2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ ഏറ്റവുമധികം വിശ്വാസികൾക്ക് ജീവൻ നഷ്ടപ്പെട്ട കൊളംബോ നഗരത്തിനടുത്തുള്ള നെഗോമ്പോ വിശുദ്ധ സെബസ്ത്യാനോസ് ഇടവക പള്ളിയിലേക്ക് കാത്തലിക് ബൈബിൾ ഫെഡറേഷൻ ടീം അംഗങ്ങൾ നടത്തിയ സന്ദർശനത്തിൻ്റെ ഓർമ്മകൾ റവ. ഫാദർ ജോ ഇരുപ്പക്കാട്ട്, SSP പങ്കുവയ്ക്കുകയാണ്.
ഉയിർപ്പിൽ ഉയിരറ്റവർ
ഈസ്റ്റർ എന്നും സന്തോഷത്തിൻ്റെയും, സമാധാനത്തിൻ്റയും, പ്രത്യാശയുടേയും ഓർമ്മകളാണല്ലോ. എന്നാൽ ശ്രീലങ്കയിലെ നെഗോബോയിലെ വിശുദ്ധ സെബസ്ത്യാനോസ് ഇടവകാംഗങ്ങൾക്ക് കഴിഞ്ഞ ഈസ്റ്ററിന് രക്തത്തിൻറെ മണമാണ്, സ്പോടനത്തിൻ്റെ ശബ്ദമാണ്, കരച്ചിലുകളുടെ മുഴക്കമാണ്, ചിതറിവീണ മനുഷ്യശരീരങ്ങളുടെ ഭയാനകമായ ഓർമ്മകളാണ്. 2019 ഏപ്രിൽ 21 ലോകത്തിലെയും ഏതൊരു ഇടവക സമൂഹവും പോലെ കർത്താവിൻറെ ഉത്ഥാനം ആഘോഷിക്കുവാൻ കുടുംബസമേതം നൂറുകണക്കിന് വിശ്വാസികൾ അവിടെയും തടിച്ചു കൂടിയിരുന്നു. പാപത്തിനും മരണത്തിനു മേലുള്ള തമ്പുരാൻറെ വിജയം ആഘോഷിക്കുവാൻ ഒരുമിച്ചു കൂടിയ നിഷ്കളങ്കരായ വിശ്വാസികൾ... പെട്ടെന്ന് എല്ലാ സന്തോഷങ്ങളും തിരുക്കർമ്മങ്ങൾക്കും ഒരു വിരാമം വന്നു. വൻ ശബ്ദത്തോടെ കോൺക്രീറ്റ് ഭാഗങ്ങൾ താഴെ വീഴുന്നു, തകർന്നു വീഴുന്ന മറ്റു പല സാധനസാമഗ്രികൾ, ഉയർന്നു പൊങ്ങുന്ന കൂട്ട നിലവിളികൾ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ, എല്ലായിടത്തും രക്തപുഴ ഒഴുകുന്നു ... ഒരു ചാവേർ അക്രമി അത്യുഗ്രമായ ബോംബുകളും ആയി വിശ്വാസികൾ തിങ്ങിനിറഞ്ഞ ആ ദേവാലത്തിനുള്ളിൽ കയറി രാവിലെ 8.45 നടത്തിയ സ്ഫോടനം വഴി അവിടെ കൂടിയിരുന്ന 115 വിശ്വാസികളുടെ ജീവൻ ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണ്. ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദിയായ അച്ചി മുഹമ്മദ് എന്ന വ്യക്തി സ്വയം മനുഷ്യ ബോംബായി നടത്തിയ മനുഷ്യക്കുരുതി. ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുവാൻ ഒരുമിച്ചു കൂടിയവർ ഉയരറ്റ ശരീരങ്ങളായി മാറുന്നു. പലരും ജീവിതം മുഴുവൻ അയവങ്ങളറ്റവരായി ആ ഉയർപ്പ് തിരുന്നാൾ മറക്കാനാവാത്ത ദിനമായി മാറുന്നു. ... ഒരുമിച്ച് തിരുക്കർമ്മങ്ങൾ കൂടുവാൻ വന്നു കുടുംബത്തിലെ പലരും ഒറ്റപ്പെട്ടുപോയ കരിദിനമായി മാറിയ ഉയിർപ്പു തിരുന്നാൾ.
