Tuesday, 31 March 2020

കുഞ്ഞു ദൈവം

      കുഞ്ഞു ദൈവം

ദൈവത്തെ കണ്ടിട്ടുണ്ടോ? ദൈവത്തെ തൊട്ടിട്ടുണ്ടോ? ദൈവത്തിൻ്റെ ശബ്ദം കേട്ടിട്ടുണ്ടോ? ദൈവത്തിന് എത്രമാത്രം വലിപ്പമുണ്ട്? കുഞ്ഞുനാളിലെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചില ചോദ്യങ്ങളാണ് ഇവ. ചിലപ്പോഴൊക്കെ ഇത് നമ്മൾ നമ്മുടെ മാതാപിതാക്കളോടും അധ്യാപകരോടും ഒക്കെ ചോദിച്ചിട്ടുണ്ട് .

പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയിട്ടും അവാർഡുകളും ബഹുമതികളും വാരിക്കൂട്ടിയിട്ടും വിശുദ്ധിയുടെ മുഖമുദ്രയായ വിനയവും ലാളിത്യവും തിളങ്ങിനിന്ന വ്യക്തിയായിരുന്നല്ലോ മദർ തെരേസ. മാഗ്‌സസെ അവാർഡും, ടെംപിൾടൺ അവാർഡും, കെന്നഡി ഫൗണ്ടേഷൻ അവാർഡും, നെഹ്‌റു അവാർഡും, നൊബേൽ സമ്മാനവും, ഭാരതരത്നവും ആ മഹനീയ വ്യക്‌തിത്വത്തോടു ചേർന്നപ്പോൾ ആ അവാർഡുകൾക്കാണു തിളക്കമേറിയത്. നൊബേൽ സമ്മാനം പ്രഖ്യാപിച്ചപ്പോൾ മദർ പറഞ്ഞതിങ്ങനെയാണ്: ‘‘ഈ സമ്മാന പ്രഖ്യാപനത്തോടെ സ്‌നേഹമാണു സമാധാനമെന്നു ലോകം അംഗീകരിച്ചിരിക്കുന്നു. ഭൂമിയിൽ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും സാന്നിധ്യം ലോകം തുറന്നു സമ്മതിച്ചിരിക്കുന്നു ’’.
2017 ൽ ഏറെ പ്രശസ്തി നേടിയ 'കുഞ്ഞു ദൈവം' എന്ന മലയാളം ചലചിത്രത്തിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ആദിഷ് പ്രവീൺ ചെയ്യുന്ന കഥാപാത്രത്തിൻ്റെ പേരാണ് ഔസേപ്പച്ചൻ. വളരെയധികം കോമളത്വവും, തീഷ്ണതയും നിറഞ്ഞുനിന്ന ഒരു കൊച്ചു ബാലനായി അഭിനയിക്കുന്നു. അതിരാവിലെ എഴുന്നേറ്റു പള്ളിയിലേക്ക് പോകുന്ന ഔസേപ്പച്ചൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ആകപ്പാടെ അവൻ്റെ ഒരു ബുദ്ധിമുട്ട് കണക്ക് പരീക്ഷകൾ മാത്രമായിരുന്നു. ആയിടക്ക് അവൻറെ വല്യപ്പച്ചൻ വാർദ്ധക്യസഹജമായ അസുഖത്താൽ മരണപ്പെട്ടു. ഔസേപ്പച്ചൻ്റെ ഏക കൂട്ടുകാരനും, സന്തതസഹചാരിയുമായിരുന്നു വല്യപ്പച്ചൻ. വേർപാടിൻ്റെ തലേദിവസം കണക്ക് പരീക്ഷ ഉള്ളതിനാൽ പഴയൊരു രാഷ്ട്രപതി മരിക്കാൻ വേണ്ടി അവൻ പ്രാർത്ഥിച്ചു. പക്ഷെ, പിറ്റേന്ന് രാഷ്ട്രപതിയും മരിച്ചു, അതിനടുത്ത ദിനം വല്ല്യപച്ചനും മരിച്ചു. രണ്ടുമൂന്നു ദിവസം അവൻ സ്വപ്നത്തിൽ വല്യപ്പച്ചൻ വന്നു ചോദിക്കുന്നതായി കണ്ടു : എടാ ഔസേപ്പച്ചാ നീ എന്നെ പ്രാർത്ഥിച്ചു കൊന്നു അല്ലേ? ഈ ചോദ്യം അവനെ വല്ലാണ്ട് വിഷമിപ്പിച്ചു ആദ്യകുർബ്ബാനക്ക് പഠിപ്പിച്ച സിസ്റ്ററിൻ്റെ അടുത്ത് ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ പറഞ്ഞു മരിക്കാൻ വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമെങ്കിൽ ആ ദൈവം ഉറപ്പായിട്ടും ജീവിക്കാൻ വേണ്ടി പ്രാർത്ഥിച്ചാൽ അത് സാധിക്കിച്ചു തരും. അതുകൊണ്ട് അസുഖം ബാധിച്ച് കിടക്കുന്ന ഓരോരുത്തർക്കും വേണ്ടി ഇനിമുതൽ പ്രാർത്ഥിക്കുക എന്ന് പറഞ്ഞുകൊടുത്തു ആ സിസ്റ്റർ. അതുകേട്ട് തിരിച്ചുവരും വഴിക്കാണ് അവനൊരു പോസ്റ്റൽ ബാനർ കണ്ടത് സ്കൂളിലെ ഒമ്പതാംക്ലാസിൽ പഠിക്കുന്ന 'കഥ' എന്ന പെൺകുട്ടി ഇരുവൃക്കകളും തകരാറിലായി ധനസഹായം അഭ്യർത്ഥിക്കുന്നത് ആയിരുന്നു. അന്ന് വഴിയിൽ വെച്ച് കഥയെയും അവളുടെ അമ്മയെയും കണ്ടുമുട്ടുകയും അവരെ സഹായിക്കാൻ വേണ്ടി അവൻറെ കൊച്ചു സൈക്കിളിൽ അവരുടെ വീട് വരെ സാധനങ്ങളുമായി കൂടെ ചെന്നു. പിറ്റേന്ന് മുതൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കഥചേച്ചിടെ വീട്ടിൽ വരികയും അവളുമായി വർത്തമാനം പറഞ്ഞു സന്തോഷിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ വളരെ ഹൃദയസ്പർശിയാണ്. അവൻ്റെ രക്ത ഗ്രൂപ്പ് അറിഞ്ഞ്, O"നെഗറ്റീവ് വൃക്ക ഞാൻ തരാം എന്ന് സന്തോഷത്തോടെ വന്ന് പറയുന്ന കൊച്ച ഓസേപ്പ് ആരുടെയും കണ്ണുകൾ ഈറനണിയിക്കും. കൂടാതെ അവളുടെ സൗഖ്യത്തിനായി എന്നും പള്ളിയിൽ പോയി അവൻ പ്രാർത്ഥിക്കുന്നു. 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന് പറയുന്നപോലെ കഴിയുന്നതു പോല എല്ലാവരോടും ഔസേപ്പച്ചൻ ധനസഹായത്തിനായി ചോദിക്കുന്നതും കാണാം... മാത്രമല്ല ആരെങ്കിലും "O"നെഗറ്റീവ് ഉണ്ടെങ്കിൽ എന്ന അന്വേഷണവും അവൻ്റെ ഗ്രാമത്തിൽ തുടങ്ങി - വികാരിയച്ചൻ മുതൽ അധ്യാപകർ എല്ലാരോടും.

അവസാനം അവൻറെ ഗ്രാമത്തിൽ തന്നെയുള്ള അലസനായി കഴിഞ്ഞത് യുവാവ് ജോജു ഔസേപ്പച്ചൻ്റെ തീഷ്ണതയിൽ അലിഞ്ഞ് ആ കൊച്ചു ബാലികയ്ക്ക് വൃക്ക നൽകുവാൻ തയ്യാറാവുകയാണ്. ! ഒരു കഥ മോൾ മാത്രം അല്ല, ആ ദേശത്തെ ജനങ്ങളും അവിടെ ഒരു കുഞ്ഞു ദൈവത്തെ മുന്നിൽ കണ്ടു. അവസാനം വല്യപ്പച്ചൻ വീണ്ടും സ്വപ്നത്തിൽ വന്ന് ഔസേപ്പിനെ ധൈര്യപ്പെടുത്തി വിളിക്കയാണ് " ഔസേപ്പച്ചാ, നീയൊരു കുഞ്ഞു ദൈവമാണ്. ദൈവത്തിന് ഇവിടെ രണ്ടു മൂന്നടി പൊക്കമേ ഉള്ളൂ. ദൈവത്തിന് ഇവിടെ 11 വയസ്സ് ഉള്ളൂ. എന്നാൽ ദൈവത്തിൻറെ പ്രവർത്തനങ്ങൾക്ക് എന്തുമാത്രം സാന്ത്വനവും സന്തോഷവും സമാധാനവും ആണ് ആ കുഞ്ഞു വഴി അവർ അനുഭവിച്ചത്.

