ലോകത്തിലെ ഏറ്റവും വലിയ സന്യാസിനി സഭ
സമുദ്രം കുറേ ജലത്തുള്ളികളാലും മലകള്‍ ഒരു കൂട്ടം മണല്‍ത്തരികളാലും ഉണ്ടാക്കപ്പെട്ടതുപോലെ വിശുദ്ധര്‍ രൂപംകൊണ്ടത് അവര്‍ ജീവിതത്തില്‍ പരിശീലിച്ച കുറെ പുണ്യങ്ങളുടെ സമൃദ്ധിയില്‍ നിന്നാണ്. ദൈവത്തിന്റെ കണ്ണുകള്‍ ഉള്ളവരും ദൈവത്തിന്റെ തിരുമുഖം ഏവരിലും ദര്‍ശിക്കുന്നവരുമാണ് വിശുദ്ധര്‍. ഇതിന്റെ ഉത്തമോദാഹരണമാണ് വി.വിന്‍സെന്റ് ഡി.പോള്‍. ഈ പുണ്യപുരുഷന്‍ തന്റെ നീണ്ട 80 വര്‍ഷങ്ങളുടെ മുക്കാല്‍ ഭാഗവും നിസ്തുലമായ സേവനത്തിലൂടെ അവ അനന്തമായ ദൈവകാരുണ്യത്തിന്റെ കയ്യൊപ്പാക്കി മാറ്റി. 4 ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി, എരിഞ്ഞു തീരുന്ന മനുഷ്യബന്ധമില്ലാത്ത സന്യാസജീവിതത്തിന് ഒരു വെല്ലുവിളിയെന്നോണം തെരുവീഥികളില്‍ കാത്തിരിക്കുന്ന ദൈവത്തിനായി ഒരു പുതിയ സന്യാസശൈലി ഇദ്ദേഹം രൂപീകരിച്ചു. 1617-ല്‍ confraternities of charity എന്ന സംഘടനയ്ക്കും 1625-ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍, 1633-ല്‍ വി.ലൂയിസ് ഡി മരിലാക്കിന്റെ സഹായത്തോടെ ഉപവിയുടെ പുത്രമാര്‍ എന്നീ രണ്ട് സഭാസമൂഹങ്ങള്‍ക്കും രൂപം കൊടുത്തു.
ഉപവി കുടുംബത്തിന്റെ ഒരു വലിയ തുടക്കം
1617-ല്‍ ഷാറ്റിലോണ്‍ എന്ന ഇടവക ദേവാലയത്തില്‍ വി.വിന്‍സെന്റ് ഡി പോള്‍ നടത്തിയ പ്രസംഗത്തിലൂടെ ആ സമൂഹത്തെ അദ്ദേഹം ആഴമായി സ്പര്‍ശിച്ചു. അതിഭയനാകവും ഗൗരവുമായ രോഗത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും കഷ്ടപ്പെടുന്ന ഒരു കുടുംബത്തെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ഉദ്‌ബോധനം തുടര്‍ന്നങ്ങോട്ടുള്ള ചരിത്രപ്രധാനമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്, വി.വിന്‍സന്റിനെ പാവങ്ങളുടെ പിതാവാക്കി മാറ്റിയ സ്‌നേഹശുശ്രൂഷയ്ക്ക് നിദാനമായി. ആ പ്രസംഗത്തിന് അവര്‍ നല്‍കിയ പ്രത്യുത്തരം വളരെ ശക്തമായതും ലോകസമൂഹത്തില്‍ തന്നെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയതുമാണ്. ഒരു വലിയ ജനക്കൂട്ടം തന്നെ ആ നിര്‍ഭാഗ്യരായ കുടുംബത്തിന് ആശ്വാസവും ഭൗതിക സഹായങ്ങളുമായി മുന്നോട്ടുവന്നു. ജനങ്ങളുടെ ത്യാഗോജ്ജ്വലവും സ്‌നേഹാധിഷ്ഠിതവുമായ ഈ പ്രവൃത്തികളിലൂടെ 3 സുപ്രധാന കാര്യങ്ങള്‍ വി.