വുഹാനിൽ വിരിഞ്ഞ വിശുദ്ധിയുടെ വാടാമലരുകൾ
വമ്പൻ ലോകത്തെ കുഞ്ഞൻ വൈറസിനാൽ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ചൈനയിലെ വുഹാനിൽ അവസാനത്തെ വായുവും വെള്ളവും കിട്ടാതെ കുരിശിൽ തൂങ്ങപ്പെട്ട്, കഴുത്ത് ഞെരിഞ്ഞ് ശ്വാസം മുട്ടി ക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്തസാക്ഷിത്വം വരിച്ച രണ്ടു ധീര വിശുദ്ധരാണ് വിൻസെൻഷ്യൻ സഭയിലെ വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റും വിശുദ്ധ ജോൺ ഗബ്രിയേൽ പെർബോയറും.
വിശുദ്ധ പെർബോയർ പറഞ്ഞു: "സ്വർഗീയ സമ്മാനമാണ് സഹനങ്ങൾ. 50% സഹനമാണ് ഒരു മിഷനറിയുടെ ജീവിതം. രക്തസാക്ഷിത്വം വരിക്കുക എന്നത് ദൈവം നൽകുന്ന മഹാ അനുഗ്രഹമാണ്. എന്നെ അത് ഭയപ്പെടുത്തുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതാണ് അത്".
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെപ്രതി സ്വന്തം കുരിശ് ക്രിസ്തുവിന്റെ കുരിശിനോടു ചേർത്തുവച്ച് രക്തസാക്ഷിത്വത്തിലൂടെ അവനിൽ ലയിക്കുമ്പോൾ, സ്വന്തം ജീവിതം ക്രിസ്തുവിന്റെ സഹനജീവിതത്തോടു ചേർത്തുവയ്ക്കുമ്പോൾ അവിടെ പരിധിയില്ലാത്ത സ്നേഹവും വിശ്വാസവും വിശുദ്ധിയും അടങ്ങിയിരിക്കും.
എത്ര വർഷങ്ങൾ കഴിഞ്ഞാലും എത് പ്രതിസന്ധി വന്നാലും കത്തിജ്വലിക്കുന്ന വിശ്വാസത്തിന്റെ ഒരു കൊച്ചു നാമ്പെങ്കിലും അവശേഷിക്കും എന്നതിന് തെളിവാണ് കൊറോണ വൈറസിൻ്റെ മാതൃദേശമായ ചൈനയിലെ വുഹാനിൽ ഇന്നും നിലനിൽക്കുന്ന ക്രിസ്തുവിശ്വാസം. കമ്യൂണിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും ആദർശ വാദികൾ സഭാമക്കളെ ദേശദ്രോഹികളായി കണക്കാക്കി നിഷ്ഠൂരമായ പീഢകളാൽ മരണത്തിനിരയാക്കിയെങ്കിലും അന്നും ഇന്നും അനേകം മിഷനറിമാരുടെ സ്വപ്നഭൂമിയാണ് ചൈന. ക്രിസ്തുവിശ്വാസം സാക്ഷ്യപ്പെടുത്തുക എന്ന സ്വപ്നവും നെഞ്ചിലേറ്റി ക്രിസ്തുവിൻ്റെ പീഡക്കൾക്ക് സദൃശ്യമായ പീഢനങ്ങൾക്കിരയായി മരണത്തെ പുൽകിയ രണ്ടു പുണ്യ വിൻസെൻഷ്യൻ (C M) വൈദികരാണ് വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റും വിശുദ്ധ ജോൺ ഗബ്രിയേൽ പെർ ബോയറും.
വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ്
1748 ൽ ഫ്രാൻസിലെ ഗ്രനോബിലിൽ ജനനം.1769 ൽ മിഷൻ സഭയിൽ ചേർന്നു. തിരുപ്പട്ടത്തിനുശേഷം ധാർമ്മികദൈവശാസ്തത്തിൽ പ്രൊഫസർ ആയി സേവനമനുഷ്ടിക്കുകയായിരുന്നു.
1789 ലെ ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1792 ൽ ചൈനയിലേക്ക് സുവിശേഷം പ്രസംഗിക്കുവാൻ നിയോഗിതനായി. തുടർന്നുള്ള ദീർഘമായ 28 വർഷക്കാലം ചൈനയിൽ ഒരു യഥാർത്ഥ മിഷനറി ആയി ഫാദർ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് ജീവിച്ചു.
