Wednesday, 18 December 2019

Journey to Bethlahem

     ബെത്ലഹേമിലേക്ക് ഒരു യാത്ര

യാത്രകൾ എന്നും അനിശ്ചിതത്വം ആശ്വാസവും ആനന്ദവും ആകർഷകത്വവും പകരുന്ന അനുഭൂതിയാണ് . ചില വ്യക്തികൾക്ക് യാത്രകൾ ഒരു ഹരം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിരഹവും വേദനയും ആണ്. എന്തൊക്കെയായാലും, അകലേക്കുള്ള ലക്ഷ്യസങ്കേതത്തിലേക്ക് മിഴികൾ ഉയർത്തി, കാൽ നീട്ടി വെച്ച് നടക്കുന്നവരാണ് നാമോരോരുത്തരും. യാത്രയിലെ ഏറ്റവും പ്രധാന കാര്യം കൂടെയുള്ളവൻ ആര് എന്നതാണ് പലപ്പോഴും സഹ യാത്രക്കാർ അപരിചിതൻ ആയിരിക്കും. ആ അപരിചിതർ തന്നെ പിന്നീട് അടുത്ത സുഹൃത്തുക്കളുമായി തീരുന്ന അത്ഭുത പ്രതിഭാസം കൂടിയാണ് യാത്രകൾ.

യാത്രകളിലെ ഏറ്റവും വേദനാജനകമായ യാഥാർത്ഥ്യം വഴിതെറ്റി കയ്യിൽ ഒരു തൊട്ടും ഇല്ലാതെ ആരോട് ചോദിക്കും എന്ന അവസ്ഥയാണ്. യാത്രയ്ക്ക് തുണയില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ അതിലും ഭയാനകരം തന്നെ. പോർച്ചുഗീസുകാർക്ക് ഏറ്റവും ഫലവത്തായ യാത്ര വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള യാത്ര ആവാം. ഇംഗ്ലീഷുകാർക്ക് കൊളംബസിൻറെ അമേരിക്കൻ യാത്രയും ആവാം. റഷ്യക്കാർക്ക് ഒരുപക്ഷേ ചന്ദ്രനിലേക്ക് ഉള്ളതും ആയിരിക്കാം. എന്നാൽ മനുഷ്യൻ ചെയ്താൽ ഏറ്റവും ഫലവത്തായ യാത്രയിൽ ഒന്ന് കിഴക്കുനിന്നും ഉണ്ണിയേശുവിനെ കാണുവാൻ വന്ന മൂന്ന് ജ്ഞാനികളുടെ തായിരുന്നു.കിഴക്ക് ദേശത്തുനിന്നും നാടും നടവഴിയും ഒന്നുമറിയാതെ കേവലം ഒരു നക്ഷത്രത്തിൽ ആശ്രയിച്ച് അവർ നടന്നപ്പോൾ അവർക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ കഴിഞ്ഞത് മറ്റ് ആരെയും അല്ല ഈ ഭൂമി മുഴുവൻ നാഥനായ യേശുവിനെയാണ്. ഒരായുസ്സ് മുഴുവൻ പലരും കാത്തിരുന്നിട്ടും കാണുവാൻ കഴിയാത്ത അപൂർവ അനുഗ്രഹ ദൃശ്യം .

ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ യാത്രകളിൽ ഒന്ന് ജോസഫ് മേരിയും ഈജിപ്തിലേക്ക് നടത്തിയ യാത്ര ആയിരിക്കാം.അന്നും ഇന്നും നമുക്ക് പാലായനം പാരമ്പര്യം തന്നെ. ദൈവം ഭരമേല്പിച്ച അമൂല്യ നിധിയെ ഉണ്ണിയേശുവിനെ കാത്തു പരിപാലിക്കുവാനായി അവർ നന്നേ പാടുപെട്ടു. അറിയാത്ത ദേശത്ത് അറിയാത്ത ആളുകളിലേക്ക്, അറിയാത്ത ഭാഷയിലേക്ക് അവർ യാത്ര തിരിക്കുകയാണ്. എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം? എവിടെ ജീവിക്കണം? ആരുടെ കൂടെ ജീവിക്കണം ? എത്ര കഷ്ടപ്പെട്ട് ജീവിക്കണം? എന്നൊന്നും അവർക്ക് അറിയില്ല ഒരു അനിശ്ചിതാവസ്ഥ കളുടെ യാത്രയായിരുന്നു ആ യാത്ര.


അനിശ്ചിതത്വത്തിലും, ക്ലേശത്തിലും അത്രമാത്രം അനുഗ്രഹങ്ങൾ നിറഞ്ഞൊഴുകുന്ന ഒരു യാത്രയായി അത് അവർക്ക് പരിണമിച്ചു. അവരുടെ ഏറ്റവും ക്ലേശകരമായ ഈ യാത്ര കാരണം ആ മാതാപിതാക്കൾ തനിച്ചായിരുന്നില്ല. അവരുടെ മധ്യത്തിൽ സകലതിന്റെയും ദൈവം ഉണ്ടായിരുന്നു. അവരുടെ കൈയിലും തോളിലും മടിയിലും ഒന്നുമറിയാതെ - എല്ലാം അറിഞ്ഞു അവൻ ഉറങ്ങിയിരുന്നു.

ജീവിതം ഒരു നിരന്തരമായ യാത്രയാണല്ലോ. അത് എത്ര ക്ലേശം നിറഞ്ഞതായാലും സന്തോഷവും സമാധാനവും ആയ സമാപ്തി എത്താറുണ്ട്. അതിന് ഏക കാരണം ആർക്കു വേണ്ടിയുള്ളതാണ് ആരുടെ കൂടെ ഉള്ള യാത്രയാണ് എന്നതിലാണ്.

മറിയത്തെയും യൗസേപ്പിതാവിനെ പോലെ നമ്മുടെ യാത്രകളിൽ നമുക്കും യേശുവിനെ കൂട്ടുകാരൻ ആക്കാം. ഈശോയുടെ കൂടെ നടക്കുന്നവരാകാം. അപ്പോൾ നമ്മുടെ ജീവിത യാത്രയും ഏറ്റവും ഫലവത്തായ ഒരു യാത്രയായി മാറും .
ക്രിസ്തുമസിന് ഏറ്റവും ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ നമുക്കും ഒരു യാത്ര നടത്താം. ബെത്ലഹേമിൽ നിന്ന് ഈജിപ്തിലേക്ക്. കാരണം ജീവിതത്തിൽ സന്തോഷവും ദുഃഖവും ഒരു നാണയത്തിന് ഇരുപുറങ്ങൾ ആണല്ലോ. പക്ഷേ മറക്കാതിരിക്കാം കൂടെ യേശു ഉണ്ടായിരിക്കണം എന്ന കാര്യം. ഓർക്കാം നമ്മുടെ യാത്രയിൽ എപ്പോഴും കൂടെ വരുന്നവരാണ് യേശു എന്ന വസ്തുതയും . കാരണം അവിടുന്ന് ഇമ്മാനുവേൽ - ദൈവം നമ്മോട് കൂടെയാണ്.
ആ ശുഭപ്രതീക്ഷകളാൽ നമുക്ക് യാത്ര തുടരാം ...
-സി. സോണിയ കെ ചാക്കോ, DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...