വിന്‍സന്റ് പൂര്‍ണമായും ഗ്രഹിച്ചു. ദാരിദ്ര്യത്തിന്റെ ഉഷ്ണക്കാറ്റിനാല്‍ തകര്‍ന്ന് നിലം പതിച്ച ഒരു വലിയ സമൂഹം, സമൂഹത്തിന്റെ നേരെ അവര്‍ നീട്ടുന്ന യാചനയുടെ കരങ്ങള്‍, മറുഭാഗത്ത് തങ്ങളുടെ സമ്പത്ത് പങ്കുവയ്ക്കാന്‍ ഹൃദയത്തുടിപ്പുള്ള ഒരു സമൂഹം. ഉപവി എന്ന പുണ്യം യാഥാര്‍ത്ഥ്യത്തില്‍ ഉദ്ദിഷ്ട സിദ്ധി നേടാന്‍ അണയാത്ത ഒരു അഗ്നികുണ്ഠമാക്കാന്‍ അതിനെ നല്ല രീതിയില്‍ രൂപപ്പെടുത്തേണ്ടതുണ്ട്. വി.വിന്‍സെന്റിന്റെ ആദ്യത്തെ സ്ഥാപനമായ confraternities of charity- യുടെ ജനനം ഇതില്‍ നിന്നായിരുന്നു. ഇന്ന് ഇത് അന്തര്‍ദേശീയ ഉപവി സമാജം എന്നറിയപ്പെടുന്നു. വി.വിന്‍സന്റ് തന്റെ എന്നതുപോലെ മറ്റനവധിപേരുടെയും ജീവിതത്തില്‍ ഒരു പുതിയ മാറ്റത്തിന് ഇതുവഴി തുടക്കം കുറിച്ചു. യേശുവിന്റെ സ്‌നേഹാഗ്നി ജ്വാലയുടെ തീക്കനാല്‍ ശുദ്ധി നേടി ജീവിത നവീകരണം നടത്തി കരുണയുടെ സഹായ ഹസ്തങ്ങള്‍ പാവങ്ങളിലേയ്ക്ക് നീട്ടാന്‍ ജനങ്ങള്‍ പ്രേരിതരായി.
കേവലം ഭൗതിക ആവശ്യങ്ങളുടെ ശമനം അവരുടെ കേഴുന്ന ആത്മാക്കള്‍ക്ക് സാന്ത്വനമാകില്ല എന്ന തിരിച്ചറിവ് 1625 ജനുവരി 25-ന് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ എന്ന സഭാസമൂഹത്തിന് തുടക്കം കുറിക്കാന്‍ കാരണമായി. ഇന്നും തുടര്‍ന്നുപോകുന്ന പോപ്പുലര്‍ മിഷന്‍ ഇതില്‍ നിന്നും ജന്മം കൊണ്ടതാണ്.
സഭയുടെ ചരിത്രത്തില്‍ ഒരു പുതിയ ജീവിതശൈലിക്ക് തുടക്കം കുറിച്ചുകൊണ്ട് 1633 നവംബര്‍ 29-ന് സന്യസ്തര്‍ക്കായുള്ള ഉപവിയുടെ പുത്രിമാര്‍ (Daughters of charity) എന്ന സഭാസമൂഹം ആരംഭിച്ചു. പാവങ്ങളോടുള്ള പ്രിയതമമായ തിരഞ്ഞെടുപ്പിനും Societies of Apostolic life- നുമുള്ള തുടക്കമായിരുന്നു അത്. ആരംഭത്തില്‍ ഗ്രാമീണകന്യകളുടെ വസ്ത്രധാരണമാണ് അവര്‍ സ്വീകരിച്ചത്. അതിനുശേഷം 1685-ല്‍ അവര്‍ ശിരോവസ്ത്രമായി കോര്‍നറ്റെ ദത്തെടുക്കുകയും 1964-ലെ വത്തിക്കാന്‍ സൂനഹദോസ് കൗണ്‍സില്‍ വരെ തുടരുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള കലാകാരന്മാര്‍, എഴുത്തുകാര്‍, എന്തിനേറെ കാഴ്ചക്കാരെപ്പോലും പ്രചോദിപ്പിച്ചു. ദൈവത്തിന്റെ വന്‍വാത്ത്, കാരുണ്യത്തിന്റെ മാലാഖമാര്‍, അള്ളായുടെ മീവല്‍പക്ഷി, പറക്കുന്ന കന്യക, ഉപവിയുടെ ചിത്രശലഭങ്ങള്‍ മുതലായ ശൈലികള്‍ അവര്‍ സ്വന്തമാക്കി. ഏതു തുടക്കവും വളരെ ലളിതവും അപ്രതീക്ഷിതമാണെങ്കിലും അതെല്ലാം ദൈവത്തിന്റെ മഹത്തായ പദ്ധതിയുടെ നിത്യതയില്‍ നിന്നും പുറപ്പെടുന്നതാണ്.
