Tuesday, 31 December 2019

Mother of 1084

                            1084 ന്റെ അമ്മ

 ജീവിച്ചിരിക്കുമ്പോൾ ഒരു അമ്മയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം അവരുടെ മകളോടൊപ്പം അവളുടെ പേരും ചേർക്കുക എന്നതാണ്. അമ്മയെക്കുറിച്ച് എഴുതുമ്പോൾ തൂലിക നിൽക്കാറില്ല. കാരണം, അത്രയ്ക്ക് മാധുര്യമുള്ള മറ്റൊരു പേര് മനുഷ്യനു മുന്നിൽ ഇല്ല.

 "നൊന്തുപെറ്റ അമ്മേ
 പേറ്റുനോവിന്റെ പേരിൽ ഒരു
പത്തുപൈസ പോലും
പറഞ്ഞു വാങ്ങാത്ത സ്നേഹമേ,
 നിന്റെ മറുപടി പേരാണ് സ്നേഹം"
എന്ന് കവി പാടുന്നതുപോലെയാണിത്.

 മഹേശ്വതാദേവിയുടെ വളരെ പ്രശസ്തി നേടിയ നോവൽ ആണ് "1084 ന്റെ അമ്മ'. താൻ ജീവനുതുല്യം സ്നേഹിച്ച് പോറ്റിവളർത്തിയ മകൻ നക്സൽവാദിയാണെന്ന കുറ്റമാരോപിച്ച് ജയിലിലടക്കപ്പെട്ടപ്പോൾ അവന്റെ മോചനത്തിനായി കാത്തിരുന്ന് കണ്ണീരൊഴുക്കിയ അമ്മയുടെ മുന്നിലെലെത്തിയ ഫോൺ സന്ദേശം അവനെ വെടിവെച്ചുകൊന്നു എന്നതായിരുന്നു. ഗാഗുൽത്താമലയിൽ സ്വപുത്രന്റെ കുരിശുമരണത്തിനു സാക്ഷ്യം വഹിച്ച മറിയത്തിന്റേതുപോലെ ഒരു ദു:ഖഭാരം അവളിൽ പതിഞ്ഞു. സ്വന്തം മക്കളുടെ കബന്ധങ്ങൾ തിരഞ്ഞു കണ്ടുപിടിച്ച ഗാന്ധാരിയെപ്പോലെ ദുഃഖിതയായ അമ്മ ഓടി സ്വപുത്രന്റെ നിശ്ചലമായ ശരീരത്തെ ഏറ്റുവാങ്ങാനായി ചെന്നപ്പോൾ പോലീസ് മേധാവികൾ അവളോട് ചോദിച്ചു: "1084 ന്റെ അമ്മയാണോ?" സ്വപുത്രന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ പ്രിയ മകന്റെ പേരുപോലും വിസ്മരിച്ച് വെറും അക്കം മാത്രം ആയ കാഴ്ച ആരെയും കരയിപ്പിക്കുന്നതാണ്...

 2008 ൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തപ്പെട്ട രക്തസാക്ഷിയായ ലിൻഡാൾവാ എന്ന Daughter of Charity യുടെ ചടങ്ങിന് മുൻനിരയിൽ സ്വന്തം മകളെ നഷ്ടപ്പെട്ട വേദനയെക്കാൾ അവരുടെ വിശുദ്ധിയും മാതൃകാജീവിതവും, അവൾ വിശുദ്ധയാണ് എന്ന പ്രഖ്യാപനവും കാണുവാനായി അനുഗ്രഹീതയായ ആ പുണ്യവതിയുടെ അമ്മ ഇരിപ്പുണ്ടായിരുന്നു.

 1925 ൽ മരിയ ഗൊരേറ്റിയുടെ അമ്മ അസൂന്തയും ഇതേ സൗഭാഗ്യം അനുഭവിച്ച അമ്മയായിരുന്നു. തന്റെ മകൾ മരിയയെ കൊലപ്പെടുത്തിയ ഘാതകനൊപ്പം അവൾ മുന്നിലിരുന്ന് അൾത്താരയിലേക്ക് ഉയർത്തപ്പെട്ട പുണ്യനിമിഷങ്ങൾക്ക് സാക്ഷിയായി. മക്കൾ മാതൃകാജീവിതം നയിക്കുമ്പോൾ അവർ അവരുടെ മാതാപിതാക്കളുടെ ശിരസ്സിൽ തങ്കക്കിരീടം അണിയിക്കുകയാണ്. സ്നേഹം മാത്രം പകർന്നു തന്ന ജീവിതങ്ങളുടെ ജന്മസാഫല്യം നേടുകയാണ്. രോഗനിമിഷങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ജീവനുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയ വിശുദ്ധ ജിയന്ന മോള്ളെയും കഴിഞ്ഞവർഷം നമ്മിൽ നിന്നും വിട വാങ്ങിയ എട്ടു മക്കളുടെ അമ്മയും മാതൃത്വത്തിന്റെ വില അത്യുംഗപദത്തിലെത്തിച്ച അനേകായിരം അമ്മമാരുടെ ജീവിക്കുന്ന സാക്ഷ്യങ്ങൾ തന്നെ.

 ഒരു വശത്ത് ആയിരക്കണക്കിന് അമ്മമാർ കുഞ്ഞുങ്ങളെ ഉദരത്തിൽ വച്ചു തന്നെ കുരുതിക്ക് കൊടുക്കുമ്പോൾ... മറുവശത്ത് മക്കൾ മാതാപിതാക്കൾക്ക് വർണ്ണപതംഗങ്ങൾ ചാർത്തുകയും, അവരിലെ നന്മയും സ്നേഹവും തെളിഞ്ഞുനിൽക്കുന്നത് അവരുടെ മക്കളിൽ ആണ്. അത് തിരിച്ചും അങ്ങനെ തന്നെ. ജ്വലിക്കുന്ന ജീവജ്വാലകളായി മാതാപിതാക്കൾ അവരുടെ ജീവൻ അനശ്വരമാക്കി മറ്റു ജീവിതങ്ങളെ ജ്വലിപ്പിക്കുന്നു .

 ലോകത്തിലേക്കുള്ള കവാടമായ അമ്മ, ജീവനിലേക്കും ജീവിതങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന ജീവബന്ധമാണ്. മുലപ്പാലിന്റെ മാധുര്യത്തിൽ... മാതൃസ്പർശത്തിന്റെ ധന്യവേളയിൽ അമ്മയുടെ കൈപിടിച്ചു നടന്ന നാളുകൾ നമുക്ക് എന്നും ഓർമ്മയിൽ കുളിരാണ്...

 ജനുവരി 1, പരിശുദ്ധ ദൈവമാതാവിനെ സഭ അനുസ്മരിക്കുമ്പോഴും, അവിടെ മാതൃത്വം പുകഴ്ത്തപ്പെടുകയാണ്. പ്രത്യേകിച്ചു എലിസബത്തിന്റെ വാക്കുകളിൽ: "എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഭാഗ്യം എനിക്ക് എവിടുന്ന്?".
 അമ്മേ നിന്റെ മഹനീയതയുടെ മുമ്പിൽ, അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ, അമ്മയുടെ നിത്യജീവിതത്തിന്റെ മുമ്പിൽ ഞങ്ങൾ നിൽക്കുന്നു; ബാഷ്പാഞ്ജലിയോടെ...

 Sr സോണിയ കെ ചാക്കോ, DC

Wednesday, 25 December 2019


 പുൽക്കൂട്ടിലേക്ക്

പാരിനു മുഴുവൻ പൊൻ പ്രകാശം വിതറി പരിശുദ്ധനായവൻ പിറന്നു പുൽക്കൂട്ടിൽ പരിമളം ഒഴുകുന്ന പാൽ മഞ്ഞു രാവിൽ പാരിജാതത്തിൻ സുഗന്ധവും പരിശുദ്ധിയുമായി.


പാടുന്നു വാനവ ദൂതൻ ആഹ്ലാദത്താൽ പതിയെ അറിഞ്ഞു ആട്ടിടയർ സുവിശേഷം 
പാതിരാവിൽ ദിശ പറഞ്ഞു താരകം 
പാരിന്റെ അതിർവരമ്പുകൾ താണ്ടി വന്നവർ ആമോദത്താൽ...

