കയ്പും മധുരവും
"ദുഃഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യ പാടുന്നു ഞാൻ ... "
കൊച്ചുകുഞ്ഞ് ഉപദേശി എന്ന സാധു ഇട്ടി വർഗീസിൻ്റെ അനശ്വരമായ ഈ വരികൾ സൃഷ്ടിക്കപ്പെട്ടത് അദ്ദേഹത്തിൻറെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലാണ്. സ്വന്തം മകൻ സാമൂവേൽ കുട്ടി ഒമ്പതാം വയസ്സിൽ പെട്ടെന്ന് മരിച്ചപ്പോൾ ആ അപ്രതീക്ഷിത മരണം അദ്ദേഹത്തെ കണ്ണീരിലാഴ്ത്തിയെങ്കിലും കർത്താവിൻറെ തിരുമനസ്സിനു മുന്നിൽ അദ്ദേഹം മുട്ടുമടക്കി ഈ വരികൾ സന്തോഷത്തോടെ ആലപിച്ചു. കൊച്ചുകുഞ്ഞുപദേശി 1883 നവംബർ 29 ന് ജനിച്ച 1945 നവംബർ 30 ന് മരിച്ചുവെങ്കിലും അദ്ദേഹത്തിൻ്റെ അവിസ്മരണീയ വിശ്വാസ തീഷ്ണതയും പ്രഘോഷണാരൂപിയും അവർണ്ണനീയം തന്നെ . 30 വർഷത്തോളം കേരളത്തിലും, തമിഴ്നാട്ടിലും, ശ്രീലങ്കയിലും ബൈബിളും കയ്യിലേന്തി സുവിശേഷ പ്രചരണത്തിനായി അതീവതാൽപര്യത്തോടെ വചനം പ്രസംഗിച്ചു ചുറ്റിനടന്നു. താനെന്നും നെഞ്ചോട് മുറുകെപ്പിടിച്ച് വിശുദ്ധഗ്രന്ഥം അദ്ദേഹത്തെ പഠിപ്പിച്ചു ദൈവം അറിയാതെ അനുവദിക്കാതെ ഒന്നും ആരുടെയും ജീവിതത്തിൽ സംഭവിക്കില്ലെന്ന്. അതിനാലാവണം അരനൂറ്റാണ്ടിലധികം കേരളം മുഴുവൻ പാടി പ്രസിദ്ധമായ ദുഃഖത്തിന് പാനപാത്രം മാത്രമല്ല അദ്ദേഹത്തിന് മറ്റുഗാനങ്ങളും ഇന്നും കേരളക്കര ഏറ്റുപാടുന്നു. കദന കടലുകളിൽ ആ വരികൾ പ്രകാശഗോപുരമാണ്. വചനം ശരിക്കും പ്രകാശവും ജീവനുമായി കത്തിജ്വലിക്കുന്നു.
ജീവിതത്തിൽ പ്രതിസന്ധികളും വേദനകളും നേരിടുമ്പോൾ, ജീവിതത്തിതമാകുന്ന നീണ്ട യാത്രകളിൽ ഒരുപാട് തവണ പകച്ചു പോകും... ഉത്തരമില്ലാത്ത നിമിഷങ്ങളിൽ, എന്തുചെയ്യണമെന്നറിയാത്ത നേരങ്ങളിൽ, എങ്ങിനെ ഒക്കെ ഓരോന്നും ഇത് സംഭവിക്കുമെന്ന് അറിയാത്ത നിമിഷങ്ങളിൽ, കൂടെ ആരുമില്ല എന്ന യാഥാർത്ഥ്യം മുന്നിൽ കാണുമ്പോൾ, പ്രിയപ്പെട്ടവരെല്ലാം ഒരു പിടി അകലയായിരിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ, ഞാൻ എന്തിന് ബാക്കി എന്ന് പുലമ്പുമ്പോൾ... ഉത്തരമില്ലാതെ പതറുകയാണ് പലരും... കാരണം കൂടെയായിരുന്ന് വഴി നടത്തുന്നവനെ കാണാൻ കഴിയുന്നില്ല... എന്തെന്നാൽ വിശ്വാസത്തിൻ്റെ കണ്ണുകൾക്ക് പണ്ടെ വെള്ളഴുത്തും തിമിരവും ബാധിച്ചു തുടങ്ങിയിരുന്നു. ക്ഷയിച്ച വിശ്വാസവുമായി, ഇടറിയ പ്രത്യാശയുമായി എത്രനാൾ നാം മുന്നോട്ട് പോകും?