വളരെ ഹൃദയസ്പർശിയായ മറ്റൊരു ഇംഗ്ലീഷ് ഡോക്യുമെൻററി " ഒരു ദിവസം ദൈവത്തിനൊപ്പം '' അതിൽ വിവരിക്കുന്നത്
ദൈവത്തെ കാണാൻ വേണ്ടി പുറപ്പെടുന്ന ഒരു ബാലൻ്റെ കഥയാണ്. അവൻ കുറച്ചു കളി സാധനങ്ങളും, ഒരു ദിവസത്തെ ഭക്ഷണസാധനങ്ങളും ഒരു കൊച്ചു ബാഗിലാക്കി ഒരു ദിവസം യാത്ര തുടങ്ങുകയാണ്. ഒരു പാർക്കിനരികിൽ വിശ്രമിക്കാനിരുന്നു. മധ്യാഹ്നമായപ്പോൾ ഭക്ഷണ പൊതി തുറന്നു. അപ്പോഴാണ് കരുതിയിരുന്ന വൃദ്ധനായ ഭക്ഷണസാധനങ്ങൾ പങ്കുവെച്ചു അവർ പരസ്പരം നോക്കി സ്നേഹത്തോടെ നന്ദിയോടെ യും വൃദ്ധ നേരുന്നു അവന് പിന്നെ വേറെ ആരെയും അന്വേഷിക്കേണ്ടി വന്നില്ല തിരിച്ചുവന്നപ്പോൾ ആ കൊച്ചു ബാലൻ അമ്മയോട് പറയുകയാണ് അമ്മെ, ഞാൻ ദൈവത്തെ കണ്ടു.ദൈവം എനിക്ക് നല്ലൊരു പുഞ്ചിരി തന്നു. എത്ര മനോഹരമാണത് !

ഇതുകൊണ്ടൊക്കെ തന്നെയാണ് മത്തായിയുടെ സുവിശേഷം 25 അദ്ധ്യായം 40 ആം വാക്യത്തിൽ ഈശോ പറയുന്നത് "എൻറെ ഈ എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത്". "ആർക്കെങ്കിലും ഒരു കപ്പ് കുടിവെള്ളം കൊടുക്കുമ്പോൾ അത് ഒരിക്കലും പ്രതിഫലം ലഭിക്കാതെ പോവില്ല".

പരോപകാര പ്രവർത്തനങ്ങൾക്ക് ദൈവത്തിൻറെ മുൻപിലും മനുഷ്യരുടെ മുൻപിലും എത്ര മാത്രം അർത്ഥവും ആഴം ആണുള്ളത് ... കൊറോണ വൈറസിനാൽ ലോകം മുഴുവനും വേദനിക്കുമ്പോൾ അഹോരാത്രം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന എത്ര ആളുകളെയാണ് നമ്മുടെ കൺമുന്നിലും, സാമൂഹിക മാധ്യമങ്ങളിലുമായി നാം കാണുന്നത്... അവശ്യ സേവനത്തിൽ പെട്ട നമ്മുടെ സഹോദരർ സ്വന്തമായതും, സ്വന്തമായ വരെയും മറന്ന് ജീവനു വേണ്ടി അഹോരാത്രം ജീവൻ മരണ പോരാട്ടത്തിലാണവർ... ജീവിക്കുന്ന വിശുദ്ധർ... ജീവിക്കുന്ന ദൈവങ്ങൾ...

ഇനി പറയൂ ദൈവത്തെ കണ്ടിട്ടുണ്ടോ? 1 യോഹന്നാൻ 4 പറയുന്നു: " ദൈവം സ്നേഹമാക്കുന്നു". എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്. മറ്റുള്ളവർക്ക് നൻമ ചെയ്യാത്ത ഒരു ദിനം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ. കർത്താവായ ഈശോയുടെ കുരിശു വഴിയിൽ ഒരു തൂവാല കൊണ്ട് മുഖമൊപ്പിയ വേറോനിക്കയും, ഇത്തിരി നേരം കുരിശു ചുമക്കാൻ സഹായിച്ച കെവുറീൻകാരൻ ശിമയോനെയും 2000 വർഷങ്ങൾക്ക് ശേഷവും നാം ഓർക്കുന്നു...
തുറക്കാം നമ്മുടെ കണ്ണുകൾ ദൈവത്തെ കാണാൻ...
തുറക്കാം നമ്മുടെ കാതുകൾ ചുറ്റുമുള്ള നിലവിളി കേൾക്കാൻ... തുറക്കാം നമ്മുടെ ഹൃദയങ്ങൾ സ്നേഹം പങ്കുവയ്ക്കാൻ...

Sr സോണിയ K ചാക്കോ DC


എൻറെ അടുക്കൽ വരുവിൻ


എൻറെ അടുക്കൽ വരുവിൻ
Come to Me 

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും ആയ നിങ്ങളെല്ലാവരും എൻറെ അടുക്കൽ വരുവിൻ" (മത്തായി 11: 28).
ജീവിതത്തിൻ്റെ എല്ലാതുറയിലുള്ള വരെയും കർത്താവ് തന്നിലേക്ക് വിളിച്ചിരുന്നു. കുഞ്ഞുങ്ങളെയും, ശിഷ്യന്മാരെയും, ഭാരത്താൽ അദ്ധ്വാനത്താൽ രോഗത്തിലും തളരുന്ന ഓരോ മക്കളെയും അവിടുന്ന് തന്നിലേക്ക് സ്വാഗതം ചെയ്തു. അവനിലേക്ക് ചേർന്നിരിക്കാൻ, അവിടുന്ന് തരുന്ന ആശ്ലേഷം സ്വീകരിച്ചത് വിശ്വസിക്കുവാൻ, അവിടുത്തോട് കൂടെയായിരിക്കാൻ, ആശ്വസിപ്പിക്കുവാൻ...

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചീടുന്നു.
അധ്വാന ഭാരത്താൽ വലയുന്നോരെ
ആശ്വാസം ഇല്ലാതെ അലയുന്നോരെ
അരുമ പിതാവിൻ്റെ ഇമ്പ സ്വരം
നീ ഇന്ന് ശ്രവിച്ചീടുമോ?...
ആണി പാടുള്ള വൻ കരങ്ങൾ നീട്ടി നിന്നെ വിളിചച്ചീടുന്നു...
നമുക്ക് എത്ര സുപരിചിതവും, അർത്ഥവത്തുമായ വരികളാണിവ.


1830 ജൂലൈ 18 ആം തീയതി പാരീസിൽ ഉള്ള ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മദർഹൗസിൽ ഒരു കൊച്ചു നോവീസായ വിശുദ്ധ കാതറിൻ ലബോറക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു അവളോട് പറഞ്ഞു: "അൾത്താരയിലേക്ക് വരുവിൻ അവിടെ നിന്നും നിങ്ങൾക്ക് അനുഗ്രഹങ്ങൾ വർഷിക്കപ്പെടും വിശ്വാസത്തോടെ കേണപേക്ഷിക്കുന്ന ഓരോരുത്തരും അനുഗ്രഹങ്ങളാൽ നിറയും". 1830 കളിൽ ഫ്രാൻസിനെ മാത്രമല്ല യൂറോപ്പിലെ മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ വിനാശകാരിയായ പ്ലേഗിൽ നിന്നും രക്ഷ പ്രാപിക്കുവാൻ പരിശുദ്ധ അമ്മ കാണിച്ചുതന്ന ഏകവും, വിശുദ്ധവുമായ മാർഗ്ഗമായിരുന്നു അൾത്താരയിലേക്കുള്ള സ്വാഗതം. "പരിശുദ്ധമായ അൾത്താരയിലേക്ക് - സക്രാരിയുടെ മുൻപിലേക്ക് വരിക..." വിശ്വാസത്തേടെ സമീപിക്കുന്നവർ അവിടെ നിന്ന് ആശ്വാസവും,
സൗഖ്യം സ്വീകരിക്കുവാൻ വേണ്ടി അമ്മ ഇന്നും നമ്മെ ഓരോരുത്തരേയും ക്ഷണിക്കുന്നു. കൂടാതെ വരുന്നവർക്കെല്ലാവർക്കും ആശ്വാസമേകുവാൻ അത്താണിയാകുവാൻ മാറു പിളർന്ന സ്നേഹവുമായി, വിരിച്ച കരങ്ങളാൽ കർത്താവ് കാത്ത് കാത്തിരിക്കുന്നു...