സെന്റ് സെബാസ്റ്റ്യൻ ഇടവക കൂടാതെ കൊളംബോയിലെ സെന്റ് ആൻറണിയുടെ കപ്പേളയും ബട്ടികൊളൂവിലെ സിയോൺ ഇവാഞ്ചലിക്കൽ ചർച്ച് സ്ഫോടനത്തിൽ ജീവന് അപായം സംഭവിച്ച മറ്റു ദേവാലയങ്ങളാണ് കൂടാതെ കൊച്ചു കൊച്ചു സ്ഫോടനങ്ങൾ പലയിടത്തും നടന്നിരുന്നു. അങ്ങനെ ആകെ 259 ജീവനുകളെ മൂന്ന് നാല് തീവ്രവാദികൾ ഒറ്റദിവസംകൊണ്ട് നഷ്ടപ്പെടുത്തുകയും. പലരെയും അർധപ്രാണരായ അവശേഷിക്കുകയും ചെയ്തു. ശ്രീലങ്ക മാത്രമല്ല ലോകത്തെ മുഴുവൻ ഭയത്താൽ വിറപ്പിച്ച മഹാസ്ഫോടന പരമ്പരയായിരുന്നു ഇത്.
''എൻ്റെ ഭാവി കാലവും, ഭൂതകാലവും, വർത്തമാനകാലവും കുഴിച്ചുമൂടപ്പെട്ടുവെങ്കിലും എൻ്റെ ഏക പ്രത്യാശ ദൈവത്തിലാണ്," സ്വന്തം കുടുംബാംഗങ്ങളെല്ലാം മരണമടഞ്ഞ ആ ഇടവകയിലെ ഒരു മധ്യവയസ്കയുടെ ധീര വാക്കുകളാണിത്. സ്ഫോടനത്തെ അതിജീവിച്ച് മറ്റൊരു യുവതി പ്രസ്താവിച്ചു എൻ്റെ വിശ്വാസത്തെ പ്രതിയല്ലായിരുന്നെങ്കിൽ എത്ര പണ്ടേ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. ആയിരം തവണ ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ഓരോ പ്രാവശ്യവും ദൈവവചനം എനിക്ക് സാന്ത്വനവും പ്രത്യാശയും നൽകുന്നു.
ഒരു വർഷത്തിനുശേഷം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇപ്പോൾ ഒരു പുതിയ ദേവാലയമായി മാറിയിരി ക്കയാണ്.പ്രത്യേക ആകർഷകത്വവും പ്രത്യേക പ്രത്യക്ഷവുമുള്ള ഒരു പുതിയ പള്ളി. വിശ്വാസികൾ വീണ്ടും കൂടുതൽ തീക്ഷ്ണതയോടെ തിരുകർമ്മങ്ങളിൽ പങ്കുചേരുന്നു. അവർ എല്ലാവരും അവരെ പിന്തുണച്ച ശ്രീലങ്കൻ സർക്കാറിന്റെയും ഊർജ്വസ്വലരായ ഇടവക സമൂഹത്തിന്റെയും അതിലുപരി അവരോടൊപ്പം ഒന്നായി പ്രവർത്തിച്ച ബഹുമാനപ്പെട്ട രൂപതത്യക്ഷന്റെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലം ഇന്ന് അവിടെ കാണുവാൻ സാധിക്കും. 2019 ജൂലൈ ഇരുപത്തിയൊന്നാം തീയതി ആക്രമണത്തിന് വെറും മൂന്ന് മാസങ്ങൾക്ക് ശേഷം ശ്രീലങ്കയുടെ അതിരൂപതാ മെത്രാപ്പോലീത്ത ആയ കർദിനാൾ മാൽക്കം രഞ്ജിത്ത് പുതുക്കി പണിത പള്ളിയുടെ വെഞ്ചരിപ്പ് കർമം നടത്തി. ആ അവസരത്തിൽ ഫേസ്ബുക്കിൽ ആരോ ഇങ്ങനെ കുറിച്ചു: "മൂന്നു മാസങ്ങൾക്ക് മുൻപ് ഇന്നേ ദിനം ഞങ്ങൾക്ക് 115 പ്രിയ സഹോദരരുടെ ജീവൻ നഷ്ടപ്പെട്ടു. ശ്രീലങ്കയിലെ രക്തസാക്ഷിയായി അവരുടെ പേരുകൾ ആലേഖനം ചെയ്യപ്പെടുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ന് ഞങ്ങളുടെ ദേവാലയം അവരുടെ രക്തത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുകയാണ് . ഈ മാലാഖമാർ സഭയേയും, ഇടവകയേയും കാക്കട്ടെ. കർത്താവേ അങ്ങേക്ക് എന്നും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ".