1819 ൽ ചൈനയിലുണ്ടായ അപ്രതീക്ഷിത മഹാമാരിക്ക് കാരണക്കാർ ക്രൈസ്തവരാണെന്ന ആരോപണത്താൽ എല്ലാ ക്രൈസ്തവരേയും വധിക്കുവാൻ രാജകല്പന വന്നു. ഫ്രാൻസിസച്ചൻ ഒരു വേദോപദേശിയാൽ പണത്തിനുവേണ്ടി ഒറ്റിക്കൊടുക്കപ്പെട്ട് അറസ്റ്റിലായി.
1819 ജൂലൈ പതിനാറാം തീയതി അധികാരികൾ വിവിധ കുറ്റമാരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പടയാളികൾ അദ്ദേഹത്തെ വളരെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. 1820 ജനുവരി ഒന്നാം തീയതി അദ്ദേഹത്തിനുള്ള ശിക്ഷയായി തൂക്കുമരണം വിധിക്കപ്പെട്ടു. 320 മൈൽ ബന്ധിതനായി കൊലക്കളത്തിലേക്ക് അച്ചനെ നടത്തിക്കൊണ്ടുപോയി. മരണത്തിനു തൊട്ടുമുൻപ് കുരിശിനുമുമ്പിൽ മുട്ടുകുത്തി തന്റെ നെറ്റിയിലും അദ്ദേഹം കുരിശു വരച്ചു, തന്നെത്തന്നെ ദൈവത്തിന് നൽകുന്നതിനുള്ള വലിയ അടയാളമായി.
1820 ഫെബ്രുവരി പതിനെട്ടാം തീയതി അദ്ദേഹത്തെ അവർ കുരിശിൽ തൂക്കി കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു. "ഈ ജീവിതം വെടിഞ്ഞ് കർത്താവിൽ വിലയം പ്രാപിക്കുവാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു'' എന്ന് പറഞ്ഞിരുന്ന ഫ്രാൻസിസച്ചൻ അങ്ങനെ ശ്വാസം മുട്ടി, രക്തം വാർന്ന് അദ്ദേഹം ക്രിസ്തുവിൽ വിലയം പ്രാപിച്ചു.
28 വർഷത്തെ കഠിനമായി സുവിശേഷം പ്രഘോഷിച്ച, ചെമ്മണ്ണിലെ ആ ആദ്യ രക്തസാക്ഷിയെ 1900 മെയ് 27-ാം തിയ്യതി വാഴ്ത്തപ്പെട്ടവനായി തിരുസഭ ഉയർത്തി. മഹാജൂബിലി വർഷമായ രണ്ടായിരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ട ഫ്രാൻസിസ് രജിസ് ക്ലെറ്റിനെ മറ്റ് 119 ചൈനീസ് സാക്ഷികൾക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു.
ജോൺ ഗബ്രിയേൽ പെർബോയറെ
1802 ജനുവരി 7 ന് ഫ്രാൻസിലെ പിയുഷിൽ ജനിച്ചു.1818 ൽ വിശുദ്ധ വിൻസെൻ്റ് ഡി പോൾ സ്ഥാപിച്ച മിഷൻ സഭയിൽ ചേരുകയും 1826 സെപ്റ്റംബർ 23ന് വിൻസെൻ്റ് ഡി പോൾ തിരുപ്പട്ടം സ്വീകരിച്ച അതേ ദിവസം പെർബോയറും തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് വൈദിക വിദ്യാർത്ഥികളുടെ രൂപീകരണത്തിലും, അധ്യാപനത്തിലും ശുശ്രൂഷ ചെയ്തു.
