Friday, 10 April 2020

മംഗളവാർത്ത മുതൽ പിയാത്ത വരെ 


മംഗളവാർത്ത മുതൽ പിയാത്ത വരെ 


ഈശോയുടെ രക്ഷാകരചരിത്രത്തിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ രംഗപ്രവേശനം സന്തോഷത്തിലും അനുഗ്രഹത്തിലും ആയിരുന്നല്ലോ. എന്നാൽ കാലിത്തൊഴുത്തിലാദ്യം ഉണ്ണിയേശുവിനൊപ്പം കാണുന്ന അമ്മയെ യേശുവിനൊപ്പം നാം അവസാനം കാണുന്നത് കാൽവരി മലയിൽ ആണ്. ശരീരം മുഴുവൻ നീറുന്ന മുറിവുകളാൽ കുരിശിൽ പിടയുന്ന തൻ്റെ പുത്രനരികെയാണവൾ.

ലോകപ്രശസ്ത ചിത്രകാരനായ മൈക്കിൾ അഞ്ചലോ 1499 ൽ തൻ്റെ 24-ാം വയസ്സിൽ 'പിയാത്ത' എന്ന ഏറ്റവും മനോഹരമായ പ്രതിമ ഒറ്റ മാർബിളിൽ കൊത്തിയെടുത്തത് ഇന്ന് അത്ഭുതത്തോടെ ലോകം വത്തിക്കാനിൽ കാണുന്നു. യുവാവായ മൈക്കിൾ വളരെ സൂഷ്മതയോടെയാണ് രൂപം നിർമ്മിച്ചത്. ദിവ്യസുതൻ്റെ മേനി പച്ചയായ കൈകളിലല്ല തൻ്റെ നീണ്ട തല മുണ്ടിനാൽ അവളുടെ കൈ മറച്ച് യേശുവിനെ കോരിയെടുത്തു ആ അമ്മ. കേവലം 23-24 വയസ്സിൽ അന്ന് 522 വർഷങ്ങൾക്ക് മുന്നെ ആരും ചിന്തിക്കാത്തൊരു മരിയൻ ദൈവശാസ്ത്രവും കൂട്ടിച്ചേർത്തു പരിശുദ്ധ അമ്മയുടെ പ്രായം 33വയസ്സുള്ള അമ്മമാരെ പോലെ തന്നെ സൃഷ്ടിയിലും ആഞ്ചലോ കുറച്ചു. 5-ാം വയസ്സിൽ സ്വമാതാവിനെ നഷ്ടപ്പെട്ട അദ്ദേഹം തൻ്റെ ശില്പത്തിലും ആവോളം മാതൃസ്നേഹം കലർത്തി. അതു കൊണ്ടു തന്നെ ഇടക്കിടെ ചാപ്പലിൽ വിസീത്തക്ക് അദ്ദേഹം പോയി പ്രാർത്ഥിച്ചിരുന്നു.

മറിയം പ്രസവവേദനയിൽ പിടഞ്ഞപ്പോൾ അരികെ ആശ്വസിപ്പിക്കുവാൻ യൗസേപ്പ് താതനുണ്ടായിരുന്നു. പുത്രൻ്റെ മരണം കൺമുന്നിൽ ആ ദുഃഖവെള്ളിയാഴ്ച തനിയെ കാണുമ്പോൾ അന്ന് ജെറുസലേം ദേവാലയത്തിൽ വച്ച് ശിമയോൻ അരുളിചെയ്ത വാക്കുകളുടെ പൂർത്തീകരണം തൻ്റെ ഹൃദയത്തിലവൾ അനുഭവിച്ചറിഞ്ഞു.