കോവിഡ് 19 വൈറസിൻ്റെ കൂർത്ത മുള്ളുകൾ ലോകത്തെ വിറപ്പിക്കുകയും, പരിഭവത്തിലാക്കുകയും, നമ്മുടെ ഒന്നുമില്ലായ്മ വെളിപ്പെടുത്തുകയുമാണ്. ഇത്തിരിക്കുഞ്ഞൻ വൈറസിനെ പേടിച്ചുള്ള ആധിയാലും വ്യാധിയാലും വലയുന്ന മാനവരാശിയുടെ മുന്നിൽ ഒരേയൊരു ആശ്രയം ദൈവം മാത്രം . അവിടുന്ന് സന്നിഹിതരായിരിക്കുന്ന പരിശുദ്ധ അൾത്താരയിലെ സക്രാരി മനുഷ്യമക്കളെ കാത്തു കാത്തു പ്രഭാതം മുതൽ പ്രദോഷം വരെ മാത്രമല്ല

365 ദിവസവും നമ്മെ കാത്തിരിക്കുന്നു. സക്രാരിയിൽ കാത്തിരിക്കുന്നു കർത്താവിൽ നിന്നും നമുക്ക് ആശ്വാസം സ്വീകരിക്കാം.. രണ്ടായിരം വർഷങ്ങൾക്കു മുന്നേ പാലസ്ത്തിനായിൽ മുഴങ്ങിയ ശബ്ദം ലോകമാസകലം കൊറോണ വൈറസിൻ്റെ ഭീതിയിൽ നിറയുന്നവരുടെ കാതുകളിൽ വീണ്ടും അലയടിക്കുന്നു... " എൻ്റെ അടുക്കൽ വരുവിൻ"...

കർത്താവിൻറെ സ്വരം നമുക്ക് ശ്രവിക്കാം... ആശ്വാസദായകൻ യേശു നമ്മെ വിളിക്കുന്നു...

ആശ്വാസദായകനാം യേശു
വിളിക്കുന്നു
ആണികൾ തുളഞ്ഞ കരങ്ങളാൽ വിളിക്കുന്നു
ആഗതരാകുവിൻ അലയും മക്കളേ ഈ
അൾത്താരയിങ്കൽ ഒന്നായി വരുവിൻ...

ആശ്വാസമേകാം ആനന്ദം ഏകാം ആകുലനാകരുതെ
ആധിയും വ്യാധിയും അകലും വചനധാരണയാൽ വിശ്വസിച്ചിടുവിൻ
അസ്വസ്ഥൻ ആകരുത് നിങ്ങൾ അനാഥരല്ല
അണയൂ നിങ്ങൾ ഈ ബലിവേദി മുന്നിൽ

ആത്മസന്തോഷത്താൽ ആമോദ രാഗം ആശ്വാസമേകാൻ വിശ്വസി ച്ചിടുവിൻ
അനുരഞ്ജിതരായ് പാപക്കറകൾ കഴുകി
ആശ്രയിക്കൂ നിങ്ങൾ പ്രത്യാശിക്കുവിൻ നിങ്ങൾ

അലകളിൽ നിന്നും
വൈരികളിൽനിന്നും
അന്നും ഇന്നും സഭയെ കാക്കുന്നവൻ ഞാൻ ആത്മാർത്ഥമായി അണയൂ . ആശ്വാസമേകാൻ ഞാൻ പ്രത്യാശിച്ചിടുവിൻ.

- Sr സോണിയ കെ ചാക്കോ DC

Monday, 30 March 2020

ജലത്തിൽ എഴുതപ്പെട്ട പേരുകൾ


ജലത്തിൽ എഴുതപ്പെട്ട പേരുകൾ

ഇരുപത്തിയഞ്ചാം വയസ്സിൽ 1921ൽ ഇറ്റലിയിൽ വച്ച് മരിച്ച ആധുനിക ആംഗലേയ കവികളിലെ അഗ്രഗണ്യരിൽ ഒരാളാണ് ജോൺ കീറ്റ്സ്. അദ്ദേഹത്തിൻ്റെ കബറിടത്തിൽ ഇന്നും കാണാം ഈ വരികൾ "ജലത്തിൽ പേര് എഴുതപ്പെട്ടവൻ ".

ഒരുപാട് അർത്ഥമുള്ള വാക്കുകൾ ''ജലത്തിൽ പേര് എഴുതപ്പെട്ടവൻ " ഒരുവൻ്റെ നശ്വരതയെ വെളിപ്പെടുത്തുന്ന ആ വാക്കുകൾക്ക് 95 വർഷങ്ങൾക്ക് ശേഷവും അതേ അർത്ഥമുണ്ട്... എത്രമാത്രം
സമ്പാദിച്ചാലും, അധ്വാനിച്ചാലും അതൊക്കെ നശ്വരതയ്ക്ക് വേണ്ടി ആണെങ്കിൽ അവയെല്ലാം ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാകും. ജലത്തിലെ ഓളങ്ങൾ പോലെ അത് എഴുതപ്പെട്ട പേര് പോലെ നമ്മളും എഴുതപ്പെട്ടവരാവും.

നമ്മുടെ സമ്പാദ്യങ്ങൾ എന്തിനെ അടിസ്ഥാനമാക്കിയാണ് ? ഈ ലോകത്തിലെ പ്രശസ്തിക്കും പെരുമയും ആണോ? ഈ ലോകത്തിലെ സമൃദ്ധിയെ എൻ്റെ കുടക്കീഴിൽ ആക്കുവാനാണോ? അടുത്തുള്ള അയൽക്കാരനെ കാൾ ഒരുപിടി കൂട്ടുവാനാണോ? കർത്താവ് പറയുന്നു; ഭോഷനായ മനുഷ്യാ, ഇന്ന് ഞാൻ നിൻ്റെ ആത്മാവിനെ തിരികെ വിളിക്കും. നിൻറെ നിറഞ്ഞ കളപ്പുരകളും, വിഭവസമൃദ്ധമായ ഊൺ മേശകളും, നിറഞ്ഞ ബാങ്ക് ബാലൻസും ഇനി എന്തിന്?

കുറച്ചു വർഷങ്ങൾക്കു മുന്നേ 2013 ഡിസംബർ 5 തിയ്യതി നെൽസൺമണ്ടേല മരിച്ചപ്പോൾ മാധ്യമങ്ങൾ എഴുതി ഒരു നൂറ്റാണ്ടിന് അന്ത്യം, സൂര്യൻ അസ്തമിച്ചു എന്നൊക്കെയായിരുന്നു. 1997 സെപ്റ്റംബർ 5-ന് മദർ തെരേസ മരിച്ചപ്പോൾ മാധ്യമങ്ങളും ലോകം മുഴുവനും ഒരു പോലെ ഒരു സ്നേഹത്തിൻ്റെ ജീവിക്കുന്ന മാലാഖ, പാവങ്ങളുടെ അമ്മ... ഇത്തരം എത്രയോ ധന്യ ജീവിതങ്ങൾ നമുക്ക് മുന്നിൽ ജീവിച്ചിരുന്നു... ജീവിക്കുന്നു... പക്ഷേ അവർ കുറിച്ചിട്ടു അവരുടെ പേരുകൾ ആർക്കും മായ്ക്കാനാവാത്ത വിധം അവരുടെ പേരുകൾ ഹൃദയ ഫലകങ്ങളിലും നിത്യതയിലും എഴുതപ്പെട്ടിരിക്കുന്നു. ഈ ജീവിതങ്ങളിലേക്ക് നോക്കുക ചെയ്യുവാൻ ഇനി ബാക്കി ഒന്നുമില്ല. അപരനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ധന്യജീവിതങ്ങൾ ... അവർ പേര് ജലത്തിൽ അല്ല സ്വർഗ്ഗത്തിലും ഹൃദയങ്ങളിലും എഴുതി.

നമുക്ക് നോക്കാം നമ്മുടെ ജീവിതങ്ങൾ എവിടേക്കാണ് പോകുന്നത്? നമ്മുടെ യാത്ര എവിടെ എത്തി? എവിടെ എഴുതി നാം നമ്മുടെ പേരുകൾ ജലത്തിലോ ജീവിതത്തിലോ?

- സി. സോണിയ കെ ചാക്കോ, ഡിസി

ഒരിക്കലും പിരിയാത്ത സ്നേഹിതൻ


ഈശോ ഒരിക്കലും പിരിയാത്ത സ്നേഹിതൻ


"എല്ലാവരും നമ്മളെ വിട്ടു നടന്നു അകലുമ്പോഴും നമ്മെ തേടി കടന്നു വരുന്നവരാണ് സുഹൃത്തുക്കൾ ".
നൻമകളാൽ മനസ്സിനെ നിറച്ച്
വെൺമകളാൽ ആത്മാവിനെ പൊതിഞ്ഞ്
മനസ്സും, ഹൃദയവും ഒരു പോൽ ലയിക്കും
നൽ അനുഭൂതിയാണ് സൗഹൃദം.