ദേവാലയ പരിസരത്ത് കൂടി നടക്കുമ്പോൾ ഒരു ശോകകാറ്റ് ഓരോരുത്തരെയും തൊട്ടു പോകുന്ന പോലെ തോന്നും. അതിനുള്ളിലേക്ക് ചുവടുകൾ വൈക്കുമ്പോൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആവാത്ത ഒരു ദിവ്യത തുളുമ്പുന്ന ദൈവിക സാന്നിധ്യത്തിലേക്ക് നാം കടക്കുന്ന പ്രതീതിയാണ്. വിശാലമായ പള്ളി പരിസരത്തേക്ക് പ്രവേശിക്കുന്ന ആരുടേയും കണ്ണുകൾ അറിയാതുടക്കുന്നത് പ്രവേശനകവാടത്തിൽ നിൽക്കുന്ന ഉത്ഥിതനായ കർത്താവിൻറെ പ്രതിമയിലാണ്. അതിനു താഴെ ഒരു മാർബിൾ ഫലകത്തിൽ രക്തസാക്ഷികളായ 115 ഇടവകകാംഗങ്ങളുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടിരുന്നു. കൂടെ ഈ കുറിപ്പും: "ദൈവത്തിനു വേണ്ടി തങ്ങളുടെ ജീവൻ ത്യജിച്ചവർ - നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിൽ നിങ്ങൾ ആഹ്ലാദിക്കുവിൻ." അതോടൊപ്പം ആ രക്തസാക്ഷികളുടെ ചുണ്ടിൽ നിന്നും വരുന്നതായ അടുത്ത് കുറിപ്പും ഇങ്ങനെ രേഖപ്പെടുത്തുന്നു : "സുരക്ഷിതരായി ഞങ്ങൾ വീട്ടിലെത്തി. പ്രിയപ്പെട്ടവരേ, ഞങ്ങൾ സ്വർഗ്ഗീയ ഭവനത്തിൽ ആണ്. തികഞ്ഞ പ്രഭയിൽ, നിറഞ്ഞ സന്തോഷത്തിൽ. ഈ നിത്യ പ്രകാശത്തിൽ സമ്പൂർണ സന്തോഷവും സൗന്ദര്യവുമാണ്. വേദനയും ദുഃഖവും എന്നേക്കുമായി നിലച്ചു. നിത്യശാന്തി ആണിപ്പോൾ സുരക്ഷിതരായി ഞങ്ങൾ സ്വർഗ്ഗത്തിൽ എത്തിയിരിക്കുകയാണ്."
2019 ഏപ്രിൽ 21ലെ ഈസ്റ്റർ ദിനത്തിലെ ആ മഹാ രക്തസാക്ഷിത്വത്തിന് ഏറ്റവും വലിയ സാക്ഷിയായത് ദേവാലയത്തിലെ ഉത്ഥിതനായ യേശുവിൻ്റെ രൂപമാണ്.
ദേവാലയത്തിൽ ചിന്നഭിന്നമായ ശരീരങ്ങളിൽ നിന്നും രക്തത്തുള്ളികൾ ഉത്ഥിതരൂപത്തിൽ പതിഞ്ഞിരുന്നു. ചിതറിവീണ മാംസക്കഷണങ്ങൾ, സ്പോടനത്തിനിടയിൽ ചെറിയ പൊട്ടലുകൾ എല്ലാത്തിനും സാക്ഷിയായിരുന്നു ഈ ഉയിർപ്പ് രൂപം. ഇന്നത് ഒരു ചില്ലു ക്ലാസിൽ ആക്കി അതേ ചോരപ്പാടുകളോടുകൂടി സൂക്ഷിച്ചിരിക്കുകയാണ്. ആ ദേവാലയം സന്ദർശിക്കാൻ വരുന്ന ഓരോരുത്തരെയും ഓർമ്മയിൽ ഉയിർപ്പു ഞായറിന്റെ ചൈതന്യം ആ രൂപം കൊണ്ടുവരുന്നത് കാണാം. രക്തസാക്ഷികളുടെ രക്തം ഒരിക്കലും വ്യർത്ഥമാകില്ല. പകരം ആയിരങ്ങളിൽ പ്രത്യാശയെ ജ്വലിപ്പിക്കുന്നു.