പതിയെ തുറക്കൂ നിൻ മിഴികൾ 
പതിയെ തുറക്കൂ നിൻ നിധികൾ 
പതിയെ തുറക്കൂ നിൻ ഹൃദയം 
പാരിന്റെ നാഥൻ പിറക്കുവാൻ. 

-സിസ്റ്റർ സോണിയ കെ ചാക്കോ,ഡി സി 

Tuesday, 24 December 2019

            ക്രിസ്മസ് സമ്മാനം

                    ക്രിസ്മസ് നീയാണ്
                    സമ്മാനങ്ങളില്ലാത്ത ക്രിസ്മസ് നമുക്കോർക്കാൻ വയ്യ. ക്രിസ്മസിസ് ഒരു സമ്മാനമാണ്. ദൈവം നമുക്കായി ഏറ്റവും വലിയ സമ്മാനം - സ്വന്തം മകനെ നല്കിയ ദിനമാണിത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനായ വിശുദ്ധനാണ്
വിശുദ്ധ ജെറോം. വിശുദ്ധഗ്രന്ഥം ഗ്രീക്കിൽ നിന്നും ലത്തിനിലേക്ക് വിവർത്തനം ചെയ്ത പുണ്യവാനായിരുന്നു അദ്ദേഹം. ഒരു ക്രിസ്മസ് ദിനത്തിൽ ഈശോ ദർശനത്തിൽ അദ്ദേഹത്തിനരികെ വന്നു ചോദിച്ചു. എന്താണ് ക്രിസ്മസ് സമ്മാനമായി നൽകാൻ പോകുന്നത്? അപ്പോൾ അദ്ദേഹം പറഞ്ഞു: കർത്താവേ ഇത്രനാൾ എഴുതിയ എല്ലാ ബൈബിൾ കൃതികളും ഞാൻ അങ്ങേയ്ക്ക് തരാം എൻറെ അധ്വാനത്തിന് ഫലം. അപ്പോൾ ഈശോ പറഞ്ഞു :എനിക്ക് അതൊന്നും അല്ല വേണ്ടത് നിൻ ഹൃദയം ആണ് എനിക്ക് വേണ്ടത്. തെല്ലും സംശയിമില്ലാതെ മറുപടി നല്കി, കർത്താവേ എൻറെ ഹൃദയം മുഴുവൻ നിനക്കായി ഞാൻ ഇതാ തരുന്നു. ഓരോ ക്രിസ്മസിലും ദൈവം നമുക്കായി അവിടുത്തെ തരുമ്പോൾ അവിടുന്ന് തിരിച്ചു ഒരു സമ്മാനം പ്രതീക്ഷിക്കുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാണ് അത്.

ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ് വിചിന്തനം നമുക്ക് ധ്യാനിക്കാം.

ക്രിസ്മസ് നീയാണ്, ഓരോ ദിനവും വീണ്ടും ജനിക്കാന്‍ നീ തീരുമാനിക്കുമ്പോള്‍.

ക്രിസ്മസ് മരം നീയാണ്, ജീവിതത്തിലെ കൊടുങ്കാറ്റുകളെ നി ചെറുക്കുമ്പോള്‍.
ക്രിസ്മസ് അലങ്കാരം നീയാണ്, സ്വന്തം നന്മകള്‍ നിന്‍റെ ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍.

ക്രിസ്മസ് മണിമുഴക്കം നീയാണ്, സര്‍വരേയും വിളിച്ചു കൂട്ടി നീ ഒന്നിപ്പിക്കുമ്പോള്‍.

ക്രിസ്മസ് വിളക്ക് നീയാണ്, നിന്‍റെ അനുകമ്പയും ക്ഷമയും ഔദാര്യവും കൊണ്ടു മറ്റുള്ളവരുടെ ജീവിതങ്ങളെ നീ പ്രകാശഭരിതമാക്കുമ്പോള്‍.

ക്രിസ്മസ് മാലാഖ നീയാണ്, സമാധാനത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സന്ദേശം ലോകത്തിനു നീ പാടിക്കൊടുക്കുമ്പോള്‍.

ക്രിസ്മസ് നക്ഷത്രം നീയാണ്, മറ്റൊരാള്‍ക്കു ദൈവത്തിങ്കലേയ്ക്കു നീ വഴി കാട്ടുമ്പോള്‍.

ക്രിസ്മസ് സമ്മാനം നീയാണ്, ഓരോ മനുഷ്യനും നീ ആത്മാര്‍ത്ഥ മിത്രവും സഹോദരനുമാകുമ്പോള്‍.

ക്രിസ്മസ് കാര്‍ഡ് നീയാണ്, കരുണ നിന്‍റെ കരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍.

ക്രിസ്മസ് ആശംസ നീയാണ്, സഹിക്കുമ്പോള്‍ പോലും നീ ക്ഷമിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുമ്പോള്‍.

ക്രിസ്മസ് വിരുന്ന് നീയാണ്, നിന്‍റെ ചാരേയുള്ള പാവപ്പെട്ടവര്‍ക്കു നീ ആഹാരം കൊടുക്കുമ്പോള്‍.

ക്രിസ്മസ് രാത്രിയും നീയാണ്, രാത്രിയുടെ നിശബ്ദതയില്‍ ശബ്ദഘോഷങ്ങളില്ലാതെ രക്ഷകനെ നീ സ്വീകരിക്കുമ്പോള്‍.

നിനക്കുള്ളില്‍ ദൈവരാജ്യം സ്ഥാപിക്കുന്ന നിത്യമായ ക്രിസ്മസിന്‍റെ ആന്തരിക സമാധാനത്തില്‍, നീ ആര്‍ദ്രതയുടെയും വിശ്വാസത്തിന്‍റെയും ഒരു പുഞ്ചിരിയാണ്,
നീ ക്രിസ്മസാണ്.

എല്ലാവര്‍ക്കും
ക്രിസ്മസ് ആശംസകള്‍.


സ്നേഹത്തോടെ,
Sr സോണിയ കെ ചാക്കോ, DC

Greatness of being Little

ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തുവേണം




'ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തു വേണം'എന്ന ഈരടികൾ അധരത്തിലും ഹൃദയത്തിലും ഏറ്റുപാടിയ വരാണ് നമ്മൾ. മനുഷ്യമക്കളെ ദൈവമക്കൾ ആക്കാൻ ദൈവപുത്രൻ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന അതുല്യവും അനര്ഘവും ആയ നിമിഷം ആണ് ഓരോ ക്രിസ്തുമസ്സും.

ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനായ കാൾ ബാറ്ററി നോട് ഒരിക്കൽ വിദ്യാർഥികൾ ചോദിച്ചു: അങ്ങ് കണ്ടു പിടിച്ച ഏറ്റവും വലിയ ദൈവിക സത്യം എന്താണ്? ദൈവശാസ്ത്രത്തിൽ അഗ്രഗണ്യനായ അദ്ദേഹത്തിന് ഈ ചോദ്യം അത്ര വലിയൊരു ചോദ്യം ആയിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന് ഉത്തരം ജാതികളെ അമ്പരപ്പിച്ചു. "പാപികളിൽ ഒന്നാമനായ നീച പാപിയായ എന്നെ തേടി സ്വർഗ്ഗത്തിന്റെ മഹിമ വെടിഞ്ഞ് യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നു. എനിക്കുവേണ്ടി മനുഷ്യനായി അവതരിച്ച്, കുരിശിൽ മരിച്ച് അവിടുന്ന് ഉത്ഥാനം ചെയ്തു" ഇതായിരുന്നു അദ്ദേഹം കണ്ടുപിടിച്ച മഹനീയ സത്യം. കേൾക്കുമ്പോൾ വളരെ ലളിതമെങ്കിലും ഇതാണ് നമ്മുടെ വിശ്വാസത്തിന്റെ കാതൽ.