സൗഹൃദത്തെക്കുറിച്ച് ഏറ്റവും നല്ല നിർവ്വചനം തന്ന് അത് സ്വജീവിതത്തിലൂടെ കാണിച്ചു തന്ന മഹത് വ്യക്തിത്വമാണ് യേശു ക്രിസ്തു. കർത്താവ് തൻ്റെ ശിഷ്യരെ വിളിച്ചത് 'സ്നേഹിതർ' എന്നാണ്. തൻ്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഓരോരുത്തരേയും സൗഹൃദത്തിൻ്റെ ഒരു പുതിയ കരവലയത്തിലാക്കി അവർക്ക് ഒരു പുതിയ നിയമം കൊടുത്തു. "സ്നേഹിക്കുക!"ശത്രുവിനെയും മിത്രത്തെയും ഒരു പോലെ... സ്നേഹിതനു വേണ്ടി ജീവൻ കൊടുക്കുന്നതിനെക്കാൾ വല്ലിയസ്നേഹമില്ലെന്ന് പിഠിപ്പിച്ച് അവസാനം ജീവിതം തന്നെ ഒരു സ്നേഹബലിയാക്കി. ആ സ്നേഹത്തിൻ്റെ ഓർമ്മയാണ്, പുനരർപ്പണമാണ്, ആഘോഷമാണ് ഓരോ വിശുദ്ധ ബലിയർപ്പണവും. വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു: "സർവ്വോത് കൃഷ്ടമായ സ്നേഹത്തിൻ്റെ കൂദാശയാണ് ദിവ്യകാരുണ്യം. സ്നേഹമെന്നു തന്നെ അതിൻ്റെ പേര്. അതിൻ്റെ സ്ഥാപനത്തിനു കാരണം സ്നേഹമാണ്. തുടർച്ചയും, അന്ത്യവും സ്നേഹം തന്നെ ".



നമ്മോടുള്ള ഈശോയുടെ സ്നേഹം എത്രമാത്രം നാം അനുഭവിച്ചിട്ടുണ്ട്? ജെനീവയിലെ വിശുദ്ധ കത്രീന പറയുന്നു: വേർപിരിയാത്ത സ്നേഹമാണ് സക്രാരിയിലെ യഥാർത്ഥ സാന്നിദ്ധ്യം. സ്നേഹം അവസാനിക്കുന്നില്ല. സക്രാരിയുടെ മുമ്പിൽ ഞാൻ ചിലവഴിച്ച സമയമാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ". പരമകാരുണ്യവാനായ തമ്പുരാൻ കൂട്ടുകാരനായി, നിത്യം കൂടെ വസിക്കുന്ന സക്രാരിക്കരികെ ആയിരിക്കാൻ ഇത്തിരി നേരം കണ്ടെത്താൻ മറക്കരുതേ... മറന്നാൽ ജീവിതത്തിലെ ഏറ്റവും മഹനീയവും വിലപ്പെട്ടതുമായ നിമിഷങ്ങൾ ആണ് നഷ്ടപ്പെടുന്നത്. ഫിലിപ്പിയർ 2 അധ്യായം വിവരിക്കുന്നത് മഹിമ വെടിഞ്ഞ് മനുജനായ യേശുവിനെക്കുറിച്ചാണ്.



പണ്ട് പേർഷ്യ ഭരിച്ചിരുന്ന മഹാനായ രാജാവാണ് അബ്ബാസ്.

അദ്ദേഹം ജനങ്ങളെ ഏറെ സ്നേഹിച്ചിരുന്നു, ജനങ്ങൾ അദ്ദേഹത്തെയും. ഒരിക്കൽ വേഷപ്രച്ഛന്നനായി ഒരു കൊല്ലൻ്റെ ആലയിലേക്ക് അദ്ദേഹം ചെന്ന് ജോലിയിൽ സഹായിച്ചു. അതിഥിയായി എത്തിയ രാജാവുമായി തനിക്ക് ആകെയുള്ള അല്പം ഉണക്ക റൊട്ടി പങ്കുവെച്ച് രണ്ടുപേരും കഴിച്ചു. ഏകനായി ദാരിദ്ര്യത്തിൽ കഴിഞ്ഞ കൊല്ലനോട് സുഹൃത്തിനോട് എന്നപോലെ സംസാരിച്ചു അദ്ദേഹത്തോട് രാജാവിന് ഒത്തിരി സ്നേഹവും തോന്നി. പലപ്പോഴും അയാളെ കാണാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടു. അങ്ങിനെയിരിക്കെ ഒരിക്കൽ അവിടുന്ന് താൻ രാജാവാണെന്ന് വെളിപ്പെടുത്തി. തന്നോട് ഒരു സമ്മാനവും ചോദിക്കാതെ ഇരിക്കുന്ന കൊല്ലനോട് കാരണം തിരക്കിയപ്പോൾ കൊല്ലൻ പറഞ്ഞു: എന്നോടൊത്തു ദരിദ്രമായ ഭവനത്തിൽ ഇരിക്കുവാനും ദരിദ്രമായ ഭക്ഷണം പങ്കുവെക്കുവാനും അങ്ങ് കൊട്ടാരത്തിൻറെ മഹത്വം വിട്ട് മുന്നോട്ടുവന്നു. എൻറെ സന്തോഷ - സങ്കടങ്ങളിൽ പങ്കുപറ്റി. അങ്ങ് മറ്റുള്ളവർക്ക് വിലപിടിച്ച സമ്മാനങ്ങൾ കൊടുക്കുന്നു എന്നാൽ എനിക്കു അങ്ങയെ തന്നെ തന്നു. എനിക്ക് അങ്ങയോടു ചോദിക്കാനായി ഒന്നു മാത്രമേ ഉള്ളൂ അത് 'ഈ സൗഹൃദം എന്നിൽ നിന്നും നീക്കി കളയരുത് ' എന്നാണ്. അങ്ങയുടെ സാന്നിധ്യം അതാണ് എനിക്കുള്ള അങ്ങയുടെ ഏറ്റവും വലിയ സമ്മാനം. 



യേശുവും തൻറെ മഹിമ വിട്ട് നമ്മിൽ ഒരുവനായി മാറി നമ്മോടൊത്തു ജീവിച്ചു സഹിച്ചു എല്ലാം നമ്മുടെ സ്നേഹം തരാൻ, നമ്മുടെ ഹൃദയങ്ങളെ നേടാൻ എന്നിട്ട് ഉത്തമ സുഹൃത്തായി നിത്യം കൂടെ ആയിരിക്കാൻ.  വിശ്വകവി ഷേക്സ്പിയർ പാടി " സ്നേഹവും, സൗഹൃദവുമുണ് അനശ്വരതമായവ " എങ്കിൽ ഇത് യാഥാർത്ഥ്യമായിരിക്കുന്നത് ഈശോയുമായുള്ള സൗഹൃദത്തിലും സ്നേഹത്തിലുമാണ്.


- സോണിയ കെ ചാക്കോ DC. 

Sunday, 29 March 2020

നോട്ടം 


 നോട്ടം 


കുരിശ് യാത്രയിൽ രണ്ട് തരം ആളുകളെ കണ്ടെത്താൻ നമുക്ക് സാധിക്കും - കർത്താവിനെ നോക്കി നിന്നവർ, കർത്താവ് നോക്കി നിന്നവർ.

കർത്താവിനെ നോക്കി നിന്നവർ: ഓരോ സാഹചര്യങ്ങളിലും നിർവ്വികാരതയോടെ കാണികളായി നോക്കി നിൽക്കുന്നവർക്ക് തുല്യം. അവർക്ക് ഇനിയെന്ത് ഒരു എന്നറിയാനുള്ള ഒരു ജിജ്ഞാസയും , അവരുടെ മുഖത്തും മനസ്സിലുള്ള അർത്ഥമില്ലാത്ത ചില വാക്കുകളും പ്രകടനങ്ങളും ആയിരിക്കും ഏക മറുപടിയും. എന്തൊക്കെ ദു:ഖകരമായത് സംഭവിച്ചാലും ഒട്ടുമിക്കവരുടേയും ഹൃദയത്തിൽ ഒന്നും തട്ടുന്നില്ല, പ്രത്യേകിച്ചും അത് അവരുമായി ബന്ധം ഉള്ളവയല്ലെങ്കിൽ. എന്നാൽ കുരിശു യാത്രയുടെ ഓരോ വേദനയും, പീഡകളും ഹൃദയത്തിലേറ്റി അനുഗമിച്ച ചിലരായിരുന്നു പരിശുദ്ധ അമ്മയും, യോഹന്നാനും, മഗ്ദലന മറിയവും മറ്റു കുറച്ച് സ്ത്രീകളും. കർത്താവിനെ മൃദുലമേനിയിൽ ആഴ്ന്ന് പതിച്ച ഓരോ പീഢകളും അവരുടെ ഹൃദയത്തിലും ആഴമായി പതിച്ചു. അഗാധമായ ദുഃഖവും വേദനയുടെയും അകമ്പടിയോടുകൂടി ഒരടി പോലും മുന്നോട്ടു വയ്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

കർത്താവ് എല്ലാവരെയും നോക്കിയിരുന്നു. പക്ഷെ എല്ലാവരും അത് കണ്ടതായി നടിച്ചില്ല. അത് കണ്ടവർ കരുണയുടെ ആഴമറിഞ്ഞ് അനുതപിച്ച് ഏങ്ങലടിച്ചു കരഞ്ഞു കർത്താവിനെ പിൻതുടരുന്ന ഏറ്റവും നല്ല ഉദാഹരണമാണ് ശിമയോൻ പത്രോസ്. 

കർത്താവിൻങ്കലേക്ക് തിരിഞ്ഞ് അവിടത്തെ നോക്കിയവർ ഒരിക്കലും നിരാശരായിട്ടില്ല തിരിയുന്നവരെ ചേർത്തുനിർത്തി ആശ്ലേഷിച്ചു അവരെ സ്വന്തമാക്കുന്നവൻ നമ്മുടെ കർത്താവായ ദൈവം.

