പത്രോസും യൂദാസും
Amazing grace! how sweet the sound,
That saved a wretch; like me!
I once was lost, but now am found,
Was blind, but now I see. 'അവർണ്ണനീയമായ അനുഗ്രഹങ്ങൾ എത്ര മധുരമാണെന്ന് ... '' ജോൺ ന്യൂട്ടൻ എന്ന ആഗ്ലിക്കൻ യുവാവ് ക്രിസ്തുമതത്തെ ആശ്ലേഷിച്ചപ്പോൾ മനമുരുകി പാടിയ വരികളാണിത്. അടിമക്കച്ചവടം നടത്തുകയും, അടിമകളെ കപ്പൽമാർഗ്ഗം ഇംഗ്ലണ്ടിലേക്ക് എത്തിക്കുകയുമായിരുന്നു അദ്ദേഹത്തിൻ്റെ ജോലി. ഒരിക്കൽ തൻ്റെ കപ്പൽ അയർലണ്ടിനരികെ മുങ്ങിത്താഴുവാൻ പോയപ്പോൾ ന്യൂട്ടൻ മനമുരുകി പ്രാർത്ഥിച്ചു. ദൈവം പ്രാർത്ഥന കേട്ടു. മാനസാന്തരപ്പെട്ട അയാൾ പിന്നിട് കൊട്ടാരത്തിൽ എത്തി അടിമക്കച്ചവടം എന്നേക്കുമായി നിർത്തണമെന്ന് അഭ്യർത്ഥിച്ചു.1772 ൽ എഴുതിയ ഈ ഗാനം രണ്ട് നൂറ്റാണ്ടിലധികം 1 1000 ആൽബത്തിൽ ആയിരങ്ങൾ പാടി.. ഇന്നും ലക്ഷങ്ങൾ ഏറ്റു പാടുന്നു.
ഈശോ ഏറ്റവുമധികം വിശ്വസിച്ച 12 ശിഷ്യന്മാരിൽ രണ്ടുപേരാണ് വിശുദ്ധ പത്രോസും യൂദാസ് സ്കറിയോത്തയും. പെസഹാനാളിലും, പീലാത്തോസിനെ അരമനയിലും, പ്രത്തോറിയത്തിലും, കുരിശു വഹിച്ചുള്ള പ്രയാസം നിറഞ്ഞ വഴിയിലും അവിടുത്തെ കണ്ണുകൾ ശിഷ്യർക്കായി പരതിയിരിക്കാം. ഈശോ ഒത്തിരി സ്നേഹിച്ചിട്ടും, അറിഞ്ഞിട്ടും കൂടെ മൂന്നുവർഷം ജീവിച്ചിട്ടും ഒരു സ്ത്രീയുടെ മുന്നിൽ അവൻ വെട്ടിത്തുറന്നു പറഞ്ഞു "എനിക്ക് അവനെ അറിയില്ല". ഘോരമായ പീഢകളുടെ നടുവിൽ അരുമ ശിഷ്യരുടെ നിസ്സംഗത നിറഞ്ഞ അറിവില്ലായ്മ ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് നൊമ്പരമായ് താണിറങ്ങി. അവിടുത്തെ ശരീരത്തിൽ പതിച്ചതിനേക്കാൾ ആഴമായ മുറിവ് കർത്തൃഹൃദയത്തിലേക്ക് കുത്തിയിറങ്ങി. കർത്താവേ കൂടെ നിന്നവരും നിൽക്കേണ്ടിവരും ഇല്ലാതാവുമ്പോൾ, അറിയാതെ ആവുമ്പോൾ, മറന്നു പോകുമ്പോൾ, പ്രതീക്ഷകൾ നശിക്കുമ്പോഴും, പ്രിയപ്പെട്ടവർ അകലുമ്പോഴും... ജീവിതത്തിനു മങ്ങലേൽക്കാതെ പ്രതീക്ഷ കൈവിടാതെ, ക്രൂശിതനിലേക്ക് ദൃഷ്ടികൾ ഉയർത്തുവാനും, പ്രതീക്ഷ ഇല്ലാത്തപ്പോഴും, വേദനകളും അപമാനങ്ങളും നിറയുമ്പോഴും പരിഭവങ്ങളുടെ നിരന്തഗാനം ദൈവത്തിന് അയക്കാതെ എനിക്ക് വേണ്ടി മരിച്ച രക്ഷകനിലേക്ക്... കുരിശിലേക്ക് കണ്ണുകളുയർത്തി എല്ലാം സ്വീകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ...മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനെ സ്നേഹത്തോടെ കർത്താവ് നോക്കിയപ്പോൾ പൊട്ടിക്കരഞ്ഞുപോയി...