ഒരേ ആത്മാവ് ധാരാളം രാജ്യങ്ങള്‍ പല സംസ്‌ക്കാരം
വി.വിന്‍സെന്റിന്റെയും വി.ലൂയിസ് ഡി മരിലാക്കിന്റെയും കാലഘട്ടത്തില്‍ തന്നെ വിന്‍സെന്‍ഷ്യന്‍ ചൈതന്യം അനേകം രാജ്യങ്ങളിലേക്ക് കാട്ടുതീപോലെ പടര്‍ന്നു. അവരുടെ കാലത്തു തന്നെ പോളണ്ട്, മഡഗാസ്‌കര്‍ എന്നീ വിദൂര മിഷന്‍ രാജ്യങ്ങളിലേക്കു CM വൈദികരെയും DC സിസ്റ്റേഴ്‌സിനെയും നിയോഗിക്കുകയുണ്ടായി. 1660 ആയപ്പോഴേക്കും ഉപവിയുടെ പുത്രിമാര്‍ (DC) സഭയിലെ അംഗസംഖ്യ 660 ആയിരുന്നു. ഇന്ന് 17,000 സിസ്റ്റേഴ്‌സ് 96 രാജ്യങ്ങളിലായി 75 പ്രൊവിന്‍സുകള്‍ക്കു കീഴില്‍ എല്ലാ ഭൂഖണ്ഡങ്ങളിലുമായി സ്‌നേഹശുശ്രൂഷ ചെയ്യുന്നു. ഇന്ന് 3000 CM വൈദികരും ബ്രദേഴ്‌സും 86 രാജ്യങ്ങളിലായി 39 പ്രൊവിന്‍സുകളുടെ കീഴില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നു.
അത്ഭുത കാശുരൂപമാതാവിന്റെ ദര്‍ശനം
വിന്‍സെന്‍ഷ്യന്‍ കുടുംബത്തിന് ദൈവകൃപയുടെ ഒരു മഹത്തായ വര്‍ഷമായിരുന്നു 1830 ജൂലൈ 18. ഇതേ ദിവസം മദര്‍ ഹൗസിന്റെ ചാപ്പലില്‍ (പള്ളി) അന്നു ഒരു വെറും നോവിസ് മാത്രമായിരുന്ന കാതറിന്‍ ലബോറയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു. രണ്ടു മണിക്കൂറോളം അവര്‍ സ്‌നേഹസംഭാഷണത്തില്‍ ഏര്‍പ്പെട്ടു. വി. വിന്‍സെന്റിന്റെ രണ്ടു സഭാസ്ഥാപനങ്ങളോടും പരി.അമ്മ തന്റെ മാതൃസ്‌നേഹം ''ഞാന്‍ ഈ (സഭ)യെ സ്‌നേഹിക്കുന്നു'' എന്ന വെളിപ്പെടുത്തലിലൂടെ അറിയിച്ചു. ഈ വി. അള്‍ത്താരയുടെ പാദപീഠത്തിലേക്കു വരിക, ചോദിക്കുന്നവരിലേയ്ക്കു അനുഗ്രഹങ്ങള്‍ അവിടെ നിന്നു ഒഴുകിയിറങ്ങും'' എന്നുദ്ധരിച്ചുകൊണ്ട് പ്രപഞ്ചത്തെ മുഴുവന്‍ തന്റെ സ്‌നേഹത്തിലേയ്ക്ക് ക്ഷണിച്ചു. നവംബര്‍27-ന് സഭയുടെ ആദ്ധ്യാത്മികവും പാരമ്പര്യ സ്വത്തുമായ അത്ഭുതക്കാശുരൂപത്തിലൂടെ പരി.അമ്മ ആദ്യമായി അമലോത്ഭവ മഹാരഹസ്യം എന്ന വിശ്വാസസത്യം സ്പഷ്ടമാക്കി. DC യുടെ മദര്‍ഹൗസിലെ ചാപ്പലില്‍ എളിമയുടെയും നിശബ്ദതയുടെയും പര്യായമായി, കൂപ്പുകൈകളുമായി തന്റെ മടിയില്‍ ചാരി മുട്ടുകുത്തി നില്‍ക്കുന്ന കാതറിനു, പരി.മറിയം അത്ഭുത കാശുരൂപത്തില്‍ ആ ലേഖനം ചെയ്യപ്പെടാനായി അരുളിയ തിരുവചസ്സുകലായ ''ജന്മപാപമില്ലാതെ ഉത്ഭവിച്ച പരി.മറിയമേ, അങ്ങില്‍ ആശ്രയിക്കുന്ന ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ'' എന്നത് 28 വര്‍ഷങ്ങള്‍ക്കുശേഷം ലൂര്‍ദ്ദില്‍ വെളിപ്പെടുത്താനിരുന്ന തന്റെ അമലോത്ഭവ രഹസ്യത്തിനു മുന്നോടിയായിരുന്നു.