എന്തൊക്കെയായാലും, ക്രിസ്തുവിലേക്കുള്ള നോട്ടം ഒരു തിരിച്ചുവരവിൻ്റെ അടയാളമാണ്. ക്രിസ്തുവിൻ്റെ നോട്ടം എല്ലാവരേയും എല്ലാക്കാലത്തും സ്നേഹത്താൽ ആശ്ലേഷിക്കുന്നതിൻ്റെ നിത്യമായ പ്രകടനമാണ്.
ഈശോയെ,
നിൻ നയനങ്ങൾ എന്നെ പിന്തുടരട്ടെ...
നിൻ നയനങ്ങളിൽ എന്നും എൻ നയനങ്ങളുറപ്പിക്കുവാൻ എന്നെ അനുവദിക്കണെ... അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ എന്നും എൻറെ ദൃഷ്ടി നിന്നിൽ ഉറപ്പിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ...
നിൻ സ്നേഹത്തിൻ കീഴിൽ നിത്യം നിലനിൽക്കുവാൻ എന്നെ അനുഗ്രഹിക്കണമേ, ആമേൻ.
- Sr സോണിയ K. ചാക്കോ, DC







സ്വർഗ്ഗത്തിൻ്റെ താക്കോൽ - ക്ഷമ


സ്വർഗ്ഗത്തിൻ്റെ താക്കോൽ - ക്ഷമ


മനസ്സറിഞ്ഞ് ക്ഷമിക്കുവാൻ ആവാത്ത നിമിഷങ്ങൾ ഏകിയ ജീവിതാനുഭവങ്ങളെ 
നൊമ്പരിക്കും നിങ്ങൾതൻ ഓർമ്മകളെ ഓർത്ത് മിഴിനീരൊഴുക്കുമ്പോൾ
മിഴിനീർ തുടച്ച് ഞാൻ അപേക്ഷിക്കും 
ക്രൂശിലേറ്റിവരെ കുരിശിൽ നിന്നും ക്ഷമിച്ച മിശിഹായെ
കരുത്തേകൂ ക്ഷമിക്കുവാൻ...

നിന്നെ പ്രഹരിച്ചവരെയും ചാട്ടയടിച്ചവരെയും
നിന്നെ വലിച്ചിഴച്ചു കുരിശിലേറ്റി വരെയും 
നിൻ കൈകാലുകളിൽ ആണി ഇറക്കി, 
നിൻഹൃദയത്തെ കുത്തിത്തുറന്ന് വരെയും 
നീ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു... പിതാവേ ക്ഷമിക്കണേ
ഇവർ അറിയുന്നില്ല
ഇവരുടെ ചെയ്തികൾ. 

ആദ്യം ഉദരത്തിൽ വഹിച്ചു 
പിന്നെ നെഞ്ചിലേറ്റി 
ആ കുഞ്ഞിനെ ചേർത്ത്പിടിച്ചുമ്മ വെച്ച് താരാട്ടു പാടിയുറക്കിയ 
ആ ഘോര ദിവസം ഉണ്ണിയുടെ മൃദുലമേനി നിൻ്റെ മടിയിൽ കിടത്തിയപ്പോൾ 
നെഞ്ചു നുറുങ്ങിയ അമ്മേ,
ആദ്യദിനം കൈകളിലേറ്റിയ ചോരക്കുഞ്ഞ് 
അവൻ്റെ
അന്ത്യദിനവും ചോര വാർത്ത് നിൻറെ മടിയിൽ കിടന്നപ്പോൾ ആരോടും പരിഭവമില്ലാതെ ക്ഷമിച്ചു നീ 
അവനിയിലെ മക്കൾക്കായി... അങ്ങനെ 
കുരിശിൻ ചുവട്ടിലെ അമ്മ ലോക മാതാവായി.

ആത്മ നാഥനായി
ആത്മ ശരീരങ്ങൾ നൽകിയ പുണ്യ സൂനങ്ങൾ സഭയിൽ 
അസൂന്തയുടെ മകൾ മരിയ ഗൊരേറ്റിയും, അമേരിക്കയിലെ ലിൾസൾവായും... കേരളത്തിലെ റാണി മരിയയും
ആസക്തിയാലവർ ആ കന്യകകളെ ആക്രമിച്ചപ്പോൾ 
അവർ ചെറുത്തു ആത്മനാഥിനായി.
അമ്പതോളം കുത്തിയ മുറിവുകൾ അവരുടെ ശരീരത്തിൽ
ഘോര വേദന 
അന്ന് കിനിഞ്ഞിറങ്ങിയപ്പോൾ ഘാതകർക്കായി
അവർ കേണപേക്ഷിച്ചു 
അനുഗ്രഹങ്ങൾ ചെരിയും അൾത്താര മുന്നിൽ നാഥാ ക്ഷമിക്കുന്നു ഞങ്ങൾ അവരോട് ക്ഷമിക്കേണമേ കാരുണ്യപൂർവ്വം...

ഭ്രാന്തരായി സ്വന്തം മക്കളെ വെട്ടി കൊലപ്പെടുത്തിയ ഘാതകരോട് പൊറുത്താ മാതാപിതാക്കൾ കുരിശിൽ നാഥൻ പഠിപ്പിച്ച പ്രാർത്ഥനാശക്തിയാൽ 
അവർ ക്ഷമിച്ചു, ചേർത്തു പിടിച്ചു വിളിച്ചവരെ "മകനെ" എന്ന് പാരിലെ മാലോകർ അതു കേട്ടു പുളകിതരായി... 

നൊന്തുപെറ്റ മക്കളെയും പ്രാണപ്രിയനെയും
ചുട്ടെരിച്ചവരെയും ഒന്ന് ചേർത്ത്
അനുഗ്രഹിച്ചു ഗ്ലാഡിസ് അവർ തൻ മകളും .
ചിന്നഭിന്നം ആക്കിയ അച്ഛൻറെ മേനിയെ കെട്ടിപ്പിടിച്ച് 
ചങ്കുപൊട്ടികൊണ്ട് രാഹുലും പ്രിയങ്കയും പ്രിയതമ ഗാന്ധിയും നെഞ്ചോട് ചേർത്ത് പറഞ്ഞു
"നളിനീ ഞങ്ങൾ ക്ഷമിക്കുന്നു".

സ്വർഗ്ഗവാതിൽ മണ്ണിൽ
നമുക്കായി തുറക്കും 'ക്ഷമ'
എത്ര സമുന്നതം ഈ മഹാഗുണം... എത്ര മഹോന്നതം ഈ ക്ഷമിക്കൽ സ്വർഗ്ഗവാതിൽ ഭൂമിയിൽ തുറക്കും മാന്ത്രിക താക്കോൽ ക്ഷമയാണ്. 

-Sr സോണിയ കെ. ചാക്കോ DC

Saturday, 28 March 2020

ആശ്വാസത്തിൻ്റെ മാലാഖ


ആശ്വാസത്തിൻ്റെ മാലാഖ

അധ്വാനത്തിന് വിയർപ്പിൻ്റെ വിലയാണല്ലോ? രക്തത്തിന് ജീവൻറെ വിലയാണല്ലോ? ദുഃഖത്തെയും അനുതാപത്തിൻ്റെയും അടയാളമാണല്ലോ കണ്ണുനീർ.

ദൈവപുത്രൻ്റെ കണ്ണുനീരും രക്തവും വിയർപ്പും എല്ലാം ഒരുപോലെ ഇറ്റിറ്റിറങ്ങിയ പൂന്തോട്ടം ആണല്ലോ ഗത്സമനി.
അതൊരു പൂന്തോട്ടം ആയിരുന്നാലും പഴത്തോട്ടം ആയിരുന്നാലും നമ്മുടെ ജീവിതത്തിൽ നമ്മളും മുഖാമുഖം ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ് അത്. ഒരുപക്ഷേ എല്ലാവരും ആയിരിക്കില്ല എങ്കിലും തമ്മിൽ ഏറെ ആളുകൾ.

ജീവിതത്തിൽ ഒറ്റപ്പെടലുകൾ അനുഭവപ്പെടാത്തതായി ആരുണ്ട്? ഈ ലോകം നേരിടുന്ന കൊറോണാ കോവിഡ് ഭീഷണിയിൽ, ഒറ്റപ്പെടലിൽ, ഭയതതിൻ്റെയും വിശപ്പിൻ്റെയും രോഗത്തിൻ്റെയും ഭീഷണിയുടെ മുൾമുനയിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകൾ... അതിനുപുറമേ പലവിധമായ പ്രശ്നങ്ങളുടെ,നിരാശയുടെ, വേദനയുടെ കൂരിരുട്ട് നിറഞ്ഞ ഇരുണ്ട രാത്രികൾ, ജീവിതത്തിലെ വരണ്ട ദിനങ്ങൾ ഈ അനുഭവങ്ങളുടെ നടുവിൽ നമ്മളൊക്കെ ഗത്സമനി തോട്ടത്തിലാണ്. 

