Sunday, 22 December 2019

God's Presence

                     ദൈവസാമീപ്യം
 


"ആരോരും തുണയില്ലാത്തവർക്ക് ദൈവം തുണയാണ് " എന്ന് എന്റെ പപ്പാ ആവർത്തിച്ച് എന്നോട് പറയാറുണ്ട്. "ആരാരും കൂടെ ഇല്ലാത്തവന് ദൈവം കൂട്ടാണ് , ആരെല്ലാം ഉപേക്ഷിച്ചാലും ദൈവം സങ്കേതമാണ്, ആരെല്ലാം വെറുത്താലും ദൈവം ഒരിക്കലും മറക്കില്ല, വെറുക്കില്ല, ആരെല്ലാം കൈവെടിഞ്ഞാലും ദൈവം നമ്മെ മാറോടുചേർത്ത് ചേർക്കും. ദൈവം നടക്കുന്ന പാത എന്ന ചെറുകഥ കഥയിൽ ഹൃദയസ്പർശിയായ ഒരു രംഗമുണ്ട് :
ഏക ആശ്രയമായ അമ്മ മരിക്കാറായപ്പോൾ മകനെ മാറോടുചേർത്ത് പറയുകയാണ്, "വൈകിയാലും ദൈവം വരും". ഇരുൾ പടർന്ന രാവിൽ, ആരുമില്ലാതെ ഒട്ടിയ വയറുമായി ആ വഴി വരുന്ന ദൈവത്തെ കാത്തിരുന്ന കൊച്ചുബാലൻ അവസാനം ദൈവം വരുന്നത് കണ്ടു. ജയിൽശിക്ഷ കഴിഞ്ഞ് എവിടേയ്ക്കു പോകണമെന്നറിയാതെ പതിയെ നടക്കുന്നടുത്ത ഒരു തടവുകാരനിൽ. അവൻ പറഞ്ഞു, "എനിക്ക് അറിയാമായിരുന്നു വൈകിയാലും നിങ്ങൾ വരുമെന്ന് ...."

അഞ്ഞൂറോളം വർഷങ്ങൾ അടിമത്തത്തിൽ കിടന്ന് ഇസ്രയേൽ മക്കൾക്ക് പ്രത്യാശയുടെനുറുങ്ങുവെട്ടമായിരുന്നു മിശിഹാ വരുമെന്ന പ്രവചനം. ആയിരങ്ങൾ കാത്തിരുന്നു... ഒന്നു രണ്ടുവർഷം അല്ല. നൂറ്റാണ്ടുകൾ ...ഒരു രക്ഷകനെ കാത്ത് ...

അവസാനം അവൻ വന്നു. തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത വേഷത്തിൽ പ്രതീക്ഷിക്കാത്ത അവസ്ഥയിൽ. എന്നാൽ ദൈവം ആയിരുന്നിട്ടും മനുഷ്യനായി, ഉടയവൻ ആയിരുന്നിട്ടും നാടും വീടും ഇല്ലാതെ, ഉടുതുണിക്കു പോലും വകയില്ലാതെ ...ദൈവം നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന സമയം, അവസ്ഥ, സ്ഥലം, രൂപം, ഭാവം ഒന്നും നമുക്ക് നിഷിദ്ധമല്ല എങ്കിലും അവൻ വരും പ്രതീക്ഷിക്കാതെ നേരത്തെ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത വ്യക്തികളുടെ സാഹചര്യത്തിൽ.

ഒരിക്കൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു. "സിസ്റ്റർ ദൈവത്തെ കണ്ടിട്ടുണ്ടോ ?" ഒരു നിമിഷം കണ്ണുകൾ അടച്ചു തുറന്നു ഞാൻ മറുപടി നൽകി. ഒന്നല്ല, ഒരുപാട് തവണകൾ .

കഴിഞ്ഞ 12 വർഷത്തെ സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി ചില ജീവിത സംഭവങ്ങളും, ജീവിതസാഹചര്യങ്ങളും വിവരിച്ച് ഞാൻ അവരോട് പറഞ്ഞു. ദൈവം വിളിച്ചു അനുഗ്രഹിച്ച ദാനമായി നൽകിയ വിളിയാണ് എന്റെ ജീവിതം. പാവങ്ങളെ ശുശ്രൂഷിക്കാൻ ഉള്ള ദൈവവിളി. ഞങ്ങൾ പാവങ്ങളെ കുളിപ്പിച്ചിട്ടുണ്ട്, ചോറ് കൊടുത്തിട്ടുണ്ട് , ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു... അവരിൽ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, മതമില്ലാത്തവരും ഉണ്ടായിരുന്നു
... എയ്ഡ്സ്, ക്ഷയം , കുഷ്ഠം തുടങ്ങിയ രോഗികൾ വരെ ഉണ്ടായിരുന്നു . ദൈവം വിളിക്കുന്നവരുടെ മുന്നിൽ നില്ക്കുന്ന ആളുകൾക്ക് മതമില്ല, നിറമില്ല, ജാതിയില്ല, ഭാഷയില്ല,രോഗമില്ല... അത് എന്തൊക്കെ തന്നെയായാലും അവർ അതിലെല്ലാമുപരി,നമ്മുടെ സ്വന്തം സഹോദരർ. അനുദിന കുർബ്ബാനയിൽ സ്വീകരിക്കുന്ന യേശുവായി തീരുന്നു... ഒന്നു മനസ്സിലാക്കാം - ദൈവം നമ്മുടെ ജീവിതത്തിൽ വരുന്ന വഴികൾ തികച്ചും അപ്രതീക്ഷിതം ആണെന്ന്. ചിലപ്പോൾ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൂടെയും ദുരിതങ്ങളിലൊക്കെ ദൈവത്തിന്റെ മുഖം നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും.

ക്രിസ്തുവിൻറെ ജനനം യഥാർത്ഥത്തിൽ സംഭവിക്കുന്നത് ആത്മാവിനെ കൂരിരുട്ടിലാണ്, നിലവിളികൾക്ക് നടുവിലാണ്, ഒറ്റപ്പെടലിലാണ്, നിരാശയുടെ പടുകുഴിയിൽ ആണ്... അത്തരം സന്ദർഭങ്ങളിൽ വിശ്വാസത്തിൻറെ ഒരു കൈത്തിരിയുമായി തിരിഞ്ഞുനോക്കുമ്പോൾ "ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട് എന്ന് മൃദുലമായി മന്ത്രിച്ച് നിൽക്കുന്ന യേശുവിനെ നമ്മൾ കാണും. ചിലപ്പോൾ അവൻ ശബ്ദിക്കില്ല... ആ സാമീപ്യം മാത്രം നാമറിയും. വേദനകളുടെ ആശ്വാസമായി, കുറവുകൾ നിറവുകളാക്കി, ഇരുളിലെ പ്രകാശമായി, നിരാലംബതയിൽ ബലമായി, ദുഃഖത്തിൽ സന്തോഷമായി പുൽകൂട്ടിലെ ഉണ്ണിയേശു വീണ്ടും പിറക്കും നമ്മുടെ ജീവിതങ്ങളിൽ. കണ്ണു തുറക്കാം ...കാണാം ഉണ്ണിയേശുവിനെ നമ്മുടെ മുന്നിൽ ... നമുക്ക് ആ തിരുക്കൈപിടിച്ചു നടക്കാം നമ്മുടെ ജീവിതത്തിലേക്ക് ...
- Sr സോണിയ കെ ചാക്കോ, DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...