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനോട്
അദ്ദേഹം സുരക്ഷിതനായി വന്നപ്പോൾ ഒരു പറ്റം ശാസ്ത്രജ്ഞർ ചോദിച്ചു. അങ്ങേയ്ക്ക് ഇപ്പോൾ എന്താണ് തോന്നുന്നത്? ഉത്തരരിതായിരുന്നു. മനുഷ്യനായ് ഞാൻ എൻറെ പാദങ്ങൾ കൊണ്ട് ചന്ദ്രനിൽ കുത്തി എന്നത് സത്യമാണ്. എന്നാൽ അതിലും എത്രയോ അത്ഭുതമാണ് ദൈവമായ യേശു മനുഷ്യനായി ഈ ഭൂമിയിൽ നടന്നു എന്നത് . നക്ഷത്രങ്ങളെയും ലോകത്തിലെ സകല ജീവജാലങ്ങളെയും പേര് ചൊല്ലി വിളിക്കുന്ന ദൈവം, അവയെ ഒന്നുമില്ലായ്മയിൽനിന്നും തിരുവചനത്തിൽ ഉരുവാക്കിയ ദൈവം മനുഷ്യനായി , നമ്മിലൊരുന്നായി ... ഇതിലും വലിയ അത്ഭുതരില്ല ". അത് അനുസ്മരിക്കാൻ ഒരു ഒരു അവസരം കൊടുക്കുകയാണ് ഓരോ ക്രിസ്തുമസും.
ദൈവം മനുഷ്യനായി ഭൂമിയിൽ വന്നതിന് ഒരേ ഒരു ഒറ്റ കാരണമേ ഉള്ളൂ. തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹന്നാൻ 3:16). നീലിന് ഓരോ ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും ഉപസംഹാരം ഈ സത്യത്തിന്റെ അന്ത:സത്ത മനസ്സിലാക്കലും, പ്രചരിപ്പിക്കലും അയിരുന്നു.

മഹത്വത്തിൽ നിന്നും പടിയിറങ്ങി എളിമയും ലാളിത്യവും സരിതയും ധരിച്ച് സരളതയേയും ധരിച്ച് മനുഷ്യ മക്കളുടെ ഹൃദയത്തിൽ ഇടം നേടിയ ഒരുപിടി ആളുകൾ നമുക്കിടയിലുണ്ട്. കഴിഞ്ഞദിവസം കൽക്കട്ടയിലെ ബാലഭവനിൽ ക്രിസ്മസ് അപ്പൂപ്പൻ ആയി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശ്രീ വിരാട് കോഹ്ലി കുട്ടികളുടെ ഹൃദയം കവർന്നു. അതുപോലെ തന്നെ നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി ശ്രീ എപിജെ അബ്ദുൽ കലാം ഏതൊരു കൊച്ചു ബാലനും സമീപിക്കാവുന്ന വിധം ജനങ്ങളിലേക്കും വിദ്യാർഥികൾക്കും കുഞ്ഞുങ്ങളിലേക്കും ഒരുപോലെ ഇറങ്ങി കഴിയുന്നത്ര മഹാവ്യക്തിത്വത്തിന്ന് ഉടമമായിരുന്നു. 2013 മുതൽ മതത്തിന്റെയോ ഭാഷയുടെയോ, രാജ്യത്തിന്റെയോ കെട്ടുകളില്ലാതെ ജനതയുടെ ഹൃദയത്തിൽ നല്ലൊരിടം നേടിയ വ്യക്തിത്വത്തിനുടമയാണ് ഫ്രാൻസിസ് മാർപ്പാപ്പ.
ലാളിത്യം ജീവിതശൈലിയാക്കി ആയിരങ്ങളെ ആയിരങ്ങളുടെ ഹൃദയങ്ങളെ തൊടുവാൻ അദ്ദേഹത്തിന് കഴിഞ്ഞത്, ഇവർക്കൊക്കെ കഴിഞ്ഞത് കഴിവിനാലും, പ്രാഗല്ഭ്യത്താലും, പ്രതാപത്താലും അല്ല. മറിച്ച്, അവരിൽ കുടികൊണ്ടിരുന്ന ചില മഹത് പുണ്യങ്ങളായ എളിമയും, ലാളിത്യവുമൊക്കെയാണ്.

എളിമയും ലാളിത്യവും സ്നേഹവും ഏറ്റവും മാതൃകാപരമായി ജീവിച്ചു തീർത്തു അതിന്റെ തുംഗപദത്തിലെത്തുകയും, ശൂന്യവൽക്കരണത്തിലൂടെ നമ്മിലൊന്നായി ചെറുതാകലിന്റെ സുവിശേഷം പഠിപ്പിച്ച നാഥന് - ഇന്ന് ഭൂജാതനായ യേശുവിന് ജന്മദിനാശംസകൾ.

ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തുവേണം എന്നാവർത്തിച്ച് പാടുമ്പോഴും അതിന്റെ മാഹാത്മ്യം കണ്ടനുഭവിക്കാൻ കഴിയുന്നത് ഓരോ പുല്ക്കൂട്ടിലും, ഓരോ ദിവ്യബലിയിലെ തിരുവോസ്തിയിലുമാണ്. തന്നെത്തന്നെ ചെറുതാക്കി മനുഷ്യാവതാരമായി ,അപ്പാവതാരമായി, നമ്മിൽ നിത്യം വസിക്കുന്ന ഈശോയെ കാണാം, കുമ്പിടാം, ആരാധിക്കാം.

ക്രിസ്തുമസ് വരവായി ...
സ്നേഹവും സാഹോദര്യവും കൈകോർക്കുന്ന ദിവ്യ മുഹൂർത്തം ...
നന്മകളും നിറഞ്ഞൊഴുകുന്ന ആനന്ദവും ,പ്രതീക്ഷയും , കുളിരുന്ന രാവിൽ
നമ്മിലേക്ക്‌ ഒഴുകുമ്പോൾ എങ്ങും തിളങ്ങി നിൽക്കുന്ന താരകൾ പുഞ്ചിരി തൂകുന്ന പൊൻ സുദിനത്തിൽ ...
വിണ്ണിന്റെ നാഥൻ അനുഗ്രഹങ്ങളാൽ , നിറഞ്ഞ മനസ്സാൽ , അനുഗ്രഹങ്ങൾ ചൊരിയുകയാണ് കുളിരാൽ വിറക്കുന്ന ഈ തിരുപ്പിറവി ദിനത്തിൽ
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ !!!

സ്നേഹപൂർവ്വം,
സിസ്റ്റർ സോണിയ കെ ചാക്കോ, ഡിസി.

Sunday, 22 December 2019

God's Presence

                     ദൈവസാമീപ്യം
 


"ആരോരും തുണയില്ലാത്തവർക്ക് ദൈവം തുണയാണ് " എന്ന് എന്റെ പപ്പാ ആവർത്തിച്ച് എന്നോട് പറയാറുണ്ട്. "ആരാരും കൂടെ ഇല്ലാത്തവന് ദൈവം കൂട്ടാണ് , ആരെല്ലാം ഉപേക്ഷിച്ചാലും ദൈവം സങ്കേതമാണ്, ആരെല്ലാം വെറുത്താലും ദൈവം ഒരിക്കലും മറക്കില്ല, വെറുക്കില്ല, ആരെല്ലാം കൈവെടിഞ്ഞാലും ദൈവം നമ്മെ മാറോടുചേർത്ത് ചേർക്കും. ദൈവം നടക്കുന്ന പാത എന്ന ചെറുകഥ കഥയിൽ ഹൃദയസ്പർശിയായ ഒരു രംഗമുണ്ട് :
ഏക ആശ്രയമായ അമ്മ മരിക്കാറായപ്പോൾ മകനെ മാറോടുചേർത്ത് പറയുകയാണ്, "വൈകിയാലും ദൈവം വരും". ഇരുൾ പടർന്ന രാവിൽ, ആരുമില്ലാതെ ഒട്ടിയ വയറുമായി ആ വഴി വരുന്ന ദൈവത്തെ കാത്തിരുന്ന കൊച്ചുബാലൻ അവസാനം ദൈവം വരുന്നത് കണ്ടു. ജയിൽശിക്ഷ കഴിഞ്ഞ് എവിടേയ്ക്കു പോകണമെന്നറിയാതെ പതിയെ നടക്കുന്നടുത്ത ഒരു തടവുകാരനിൽ. അവൻ പറഞ്ഞു, "എനിക്ക് അറിയാമായിരുന്നു വൈകിയാലും നിങ്ങൾ വരുമെന്ന് ...."