1830 ൽ അദ്ദേഹത്തിൻ്റെ അനുജൻ ലൂയിസ് ഒരു മിഷൻ വൈദികനായി പട്ടം സ്വീകരിച്ചു. ആദ്യ മിഷൻ ദൗത്യം ചൈനയിലേക്ക് ലഭിച്ച ലൂയീസ് യാത്രാമദ്ധ്യേ മരണമടഞ്ഞു. അപ്പോൾ മുതൽ ചൈന മിഷൻ എന്ന ആഗ്രഹം ജോണിൻ്റെ ഉള്ളിൽ കത്തിജ്വലിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില ശരിയല്ല എന്ന് പറഞ്ഞ് അധികാരികൾ സമ്മതിച്ചില്ലെങ്കിലും പ്രാർത്ഥനയിൽ ശരണം വച്ച് ജോൺ അത് നേടിയെടുത്തു. 1835 മാർച്ച് 16ന് അദ്ദേഹം ചൈനാ തുറമുഖത്തെത്തി.
അത്ഭുത കാശുരൂപം ആദ്യമായി ചൈനയിലേക്ക്
1835ൽ ചൈനയിലേക്ക് പുറപ്പെട്ടപ്പോൾ ജോൺ ഗബ്രിയേലിനൊപ്പം തന്റെ സ്വന്തം സഹോദര വൈദികനും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് ചൈനയിൽ എത്താൻ സാധിച്ചില്ല. യാത്രാമധ്യേ രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ചൈനയിലേയ്ക്ക് പുറപ്പെട്ടപ്പോൾ വിശുദ്ധഗ്രന്ഥത്തിനു പുറമേ, 1830 കളിൽ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗിൽ നിന്നും ആയിരങ്ങൾ അത്ഭുതപൂർവം രക്ഷപെടുത്തിയ കുറെ അത്ഭുത കാശുരൂപങ്ങളും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു.
1830 വിശുദ്ധ വിൻസെൻറ് ഡി പോളിൻ്റെ ഉപവി പുത്രിയായ വി. കാതറിൻ ലബോറക്ക് ദർശനത്തിലൂടെ പരിശുദ്ധ കന്യകാമറിയം വെളിപ്പെടുത്തിയതാണിത്. ആയിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച അത്ഭുത കാശുരൂപങ്ങൾ ചൈനയിൽ ആദ്യം എത്തിച്ചത് വി. പെർബോയറും സംഘവുമായിരിക്കണം. വിശുദ്ധ കാതറിൻ ലബോറയുടെ ആത്മീയ പിതാവായ ഫാദർ അലടലിനെ ജോണിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയിലേക്കുള്ള തന്റെ യാത്രയിൽ ധാരാളം അത്ഭുത കാശുരൂപങ്ങളും അദ്ദേഹം കരുതിയിരുന്നു. അത്ഭുത കാശു രൂപത്താൽ നടന്ന നിരവധി അത്ഭുതങ്ങളുടെ സാക്ഷ്യം വിശുദ്ധൻതന്നെ എഴുതി സഹോദരനു അയച്ചിരുന്നു.
ആദ്യം 600 ഉം, പിന്നെ 2000 ത്തോളം വിശ്വസികളുള്ള രണ്ട് സ്ഥലങ്ങളിൽ മിഷൻ ദൗത്യം ലഭിച്ചു. ചൈനീസ് ആഹാരരീതിയും, വസ്ത്രവും, ഒക്കെ പൊരുത്തപ്പെട്ടെങ്കിലും ഭാഷാപഠനം വിഷമമായിരുന്നു എന്ന് ഒരിക്കൽ അദ്ദേഹം എഴുതി.
1839 സെപ്റ്റംബറിൽ വാർഷിക ധ്യാനത്തിനു ശേഷം പെട്ടെന്ന് ഒരു വാർത്ത ലഭിച്ചു: ചൈനാ സാമ്രാജ്യത്തിൽ കയറാനുള്ള സ്വാതന്ത്ര്യം എല്ലാ വിദേശികൾക്കും നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നു. മിഷനറിമാരെ അറസ്റ്റ് ചെയ്യുവാൻവേണ്ടി മണ്ടാരിൻ ഭരണകൂടം പുറപ്പെടുവിച്ച പ്രത്യേക പട്ടാളക്കാർ ഇറങ്ങി. അറസ്റ്റു ചെയ്യാനുള്ള ഉത്തരവുമായി പട്ടാളക്കാർ പാഞ്ഞെത്തി. സഹപ്രവർത്തകൾ പല ദിക്കിലായി ചിതറി. പട്ടാളക്കാർ പലതരത്തിലുള്ള അക്രമങ്ങളാണ് നടത്തിയത്. ദേവാലയത്തിൽ നശിപ്പിക്കുകയും, എടുക്കാൻ പറ്റുന്നത് എല്ലാം മോഷ്ടിക്കുകയും ചെയ്തു. പലരെയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു . ഗുചെങ് ഉപദേശിയുടെ വീട്ടിൽ അഭയം തേടിയ ജോൺ ഗബ്രിയേൽ കൂടെ നിന്ന ഒരു ഉപദേശി 30 ഓൺസ് വെള്ളിക്കാശിന് (taels) ഒറ്റിക്കൊടുത്തതിനാൽ പട്ടാളക്കാർ അച്ചനെ പിടികൂടുകയും ചെയ്തു.