നമ്മുടെ ഉത്തരവില്ലായ്മകൾക്ക് ഒരു ഉത്തരമേകാൻ, നമ്മുടെ വേദനകൾക്ക് ഒരു ആശ്വാസമേകാൻ, കഴിയുന്ന ജീവദായകനായ ദൈവത്തിന് മുൻപിലേക്ക് നാം കടന്നുവരുമ്പോൾ, പ്രത്യേകിച്ചും വേദനയിൽ ആണ്ടു കിടക്കുന്ന മനുഷ്യ സമൂഹം കർത്താവിനെ തിരിയുമ്പോൾ, അവിടുത്തെ നമ്മുടെ സമ്പൂർണമായ ആശ്രയവും , ആശ്വാസവും, പ്രത്യാശയും ആയി കാണും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളക്കരയിൽ ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ എഴുതി ഭക്തി സാന്ദ്രമാക്കിയ ശ്രീ ബേബി ജോൺ കലയന്താനി എഴുതി:
"ഇലപൊഴിയും കാലങ്ങൾക്കപ്പുറം തളിരണിയും കാലമുണ്ടതോർക്കണം
കവിളിലൂടെഴുകുന്ന കണ്ണീരിനപ്പുറം പുഞ്ചിരി ഉണ്ടെന്നതും ഓർക്കണം. പ്രത്യാശയോടെ ദൈവത്തെ നോക്കിയാൽ ഉത്തരം കിട്ടുമെന്നത് എന്നോർക്കണം...
കൈപാർന്ന വേദനകൾക്ക് അപ്പുറം
മധുരത്തിൻ സൗഖ്യമുണ്ടെന്നോർക്കണം
മാനത്തെ കാർമേഘമപ്പുറം
സൂര്യപ്രഭയുണ്ടന്ന തോർക്കണം....
കലിതുള്ളും തിരമാല അപ്പുറം
ശാന്തി നൽകും ഏശു ഉണ്ടെന്ന് അറിയണം....
വിശ്വാസത്തോടെ നീ ദൈവത്തെ നോക്കിയാൽ ഉത്തരം കിട്ടും എന്നോർക്കണം ..."
എൻറെ ജീവിതത്തിൽ ദൈവം അറിയാതെ അനുവദിക്കാതെ ഒന്നും സംഭവിക്കില്ല എന്ന പരമ യാഥാർത്ഥ്യം അറിയുമ്പോൾ എല്ലാം നല്ലതാണെന്ന് ... നല്ല തിന് വേണ്ടിയാണ് സംഭവിക്കുന്നതെന്ന് നാം തന്നെ വിശ്വസിച്ചു പോകും... വെല്ലൂർ മെഡിക്കൽ കോളേജിലെ കാൻസർ വാർഡിൽ അഡ്മിറ്റായിരുന്നപ്പോൾ ബഹുമാനപ്പെട്ട സാജനച്ചൻ എഴുതിയ വരികൾ ഇപ്പോൾ ഉരുവിടാൻ എത്രയോ ഉചിതമാണ്...
"ഒരു മഴയും തോരാതിരുന്നിട്ടില്ല. ഒരു കാറ്റും അടങ്ങാതെ ഇരുന്നിട്ടില്ല.
ഒരു രാവും പുലരാതിരുന്നിട്ടില്ല.
ഒരു നോവും കുറയാതെ ഇരുന്നിട്ടില്ല.
തിരമാലയിൽ ഈ ചെറു തോണിയിൽ അമരത്തെൻ അരികിൽ അവൻ ഉള്ളതാൽ... "
അതുകൊണ്ടാണ് ഈശോ തൻ്റെ പീഢാനുദ്ധത്തെയും കുരിശുമരണത്തെയും കുറിച്ച് പറഞ്ഞപ്പോഴെല്ലാം അതവസാനിപ്പിച്ചത് ഉത്ഥാനത്തിലാണ്. ഒരു ക്രൈസ്തവന് സഹനത്തിന് എന്നും അർത്ഥമുണ്ട്. കുരിശിലാണ് രക്ഷ...കുരിശാണ് രക്ഷ
കുരിശില്ലാതെ ഉത്ഥാനമില്ല...
ഇത്രത്തോളം വഴിനടത്തിയ കർത്താവ് തമ്പുരാൻ ഇനിയും കൈപിടിച്ച് നടത്തുമെന്നും ഇനിയും അറിയാത്ത വഴികളിലൂടെയും, അറിയാത്ത ദേശത്തിലൂടെയും, അറിയാത്ത രോഗത്തിലൂടെയും, അറിയാത്ത വ്യക്തികളുടെയും അണയാത്ത ദീപമായി നമ്മുടെ ഒപ്പം ഉണ്ടായിരിക്കും. കാരണം അവിടുന്ന് നമ്മെ കൈ പിടിച്ച് നടത്തുന്നു (ഏശയ്യ 41:13).
Sr സോണിയ കെ ചാക്കോ, DC
ജ്വാലയടങ്ങിയാലെ കനൽകാണൂ.കനവകന്നാലെനിനവറിയൂ..വിശപ്പടുത്താലെ ഭക്ഷണത്തിൽ വിലയറിയൂ, ആളകന്നാലെ ആളിൻ വിലയറിയൂ.കണ്ണുനീരകന്നാലെ സൂര്യപ്രഭയറിയൂ, മദമകന്നാലെ മോദമറിയൂ., മനസ്സടുത്താലെ സ്നേഹ്തിൻ വിലയറിയൂ., അക്ഷരമറിഞ്ഞാലെ അറിവിന്റെ വിലയറിയൂ.
ReplyDelete