കൂടെ നിന്നവർ പോലും ഏറ്റവും സ്നേഹം നടിച്ച്,ഏറ്റവും നല്ല സ്നേഹ ഭാവത്തിലൂടെ ഒറ്റി കൊടുക്കുമ്പോൾ, ഏറെ സ്നേഹിച്ചവർ വിഷമഘട്ടങ്ങളിൽ ഓടി അകലുമ്പോൾ, സ്നേഹം മാത്രം കൊടുത്തവർ പകരം കുരിശുമായി ആർത്തിരമ്പി സത്യം മറച്ച് അഭിനയിക്കുമ്പോൾ, എല്ലാറ്റിനുമുപരി മനുഷ്യപാപത്തിനായി നമ്മോടുള്ള സ്നേഹത്തെ പ്രതി സ്വയം കുരിശിൽ ആത്മായാഗമാകുമ്പോൾ കടന്നുപോകേണ്ട വേദനകൾ... അവയുടെ കാഠിന്യവും... അവ കണ്മുൻപിൽ കാണുമ്പോഴുള്ള ഞെട്ടൽ ഏതൊരു മനുഷ്യനാണ് ഇവ താങ്ങാൻ ആവുക? 

തലയിൽ മുൾമുടിയും ദേഹമാസകലം ആയിരത്തിൽപരം ചാട്ടവാറടികളും, ഭാരമേറിയ കുരിശും താങ്ങി മൂന്നുപ്രാവശ്യം വീണതിനെ മുറിവുകളും, ഇതിനെല്ലാമുപരി കൈകളിലും കാലുകളിലും തുടങ്ങിയ കയറി തുളഞ്ഞു കയറിയ മൂന്ന് ആണികളുടെ വേദന മുന്നിൽ കാണുമ്പോൾ എത്രമാത്രം വേദനയായിരിക്കും ഈശോ നമുക്കായി അനുഭവിച്ചിട്ടുണ്ടാവുക !!!

വേദനയുടെ കാഠിന്യവും ദൈർഘ്യവും ഏറുമ്പോൾ പിതാവിനെ വിളിച്ചു കരയുന്ന കർത്താവിനെയാണ് ഈ തോട്ടത്തിൽ നമുക്ക് കാണാനാവുക. "പിതാവേ, ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റണമേ... പറഞ്ഞു നിർത്താതെ അവിടുന്ന് കൂട്ടിച്ചേർത്തു എൻറെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ...

പാരീസിലെ തെരുവോരങ്ങളിലേക്ക്1600കളുടെ ആരംഭത്തിൽ ഉപവിപുത്രിമാരെ (Daughters of Charity of St vincent de Paul) വലിച്ചെറിയപ്പെട്ട അനാഥ കുരുന്നുകളുടെ എടുത്ത് സംരക്ഷിക്കാനായും, പകർച്ചവ്യാധിയ പ്ലേഗിൽ മരിച്ച് പടരുമെന്ന പേടിയിൽ അവഗണിച്ച് എറിയപ്പെട്ട രോഗബാധിതരുടെ മൃതദേഹ ശവസംസ്കാരത്തിനും, എല്ലാതരം രോഗികളുടെ ശുശ്രൂഷയ്ക്കായി അവരെ അയയ്ക്കുമ്പോൾ വിശുദ്ധ വിൻസെൻറ് അവരോട് എപ്പോഴും പറഞ്ഞിരുന്നു: "എൻ്റെ പുത്രിമാരേ, നിങ്ങൾക്ക് ആട്ടു തുപ്പലുകളും, പുച്ഛവും, അവഗണനയും, വാക്കുകളും സ്വീകരിക്കേണ്ടി വരും. എങ്കിലും ഒന്നും മറുപടി പറയരുത്. തിരികെ വീട്ടിൽ എത്തുമ്പോൾ കർത്തൃ സന്നിധിയിൽ എല്ലാം പറയുക. നിങ്ങൾക്ക് ആശ്വാസം ലഭിക്കും". അതെ, തൻറെ ജീവിതത്തിൽ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിൽ സ്വപിതാവിലാണ് യേശു അഭയംതേടിയത്. തൻറെ പ്രിയപുത്രൻ്റെ രോധനം ദൈവപിതാവിന് കണ്ടു നില്ക്കാനായില്ല...എങ്കിലും കൈപ്പേറിയ കാസ അവിടുന്ന് തിരിച്ചെടുത്തില്ല. പകരം ഒരു മാലാഖയെ ആശ്വസിപ്പിക്കാനായി അയച്ചു . 

നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണുവാൻ സാധിക്കും നമ്മുടെ കയ്യിലും കയ്പേറിയ കാസകൾ ഇരിക്കുമ്പോൾ അവ തിരികെ എടുക്കില്ല. പകരം, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത വ്യക്തികൾ ആശ്വാസത്തിനു മാലാഖമാർ വന്നു നമ്മെ ആശ്വസിപ്പിക്കുന്നത് നമുക്കറിയുവാൻ സാധിക്കും... 

പ്രിയ സഹോദരരെ, നമുക്കുചുറ്റും വേദനയുടെ പുകയുന്ന രോദനമുയരുകയാണ് ഇന്ന്... ലോകജനത നിലവിളിക്കുകയാണ്... രാഷ്ട്രങ്ങൾ എന്തുചെയ്യണമെന്നറിയാതെ വിയർക്കുകയാണ്... കർത്താവിൻറെ അനുഗ്രഹത്തിൻ്റെയും, ആശ്വാസത്തിൻ്റയും, സൗഖ്യത്തിൻ്റെയും കരത്തിൽ കീഴിൽ വിശ്വാസത്തോടും പ്രതീക്ഷയോടുംകൂടെ കാത്തിരിക്കാം. അതേ സമയം നമുക്ക് മാറാം ആശ്വാസ ദൂതരായി... നമ്മുടെ സമൂഹത്തിലെ വേദനിക്കുന്നവരിലേക്ക് എത്തിച്ചേരാം... പ്രതിസന്ധികളിൽ, വേദനകളിൽ ആശ്വാസവാക്കുകളുമായി, ഒരു പുഞ്ചിരിയുമായി,ഒരു ഫോൺ സന്ദേശം ആയി, ഒരു കൈത്താങ്ങായി... അങ്ങനെ സ്നേഹത്തിൻ്റെ ചിറകിൽ പറക്കാം... വേദനിക്കുന്ന മനുഷ്യരിലേക്ക്... ഇതാ ഇപ്പോൾ തന്നെ ഇന്നുതന്നെ.

Sr സോണിയ കെ ചാക്കോ, DC

Tuesday, 24 March 2020

കർത്താവിന് ഒരു കത്ത്

കർത്താവിന് ഒരു കത്ത്

ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല... ഒരിക്കലും വിചാരിച്ചില്ല... ഒരിക്കലും അറിഞ്ഞില്ല ഈ ഒരു അവസ്ഥ. ആദ്യമായി വിശുദ്ധ കുർബാനയർപ്പണം ജീവിതത്തിൽ ഇല്ലാതിരിക്കുന്ന ഒരു അവസ്ഥ. ജീവിതത്തിൽ പലതിനെയും വേണ്ടെന്നു വച്ചിട്ടുണ്ട് അവയൊന്നും ഒരിക്കലും ഇത്രമാത്രം ഭക്തിയും ഉണർവും ഉന്മേഷവും തന്നില്ല കർത്താവേ അത്രമാത്രം നീ എൻ്റെ ജീവനും ജീവിതത്തിനും ഭാഗമാണെന്ന് ഇന്ന് ഞാൻ അറിയുന്നു. ആർക്കും വേല ചെയ്യാൻ പറ്റാത്ത രാത്രികാലം അടുത്തു വരികയാണല്ലോ (യോഹന്നാൻ 9:4) എന്ന് പലതവണ കുരിശിൻറെ വഴിയിൽ പ്രാർത്ഥിക്കുന്നത് ഒരുവട്ടമെങ്കിലും യാഥാർഥ്യമാകുമെന്ന് അറിഞ്ഞില്ല...