വിശ്വാസം നിഷേധിക്കാൻ വേണ്ടി അവർ അദ്ദേഹത്തോട് ആജ്ഞാപിച്ചു, കുറ്റം ആരോപിച്ചു അദ്ദേഹത്തെ ചുവപ്പുനിറത്തിലുള്ള ഒരു നീണ്ട അങ്കി ധരിപ്പിച്ചു. കഴുത്തിനുചുറ്റും ഒരു വലിയ ചങ്ങലയും ഇട്ടിരുന്നു കൂടാതെ താടിയും മുടിയും മുറിക്കുന്നതിന് വിലക്കും നൽകിയിരുന്നു. അഭക്ത വിഭാഗം (impious Sect) ക്രിസ്ത്യാനികൾ എന്നവരെ മുദ്ര വക്കുകയും ചെയ്തു. ഒരു ട്രൈബ്യൂണൽ നിന്നും മറ്റൊരു ട്രൈബ്യൂണലിലേയ്ക്ക് വലിച്ചിഴച്ചാണ് അവർ കൊണ്ടുപോയത്.
കൂടെയുള്ള മറ്റുള്ള സഹപ്രവർത്തകരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനും ഈശോയിലുള്ള വിശ്വാസം തള്ളിപ്പറയുവാനുംവേണ്ടി അധികാരികൾ വളരെ നിഷ്ഠൂരമായി അദ്ദേഹത്തെ,പീഢിപ്പിച്ചുകൊണ്ടിരുന്നു. ഇല്ലിക്കമ്പുകൾകൊണ്ട് തോരാതെ അടികൾ ഏൽപ്പിച്ചിരുന്നു . ഇരുമ്പ് ചങ്ങലയിലും കുപ്പിച്ചില്ലിലും മുട്ടുകുത്തുവാൻ നിർബന്ധിച്ചിരുന്നു. കൂടാതെ നായയുടെ രക്തം കുടിക്കുവാനും നിർബന്ധിച്ചപ്പോഴും ഒരിക്കൽപോലും തൻ്റെ ശാന്തതയും സൗമ്യതയും, കൈവിടാതെ അക്ഷമയനായി നിന്നു പെർബോയർ.
സിവിൽ ജയിലിലായിരുന്നപ്പോൾ ചില പരിചാരകർക്ക് അദ്ദേഹത്തോട് ചില അനുകമ്പ തോന്നി പരിഗണന കാണിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു. സാധാരണ നിയമം അനുസരിക്കുവാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മരണമുനയിലും പതറാത്ത വിശ്വാസം
"
രക്തസാക്ഷിത്വം വരിക്കുക എന്നത് ദൈവം നൽകുന്ന മഹാ അനുഗ്രഹമാണ് ഞാൻ അത് ഭയപ്പെടുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതാണ് അത്" എന്ന് അങ്കിളിന് പെർബോർ എഴുതിയ കത്തിൽ നിന്നും കാണാം.
"നിൻറെ ദൈവത്തെ ഉപേക്ഷിക്കുക, ചവിട്ടി താഴ്ത്തുക. ഞാൻ നിന്നെ സ്വതന്ത്ര്യമാക്കാം'' എന്ന് ഗവൺമെൻറ് ഓഫീസർ പറഞ്ഞപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞു: "എൻ്റെ രക്ഷകനെ ഞാനെങ്ങനെ നിഷേധിക്കും?" എന്നിട്ട് അദ്ദേഹം ക്രൂശിത രൂപത്തെ ചേർത്തുപിടിച്ച് ചുംബിച്ചുകൊണ്ട് പറഞ്ഞു: "മരിച്ചാലും ഞാൻ വിശ്വാസം ത്യജിക്കില്ല".
