷിയായി മരണം അടഞ്ഞ രാജീവ് ഗാന്ധിയെയും സോണിയയെയും  കേട്ടു തുടങ്ങിയപ്പോൾ മുതൽ ഒത്തിരി ഇഷ്ടാണ്. കേട്ട് തുടങ്ങിയപ്പോൾ മുതൽ എന്റെ മുന്നിലെ നല്ലൊരു മാതൃകയായ ആ സ്ത്രീയുടെ നേരെ തൊടുത്തയക്കുന്ന പ്രതിഷേധക്കളുടെ കൂർത്ത  ശരങ്ങളുടെ മുന്നിൽ ന്നും പതറാതെ വീറോടെ ഇന്നും പുഞ്ചിരിയിൽ നമ്മെ നോക്കി പുഞ്ചിരിക്കുന്ന ആ മനസ്സ് എത്രമാത്രം വേദനകളുടെ മലകൾ കയറിയിരിക്കും... തൻ ജനിച്ച രാജ്യത്തെക്കാൾ ഭാരതത്തെ ഇന്ന് സ്നേഹിച്ചു നന്മകൾ മാത്രം പ്രതീക്ഷിക്കുന്ന ആ സ്വമനസ്സിന്നു മുന്നിൽ കൂപ്പുകൈയോടെ... സോണിയ കെ ചാക്കോ, ഡി സി

Thursday, 11 February 2021

 

യേശുവേ നിൻ സ്നേഹത്തിൻ ആഴം 


❣❣❣❣❣❣❣❣❣❣❣❣❣❣❣❣❣

സ്നേഹമേ സാന്ത്വനം ഏകും നിൻ സ്നേഹം
ഈശോയെ സൗഹൃദം സൗഹൃദമേകും നിൻ സ്നേഹം. 

വിരിച്ച കരങ്ങളാൽ നീ കുരിശിൽ കിടക്കുമ്പോൾ 
വിടർന്ന നയനങ്ങളാൽ നീ എന്നെ നോക്കുമ്പോൾ 
വഴിയരികിൽ നീയെന്നെ കാത്തിരിക്കുമ്പോൾ 
വിണ്ണിൽ നിന്നും അപ്പത്തിലാഗതനാകുമ്പോൾ   
ഈശോയെ നിൻ സ്നേഹത്തിൻ ആഴം കാണുന്നു ഞാൻ 
ഈശോയെ നിൻ കരുതലിൽ കാതൽ  കണ്ടു ഞാൻ. 

ആരാരും അറിയാതെ രാവുകളിൽ ഉരുകുമ്പോൾ 
ആരാരും കേൾക്കാതെ നിൻ മുൻപിൽ കരയുമ്പോൾ 
ആശ്രയമായി വരും നീ കണ്ണീർ തുടച്ചെൻ
അജപാലകൻ ആയി നിന്നരികെന്നെചേർത്തിടും 
യേശുവേ നിൻ സ്നേഹം ആണെൻ സൗഭാഗ്യം 
ഈശോയെ നിൻ കരുണയാൽ നിറയുകെന്നിൽ 

മുറിവുകളാൽ നീറുമ്പോൾ മനം ഇടറുമ്പോൾ 
മുള്ളുകളെൻ ശിരസിൽ പതിയുമ്പോൾ 
ഒന്നും ശബ്ദിക്കാൻ ആവാതെ 
കണ്ഠം ഇടറുമ്പോൾ 
അപമാനഭാരത്താൽ ഞാൻ ഒറ്റപ്പെടുമ്പോൾ 
യേശുവേ നിൻ വചനമാണെന്ന് കവചം 
യേശുവേ തിരുവോസ്തിയായി വാഴുകെന്നിൽ. 

സോണിയ K ചാക്കോ, DC

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...