ഏറ്റവും വലിയ മഹാ ഉപവി പ്രവര്‍ത്തന സമാജത്തിന്റെ സ്ഥാപനം
1833-ല്‍ ഫ്രെഡറിക് ഒസാനം, മോഫറ്റാഡ് ജില്ലയിലെ ഉപവിയുടെ അപ്പസ്‌തോലനായ സി.റോസാലി റെന്റുവിന്റെ ഉപവി പ്രവര്‍ത്തനത്താല്‍ ആകൃഷ്ടനായി. വി.വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്ക് സ്ഥാപനം കുറിച്ചു. ഇന്ന് 2 1/2 ദശലക്ഷം അംഗങ്ങള്‍ ഇതില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് അശരണര്‍ക്കും നിരാലംബര്‍ക്കും ആശ്രയവും പ്രതീക്ഷയുമാകുന്നു.
1964-ല്‍ തിരുസഭയുടെ വിളിക്ക് പ്രത്യുത്തരമായി കാലത്തിന്റെ അടയാളങ്ങള്‍ക്കനുസരിച്ച് 45,000 DC വളരെ ലളിതമായ ഒരു സഭാവസ്ത്രം സ്വീകരിക്കുകയുണ്ടായി.
400-ാം വാര്‍ഷികത്തിന്റെ നിറവില്‍ വിന്‍സെന്‍ഷ്യല്‍ കാരിസം
''പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുക. അവിടെ നിങ്ങള്‍ ദൈവത്തെ ദര്‍ശിക്കും.''- വി.വിന്‍സെന്റ് ഡി പോള്‍
ദൈവത്തിന്റെ മിഷനാണ് ഞങ്ങളുടെ മിഷന്‍. എല്ലാ ഭൂഖണ്ഡങ്ങളും എല്ലാ രാജ്യങ്ങളും, എല്ലാ മാനുഷിക ആവശ്യങ്ങളും നമ്മള്‍ക്കുള്ള വിളിയാണ്. ''പാവങ്ങളോട് സുവിശേഷം അറിയിക്കാന്‍ ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു'' എന്ന CM ന്റെ ആദര്‍ശവാക്യവും ''ക്രൂശിതനായ ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങളെ വ്യഗ്രതപ്പെടുത്തുന്നു എന്ന DC യുടെ ആപ്തവാക്യവും വിന്‍സെന്‍ഷ്യന് പാവങ്ങളിലേക്ക് ഉപവിയുടെ ചിറകുകളുമായി പറക്കാന്‍ എപ്പോഴും പ്രചോദനമായിരുന്നു. വി.വിന്‍സെന്റിന്റെ മാതൃക 156 രാജ്യങ്ങളിലും എല്ലാ ഭുഖണ്ഡങ്ങളിലും അനുധാവനം ചെയ്യുന്ന വിന്‍സെന്‍ഷ്യന്‍ കുടുംബത്തിന് അന്യം നില്‍ക്കുന്ന ഒരു ഉപവി പ്രവര്‍ത്തനവും ഇന്നില്ല. അശരണര്‍ (അനാഥ)രില്‍ നിന്നു തുടങ്ങി ഐക്യരാഷ്ട്രസഭയിലെ (UNO) ശുശ്രൂഷവരെ നീണ്ടുനില്‍ക്കുന്ന സേവനത്തില്‍ സാമൂഹ്യശുശ്രൂഷ, അജപാലന ശുശ്രൂഷ, മുതലായവും പൗരോഹിത്യ ശുശ്രൂഷയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെ വിന്‍സെന്‍ഷ്യന്‍ സഭയോട് ചേര്‍ന്നുനില്‍ക്കുന്നു.