ക്രിസ്തുവിൻ്റെ മരണസദൃശ്യമായ മരണം
വിശുദ്ധ ജോൺ ഗബ്രിയേലിൻ്റെ മരണത്തിന് കർത്താവിന്റെ പീഡാസഹനങ്ങളോടും കുരിശുമരണത്തോടും അഭേദ്യമായ സാമ്യമുണ്ടായിരുന്നു. ഈശോയെ പോലെ സഹചരനാൽ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുക്കപെട്ടു. ഈശോയെപ്പോലെ നീണ്ട വിചാരണയ്ക്കും പീഡനങ്ങൾക്കും ശേഷം ചങ്ങലയാൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്തു.
1840 സെപ്റ്റംബർ മാസം പതിനൊന്നാം തീയതി വെള്ളിയാഴ്ച 3 മണിക്ക് പെർ ബോയച്ചെനെ കുരിശിൽ കെട്ടി കഴുത്ത് ഇറുക്കി വധിക്കുവാൻ ആജ്ഞ പുറപ്പെടുവിച്ചു. കർത്താവിനെപ്പോലെ ഒരു നീണ്ട ചുവന്ന അങ്കി ധരിച്ചാണ് കൊലക്കളത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോയത്. അവർ അച്ചനെ കുരിശിൽ ബന്ധിച്ചു. മൂന്നു മണിനേരം ശ്വാസം ലഭിക്കാതെ പിടഞ്ഞു മരിക്കുകയും ചെയ്തു. മരിക്കും മുൻപ് ഘാതകരോട് ക്ഷമിക്കുവാൻ അദ്ദേഹം മറന്നില്ല.
നാമകരണം
1889 മെയ് 30- ന് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ജോൺ ഗബ്രിയേലിനെ ഉയർത്തിയപ്പോൾ മുൻ നിരയിൽ ദൃക്സാക്ഷികളായി അദ്ദേഹത്തിൻ്റെ സ്വന്തം സഹോദരരും ഉണ്ടായിരുന്നു. 1996 ജൂൺ രണ്ടാം തീയതി ജോൺപോൾ രണ്ടാമ മാർപ്പാപ്പ വാഴ്ത്തപ്പെട്ട ജോൺ ഗബ്രിയേലിനെ വിശുദ്ധനായി നാമകരണം ചെയ്യുന്ന ചടങ്ങിൽ ഇപ്രകാരം പറയുകയുണ്ടായി "ദരിദ്രർക്ക് സുവിശേഷം പ്രസംഗിക്കുവാനായി വന്ന യേശുവിനെപ്പോലെ വിശുദ്ധ വിൻസെൻ്റ് ഡി പോളിനെ പിന്തുടരുവാൻ ആഗ്രഹിച്ച മിഷൻ സഭ (Congregation of the Mission) സഭയിലെ അംഗമായിരുന്നു ജോൺ ഗബ്രിയേൽ പെർബോയർ CM.
അദ്ദേഹത്തിൻ്റെ ഏറ്റവും തീവ്രമായ ആഗ്രഹം ആയിരുന്നു സുവിശേഷം പ്രസംഗിക്കുക എന്നത്. സ്വന്തം ദൈവത്തോടുള്ള തീവ്രമായ താൽപര്യവും വിശ്വസ്തതയും അദ്ദേഹത്തെ മരണത്തോളം താഴ്ത്തി. ഞങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ മഹത്വം സ്വർഗ്ഗത്തിലെ വിശുദ്ധ സമൂഹത്തോടൊപ്പം പ്രഖ്യാപിക്കുകയാണ്.
"നമുക്ക് വേണ്ടതെല്ലാം വിശുദ്ധ കുർബാനയിലും, സുവിശേഷത്തിലും, വിശുദ്ധ കുരിശിലുമുണ്ട്". യേശു മാത്രമാണ് നമ്മുടെ ബലം സ്വർഗീയ അനുഗ്രഹങ്ങളും മഹത്വം മഹത്വവും നമുക്ക് വേണമെങ്കിൽ നാം എളിമയുടെയും, ഉപവിയുടെയും, അനുസരണത്തിന്നെയും പാതയിലൂടെ നടക്കണം... ജീവിതത്തിൽ ഒരിക്കലും മടുപ്പ് തോന്നാതെ മുന്നോട്ട് പോകാം ".