അഞ്ഞൂറോളം വർഷങ്ങൾ അടിമത്തത്തിൽ കിടന്ന് ഇസ്രയേൽ മക്കൾക്ക് പ്രത്യാശയുടെനുറുങ്ങുവെട്ടമായിരുന്നു മിശിഹാ വരുമെന്ന പ്രവചനം. ആയിരങ്ങൾ കാത്തിരുന്നു... ഒന്നു രണ്ടുവർഷം അല്ല. നൂറ്റാണ്ടുകൾ ...ഒരു രക്ഷകനെ കാത്ത് ...

അവസാനം അവൻ വന്നു. തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത വേഷത്തിൽ പ്രതീക്ഷിക്കാത്ത അവസ്ഥയിൽ. എന്നാൽ ദൈവം ആയിരുന്നിട്ടും മനുഷ്യനായി, ഉടയവൻ ആയിരുന്നിട്ടും നാടും വീടും ഇല്ലാതെ, ഉടുതുണിക്കു പോലും വകയില്ലാതെ ...ദൈവം നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന സമയം, അവസ്ഥ, സ്ഥലം, രൂപം, ഭാവം ഒന്നും നമുക്ക് നിഷിദ്ധമല്ല എങ്കിലും അവൻ വരും പ്രതീക്ഷിക്കാതെ നേരത്തെ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത വ്യക്തികളുടെ സാഹചര്യത്തിൽ.

ഒരിക്കൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു. "സിസ്റ്റർ ദൈവത്തെ കണ്ടിട്ടുണ്ടോ ?" ഒരു നിമിഷം കണ്ണുകൾ അടച്ചു തുറന്നു ഞാൻ മറുപടി നൽകി. ഒന്നല്ല, ഒരുപാട് തവണകൾ .

കഴിഞ്ഞ 12 വർഷത്തെ സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി ചില ജീവിത സംഭവങ്ങളും, ജീവിതസാഹചര്യങ്ങളും വിവരിച്ച് ഞാൻ അവരോട് പറഞ്ഞു. ദൈവം വിളിച്ചു അനുഗ്രഹിച്ച ദാനമായി നൽകിയ വിളിയാണ് എന്റെ ജീവിതം. പാവങ്ങളെ ശുശ്രൂഷിക്കാൻ ഉള്ള ദൈവവിളി. ഞങ്ങൾ പാവങ്ങളെ കുളിപ്പിച്ചിട്ടുണ്ട്, ചോറ് കൊടുത്തിട്ടുണ്ട് , ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു... അവരിൽ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, മതമില്ലാത്തവരും ഉണ്ടായിരുന്നു
... എയ്ഡ്സ്, ക്ഷയം , കുഷ്ഠം തുടങ്ങിയ രോഗികൾ വരെ ഉണ്ടായിരുന്നു . ദൈവം വിളിക്കുന്നവരുടെ മുന്നിൽ നില്ക്കുന്ന ആളുകൾക്ക് മതമില്ല, നിറമില്ല, ജാതിയില്ല, ഭാഷയില്ല,രോഗമില്ല... അത് എന്തൊക്കെ തന്നെയായാലും അവർ അതിലെല്ലാമുപരി,നമ്മുടെ സ്വന്തം സഹോദരർ. അനുദിന കുർബ്ബാനയിൽ സ്വീകരിക്കുന്ന യേശുവായി തീരുന്നു... ഒന്നു മനസ്സിലാക്കാം - ദൈവം നമ്മുടെ ജീവിതത്തിൽ വരുന്ന വഴികൾ തികച്ചും അപ്രതീക്ഷിതം ആണെന്ന്. ചിലപ്പോൾ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൂടെയും ദുരിതങ്ങളിലൊക്കെ ദൈവത്തിന്റെ മുഖം നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും.

ക്രിസ്തുവിൻറെ ജനനം യഥാർത്ഥത്തിൽ സംഭവിക്കുന്നത് ആത്മാവിനെ കൂരിരുട്ടിലാണ്, നിലവിളികൾക്ക് നടുവിലാണ്, ഒറ്റപ്പെടലിലാണ്, നിരാശയുടെ പടുകുഴിയിൽ ആണ്... അത്തരം സന്ദർഭങ്ങളിൽ വിശ്വാസത്തിൻറെ ഒരു കൈത്തിരിയുമായി തിരിഞ്ഞുനോക്കുമ്പോൾ "ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട് എന്ന് മൃദുലമായി മന്ത്രിച്ച് നിൽക്കുന്ന യേശുവിനെ നമ്മൾ കാണും. ചിലപ്പോൾ അവൻ ശബ്ദിക്കില്ല... ആ സാമീപ്യം മാത്രം നാമറിയും. വേദനകളുടെ ആശ്വാസമായി, കുറവുകൾ നിറവുകളാക്കി, ഇരുളിലെ പ്രകാശമായി, നിരാലംബതയിൽ ബലമായി, ദുഃഖത്തിൽ സന്തോഷമായി പുൽകൂട്ടിലെ ഉണ്ണിയേശു വീണ്ടും പിറക്കും നമ്മുടെ ജീവിതങ്ങളിൽ. കണ്ണു തുറക്കാം ...കാണാം ഉണ്ണിയേശുവിനെ നമ്മുടെ മുന്നിൽ ... നമുക്ക് ആ തിരുക്കൈപിടിച്ചു നടക്കാം നമ്മുടെ ജീവിതത്തിലേക്ക് ...
- Sr സോണിയ കെ ചാക്കോ, DC

Wednesday, 18 December 2019

Where there is love, there is God

എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട്

നാലായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഭാരതീയ മഹാഗ്രന്ഥങ്ങൾ പഠിപ്പിച്ച പരമസത്യം അഹംബ്രഹ്മാസ്മി, തത്ത്വമസി എന്നീ ശ്രേഷ്ഠ വാക്കുകളിലൂടെ ഉപനിഷത്തിലെ പരമ സത്യം - പരമസത്യമായ പരിശുദ്ധനായ ദൈവം എല്ലാ ചരാചരങ്ങളിലും ഉണ്ടെന്ന് വസ്തുതയാണ് ഓർമ്മിപ്പിക്കുന്നത്.

40 ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുന്ന ഭക്തൻ ആദ്യം വായിക്കുന്നത് ഒരു വലിയ ഉപനിഷത്ത് സൂക്തമാണ് "നീ തേടുന്നത് നീ തന്നെയാണ് " - തത്ത്വമസി . 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട്' എന്ന പ്രസിദ്ധ സാഹിത്യകാരൻ ടോൾസ്റ്റോയ് എഴുതുമ്പോൾ മലയാളത്തിന്റെ സ്നേഹഗായകൻ പാടുന്നു ... സ്നേഹമാണഖിലസാരമൂഴിയിൽ...

"സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു

സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും

സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;

സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം".

സ്നേഹത്തെ കുറിച്ച് എഴുതിയ കവി കുമാരനാശാൻ സ്നേഹഗായകൻ ആയി. കരുണയെ കുറിച്ച് പ്രഘോഷിച്ച ദലൈലാമ കരുണയുടെ പ്രവാചകനായി. എന്നാൽ, ആനയുമമ്പാരിയും ഇല്ലാതെ ആരവങ്ങൾ ഒന്നും ഇല്ലാതെ ആഗതനായ ആട്ടിടയനായ നാഥൻ നമുക്കുണ്ട്. ആടുകൾക്ക് അജപാലകൻ ആയി, അന്ധർക്ക് കാഴ്ചയായി, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യമായി, അസുഖമുള്ളവർക്ക് സൗഖ്യമായി, അനാഥർക്ക് അത്താണിയായി, അവിശ്വസ്തത വിശ്വസ്തനായി ,അരികൾക്ക് ഉത്തമ സുഹൃത്തായി ,അമ്മയായും അപ്പൻ ആയും ഒക്കെ സ്നേഹം പകർന്നു അവസാനം നമ്മുടെ പാപത്തിനു വേണ്ടി ഉള്ള സ്നേഹ ബലിയായി ആ ജീവിതം നമുക്ക് വേണ്ടി ചിന്തി അവിടുന്ന് പഠിപ്പിച്ചു: സ്നേഹിക്കുക, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ ...അളവുകൾ ഇല്ലാതെ ...
ക്രിസ്തുമസിന് ഒരു സന്ദേശം ഉണ്ടെങ്കിൽ അത് ദൈവ സ്നേഹത്തിൻറെ സന്ദേശമാണ് .യോഹന്നാൻ 3 :16ൽ പറയുന്നതുപോലെ , "തന്റെ പുത്രനെ

നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചു .നമ്മെ ഓരോരുത്തരെയും മക്കളായ കണ്ടു താതൻ ആണ് നമ്മുടെ സ്വർഗസ്ഥനായ പിതാവ് .