സഭാസ്ഥാപനത്തിന്റെ തുടക്കം മുതല്‍, യുദ്ധ ഭൂമിയില്‍ എളിമയുടെ സംരക്ഷകരായും, നഴ്‌സുമാരായും മറ്റു ചിലപ്പോള്‍ യുദ്ധത്തിന്റെ ഇരകളായും മാറിയിട്ടുണ്ട്. ഞങ്ങളുടെ ശുശ്രൂഷയിലൂടെ പകര്‍ച്ചബാധിതര്‍, വിവിധ രോഗികള്‍, അനാഥര്‍, ഭിന്നശേഷിയുള്ളവര്‍, മനുഷ്യക്കടത്തിന് ഇരയായവര്‍, ഭവനരഹിതര്‍, കുടിയേറ്റക്കാര്‍ ചുരുക്കത്തില്‍ ഭൗതികമായും ആത്മീയമായും ദാരിദ്ര്യം അനുഭവിച്ചിരുന്നവര്‍ക്ക് ഞങ്ങള്‍ കൂടപ്പിറപ്പുകളായി. ഇന്ന് വിന്‍സെന്‍ഷ്യന്‍ കുടുംബമെന്ന ഈ പടുവൃക്ഷം 304 ശാഖകളിലായി സേവനം ചെയ്യുന്നു. ഉപവിയുടെ ഈ കൂറ്റന്‍ മരം 10 വിശുദ്ധര്‍, 108 വാഴ്ത്തപ്പെട്ടവര്‍, 3 വണങ്ങപ്പെട്ടവര്‍, 115 ദൈവദാസര്‍ എന്നിവരാല്‍ അലംകൃതമാണ്.
വിന്‍സന്‍ഷന്‍ കാരിസത്തിന്റെ 400-ാമത് വര്‍ഷികാഘോഷം ''ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു'' എന്ന ആപ്തവാക്യത്തോടുകൂടി ആരംഭിച്ചു. 1617-ല്‍ ഫൊളേവിലില്‍ പാകിയ ചെറിയ കടുകുമണി ഇന്ന് ഏറെ പ്രതീക്ഷയും പ്രത്യാശയും ഉള്ള ഫലദായകമായ ഒരു പടുവൃക്ഷമായി എങ്ങും വ്യാപിച്ചുനില്‍ക്കുന്നു. ഇതിന് അല്‍മായ സമാജം (Lay Association) ന്റെയും രണ്ടു സഭയുടേതുമായി 200 ശാഖകള്‍ 156 രാജ്യങ്ങളിലായി ഉണ്ട്. ദശലക്ഷങ്ങളാണ് ഉപവിയുടെ ദീപസ്തംഭങ്ങളുമായി വഴികാട്ടികളായി മുമ്പേ കടന്നുപോയത്.
പോപ് ഫ്രാന്‍സിസിനൊപ്പം സിമ്പോസിയം
ഒക്‌ടോബര്‍ 12 മുതല്‍ 15 വരെ എല്ലാ വിന്‍സന്‍ഷനുമായി റോമില്‍ നടത്തപ്പെട്ട സിമ്പോസിയത്തില്‍ വിന്‍സെന്‍ഷ്യല്‍ കുടുംബത്തെ പ്രതിനിധീകരിച്ച 10,000 ത്തിനേക്കാളുമേറുന്ന അംഗങ്ങള്‍ പോപ് ഫ്രാന്‍സിസുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഒക്‌ടോബര്‍ 14, 2017-ല്‍ ഫ്രാന്‍സിസ് പാപ്പയുടെ 'ആരാധിക്കുക, സ്വാഗതം ചെയ്യുക, ലോകമെമ്പാടും പോകുക' എന്നീ ആത്മീയ വിളികള്‍ ഞങ്ങള്‍ക്ക് ഉള്‍ക്കരുത്തും പ്രചോദനവുമായി. ഈ ജൂബിലി വര്‍ഷത്തില്‍ നവംബര്‍ 11-ന് മാര്‍ഡിഡിലെ വിന്‍സന്‍ഷ്യന്‍ കുടുംബാംഗങ്ങളായ 60 പേരെ ധന്യരായി അള്‍ത്താരയിലേക്ക് ഉയര്‍ത്തിയത് ഞങ്ങളുടെ ആത്മീയ നിറവിന്റെ മാറ്റുകൂട്ടി. ഉപവിഎല്ലായിടത്തും എത്തുംവരെ, ഞങ്ങളുടെ മിഷന്‍ അവസാനിക്കില്ല.
No comments:
Post a Comment