ചെങ്കൊടിയാൽ മനസ്സ് നിർവീര്യമാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ നാടല്ല ചൈന, കൊറോണ വൈറസിനാൽ പൊട്ടി പുറപ്പെട്ട വുഹാനിലെ ആളുകളുടെ മാത്രമല്ല ചൈന, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ വേരുകൾ ബാക്കി വച്ച നാടുമല്ല ചൈന. ഇന്നും വിശ്വാസത്തിന്റെ നാമ്പുകൾ കിളിർത്തു നിൽക്കുന്ന, വിശ്വാസത്തിൽ വളരുവാൻ കൊതിക്കുന്ന, ഉള്ളിൽ കത്തുന്ന വിശ്വാസത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായ അനേകം വിശ്വാസികൾ ജീവിക്കുന്ന നാടു കൂടിയാണ് ചൈന.
വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലെറ്റ് പറയുമായിരുന്നു: "നമ്മുടെ യഥാർത്ഥ ഭവനം സ്വർഗ്ഗമാണ്. ഈ ലോകത്തിലെ ഏത് രാജ്യത്തുനിന്നും സ്വർഗ്ഗീയ ഭവനത്തിലേക്ക് നമുക്ക് പ്രവേശനമുണ്ട് ". തെക്കു കിഴക്കൻ ഫ്രാൻസിൽ ജനിച്ച വിശുദ്ധ ഫ്രാൻസിസ് റെജിസ് (1748- 1820) ഫെബ്രുവരി 18 ന് സ്വർഗ്ഗത്തിലിടം പിടിച്ചതിൻ്റെ 200-ാം വാർഷികവും, തെക്കേ ഫ്രാൻസിൽ 1802 ൽ ജനിച്ച് 38- വയസ്സിൽ 1840 സെപ്റ്റംബർ 11ന് കർത്താവിൽ വിലയം പ്രാപിച്ചതിൻ്റെ പെർബോയറുടെ 180-ാം വർഷികവുമാണ് ഈ 2020 വർഷം.
ചൈനയിലെ പല ദേവാലയങ്ങളിൽ ഇന്നും ഫ്രാൻസിസ് രജിസിൻ്റെ രൂപങ്ങൾ കാണുവാൻ കഴിയും. ഈ രണ്ടു വിശുദ്ധരെയും അടക്കിയ ശവകുടീരം ഏറ്റവും വലിയ ബഹുമാനത്തോടെയും ഭക്തിയോടെയും അവിടുത്തെ വിശ്വാസികൾ ഇന്നും കാത്തു പോകുന്നു.
വിശുദ്ധ ജോൺ ഗബ്രിയേൽ എഴുതിയ പ്രാർത്ഥന.
"ഓ എൻ്റെ ദിവ്യ രക്ഷകാ, എന്നെ അങ്ങയുടെതാക്കി മാറ്റണമേ. എൻ്റെ കരങ്ങൾ അങ്ങയുടേതായിരിക്കട്ടെ. എൻ്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും അങ്ങേ മഹത്വത്തിനുവേണ്ടി ഉപകരിക്കട്ടെ. അങ്ങേയ്ക്ക് സേവനം ചെയ്യുവാൻ വേണ്ടതെല്ലാം എനിക്ക് നല്കണമേ. അങ്ങനെ എന്റെ ഓർമ്മയും, ഇച്ഛാശക്തിയും, ഇഷ്ടങ്ങളും അങ്ങയുടേതാവട്ടെ. അങ്ങയുടേതല്ലാത്തതെല്ലാം എന്നിൽനിന്നും നശിപ്പിക്കണമേ.
ഞാൻ അങ്ങയിലും അങ്ങേയ്ക്കുവേണ്ടിയും മാത്രം ജീവിക്കുവാൻ കൃപയേകണെ. അപ്പോൾ വി. പൗലോസിനെപ്പോലെ ഞാനും സത്യമായി പറയും ഇനിമേൽ ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്". - മരണത്തിന് കുറച്ചു നാൾ മുന്നേ വിശുദ്ധ ജോൺ ഗബ്രിയേൽ എഴുതിയതാണ് ഈ പ്രാർത്ഥന.