ക്രിസ്തുമസ് ഒരു സദ്‌വാർത്തയാണ്. രക്ഷകൻ പിറന്നു എന്ന സദ്‌വാർത്ത. മനുഷ്യനായി പിറന്ന ദൈവമെന്നും കൂടെയുണ്ടെന്ന് വിശ്വാസം അത് ഊട്ടിയുറപ്പിക്കാനും അനുഭവിച്ചറിയാനും ആണ് ഓരോ ക്രിസ്തുമസും അനുസ്മരിക്കേണ്ടത്, ആഘോഷിക്കേണ്ടത്.

അറിയാത്ത ഒരുവന് ഒരു പുഞ്ചിരി കൊടുക്കാൻ കഴിയുമ്പോൾ, അവശനായ വനയാത്രയിൽ ഇത്തിരി ഇടം കൊടുക്കുമ്പോൾ ,അനാഥർക്ക് തലചായ്ക്കാൻ ആയി ഒരിടം കൊടുക്കുമ്പോൾ ,വിശപ്പടക്കാൻ കഴിയാത്തവന് കൈ സഹായം ചെയ്യുമ്പോൾ, അപരിചിതൻ എങ്കിലും സഹോദരാ /സഹോദരി എന്ന് വിളിക്കുമ്പോൾ അവിടെയെല്ലാം ഉണ്ണിയേശു വീണ്ടും പിറക്കുകയാണ് ക്രിസ്തുമസ് സംഭവിക്കുകയാണ്. വേദനകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ഒരു സ്നേഹസ്പർശവുമായി, സാന്ത്വനമായി, തീരുക എന്നത് ശ്രേഷ്ഠകരം. ഹൃദ്യമായ വാക്കുകളും കുളിർമഴയായി നമ്മിൽ പതിയും. ഒറ്റപ്പെടൽ കൊണ്ട് നെഞ്ചു നീറുമ്പോൾ, ഒന്ന് മനസ്സ് തുറക്കുവാൻ മനസ്സിലാക്കുവാൻ ആരുമില്ലാത്ത അവസ്ഥയിൽ, ഒന്ന് മിണ്ടാൻ പോലും അരികെ ആരുമില്ലാത്ത വേളകളിൽ, ഒരു പുഞ്ചിരിയോടെ കടന്നുവരുന്ന സുഹൃത്ത് ഒരു അപരിചിതൻ പോലും നമ്മുടെ ആത്മാവിൽ മാലാഖമാരുടെ യുടെ സന്തോഷഗാനം പാടും.ക്രിസ്തുവിനെ കൺമുന്നിൽ ദർശിക്കും ...

വിശ്വ പ്രസിദ്ധ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ കഥയാണ് 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട് " എന്നത്.

അകാലത്തിൽ മരിച്ച സ്നേഹനിധിയായ ഭാര്യയും മക്കളുടെയും വേർപാടിന്റെ ദുഃഖത്തിൽ കഴിഞ്ഞിരുന്ന സ്റ്റെപ്പ് സ്റ്റെപ്പനീച്ചിന് ഒരു ദിവസം ഈശോ വിരുന്നുകാരനായി വരുമെന്നുള്ള ഒരു പ്രകാശം ഉൾപ്രചോദനം ലഭിച്ചു. പാവപ്പെട്ടവനായ അദ്ദേഹം ഉള്ളവ കൊണ്ട് ഇത്തരം നല്ല വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. വിറക്കുന്ന മഞ്ഞുകാലത്ത് ആദ്യം ഒരു വയസ്സായ അപ്പച്ചനും ,പിന്നെ അവിടെ കണ്ടിട്ടില്ലാത്ത ഒരു യുവതി കുഞ്ഞിനെ കൊണ്ടും, അതിന് ശേഷം ആപ്പിൾ കച്ചവടക്കാരിയും, വിശന്നു തളർന്ന ഒരു ബാലനും അടക്കം നാലു പേരെ അദ്ദേഹം അന്ന് സത്കരിച്ചു. ആദ്യത്തെ രണ്ടു പേരെ ഭക്ഷണം കൊടുത്തു മറ്റു രണ്ടു പേരെ മാനുഷികമായ പരിഗണനയാലും. പുഞ്ചിരിയാൽ കാത്തിരുന്ന കർത്താവിനെ കാണാതെ എടുത്താൽ ഉറങ്ങി. അദ്ദേഹം അന്ന് രാത്രി ഒരു സ്വപ്നം കണ്ടു അത് അശരീരി ഇങ്ങനെ കേട്ടു മത്തായിയുടെ സുവിശേഷം 25ആം അധ്യായം നാല്പതാം വാക്യം : "എൻറെ എളിയ സഹോദരൻ ഒരുവന് നിങ്ങൾ ഇത് ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് അവർ ചെയ്തത്".

ഈ കഥയിൽ സ്റ്റെപ്പനീച്ച് എന്ന ചെരുപ്പുകുത്തി യേശുവിനെ കാത്തിരിക്കുകയായിരുന്നു. കോണർ മാക് ഗ്രിഗർ എന്ന ഐറിഷ് ബോക്സർ ഇങ്ങനെ ഒരിക്കൽ പറഞ്ഞു.
"ഞാൻ എപ്പോഴും തയ്യാറാണ്. അതുകൊണ്ട് എനിക്ക് പ്രത്യേകമായി തയ്യാറാക്കേണ്ട ആവശ്യമില്ല". അദ്ദേഹത്തെപ്പോലെ ,സ്റ്റെപ്പ്നിച്ചിപ്പോലെ കർത്താവിൻറെ വരവിനായി എപ്പോഴും നമ്മൾ ജാഗരൂകരായിരിക്കണം .
കാരണം അനുദിനജീവിതത്തിൽ അവിടുത്തെ നമ്മൾ അനവധി തവണ കണ്ടുമുട്ടും കണ്ടുമുട്ടലുകൾ ദൈവാനുഭവങ്ങൾ ആകാൻ ഈ ജാഗരൂകത അത്യാവശ്യമാണ്.

നിർമലമായ ജീവിതത്തിൽ സ്നേഹം കൊണ്ട് നാം നിറയ്ക്കുമ്പോൾ അവിടെ നമ്മളും തത്ത്വമസി ആകും. ദൈവ സ്നേഹത്തിൻറെ പ്രതിരൂപങ്ങളും, വക്താക്കളും ആകും. അവരിൽ സമ്പൂർണ സ്നേഹവും ,സമ്പൂർണ്ണ ത്യാഗവും ,ക്ഷമയും ഉണ്ടാവുകയും, മുകളിലെ ഉയർന്ന വിളക്കുപോലെ ഞാൻ നിങ്ങളുടെ നക്ഷത്രം പോലെ ജീവിതങ്ങളിൽ കെടാവിളക്കായി അവർ നിത്യം ശോഭിക്കും .

