Tuesday, 31 December 2019

Mother of 1084

                            1084 ന്റെ അമ്മ

 ജീവിച്ചിരിക്കുമ്പോൾ ഒരു അമ്മയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം അവരുടെ മകളോടൊപ്പം അവളുടെ പേരും ചേർക്കുക എന്നതാണ്. അമ്മയെക്കുറിച്ച് എഴുതുമ്പോൾ തൂലിക നിൽക്കാറില്ല. കാരണം, അത്രയ്ക്ക് മാധുര്യമുള്ള മറ്റൊരു പേര് മനുഷ്യനു മുന്നിൽ ഇല്ല.

 "നൊന്തുപെറ്റ അമ്മേ
 പേറ്റുനോവിന്റെ പേരിൽ ഒരു
പത്തുപൈസ പോലും
പറഞ്ഞു വാങ്ങാത്ത സ്നേഹമേ,
 നിന്റെ മറുപടി പേരാണ് സ്നേഹം"
എന്ന് കവി പാടുന്നതുപോലെയാണിത്.

 മഹേശ്വതാദേവിയുടെ വളരെ പ്രശസ്തി നേടിയ നോവൽ ആണ് "1084 ന്റെ അമ്മ'. താൻ ജീവനുതുല്യം സ്നേഹിച്ച് പോറ്റിവളർത്തിയ മകൻ നക്സൽവാദിയാണെന്ന കുറ്റമാരോപിച്ച് ജയിലിലടക്കപ്പെട്ടപ്പോൾ അവന്റെ മോചനത്തിനായി കാത്തിരുന്ന് കണ്ണീരൊഴുക്കിയ അമ്മയുടെ മുന്നിലെലെത്തിയ ഫോൺ സന്ദേശം അവനെ വെടിവെച്ചുകൊന്നു എന്നതായിരുന്നു. ഗാഗുൽത്താമലയിൽ സ്വപുത്രന്റെ കുരിശുമരണത്തിനു സാക്ഷ്യം വഹിച്ച മറിയത്തിന്റേതുപോലെ ഒരു ദു:ഖഭാരം അവളിൽ പതിഞ്ഞു. സ്വന്തം മക്കളുടെ കബന്ധങ്ങൾ തിരഞ്ഞു കണ്ടുപിടിച്ച ഗാന്ധാരിയെപ്പോലെ ദുഃഖിതയായ അമ്മ ഓടി സ്വപുത്രന്റെ നിശ്ചലമായ ശരീരത്തെ ഏറ്റുവാങ്ങാനായി ചെന്നപ്പോൾ പോലീസ് മേധാവികൾ അവളോട് ചോദിച്ചു: "1084 ന്റെ അമ്മയാണോ?" സ്വപുത്രന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ പ്രിയ മകന്റെ പേരുപോലും വിസ്മരിച്ച് വെറും അക്കം മാത്രം ആയ കാഴ്ച ആരെയും കരയിപ്പിക്കുന്നതാണ്...

 2008 ൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തപ്പെട്ട രക്തസാക്ഷിയായ ലിൻഡാൾവാ എന്ന Daughter of Charity യുടെ ചടങ്ങിന് മുൻനിരയിൽ സ്വന്തം മകളെ നഷ്ടപ്പെട്ട വേദനയെക്കാൾ അവരുടെ വിശുദ്ധിയും മാതൃകാജീവിതവും, അവൾ വിശുദ്ധയാണ് എന്ന പ്രഖ്യാപനവും കാണുവാനായി അനുഗ്രഹീതയായ ആ പുണ്യവതിയുടെ അമ്മ ഇരിപ്പുണ്ടായിരുന്നു.

 1925 ൽ മരിയ ഗൊരേറ്റിയുടെ അമ്മ അസൂന്തയും ഇതേ സൗഭാഗ്യം അനുഭവിച്ച അമ്മയായിരുന്നു. തന്റെ മകൾ മരിയയെ കൊലപ്പെടുത്തിയ ഘാതകനൊപ്പം അവൾ മുന്നിലിരുന്ന് അൾത്താരയിലേക്ക് ഉയർത്തപ്പെട്ട പുണ്യനിമിഷങ്ങൾക്ക് സാക്ഷിയായി. മക്കൾ മാതൃകാജീവിതം നയിക്കുമ്പോൾ അവർ അവരുടെ മാതാപിതാക്കളുടെ ശിരസ്സിൽ തങ്കക്കിരീടം അണിയിക്കുകയാണ്. സ്നേഹം മാത്രം പകർന്നു തന്ന ജീവിതങ്ങളുടെ ജന്മസാഫല്യം നേടുകയാണ്. രോഗനിമിഷങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ജീവനുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയ വിശുദ്ധ ജിയന്ന മോള്ളെയും കഴിഞ്ഞവർഷം നമ്മിൽ നിന്നും വിട വാങ്ങിയ എട്ടു മക്കളുടെ അമ്മയും മാതൃത്വത്തിന്റെ വില അത്യുംഗപദത്തിലെത്തിച്ച അനേകായിരം അമ്മമാരുടെ ജീവിക്കുന്ന സാക്ഷ്യങ്ങൾ തന്നെ.

 ഒരു വശത്ത് ആയിരക്കണക്കിന് അമ്മമാർ കുഞ്ഞുങ്ങളെ ഉദരത്തിൽ വച്ചു തന്നെ കുരുതിക്ക് കൊടുക്കുമ്പോൾ... മറുവശത്ത് മക്കൾ മാതാപിതാക്കൾക്ക് വർണ്ണപതംഗങ്ങൾ ചാർത്തുകയും, അവരിലെ നന്മയും സ്നേഹവും തെളിഞ്ഞുനിൽക്കുന്നത് അവരുടെ മക്കളിൽ ആണ്. അത് തിരിച്ചും അങ്ങനെ തന്നെ. ജ്വലിക്കുന്ന ജീവജ്വാലകളായി മാതാപിതാക്കൾ അവരുടെ ജീവൻ അനശ്വരമാക്കി മറ്റു ജീവിതങ്ങളെ ജ്വലിപ്പിക്കുന്നു .

 ലോകത്തിലേക്കുള്ള കവാടമായ അമ്മ, ജീവനിലേക്കും ജീവിതങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന ജീവബന്ധമാണ്. മുലപ്പാലിന്റെ മാധുര്യത്തിൽ... മാതൃസ്പർശത്തിന്റെ ധന്യവേളയിൽ അമ്മയുടെ കൈപിടിച്ചു നടന്ന നാളുകൾ നമുക്ക് എന്നും ഓർമ്മയിൽ കുളിരാണ്...

 ജനുവരി 1, പരിശുദ്ധ ദൈവമാതാവിനെ സഭ അനുസ്മരിക്കുമ്പോഴും, അവിടെ മാതൃത്വം പുകഴ്ത്തപ്പെടുകയാണ്. പ്രത്യേകിച്ചു എലിസബത്തിന്റെ വാക്കുകളിൽ: "എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഭാഗ്യം എനിക്ക് എവിടുന്ന്?".
 അമ്മേ നിന്റെ മഹനീയതയുടെ മുമ്പിൽ, അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ, അമ്മയുടെ നിത്യജീവിതത്തിന്റെ മുമ്പിൽ ഞങ്ങൾ നിൽക്കുന്നു; ബാഷ്പാഞ്ജലിയോടെ...

 Sr സോണിയ കെ ചാക്കോ, DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...