കുരിശിലെ സഹനവും സ്നേഹവും
എടക്കാട് ബറ്റാലൻ എന്ന മലയാളം സിനിമയിൽ ടോവിനോ തോമസ് വിളിച്ചു പറയുന്നു: "കോടിക്കണക്കിന് ആളുകളുടെ ആശ്വാസവും വിശ്വാസവുമാണ് ഒരു പട്ടാളക്കാരൻ്റെ നിശ്വാസം"- ഇതൊരു യാഥാർത്ഥ്യമാണ്. എന്നാൽ ലോകം മുഴുവൻ്റെയും ആശ്വാസവും നിശ്വാസവും വിശ്വാസവുമാണ് താൻ കുത്തി തുറന്ന യേശുവിൻ്റെ തിരുഹൃദയമെന്ന് ലോങ്കിനുസ് എന്ന പട്ടാളക്കാരൻ 2000 വർഷങ്ങൾക്ക് മുന്നെ ഒരു ദു:ഖവെള്ളിയാഴ്ച തെളിയിച്ചു. സത്യമല്ലേ... കർത്താവിൻ്റെ കുത്തിതുറന്ന ഹൃദയത്തിലെ തിരുരക്തവും ജലവും 2000 വർഷങ്ങളായി ലോകജനതയെ സംരക്ഷിക്കുകയാണ്, കഴുകുകയാണ്, വിശുദ്ധീകരിക്കയാണ്, ആശ്വസിപ്പിക്കുകയാണ്... സ്നേഹത്താൽ നിറക്കുകയാണ്... പരിധികളില്ലാതെ... വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പറയുന്നു: "എല്ലാ വിജ്ഞാനവും അറിവും മറഞ്ഞിരിക്കുന്ന നിധിയാണ് തിരുഹൃദയം. എല്ലാവർക്കും വേണ്ടി പ്രത്യേകിച്ചും നാം ഓരോരുത്തർക്കും വ്യക്തിപരമായി ആ ദിവ്യ ഹൃദയം മിടിച്ചു കൊണ്ടിരിക്കുകയാണ്".
''ജീവിതമാകുന്ന കടലിൽ തിരകൾ ഉയരുമ്പോൾ രക്ഷക്കായി നാം പുണരേണ്ട മരമാണ് കുരിശ് " എന്ന് 2011 ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറഞ്ഞിരുന്നു. എഫേസോസ് 3 :18 ൽ പറയുന്നു; "യേശുക്രിസ്തുവിനെ സ്നേഹത്തിൻറെ നീളവും, വീതിയും ,ഉയരവും, ആഴവും" നമുക്കു മനസ്സിലാക്കാൻ കഴിയുന്നത് കുരിശിലാണ്. കുരിശിൻറെ വീതി -നന്മ പ്രവർത്തികൾ ആണ്. കുരിശിൻറെ നീളം - സഹനത്തിൽ നിലനിൽപ്പിലാണ്. കുരിശിൻറെ ഉയരം പ്രതീക്ഷയാണ്. എന്നാൽ കുരിശിൻറെ ആഴം നാം കാണുന്നത് നിറഞ്ഞൊഴുകുന്ന കൃപയായാണ്. ഇതാണ് കുരിശിലെ സ്നേഹത്തിന് ജാമിതിഗണിതം എന്ന് ബെനഡിക്റ് 16-ാംമാർപാപ്പ പറയുന്നു.
ഗാഗുൽത്താമലയിൽ രണ്ടു കള്ളന്മാരുടെ നടുവിൽ ക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ, മണിക്കൂറുകൾ കുരിശിൽ തൂങ്ങി മനുഷ്യ മക്കൾക്കായി സഹിച്ചപ്പോൾ ആ ശരീരത്തിൽ പതിഞ്ഞ അയ്യായിരത്തോളം വരുന്ന മുറിവുകളിൽ നിന്നും കുത്തി ഒഴുകിയ രക്തവും ,
അവൻ അനുഭവിച്ച വേദനയും നമുക്കൊരിക്കലും ചിന്തിക്കാൻ പോലും കഴിയില്ല. എങ്കിലും 'അവൻറെ മുറിവുകളാലാണ് നാമെല്ലാവരും സൗഖ്യം നേടിയിരിക്കുന്നത് ' (ഏശയ്യ54:4-5).
വി.ഫൗസ്റ്റിന യോട് ഈശോ അരുളിചെയ്തു: "എൻ്റെ ഹൃദയം എല്ലാവരോടുമുള്ള അനുകമ്പയും
കരുണയാൽ നിറഞ്ഞൊഴുകുന്നു.