ഒരു പാഠം
ഒരു തുള്ളി വെള്ളം കുടിക്കാൻ ആവാതെ ഒന്ന് ശ്വസിക്കാൻ പോലും ആകാതെ ആകാശത്തിനും ഭൂമിക്കുമിടയിൽ ശ്വാസംമുട്ടി പിടഞ്ഞ ഈ രണ്ടു വിശുദ്ധർക്ക് വൃക്ഷലതാദികളും, ചുവന്ന മലനിരകളും കുറച്ചു അവിശ്വാസികളും കുറെ കഠിന ഹൃദയരായ ഭരണാധികാരികളും നിശബ്ദരായി സാക്ഷ്യം വഹിച്ചു. അന്ന് അവിടെ സന്നിഹിതനായ അവർ മാത്രമല്ല, ഇന്ന് അവർ പതിനായിരങ്ങൾക്ക് പ്രചോദനവും ധൈര്യവും ജീവിതസാക്ഷ്യം ആണ്.
200 വർഷങ്ങൾ മുൻപ് വുഹാനിൽ ശ്വാസം ലഭിക്കാതെ കുരിശിൽ പിടഞ്ഞ് മരിച്ച ഈ വിൻസെൻഷ്യൻ വിശുദ്ധരായ രക്തസാക്ഷികൾക്ക് വുഹാനൻ നിന്നും പുറപ്പെട്ട വൈറസിനാൽ വലയുന്ന ലോകത്തോട് ഒന്ന് പറയുവാനുണ്ട്: "ഇത് മാത്രം മതി നമുക്ക് ഇവിടെ ജീവിക്കുവാൻ. ജീവശ്വാസമായ് ക്രിസ്തുവും, ദാഹജലം ആയ കർത്താവും, നിത്യവുമുള്ള അവിടുത്തെ പരിപാലനയിൽ ഉള്ള ആശ്രയവും". പീഡനങ്ങൾക്ക് നടുവിലും ഇരുവർക്കും ആരോടും പരാതിയില്ലാതെ പോയും ഫ്രാൻസിസ് രജിസ് പറയുമായിരുന്നു. ദൈവത്തിൽ ആശ്രയിക്കുക. വളരെ സൗമ്യമായി സമചിത്തതയോടെ ക്ഷമാപൂർവ്വം അവർ കാത്തിരുന്നു. കർത്താവിന്റെ ഹിതം നിറവേറട്ടെ... ജീവിതത്തിൽ എത്രമാത്രം വേദനകൾ സഹിക്കേണ്ടി വന്നാലും അവിടെയെല്ലാം സമചിത്തതയോടെ, വിശ്വാസത്തോടെ, അത് സ്വീകരിക്കാൻ വേണ്ട കൃപാവരം നന്നായി നമ്മളും പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. കുരിശിൽ ഇല്ലാതെ കിരീടം ഇല്ല എന്നോർക്കാം. മഹാപകർച്ചവ്യാധിയായ കൊറോണയാൽ ശ്വാസം മുട്ടിയും, വഴി മുട്ടിയുമിരിക്കുന്ന നമുക്ക് ഈ സഹനങ്ങൾ ഈശോയുടെ കുരിശിലേക്ക് ചേർത്തുവയ്ക്കാം.
ഗാഗുൽത്തായിൽ ചിന്തിയ തിരുരക്തം നമുക്ക് വേണ്ടി നമ്മുടെ മേൽ കരുണ ചെയ്യുവാൻവേണ്ടി കാത്തിരിക്കുകയാണ്. വിശ്വാസത്താലും പ്രത്യാശയാലും അതിജീവിക്കുക അനിവാര്യം തന്നെ.
തിരുനാൾ
1. വി. ഫ്രാൻസിസ് റെജിസ് ക്ലെറ്റ് - ജൂലൈ 9
2. വി. ജോൺ ഗബ്രിയേൽ പെർബോയർ - സെപ്റ്റംബർ 11
-Sr സോണിയ കെ ചാക്കോ, DC