മരണത്തിന് മുന്നിലാണ് ജീവിതം എന്ന് തിരിച്ചറിയുകയാണ് ലക്ഷകണക്കിന് ജനങ്ങൾ... കൂടപ്പിറപ്പുകൾക്കായും, കുടുംബക്കാർക്കും വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളാണ് മനസ്സും, ശരീരവും വേദനിച്ച് ഈ പകർച്ചവ്യാധികളിൽ പെട്ട് ഒരു കൈ സഹായത്തിനായി കരയുന്ന ആയിരങ്ങളുടെ കണ്ണുനീരും നിലവിളികളും മുഴങ്ങി കേൾക്കുന്നു... നമുക്ക് ആശ്വാസമായി പുറപ്പാട് പുസ്തകത്തിലെ വചനം തെളിഞ്ഞു വരികയാണ് മോശയോട് കർത്താവ് പറയുന്ന തിരു വചനങ്ങൾ: " യഹോവ ഇങ്ങനെ​യും പറഞ്ഞു: “ഈജി​പ്‌തി​ലുള്ള എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവരെ​ക്കൊ​ണ്ട്‌ നിർബ​ന്ധിച്ച്‌ പണി​യെ​ടു​പ്പി​ക്കു​ന്നവർ കാരണം അവർ നിലവി​ളി​ക്കു​ന്നതു ഞാൻ കേട്ടു. അവർ അനുഭ​വി​ക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം." (പുറപ്പാട് 3: 7)

സങ്കീർത്തകൻ ഇരുപത്തിമൂന്നാം സങ്കീർത്തനത്തിൽ പറയുന്ന വാക്കുകൾ ഞാനുറക്കെ പാടട്ടെ "മരണത്തിൻറെ നിഴൽ വീണ താഴ്‌വരയിലൂടെ കൂടിയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല. ഭീതിയുടെയും ഭയാനകമായ പാൻഡെമിക് പടർച്ചയുടെയും കരിനിഴൽ ലോകത്തിന് മേൽ വിരിക്കുമ്പോൾ എനിക്കറിയാം നീതി സൂര്യ നായ കർത്താവിൻ്റെ കിരണങ്ങൾക്ക് അവയെ നിർവീര്യമാക്കാൻ നിമിഷങ്ങൾ മതിയെന്ന്...

കർത്താവേ ഞങ്ങളുടെ ആശ്രയം എന്നും അങ്ങയിൽ മാത്രമാണ്. മറക്കാനാവാത്ത ഈ വലിയ തിരക്ക് പിടിച്ച ലോകത്തെ ഇത്തിരികുഞ്ഞൻ കൊറോണ വൈറസ് കൊണ്ട് ഒരു നിമിഷം നിശ്ചലമാക്കി ഇരുത്തി. മറന്നവർ നിന്നെ അധികമായി ഓർക്കുന്നു. കർത്താവിനെ ഓർക്കുന്നവർ അതിലും അധികമായി ഓർക്കുന്നു. കർത്താവേ എന്നെ ഓർക്കണമേ നെഹമിയ 13: 31 ഏശയ്യ പ്രവാചകൻ്റെ പുസ്തകം 43 അധ്യായത്തിൽ പറയുന്നുണ്ടല്ലോ; "യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്.

 സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല".

 ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു മനുഷ്യൻ തോറ്റു ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു. ശാസ്ത്രവും മനുഷ്യനും തോൽക്കുന്നിടത്ത് ജയം ദൈവത്തിന്. വിജയശ്രീലാളിതനായ ദൈവമേ ഞങ്ങളും ഞങ്ങളുടെ ശാസ്ത്രജ്ഞർക്ക് വിവേകവും വിജ്ഞാനവും നല്കണമേ...
ഹാഗാറിൻ്റെയും, ഇസ്രായേൽക്കാരുടെയും നിലവിളി കേട്ട ദൈവമേ കൊറോണ ദുരിതത്താൽ വലയുന്ന ഞങ്ങളുടെ യാതനകൾ ശ്രവിക്കണമേ... കർത്താവേ, ഈ ലോകത്തെയും തൃക്കരങ്ങളിൽ കാത്തുപരിപാലിക്കണമേ.

സി. സോണിയ കെ ചാക്കോ, DC


05:43 (4 hours ago)




കൂട്ടുകാരനാം ദൈവം

കൂടെ നടക്കുന്ന കർത്താവ്

കൂടെ നടക്കുന്നവൻ
കൂടെ നടക്കാനും, കൂട്ടിനിരിക്കാനും,
കൂടെ വരുന്ന കൂട്ടുകാരൻ...
കൂടെ നടന്നു, കൂട്ടിനിരുന്നു
കുർബ്ബാനയായി കൂടെ വസിക്കും കർത്താവ്.

കൂടെയുണ്ടെന്ന് കൂടെ കൂടെ പറഞ്ഞ്
കൂടെ വസിക്കുന്നു നിത്യവും കുർബ്ബാനയിൽ.
കൂട്ടിനായി സഹായകനെ നൽകി
കാരുണ്യവാൻ കർത്താവ് .


മനുഷ്യജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യമാണ് കൂടെ നടക്കുന്നവനെ കണ്ടെത്തുവാനുള്ള പ്രയാസം. ഇത്ര പുരാതനവും, ഇത്ര നവീനവുമായ സൗന്ദര്യമെ, നിന്നെ സ്‌നേഹിക്കുവാന്‍ ഇത്ര ഏറെ താമസിച്ചുവല്ലോ എന്ന് വിളിച്ചു പറയുവാന്‍ അഗസ്തിനോസിന് മുപത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ചരിത്രത്തിന്റെ താളുകള്‍ മറിഞ്ഞപ്പോള്‍ കൂടെയായിരിക്കുന്ന ദൈവത്തെ കൂടെ വസിക്കുന്നവരില്‍ കണ്ടെത്തുവാന്‍ അനേകര്‍ക്ക് സാധിച്ചുകഴിഞ്ഞിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി, വിവിന്‍സെന്റ് ഡിപോള്‍, വി. ലൂയീസ് ഡി മരിയാസ്, വി കൊച്ചുത്രേസ്യ, വി ഡാമിയന്‍, വി മാര്‍ട്ടിന്‍, വി മദര്‍ തെരേസ, വി എവുപ്രാസ്യ, മദര്‍ പേത്ര, സുക്കോളച്ചന്‍, കുറ്റിക്കലച്ചന്‍ തുടങ്ങി എത്രയെത്ര വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം സ്‌നേഹത്തില്‍ നിരതമാക്കി (ഗലേ. 4:5). അള്‍ത്താരയില്‍ വണങ്ങുന്നവനെ അയല്‍ക്കാരിലും, അഗതികളിലും കണ്ടെത്താൻ അനേകര്‍ക്കായിട്ടുണ്ട്. എന്നാല്‍ , athinayi ആത്മാര്‍പ്പണം ചെയ്ത് ജീവിതം ചിലവഴിക്കുന്ന അനേകര്‍ അതിലേറെയുണ്ട് താനും.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ഘോഷിക്കുന്നതിപ്രകാരമാണ്. ''യേശുവിനെ അനുദിനം കണ്ടുമുട്ടുക; അനുദിന ദിവ്യബലിയിലൂടെ അപ്പമായ് ഹൃദയകോവിലില്‍ ദിവ്യനാഥനെ കണ്ടുമുട്ടാന്‍ നമുക്ക് സാധിക്കുമ്പോള്‍ കൂടെയായിരിക്കുന്നവരിലും പതിതരിലും പാവങ്ങളിലും മറഞ്ഞിരിക്കുന്ന കര്‍ത്താവിനെ കണ്ടുമുട്ടുവാന്‍ നമുക്ക് പ്രായസമുണ്ടാവുകയില്ല.

വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ''എവിടെ സ്‌നേഹമുണ്ടോ, അവിടെ ദൈവമുണ്ട്'' എന്ന പരിചിതമായ ചെറുകഥ ഇവിടെ ഏറെ പ്രസക്തമാണ്. തന്റെ പ്രിയതമയും, മൂന്നു മക്കളും ആകസ്മികമായി വന്ന അസുഖങ്ങളാല്‍ മരണമടഞ്ഞ് ജീവിതം തികച്ചും നിരാശയുടെ പടുവക്കില്‍ ചെന്ന മാര്‍ട്ടിൻ എന്ന വ്യക്തി. അദ്ദേഹത്തെ വിശ്വാസത്തിന്റെ തീരത്തേക്ക് കൈപിടിച്ചു നടത്തുവാന്‍ ഒരു മിഷനറിയുടെ സാന്നിദ്ധ്യത്തിന് സാധിക്കുകയും, വിശുദ്ധഗ്രന്ഥ പാരായണത്തിലൂടെ വിശ്വാസത്തിന്റെ പുതിയ തുറയിലേക്ക് മാര്‍ട്ടിന്റെ ജീവിതം വഴി മാറുകയും ചെയ്തു. വൃദ്ധനായ സ്റ്റെഫനീഷിനും, ആരോരുമില്ലാത്ത അമ്മയ്ക്കും പിഞ്ചു കുഞ്ഞിനും, വിശന്നു വലഞ്ഞ കൊച്ചുബാലനും, ആപ്പിള്‍ വ്യാപാരി വൃദ്ധക്കും തനിക്കുണ്ടായിരുന്ന കുറച്ചു ഭക്ഷണസാധനങ്ങള്‍ പങ്കുവെച്ചപ്പോള്‍ അവരുടെ ഉദരങ്ങള്‍ ഭക്ഷണത്താലും, ഹൃദയങ്ങള്‍ സ്‌നേഹത്താലും നിറഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു. രാത്രിയില്‍ ഉറങ്ങവേ സ്വപ്നത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. മത്തായിയുടെ സുവിശേഷം 25:40 - തന്റെ എളിയ സഹായത്തിലൂടെ അദ്ദേഹം ദൈവത്തെയാണ് ശുശ്രൂഷിച്ചത് എന്ന പരമ യാഥാര്‍ത്ഥ്യം.

