പുഞ്ചിരിക്കുന്ന അമ്മ- എവുപ്രാസ്യമ്മ
പുഞ്ചിരിയിലൂടെ പരിശുദ്ധിയുടെ പ്രകാശം പരത്തിയ പുണ്യകന്യാസ്ത്രിയാണ് വിശുദ്ധ എവുപ്രാസിയമ്മ.
ജീവിക്കുന്ന ദൈവത്തിന്റെ ഒളിമങ്ങാത്ത സ്നേഹത്തിന്റെ മായാത്ത പ്രതിരൂപമാണ് പുഞ്ചിരി.
പുഞ്ചിരിക്കുന്ന മനസ്സ് ദൈവം വസിക്കുന്ന ശ്രീകോവിലാണ്, അറിടുത്തെ ഇരുപ്പിടമാണത്. ദൈവത്തിന്റെ ഉത്തമ കരവേലകളായ നാം ഓരോരുത്തരിലും വിടരുന്ന പൂമൊട്ടുകൾ പോലുള്ള പുഞ്ചിരികൾ നമ്മൾ പോലുമറിയാതെ മറ്റുള്ളവരിലേക്ക് ഒരു ദിവ്യപ്രകാശം പകർന്നു കൊടുക്കുന്നു.
കേരള കർമ്മല സഭയുടെ നിർമ്മല കുസുമം എവുപ്രാസിയമ്മ കേവലം പ്രാർത്ഥിക്കുന്ന അമ്മ മാത്രമായിരുന്നില്ല. പ്രാർത്ഥനയുടെ പ്രഭ പുഞ്ചിരിയിലൂടെ സഹചരിലേക്കും, സഹോദരിമാരിലേക്കും പകർന്ന പുണ്യകന്യകയായിരുന്നു. ജീവിതത്തിന്റെ അർത്ഥവും തന്റെ ദൗത്യവും, ദൈവവിളിയും ഏറ്റവും പൂർണ്ണതയിൽ മനസ്സിലാക്കുവാനും, മാമ്മോദീസയിലൂടെ ലഭിച്ച ദൈവീക ജീവൻ നഷ്ടപ്പെടുത്താതെ ഒരുത്തമ കത്തോലിക്ക യായി വിശുദ്ധ തോമ്മാ ശ്ലീഹായുടെയും, ചാവറ പിതാവിന്റെയും മകളായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവീകതയുടെ പ്രഭ പരത്തി ഇന്ന് സ്വർഗ്ഗത്തിൽ നിന്നും നമ്മിലേക്ക് പുഞ്ചിരിയോടെ അനുഗ്രഹങ്ങൾ വർഷിക്കുകയാണ് നമ്മുടെ ജേഷ്ം സഹോദരി .
കൊച്ചു നാളിൽ മിഷൻ ലീഗിലൂടെയോ, വേദപാഠ ക്ലാസ്സുകളിലോ വച്ച് ഞാൻ എവുപ്രസിയമ്മയെ കുറിച്ച് കേട്ട് ഇന്നും ഓർമ്മിക്കുന്ന ഒരേ ഒരു കാര്യം "മരിച്ചാലും മറക്കില്ലാട്ടോ എന്ന വാചകമാണ്. എവുപ്രാസിയമ്മടെ മുഖത്തെ മങ്ങാത്ത പുഞ്ചിരിയാണ് എന്നെ ഏറ്റവും ആകർഷിച്ച മറ്റൊരു ഘടകം.
ഒരു പുഞ്ചിരി പ്രത്യാശ നല്കുന്നു, പ്രതീക്ഷയുടെ ഗോപുരങ്ങൾ മനസ്സിൽ പണിയുന്നു. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലേക്കും സന്തോഷത്തിെന്റയും പ്രത്യാശയുടെയും പൊൻ രശ്മികൾ കൈമാറാൻ എവുപ്രാസിയമ്മയുടെ പുഞ്ചിരിക്ക് കഴിഞ്ഞിരുന്നു. പുണ്യ അമ്മയെ കാണുവാനായി എത്തിയ സ്കൂൾ കുട്ടികൾ ശേഖരിച്ച മുലപ്പാൽ .
പരിചയമില്ലായ്മയുടെ കുന്നുകൾ തകർത്ത് ജീവിതം മുഴുവൻ നീണ്ട് നില്ക്കുന്ന ഹൃദയബന്ധങ്ങൾ തീർക്കുവാൻ കെല്പുള്ളതാണ് ഒരു പുഞ്ചിരി. പലപ്പോഴും ഒരു പുഞ്ചിരി മതി പ്രശ്നങ്ങൾ തീർക്കാൻ. ഈശോയുടെ തിരുഹൃദയത്തോടുള്ള സ്നേഹത്താൽ ജ്വലിച്ച എവുപ്രാസിയമ്മയുടെ ഹൃദയത്തിൽ അപരർക്കായി, അയൽക്കാർക്കായി, അനുയാത്രികർക്കായി അണയാത്ത ഒരു സ്നേഹനാളം നിത്യവും ജ്വലിച്ചിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ട് അനുകമ്പയാർന്ന കണ്ണുകളും വേദന തൊട്ടറിഞ്ഞ ഹൃദയവും, സാന്ത്വനമേകുന്ന വാക്കുകളും ഒരു പുഞ്ചിരിയിൽ എവുപ്രാസിയമ്മ മറച്ചു. അമ്മയുടെ പുഞ്ചിരി അനേകരുടെ ഹൃദയത്തിലവർക്കിടമൊരുക്കി കൂടാതെ അവർക്കായി സ്വഹൃദയത്തിലും ഒരിടമുണ്ടായിരുന്നു. മാത്രമല്ല, അവർക്കായി തിരുസന്നിധിയിൽ ജപമാല മണികളിലൂടെ വിരലുകൾ നിലക്കാതെ ചലിച്ചിരുന്നു.
ജീവിത പ്രതിസന്ധികളിലൂടെയും, രോഗങ്ങളിലൂടെയും അമ്മ കടന്നു പോയപ്പോഴും ഒളിമങ്ങാത്ത മധുര പുഞ്ചിരി ആ വദനത്തിൽ തെളിഞ്ഞിരുന്നു. സ്വജീവിത വിശുദ്ധിയുടെയും, അനുദിനം താൻ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തിന്റെയും, ആത്മാവിൽ നിറഞ്ഞു നിന്ന സമാധാനത്തിന്റെയൊക്കെ പ്രത്യക്ഷമായ അടയാളമായിരുന്നു അമ്മയുടെ മുഖത്തെ നറു പുഞ്ചിരി.
ഒരു കൊച്ചു നൻമക്കു പോലും നല്ലൊരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. പുഞ്ചിരികൾ പ്രപഞ്ചസൃഷ്ടാവിന്റെ പാവനസാന്നിദ്ധ്യത്തിന്റെ അടയാളമാണ്. പുണ്യ അമ്മെ, അങ്ങയുടെ വാക്കുകൾ കടം ചോദിച്ച് ഞാനും ഉരുവിടട്ടെ..." മരിച്ചാലും മറക്കില്ലാട്ടോ ഈ മനോഹര പുഞ്ചിരി ".
കാലവർഷക്കെടുതിയിൽ പ്രതീക്ഷകൾ അറ്റ്, പ്രയത്നങ്ങൾ നിഷ്ഫലങ്ങളായി, മണ്ണും, മനസ്സും മാറിയാലും മറക്കില്ല മനുജർ മുഖത്തൊരു മന്ദസ്മിതം വിടർത്താൻ...
-സി . സോണിയ ഡിസി.
No comments:
Post a Comment