കണ്ണുനീർ
നയനങ്ങൾ തൂകി കവിളിലൂടൊഴുകും അശ്രു
നറുമുത്തുകളായും, പവിഴമണികളായും
മണികൾ മഴയായും, നദിയായും മാറും ചിലപ്പോൾ
നൊമ്പരവും, ആനന്ദവും മനസ്സിനെ കാർന്നു തിന്നുമ്പോൾ...
നെഞ്ചിന്റെ നോവുകൾ കണ്ണുകളിലുറവയാകുമ്പോൾ
ആത്മാവിന്റെ തേങ്ങലുകൾ അണ പൊട്ടി ഒഴുകുമ്പോൾ
എല്ലാം വഹിക്കുന്ന മാന്ത്രിക തീരത്ത്
എല്ലാം മായ്ക്കുന്ന മഴവിൽ മുത്താണശ്രു.
കരളിന്റെ വേദനയും, കായ്ക്കാത്ത കനവുകളും
കവിളിനെ കുളിർപ്പിച്ചൊഴുകുമ്പോൾ...
കണ്ണുകളെ കടലാക്കി, കവിളുകളെ ചാലാക്കി
കദനങ്ങൾ, കയ്പു കിനാവുകളശ്രുവായ്
നിനവുകളിൽ നിറയുന്ന നീറ്റലുകളശ്രുവായ്
നെഞ്ചിലെ കദന ഭാരങ്ങളശ്രുവായ്...
മണ്ണിൽ വീണുടയുന്ന പളുങ്കുമണികൾ
മനുജന്റെ മാന്ത്രിക മഴവിൽ മണിമുത്തുകൾ.
- സോണിയ കെ ചാക്കോ
No comments:
Post a Comment