നീരൊഴുക്കിനെപ്പോലെ എൻ്റെ എല്ലാ മുറിവുകളിൽ നിന്നും ആത്മാക്കളുടെ മേൽ കരുണ ഒഴുകുന്നു. പക്ഷേ അത്യഗാധമായ കരുണയുടെ ഉറവ എൻ്റെ ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ആത്മാക്കൾക്കു ഉള്ള എല്ലാ കൃപകളും ഈ ഉറവയിൽ നിന്നാണ് പ്രവഹിക്കുന്നത്. അനുകമ്പയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുന്നു... ലോകം മുഴുവനും എൻറെ കരുണയെ പറ്റി പറയുക".
രണ്ട് മരത്തടികൾ ഈശോയ്ക്ക് അവസാനം കിടക്കുവാനുള്ള ഇടമായ ഒരു കുരിശായി രൂപപ്പെട്ടമ്പോൾ അതിൽ യേശുവിനെ രക്തം വീഴാത്ത ഒരിടവും ഇല്ലായിരുന്നു. അന്നോളം ആർക്കും വേണ്ടാതെ കിടന്നിരുന്ന രണ്ട് മരത്തടികൾ ഇതാ ജീവൻ വൃക്ഷമായിമാറിയിരിക്കുന്നു. ക്രിസ്തുവിൻ്റെ രക്തം പതിഞ്ഞപ്പോൾ ശാപത്തിൻ്റെയും, മരണത്തിൻ്റെയും പരിഹാസത്തിൻ്റെയും അടയാളമായ കുരിശ് ഇതാ ജീവൻ്റയും, രക്ഷയുടെയും അടയാളം ആയി മാറിയിരിക്കുന്നു. മനുഷ്യപുത്രൻ്റെ മരണത്തിലൂടെ, സഹനത്തിലൂടെ, സ്നേഹത്തിലൂടെ ശാപം സ്നേഹമയി, മരണം ജീവനായി മാറിയിക്കുന്നു.
യേശുക്രിസ്തുവിന് മനുഷ്യ മക്കളോട് ഉള്ള സ്നേഹം എത്രമാത്രം എന്ന ഒരു കൊച്ചുകുഞ്ഞ് ചോദിച്ചപ്പോൾ അവിടുന്ന് കുരിശിൽ നിന്നും ഇരു കൈകളും നീട്ടി പറഞ്ഞു: ഇതാ മകനെ/മകളെ, ഇത്രമാത്രം '. മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയിലും മനുഷ്യന് സഹിക്കാൻ പറ്റാത്ത പീഡനങ്ങളിലും അവിടുന്ന് നമ്മെ ഓർത്തു. കുരിശിൻ ചുവട്ടിൽ നിന്നുകൊണ്ട് ഒറ്റക്കണ്ണൻ പട്ടാളക്കാരൻ കർത്താവിൻ്റെ ഹൃദയത്തിലേക്ക് ആഞ്ഞ് കുന്തം കുത്തിയപ്പോൾ അവിടുത്തെ സ്നേഹത്തിൻറെ ഏറ്റവും മഹത്തായ പ്രകടനമായ തിരുഹൃദയം അവിടുന്ന് തുറന്നു നമുക്ക് വേണ്ടി... നമ്മോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും വലിയ അടയാളം കാണിക്കുവാൻ അവിടെ നിന്നും നിർഗമിച്ചു തിരുരക്തവും ജലവും... ഇന്നും ഒഴുകുകയാണ് നീർച്ചാലുകളായി നിറയുകയാണ് സഭയിൽ,സഭാ മക്കളിൽ...
ഈശോ വിശുദ്ധ ഫൗസ്റ്റീന യോട് കരുണയെ കുറിച്ച് പറയുന്നു എൻറെ മകളെ എൻറെ ഹൃദയം കരുണ തന്നെയാണെന്ന് മനസ്സിലാക്കുക കരുണയുടെ ഈ സമുദ്രത്തിൽ നിന്നും ലോകം മുഴുവലേക്കും കൃപയുടെ നീർച്ചാലുകൾ ഒഴുകുന്നു... എന്നെ സമീപിച്ചിട്ടുള്ള ഒരു ആത്മാവും ആശ്വസിക്കപെടാതെ ഒരിക്കലും മടങ്ങി പോവുകയില്ല(1777). കരുണയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുകയാണ്. മനുഷ്യമക്കൾ എൻ്റെയടുക്കൽ വരുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അവർ അത് നിരസിക്കുമ്പോൾ ഞാനെത്ര വേദനിക്കുന്നു . എൻറെ മകളെ, ഞാൻ കരുണയും സ്നേഹവും തന്നെയാണെന്ന് എല്ലാ ജനങ്ങളോടും പറയുക. ഒരു ആത്മാവ് എന്നെ സമീപിക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത അധികം കൃപയുടെ സമൃദ്ധിയെ ഞാൻ അവരിൽ വർ ഷിക്കുന്നത്.
കർത്താവേ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു!
Sr സോണിയ കെ ചാക്കോ, DC
No comments:
Post a Comment