അവിടുത്തെ സഹവികാരി ഫാദർ സച്ചിതാ പറയുന്നത് ഇപ്രകാരമാണ്: "ഇത്രമാത്രം ധൈര്യവും ആത്മശക്തിയും ഈ വിശ്വാസികൾക്ക് വീണ്ടെടുക്കാൻ സാധിച്ചത് അത്ഭുതകരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. സ്ഫോടനത്തിൽ അകപ്പെട്ടു ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട 90 ശതമാനം ആളുകളും ധൈര്യപൂർവ്വം അവരുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ 10 ശതമാനം ആളുകൾക്ക് കൗൺസിലിങ്ങും വേണ്ട വിധ സഹായങ്ങളും പ്രോത്സാഹനവും സാന്ത്വനവും ആവശ്യമാണ് എന്ന് പറയാതെ വയ്യ. അവർക്ക് തകർച്ചയിൽ നിന്നും ഇതുവരെയും കരകയറുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ഡിസംബർ 24 തീയതി അസിസ്റ്റൻറ് വികാരിയച്ചന് ഫോണിൽ വിളിച്ചിട്ട് ഒരു വിശ്വാസി പറഞ്ഞു: അച്ചാ, എനിക്ക് കുർബാനയിൽ പങ്കെടുക്കുവാൻ വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ഭയം ഓടി വരികയാണ്. ഞാനിപ്പോൾ തളർവാതരോഗി ആയി കിടക്കുകയാണ്. ആ ഈസ്റ്റർ ദിനത്തിൽ എൻറെ കൂടെ എൻറെ രണ്ടു മക്കളും ഉണ്ടായിരുന്നു. ഇന്ന് എനിക്ക് അവർ പേടിപ്പെടുത്തുന്ന ഓർമ മാത്രമാണ്. ഞാൻ എന്ത് ചെയ്യണം അച്ഛാ? എന്താണ് മറുപടി പറയേണ്ടത് എന്ന് അച്ചനും അറിയില്ലായിരുന്നു. എങ്കിലും, ഇടവകയിലെ വിശ്വാസികളുടെ വിശ്വാസം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണെന്ന് ആണ് സച്ചിതാ അച്ചന്റെ വാക്കുകൾ വിളിച്ചു പറയുന്നത്.
ആശ്വസിപ്പിക്കുക അസാധ്യമാണ് എങ്കിലും ഈ ഇടവക മുഴുവൻ തീവ്രമായ വിശ്വാസത്തിലും ആഴമായ പ്രത്യാശയും നിറഞ്ഞിരിക്കുകയാണ്. എത്ര കഠിനമായ വേദനയോടെ കടന്നുപോകുമ്പോഴും ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ പ്രതീക്ഷിക്കാത്ത സമയത്ത് വരുന്ന വിപത്തുകൾക്കു ആഴമുള്ള വിശ്വാസത്തെ ഒരിക്കലും തോൽപ്പിക്കാനാകില്ല. ഒരു തീവ്രവാദത്തിനും തിന്മയുടെ ശക്തിക്കും അതിനെ തടുക്കാനാവുകയില്ല. അവർ വിശ്വാസത്തെ വീണ്ടും വീണ്ടും ജ്വലിപ്പിച്ചു കൊണ്ടിരിക്കും. പ്രത്യാശയെ അവർ വീണ്ടെടുത്തു കൊണ്ടിരിക്കും. ഇന്ന് അവർ ആർക്കും തട്ടി തെറിപ്പിക്കുവാനാകാത്ത സന്തോഷവും സമാധാനവും അനുഭവിക്കുകയാണ്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലല്ലോ.
-സിസ്റ്റർ സോണിയ കെ ചാക്കോ, DC (ഫാദർ ജോ ഇരുപ്പക്കാട്ട്, SSP എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്റെ യുടെ വിവർത്തനം).
No comments:
Post a Comment