നമ്മുടെ ഒരു പുഞ്ചിരിയും, പരദേശിളിലേക്കുനമ്മുടെ ആതിഥേയത്വവും, അപരിചിതനിലയ്ക്കും, നമ്മുടെ സഹതാപം സഹജീവി കളിലേക്കും ,നമ്മുടെ സ്നേഹം സകല മനുഷ്യരിലേക്കും എത്ര പെടുമ്പോൾ ക്രിസ്തു വീണ്ടും ജനിക്കുകയാണ് നമ്മുടെ കണ്മുൻപിൽ.
"ദൈവം സ്നേഹമാണ് സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു". 1 യോഹന്നാൻ 4 :16
- Sr Soniya K Chacko, DC

Journey to Bethlahem

     ബെത്ലഹേമിലേക്ക് ഒരു യാത്ര

യാത്രകൾ എന്നും അനിശ്ചിതത്വം ആശ്വാസവും ആനന്ദവും ആകർഷകത്വവും പകരുന്ന അനുഭൂതിയാണ് . ചില വ്യക്തികൾക്ക് യാത്രകൾ ഒരു ഹരം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിരഹവും വേദനയും ആണ്. എന്തൊക്കെയായാലും, അകലേക്കുള്ള ലക്ഷ്യസങ്കേതത്തിലേക്ക് മിഴികൾ ഉയർത്തി, കാൽ നീട്ടി വെച്ച് നടക്കുന്നവരാണ് നാമോരോരുത്തരും. യാത്രയിലെ ഏറ്റവും പ്രധാന കാര്യം കൂടെയുള്ളവൻ ആര് എന്നതാണ് പലപ്പോഴും സഹ യാത്രക്കാർ അപരിചിതൻ ആയിരിക്കും. ആ അപരിചിതർ തന്നെ പിന്നീട് അടുത്ത സുഹൃത്തുക്കളുമായി തീരുന്ന അത്ഭുത പ്രതിഭാസം കൂടിയാണ് യാത്രകൾ.

യാത്രകളിലെ ഏറ്റവും വേദനാജനകമായ യാഥാർത്ഥ്യം വഴിതെറ്റി കയ്യിൽ ഒരു തൊട്ടും ഇല്ലാതെ ആരോട് ചോദിക്കും എന്ന അവസ്ഥയാണ്. യാത്രയ്ക്ക് തുണയില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ അതിലും ഭയാനകരം തന്നെ. പോർച്ചുഗീസുകാർക്ക് ഏറ്റവും ഫലവത്തായ യാത്ര വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള യാത്ര ആവാം. ഇംഗ്ലീഷുകാർക്ക് കൊളംബസിൻറെ അമേരിക്കൻ യാത്രയും ആവാം. റഷ്യക്കാർക്ക് ഒരുപക്ഷേ ചന്ദ്രനിലേക്ക് ഉള്ളതും ആയിരിക്കാം. എന്നാൽ മനുഷ്യൻ ചെയ്താൽ ഏറ്റവും ഫലവത്തായ യാത്രയിൽ ഒന്ന് കിഴക്കുനിന്നും ഉണ്ണിയേശുവിനെ കാണുവാൻ വന്ന മൂന്ന് ജ്ഞാനികളുടെ തായിരുന്നു.കിഴക്ക് ദേശത്തുനിന്നും നാടും നടവഴിയും ഒന്നുമറിയാതെ കേവലം ഒരു നക്ഷത്രത്തിൽ ആശ്രയിച്ച് അവർ നടന്നപ്പോൾ അവർക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ കഴിഞ്ഞത് മറ്റ് ആരെയും അല്ല ഈ ഭൂമി മുഴുവൻ നാഥനായ യേശുവിനെയാണ്. ഒരായുസ്സ് മുഴുവൻ പലരും കാത്തിരുന്നിട്ടും കാണുവാൻ കഴിയാത്ത അപൂർവ അനുഗ്രഹ ദൃശ്യം .

ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ യാത്രകളിൽ ഒന്ന് ജോസഫ് മേരിയും ഈജിപ്തിലേക്ക് നടത്തിയ യാത്ര ആയിരിക്കാം.അന്നും ഇന്നും നമുക്ക് പാലായനം പാരമ്പര്യം തന്നെ. ദൈവം ഭരമേല്പിച്ച അമൂല്യ നിധിയെ ഉണ്ണിയേശുവിനെ കാത്തു പരിപാലിക്കുവാനായി അവർ നന്നേ പാടുപെട്ടു. അറിയാത്ത ദേശത്ത് അറിയാത്ത ആളുകളിലേക്ക്, അറിയാത്ത ഭാഷയിലേക്ക് അവർ യാത്ര തിരിക്കുകയാണ്. എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം? എവിടെ ജീവിക്കണം? ആരുടെ കൂടെ ജീവിക്കണം ? എത്ര കഷ്ടപ്പെട്ട് ജീവിക്കണം? എന്നൊന്നും അവർക്ക് അറിയില്ല ഒരു അനിശ്ചിതാവസ്ഥ കളുടെ യാത്രയായിരുന്നു ആ യാത്ര.


അനിശ്ചിതത്വത്തിലും, ക്ലേശത്തിലും അത്രമാത്രം അനുഗ്രഹങ്ങൾ നിറഞ്ഞൊഴുകുന്ന ഒരു യാത്രയായി അത് അവർക്ക് പരിണമിച്ചു. അവരുടെ ഏറ്റവും ക്ലേശകരമായ ഈ യാത്ര കാരണം ആ മാതാപിതാക്കൾ തനിച്ചായിരുന്നില്ല. അവരുടെ മധ്യത്തിൽ സകലതിന്റെയും ദൈവം ഉണ്ടായിരുന്നു. അവരുടെ കൈയിലും തോളിലും മടിയിലും ഒന്നുമറിയാതെ - എല്ലാം അറിഞ്ഞു അവൻ ഉറങ്ങിയിരുന്നു.

ജീവിതം ഒരു നിരന്തരമായ യാത്രയാണല്ലോ. അത് എത്ര ക്ലേശം നിറഞ്ഞതായാലും സന്തോഷവും സമാധാനവും ആയ സമാപ്തി എത്താറുണ്ട്. അതിന് ഏക കാരണം ആർക്കു വേണ്ടിയുള്ളതാണ് ആരുടെ കൂടെ ഉള്ള യാത്രയാണ് എന്നതിലാണ്.

മറിയത്തെയും യൗസേപ്പിതാവിനെ പോലെ നമ്മുടെ യാത്രകളിൽ നമുക്കും യേശുവിനെ കൂട്ടുകാരൻ ആക്കാം. ഈശോയുടെ കൂടെ നടക്കുന്നവരാകാം. അപ്പോൾ നമ്മുടെ ജീവിത യാത്രയും ഏറ്റവും ഫലവത്തായ ഒരു യാത്രയായി മാറും .
ക്രിസ്തുമസിന് ഏറ്റവും ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ നമുക്കും ഒരു യാത്ര നടത്താം. ബെത്ലഹേമിൽ നിന്ന് ഈജിപ്തിലേക്ക്. കാരണം ജീവിതത്തിൽ സന്തോഷവും ദുഃഖവും ഒരു നാണയത്തിന് ഇരുപുറങ്ങൾ ആണല്ലോ. പക്ഷേ മറക്കാതിരിക്കാം കൂടെ യേശു ഉണ്ടായിരിക്കണം എന്ന കാര്യം. ഓർക്കാം നമ്മുടെ യാത്രയിൽ എപ്പോഴും കൂടെ വരുന്നവരാണ് യേശു എന്ന വസ്തുതയും . കാരണം അവിടുന്ന് ഇമ്മാനുവേൽ - ദൈവം നമ്മോട് കൂടെയാണ്.
ആ ശുഭപ്രതീക്ഷകളാൽ നമുക്ക് യാത്ര തുടരാം ...
-സി. സോണിയ കെ ചാക്കോ, DC

Saturday, 14 December 2019

Rays of Hope

                                        ==============================
                                                 🎅🔔 *JINGLE BELLS *🔔🎅
                                       =============== ===============
                                               പ്രത്യാശയുടെ കിരണങ്ങൾ 


ആംഗലേയ സാഹിത്യകാരൻ ജോൺ മിൽട്ടന്റെ  വിഖ്യാതമായ 'നഷ്ടപ്പെട്ട പറുദീസ' എന്ന കവിതയിലെ പ്രസിദ്ധമായ വരികൾ ആണ്  "ഓരോ കാർമേഘത്തിലും ഒരു വെള്ളി വരകളുണ്ട് ".