അന്ത്യ അത്താഴ വേളയിൽ ദുഷ്ചിന്തകളോടെ പടിയിറങ്ങുന്ന ഒരു ശിഷ്യൻ - യൂദാസ്. സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി മാത്രം നിലകൊണ്ടവസാനം ഉടയവനെ തന്നെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസ്. വിശുദ്ധമായ മേശക്കരികിൽ നിന്നും കർത്താവിനെ വേണ്ടെന്നു വച്ച് തിരിച്ചു നടക്കുകയാണ് ആത്മഹത്യയിലേക്ക്. ജീവനെ മറന്ന് മരണത്തിലേക്ക്... അവൻ്റെ സ്വാതന്ത്ര്യം കർത്താവ് ഹനിക്കുന്നില്ല. എങ്കിലും വിതുമ്പുന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി
അരുമ ശിഷ്യനെ ഒത്തിരി വേദനയോടെ കർത്താവിൻറെ കണ്ണുകൾ പിന്തുടർന്നു... "ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന പ്രാർത്ഥനയിൽ ".
ധൂർത്തപുത്രൻ ഉപമയിലെ പിതാവ് കാത്തിരുന്നതുപോലെ ഇരുകരങ്ങളും നീട്ടി നിറകണ്ണുകളുമായി പടിവാതിൽക്കൽ കർത്താവ് നിത്യം കാത്തിരിക്കുകയാണ് . അന്നു യൂദാസായിരുന്നെങ്കിൽ ഇന്ന് നമ്മിൽ പലരെയും...
പത്രോസ് പിൻതിരിഞ്ഞു നോക്കിയപ്പോൾ ആ തിരുകണ്ണുകളിലെ മിഴിനീർ തിളക്കം അവൻ കണ്ടു. മനം നൊന്ത് "നാഥാ നിന്നെ ഞാൻ സ്നേഹിക്കുന്നു" എന്ന് ഏറ്റുപറഞ്ഞ് തിരികെയെത്തി. നോക്കാനാവാത്ത കടുത്ത മനസ്സുമായി യൂദാസ് നടന്നകന്നു. അവൻ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ തിൻമ അവനെ അതിനു പോലും അനുവദിച്ചില്ല... പക്ഷേ അത് എത്തിച്ചേർന്ന വിനാശത്തിന് പടുകുഴിയിലേക്ക് ആണ്.
പ്രിയ സഹോദരരേ, ഇതാണു സമയം. സ്വീകാര്യമായ സമയം... നമ്മുടെ ഉള്ളിലേക്ക് നോക്കാൻ, ഒട്ടും മടിക്കാതെ പത്രോസിനെ പോലെ തിരിഞ്ഞു നടക്കാൻ...
നമ്മിൽ പലരും സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ഇത്തിരി നേരത്തെ 'സുഖങ്ങൾക്ക് വേണ്ടിയും ആത്മാവിനെ മറന്ന് നാം വ്യർത്ഥ കാര്യങ്ങളിൽ വ്യാപകരാകുമ്പോൾ നമ്മെ നോക്കി മിഴിനീർ പൊഴിക്കുന്ന ആ കണ്ണുകളിലേക്ക് നമുക്ക് നോക്കാം... അവിടുത്തെ മുറിവുകളുടെ ആഴവും, ആ കണ്ണുനീരിൻ്റെ തിളക്കവും നൊമ്പരവും നമുക്ക് കാണാം, അറിയാം... അങ്ങനെ നമ്മുടെ ഹൃദയങ്ങളെ മാറ്റാം നമ്മുട തെറ്റായ ചിന്തകളും. പ്രവർത്തനങ്ങളും ഒക്കെ മറന്ന് മനമുരുകി പൊട്ടികരഞ്ഞു കുരിശിൽ ഈശോയുടെ കുരിശിനെ വാരിപ്പുണരാൻ, ഒരു നിമിഷത്തേക്കല്ല ഒരു ജന്മം മുഴുവൻ അവിടുത്തെ സ്വന്തമാക്കാം.
Sr സോണിയ K ചാക്കോ DC
No comments:
Post a Comment