കുരിശിൽ വച്ച് തന്നെ മരിച്ചു കഴിഞ്ഞു എന്നറിഞ്ഞ് ഈശോയുടെ ശരീരം സാബത്തിന് മുന്നേ പട്ടാളക്കാർ എടുത്തു മാറ്റിയപ്പോൾ ആ മകൻ്റെ ചേതനയറ്റശരീരം അമ്മയുടെ മടിയിൽ കിടത്തുകയാണ്. ഉണ്ണീശോയെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്ത് വെച്ച് ആ കൈകൾ ഒരിക്കൽക്കൂടി സ്വപുത്രനെ തലോടുകയാണ്. ഈശോയുടെആദ്യത്തെ തൊട്ടിലായ ആ അമ്മയുടെ മടി ഇന്ന് അന്ത്യ കിടക്കയായി പരിണമിക്കുന്നു. അപ്പോൾ അമ്മയുടെ മനസ്സിലൂടെ കടന്നുപോയത് മംഗളവാർത്ത മുതൽ ഗോൽഗോഥാ വരെയുള്ള ദീർഘമായ 33 വർഷങ്ങൾ ആയിരുന്നു... സ്നേഹത്താൽ തലോടുന്ന കൈകൾ, വേദനയിൽ പിടയുന്ന ഹൃദയം, ഇട്ടിട്ടു വീഴുന്ന കണ്ണുനീർ, ആർക്കും വിവരിക്കാനാവാത്ത ദുഃഖത്തിലും ആ അമ്മ അലറിക്കരയുന്നില്ല. നെഞ്ചിലാഞ്ഞു വേദനയുടെ വാൾ ആഴ്ന്നിറമ്പോഴും ഒരക്ഷരം ദൈവത്തിനെതിരെ പറയാതെ നിശബ്ദതയിൽ എല്ലാം മനസ്സാ സ്വീകരിക്കുകയാണ് ആ സഹന മാതാവ്. 33 വർഷങ്ങൾക്ക് മുൻപ് മംഗളവാർത്തയിൽ മാലാഖയോട് ഉരുവിട്ട വാക്കവൾ ആവർത്തിക്കുന്നു - "ഫിയാത്ത് (ഉവ്വ്) " ദൈവഹിതം നിറവേറട്ടെ. നമ്മുടെയൊക്കെ വേദന നിമിഷങ്ങളിൽ ഒരു നിമിഷം നമുക്ക് നോക്കാം പരിശുദ്ധ അമ്മയുടെ ഹൃദയത്തിലേക്ക്... പ്രത്യേകിച്ചും പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതമായ മരണം നേരിടേണ്ടിവരുന്ന അവസ്ഥകളിൽ.

മക്കളുടെ അകാലത്തിലെ വേർപാടിൻ്റെ വേദനകളിൽ പരിശുദ്ധ കന്യാമറിയത്തെ വേദന നമുക്കും നമ്മുടെ ഹൃദയങ്ങളിൽ അറിയാം... ദൈവഹിതം നമ്മുടെ ജീവിതത്തിൽ നിറവേറട്ടെയെന്ന് പ്രാർത്ഥിക്കാം...ആ വേദന അനുഭവിക്കുന്ന ഓരോ അമ്മമാരെയും പരിശുദ്ധഅമ്മയുടെ നിർമ്മല ഹൃദയത്തിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യാം.

'ഉവ്വ്' എന്ന രണ്ടക്ഷരത്തിൽ തൻറെ സ്വപ്നങ്ങൾക്കും പദ്ധതികൾക്കും, ആഗ്രഹങ്ങൾക്കും പൂർണവിരാമം ഇട്ട യുവതിയായ മറിയം പിന്നിട് ജീവിതത്തിൽ മുന്നിൽ വന്ന എല്ലാ കഷ്ടതകളിലും ധൈര്യത്തോടെ ദൈവഹിതത്തിന് മുന്നിൽ തല കുനിച്ചു. 


ശോയുടെ ജനനം മുതൽ മരണം വരെ ഡെമോക്ലിസിയുടെ വാൾ പോലെ പരിശുദ്ധ അമ്മയുടെ നേരെ സഹനത്തിൻൻ്റെ വാൾ എന്നും തൂങ്ങിയിരുന്നു. എങ്കിലും ഒരിക്കൽ പോലും പ്രത്യാശ നഷ്ടപ്പെടാതെ, തളരാതെ എല്ലാം അവൾ സ്വീകരിച്ചു, എല്ലായ്പോഴും അമ്മയ്ക്ക് സാധിച്ചു കാരണം അവിടുത്തെ കൂടെ ദൈവം തന്നെ ഉണ്ടായിരുന്നു. ഈശോയ്ക്ക് വേണ്ടി ഈശോയോട് കൂടെ എല്ലാം ചെയ്യുമ്പോൾ എത്ര കഠിന വേദനയും ഈശോയ്ക്ക് വേണ്ടി സഹിക്കുവാൻ സാധിക്കും... അവിടുന്നു പറയുന്നു: "നിനക്കെൻ കൃപ മതി". - 2 കൊറിന്തോസ് 12:9)
- സി സോണിയ കെ ചാക്കോ, DC

1 comment:

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...