ഇരുണ്ട മാനവും , ഇരുൾ നിറയുന്ന രാത്രിയും ഇലപൊഴിഞ്ഞ മരങ്ങളും ഒന്നും അവസാനമല്ല ഒരു പുതിയ പ്രതീക്ഷയുടെ പര്യായങ്ങൾ ആണ്. മരണം സുനിശ്ചിതമായ ജർമൻ കോൺസെൻട്രേഷൻ ക്യാമ്പിലും വിക്ടർ ഫ്രാങ്കിളിന്  പ്രത്യാശയുടെ പടിവാതിൽ മനസ്സിലേക്ക് തുറന്നു കൊടുത്തത്  ഒരു തളിരിലയാണ്.

അമേരിക്കൻ സാഹിത്യകാരൻ ഒ. ഹെൻറിയുടെ വിഖ്യാതമായ ചെറുകഥയാണ്  'അവസാനത്തെ ഇല'. ഈ കഥയിൽ ന്യുമോണിയ ബാധിച്ച് മരണാസന്നയായ ജോൺസിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പര്യായമായി എത്തിയതും  അവളറിയാതെ അവൾക്കായി ബെർഹമൻ വരച്ചു വച്ചത് പൊഴിയാത്ത ഒരു ഇലയായിരുന്നു. ബർഹമ്മാൻ എന്ന ചിത്രകാരന്റെ സൃഷ്ടി ആയിരുന്നെങ്കിലും ഒരു ജീവിതം നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് കൊണ്ടുവരാൻ ചെറുകഥയിലൂടെ അന്നുമിന്നും സാധിച്ചു .അതിലുമുപരി ഇക്കാലമത്രയും അനേകായിരങ്ങൾക്ക് പ്രത്യാശയുടെ ഒരു നുറുങ്ങു വെട്ടം അതു കൊടുത്തിരുന്നു .

അഞ്ഞൂറിലേറെ വർഷങ്ങൾ അടിമത്വത്തിൽ കഴിഞ്ഞ ഇസ്രായേൽ  ജനതയ്ക്ക് പ്രത്യാശയായി അവരുടെ അന്ധകാരത്തിൽ ജ്വലിച്ച് നീതി സൂര്യനാണ് ,നിത്യ പ്രകാശമാണ് -  ഈശോ മിശിഹാ. ഏശയ്യ പ്രവാചകൻ ഇത് വളരെ മനോഹരമായി വിവരിക്കുന്നു: "അന്ധകാരത്തിൽ കഴിഞ്ഞ ജനം ഒരു പ്രകാശം കണ്ടു, കൂരിരുട്ടിൽ കഴിഞ്ഞവർക്ക് ഒരു പ്രകാശം ഉദയം ചെയ്തു... "

വർഷങ്ങൾ ആയി ഒരു ജനത കാത്തിരുന്ന വാഗ്ദാന പൂർത്തീകരണം മാത്രമായിരുന്നില്ല യേശുവിൻറെ ജനനം. മറിച്ച്, കൂരിരുട്ടിലും പ്രത്യാശിച്ച ഒരു ജനതക്ക് നിത്യമായ പ്രതീക്ഷയും ശുഭചിന്തയുമായിരുന്നു ഈശോമിശിഹാ.

ജീവിതത്തിൽ ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ തളർച്ചകളനുഭവിക്കുന്ന മക്കൾക്ക് നിത്യമായ സൗഖ്യവും പ്രതീക്ഷയുമാണ് പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശു . വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തെയാണ്  ഈശോയുടെ മനുഷ്യാവതാരത്തിലും, അപ്പാവതാരത്തിലും നാം സാക്ഷ്യം വഹിക്കുന്നത്‌.

ഒരു സന്തോഷവും നിത്യമല്ല, ഒരു വേദനയും ശാശ്വതമല്ല. കേരളക്കരയെ ദു:ഖ ദുരിതത്തിലാക്കിയ ഇക്കഴിഞ്ഞ മഴക്കാല കെടുതികൾക്കുമൊരു വിരാമമുണ്ടായിരുന്നു. അമേരിക്കയെ ഞെടുക്കിയ ടൊർനാടോയ്ക്കും, കത്രീനയ്ക്കുമെല്ലാം ഒരു പരിധിയുണ്ടായിരുന്നു. ദുഃഖവും, സന്തോഷവും ചുട്ടുപൊള്ളുന്ന ഇരുമ്പിൽ വീഴുന്ന ഒരു തുള്ളി ജലം അപ്രത്യക്ഷമാകുന്നതു പോലെ വെറും നിമിഷ നേരത്തേയ്ക്കു മാത്രം.ഏതൊരു വേദനിക്കും കാലപരിധി ഉണ്ട് ... എല്ലാം കടന്നു പോകും. എന്നാൽ പരിധികളില്ലാത്ത ഒന്നാണ് പ്രതീക്ഷയും ദൈവസ്നേഹവും .

വർഷങ്ങൾ രക്ഷകനെ കാണുവാനായി ദേവാലയത്തിൽ പ്രാർത്ഥനയിൽ ആയിരുന്ന വൃദ്ധരായ ശിമയോനും, ഹന്നയും  ഇന്നും പ്രത്യാശയുടെ ഗോപുരങ്ങളായി, അവരുടെ കാത്തിരിപ്പ് സഫലമായി കണ്ട്  പ്രതീക്ഷയ്ക്ക് സാക്ഷ്യംവഹിച്ചവരാണ് .

ജ്ഞാനികളെ നയിച്ച നക്ഷത്രം പ്രത്യാശയുടെ ഒരു പ്രതീകമാണ്. അതിലും ഉപരിയായി ജനങ്ങൾക്ക് പ്രതീക്ഷയായിത്തീർന്ന യേശുവിന്റെ ജീവിതവും ഇന്നും നമ്മോടുകൂടെ ജീവിക്കുകയാണ്  നമ്മുടെ ഇമ്മാനുവേലായി.

ഉണ്ണിയേശുവിനെ കണ്ടെത്തിയ ജ്ഞാനികൾ ,കഥാപാത്രമായ
 ബർഹമാൻ, വിക്ടർ ഫ്രാങ്ക്ളിൻ... ഇവരെല്ലാം ജീവിതത്തിലെ അന്ധകാര  നിബിഡമായ വേളകളിൽ വെളിച്ചം വിതറുവാൻ ശ്രമിച്ചവരാണ്. അവരുടെ മാത്രല്ല മറ്റുള്ളവരുടെയും. ഇരുൾ നിറഞ്ഞ രാവുകളിൽ തോരാത്ത മഴയുടെ വേളകളിൽ പ്രത്യാശയ്ക്ക് യാതൊരു വകയും ഇല്ലാത്ത വേദന നിറഞ്ഞ നിമിഷങ്ങളിൽ  ഓ  ഹെൻട്രിയുടെ കൊഴിയാത്ത ഇല എന്ന കഥാസാരം നമ്മുടെ ജീവിതത്തിലും അന്വർത്ഥമാവുകയാണ്.ജോൺസിയെ പോലെ തല ഉയർത്തി നോക്കാൻ പ്രതീക്ഷ നൽകുന്ന കൊഴിയാത്ത  ഇല ബെത്‌ലഹേമിലെ ഉണ്ണി യേശുവാണ് .

കുറച്ചുവർഷങ്ങളായി അനേകായിരങ്ങളുടെ നാവുകൾ ഏറ്റുപാടി ഹൃദയത്തിൽ പതിഞ്ഞ  ബേബി ജോൺ കലയന്താനിയുടെ 'ഇലപൊഴിയും കാലങ്ങൾക്കപ്പുറം ' എന്ന 
ഗാനവും, 'ഒരു മഴയും തോരാതിരുന്നിട്ടില്ല' എന്ന സാജൻ അച്ചന്റെ  ഭക്തി ഗാനവും ഒന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിൽ പ്രത്യാശയുടെ ഒരു  ജ്വലനം നമുക്ക്  അനുഭവിക്കുവാൻ സാധിക്കും.   ജീവിതത്തിന്റെ കഷ്ഠ നഷ്ടങ്ങൾ, കയ്പ്പേറിയ അനുഭവങ്ങൾ, ഇരളിന്റെ മറവിൽ നാം ചെയ്ത പാപങ്ങൾ അവ നമ്മെ വേദനിപ്പിക്കുമ്പോൾ, പ്രത്യാശയുടെ പൊൻ പ്രകാശമായ് ശരിയുടെ ഉദയ സൂര്യനായ് പ്രകാശം വിതറുന്ന പുൽക്കൂട് നമ്മുടെ ലക്ഷ്യമാകണം,അത് അണയാറായ വിളക്കിൽ എണ്ണ പകരും,നമ്മുടെ ആത്മാവിനെ സത്യ പ്രകാശത്തിൽ ജ്വലിപ്പിക്കും, നിരാശബോധത്തെ ആട്ടിയകററി പ്രത്യാശയുടെ പുതു വസ്ത്രമണിയിക്കും. യേശു നിന്നെ സ്വീകരിക്കാൻ പുൽക്കൂട്ടിലുണ്ടെന്ന് മറക്കരുത് ,വിനയാന്വിതനായി....

ഈ ക്രിസ്മസ് ദിനത്തിൽ നമുക്കും പ്രത്യാശയുടെ ഒരു കൊച്ചു വിത്ത് ആകാം . പ്രതീക്ഷയുടെ തളിരിലകൾ ആകട്ടെ നമ്മുടെ വാക്കുകൾ, നമ്മുടെ കൊച്ചു പുഞ്ചിരികൾ,നമ്മുടെ കൊച്ചു സഹായങ്ങൾ...ആ മരങ്ങൾ തളിർക്കട്ടെ 
മങ്ങിയ  ആ വിളക്കുകൾ പ്രകാശിക്കട്ടെ...മറ്റുള്ളവരിലേക്ക്,  വേദന നിറഞ്ഞവരിലേക്ക് നമുക്ക് ഇറങ്ങിച്ചെന്ന് പ്രതീക്ഷയുടെ ഒരു വാക്ക്, വചനമാകുന്ന വാക്ക് എന്നാണ് ബൈബിൾ പറയുന്നത്  ഓർമ്മയുണ്ടല്ലോ വചനം വിത്ത് ആണെന്ന്. അതുപോലെ പ്രത്യാശയുടെ ഒരു വിത്ത് നമുക്ക് മനസ്സിലാക്കാം...  കുളിരാർന്ന ക്രിസ്മസിൽ അവരിലേക്ക് കുളിരായും, മഴയായും ഇറങ്ങി പ്രതീക്ഷയുടെ ഫലം പുറപ്പെടുവിക്കുന്ന വലിയ മരമായി അവർ വളരട്ടെ... പ്രത്യാശയുടെ വിത്തും, പ്രതീക്ഷയുടെ നുറുങ്ങുവെട്ടവും ആയി നമുക്ക് മാറാം ഈ ക്രിസ്മസ് ദിനത്തിൽ.


-സിസ്റ്റർ സോണിയ കെ ചാക്കോ, DC



*"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം"*

🎊🎉🎈🎁🎀🎼🥁🎺🎷🎊🎉

Wednesday, 4 December 2019

Journey to the Crib




                                                 *പുൽക്കൂട്ടിലേക്ക് *


ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും, സൂപ്പർസോണിക് വിമാനങ്ങളുടെയും ഒരു കൈ വിരൽ സ്പർശത്തിലൂടെ ലോകത്തിൻറെ ഏതു കോണിലും ഒരു നിമിഷം കൊണ്ട് എത്തിച്ചേരാവുന്ന ഈ നൂറ്റാണ്ടിൽ ഈ ക്രിസ്തുമസ് വേളയിൽ നമുക്കും നടക്കാം പുൽക്കൂട്ടിലേക്ക്...!

AC വാഹനങ്ങളും മണിമാളികകളും നിറഞ്ഞുനിൽക്കുന്ന നിരത്തിൽ നിന്നും അധികം ആരും സഞ്ചരിക്കാത്ത നിരത്തിലേക്ക് മനസ്സിൻറെ നിശബ്ദതയിൽ ചലിച്ചു തുടങ്ങാം ഈ യാത്ര ദീർഘം ആണോ, ഹ്രസ്വമാണോ, ചിലവുള്ളതാണോ, ചിലവ് കുറഞ്ഞ താണോ, മനോഹരമാണോ,  ആത്മീയമാണോ, എന്ന് നമുക്ക് തന്നെ തീരുമാനിക്കാം. ചിലപ്പോൾ ജ്ഞാനികളെ പോലെ ഒരു ദീർഘ യാത്രയാവാം, ചിലപ്പോൾ ആട്ടിടയരെപോലെ ഒരു ലളിത യാത്രയാകാം, ചിലർക്ക് അത് ഹേറോദോസിന്റെ അരമനയിലുള്ളവരെ പോലെ യേശുവിനെക്കുറിച്ചുള്ള കേട്ടറിവു മാത്രമാകാം.

 അറിവിൽ നിന്ന് അനുഭവത്തിലേക്ക് മൃദുലത നിറഞ്ഞ നല്ല മനുഷ്യരായി നീങ്ങാം നമുക്ക് പുൽക്കൂട്ടിലേക്ക്.

         ലോകത്തിൻറെ നാഥനും ഹൃദയത്തിൻറെ രാജനുമായ സർവ്വേശ്വരൻ ഈ ക്രിസ്തുമസ് ദിനം ജനിക്കുന്നത് ഏത് പുൽക്കൂട്ടിൽ ആകും.?

പഴനിയിൽ എവിടെയോ ജനിച്ച്, മലബാറിലെ ഇരിട്ടിയിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അമ്മാൾ അപസ്മാരത്താൽ ബോധമറ്റു കിടക്കുന്നത് കണ്ട് ചില സംഘടനാ ഭാരവാഹികൾ മാരിലാക് ഭവനത്തിൽ എത്തിച്ചു. ആദ്യമേ തന്നെ രണ്ടുമൂന്നു പ്രാവശ്യം ഞങ്ങൾ കുളിപ്പിച്ച്, തലമുടി , ഭക്ഷണം കൊടുത്തു കൊണ്ടിരുന്നപ്പോൾ അമ്മ ചോദിച്ചു  “അമ്മാ, നീങ്കൾ കടവുളാ..?

 പുല്ലുവഴിയിലെ വാഴ്ത്തപ്പെട്ട റാണി മരിയയുടെ വീട്ടിലെത്തിയ മകളുടെ ഘാതകനെ ഊഷ്മള സ്നേഹത്തോടെ സ്വീകരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ സമന്തർ സിംഗ് മനസ്സിൽ പറഞ്ഞു  “ഇവർ ദൈവമാണ്..!"

           ബെത്‌ലഹേം നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന നഗരമാണ്. പാരിന്റെ നാഥൻ പിറന്ന പുൽക്കൂടും നമ്മുടെ നയനങ്ങൾക്ക് മുന്നിലാണ്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണി മിശിഹാ കൺമുന്നിൽ കടന്നുവരുന്ന ഓരോ വ്യക്തിയും ആണ്. അറിയാതെ മനസ്സിൽ മെനഞ്ഞു വെച്ച അന്ധതയുടെ അതിർവരമ്പുകൾ പൊട്ടിച്ചെറിയുമ്പോൾ പുൽക്കൂട്ടിലെ ഉണ്ണിയുടെ നിഷ്കളങ്കമായ പുഞ്ചിരി അവിടെ നമ്മൾ കാണും. ജ്ഞാനികൾ കണ്ട താരം മനസ്സിൽ സന്തോഷത്താൽ ഉദിക്കും. പിന്നെ നമ്മൾ യാത്രികരല്ല താരകങ്ങൾ ആയിരിക്കും. മറ്റുള്ളവരെ പുൽക്കൂട്ടിൽ എത്തിക്കുന്ന ദിവ്യ താരങ്ങൾ. അതാവണം നമ്മുടെ നിയോഗം... യാത്ര തുടരുന്നു..!

....✒️ *സി  സോണിയ കെ ചാക്കോ,ഡിസി*

(Daughters of Charity of St Vincent de Paul)


🧚‍♀️🧚‍♀️🎼🎺🎼🎷🎹🎺🥁🧚‍♂️🧚‍♂️
*"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം"*

🎊🎉🎈🎁🎀🎼🥁🎺🎷🎊🎉

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...