തൂണിലും, തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് കവിപാടുന്നു. ദൈവത്തിനായ് തിരഞ്ഞുമടുത്ത് അവസാനം സ്വന്തമുള്ളില്‍ ജ്വലിക്കുന്ന ദൈവചൈതന്യത്തെ കണ്ടെത്തിയ മഹാസിദ്ധഭാവനയും, ആര്‍ഷഭാരത്തിന്റെ മഹാവാക്യങ്ങളിലെ ഒന്നായ ''തത്ത്വമസി''- 'നീ തേടുന്നതെന്തോ അത് നീ തന്നെയാണ്' എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.

നമ്മില്‍ കുടികൊള്ളുന്ന, നമ്മിലേയ്‌ക്കെഴുന്നള്ളി വരുന്ന, നമുക്കു ചുറ്റുമുള്ള, നമ്മുടെ മദ്ധ്യേ ഉള്ള ദൈവീക സാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ നമ്മുടെ കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കി മാറ്റണം. മത്തായി 1:26-  "ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെയുണ്ട്", സെഫാനിയ 3:17- ''ദൈവം നമ്മുടെ മദ്ധ്യേ ഉണ്ട്.''  നാം അനുഭവിച്ചറിഞ്ഞ ദൈവീക സാന്നിദ്ധ്യ മാധുര്യം  നമ്മൾക്ക് പകര്‍ന്നു കൊടുക്കാം,  സ്‌നേഹംപൂര്‍വ്വം.  സ്‌നേഹം കുടികൊള്ളുന്നവരിലേക്ക്  നമുക്ക്എത്തിച്ചേരാം. അടിച്ചാലും, ഇടിച്ചാലും, കുത്തിയാലും, മധുരം മാത്രം തരുന്ന കരിമ്പുപോലെ, തേനറകള്‍ പോലെ...

നരേന്ദ്രന്‍ (വിവേകാനന്ദന്‍) ശ്രീരാമകൃഷ്ണ പരമഹംസനോട് ചോദിച്ചു, 'ഗുരുജി അങ്ങ് എപ്പോഴെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ? ഗുരു പറഞ്ഞു ''ഉവ്വ് കണ്ടിരിക്കുന്നു.'' ''എവിടെ?'' ''നിന്റെ കണ്ണുകളില്‍''.  പിന്നെ നരേന്ദ്രന്‍ വിവേകത്തില്‍ ആnaന്ദം കണ്ടെത്തി വിവേകാനന്ദനായി.

- സോണിയ കളപ്പുരക്കൽ, ഡിസി








Thursday, 19 March 2020

അനുഗ്രഹിക്കാൻ കാത്തുനില്ക്കുന്ന ദൈവം 

അനുഗ്രഹിക്കാൻ കാത്തുനില്ക്കുന്ന ദൈവം

"ഞാൻ നിന്നെ അനുഗ്രഹിക്കും" എന്ന് അബ്രാഹത്തിനോടും, "എൻറെ അടുക്കൽ വരുന്നവരെ ഞാനൊരിക്കലും തള്ളിക്കളയില്ല" (യോഹന്നാൻ 6:37) എന്ന് യോഹന്നാൻ ശ്ലീഹാ യിലൂടെ ആവർത്തിച്ചു പറഞ്ഞ് അനുഗ്രഹദായകനാണ് നമ്മുടെ ദൈവം. ബ്രസീലിലെ ഏറ്റവും ഉയരമുള്ള ഈശോയുടെ ഒരു മഹാ രൂപം കഴിഞ്ഞ കാലത്ത് നമ്മൾ കണ്ടിട്ടുണ്ട്, റിയോ ഒളിമ്പിക്ക്സിൽ പ്രത്യേകിച്ചും, രണ്ടുകൈകളും വിരിച്ച് ലോകത്തുള്ള സകല മനുഷ്യരേയും ചേർത്തു പിടിക്കുവാൻ ആയി, അനുഗ്രഹിക്കാൻ ആയി കാത്തിരിക്കുന്ന കർത്താവിൻ്റെ പ്രതിരൂപം പോലെ. വിരിച്ച കൈകളാലുള്ള കർത്താവിൻറെ തിരുസ്വരൂപം നമ്മുടെ പലരുടെയും വീടുകളിലും ദേവാലയങ്ങളിലും നാം കണ്ടിട്ടുണ്ട്.

ഭൂമിയിൽ നമുക്കൊപ്പം ആയിരുന്നപ്പോൾ അവിടുന്ന് പലതവണ ആവർത്തിച്ചിരുന്നു വരുവിൻ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം, അനുഗ്രഹിക്കാം ...

ഏതൊരു അവസ്ഥയിൽ കഴിഞ്ഞാലും കർത്താവിൻറെ കരങ്ങൾ നമ്മെ ആശ്വസിപ്പിക്കാനായി, ഒന്നു തലോടുവാനായി നോക്കിയിരിക്കുകയാണ്. ഒരുപക്ഷേ നാം പിന്തിരിഞ്ഞ് നടക്കുമ്പോഴും, നീട്ടുന്ന പാണികളുമായി നല്ല ഇടയനായി നമ്മെ കരുതുന്നവനായ അരികെ വരുന്നവൻ നമ്മുടെ രക്ഷകനായ കർത്താവ് . തിരികെ വരുമ്പോൾ നമ്മെ ചേർത്തു നിർത്തും. കർത്താവ് പോകുന്നതറിഞ്ഞ് വിളിച്ചു പറഞ്ഞ ബർതിമിയൂസിനെ അനുകരിക്കാം "യേശുവേ എന്നിൽ കനിയേണമേ " ... അവനോട് യേശു ചോദിക്കുകയാണ് ഞാൻ നിനക്കായി എന്തുചെയ്യണം? എന്തിനാണ് നീ എന്നെ വിളിച്ചത്? " യേശുവേ " എന്ന് വിളിക്കുമ്പോൾ യേശു നമ്മെ ശ്രവിച്ചുകൊണ്ട് ചോദിക്കുന്നു എന്തിനാണ് മകനെ / മകളെ എന്നെ വിളിച്ചത്? എനിക്ക് സൗഖ്യം വേണം എന്നു പറഞ്ഞാൽ അവിടുന്ന് സുഖപ്പെടുത്തും (എസക്കിയേൽ 34:16).

തൻറെ അടുക്കലേക്ക് വരുന്നവരെ ഒരിക്കലും തള്ളിക്കളയാതെ കർത്താവ് മരിച്ചപ്പോഴും തൻറെ കരങ്ങൾ വിരിച്ചിടാൻ മറന്നില്ല. ഭൂമിയുടെ ഇരു ദിക്കുകളിലേക്ക് അവൻറെ കൈകൾ വലിച്ചുനീട്ടി.ഇന്നുമത് വിരിച്ചു പിടിച്ചിരിക്കുകയാണ് സഹിക്കാനാവാതെ വേദനയിലും ചിന്തിക്കാൻ ആവാത്ത പീഡനങ്ങളിലും കർത്താവ് ചിന്തിക്കുകയാണ് നമ്മെ ഓരോരുത്തരെയും കുറിച്ച് അവിടുത്തെ കരങ്ങൾ വീണ്ടും തുറന്നിരിക്കുകയാണ് നമ്മെ ആ സ്നേഹത്തിലേക്ക് ചേർത്തുപിടിക്കാൻ, അനുഗ്രഹങ്ങൾ ചൊരിയുവാൻ...അണയാം അനുഗ്രഹം ഏറ്റു വാങ്ങാം തിരുസന്നിധിയിൽ നിന്നും. ലോകമെങ്ങുമുള്ള മനുഷ്യർ വേദനയിലും വിഷമത്തിലും കൊറോണയുടെ ഭീതിയിലും കഴിയുമ്പോൾ നമുക്ക് ആതിരുസന്നിധിയിൽ വീണ്ടും അഭയം തേടാം. പ്രാർത്ഥിക്കാം ... എല്ലാവരും ദൈവ വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ...

സിസ്റ്റർ സോണിയ കെ ചാക്കോ ഡിസി 

ഒപ്പം ഉള്ളവൻ അപ്പൻ

ഒപ്പം ഉള്ളവൻ അപ്പൻ


കൂട്ടുകൂടാനും കൂടെ ഇരിക്കാനും കൂടെയിരുന്ന് സ്നേഹിക്കാനും ഒപ്പമുള്ള അപ്പനാണ് ദൈവം.

"കണ്ണീരോടെയാണ് അവർ വരുന്നത് എന്നാൽ ഞാൻ അവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാൻ അവരെ നിരത്തുകളിലേക്ക് നയിക്കും, അവരുടെ വഴി സുഖമായിരിക്കും, അവർക്ക് കാൽ ഇടുകയില്ല, എന്തെന്നാൽ ഞാൻ ഇസ്രായേലിന് പിതാവാണ് " ജെറമിയ പ്രവാചകൻ 31: 9 .

ദൈവം നമ്മോട് ഏറ്റവും അടുത്തുള്ളത് നമ്മുടെ കഷ്ടതയിൽ ആണ് നമ്മുടെ ഒറ്റപ്പെടലിൽ വേദനയിൽ, വേർപാടിൻ്റെ നൊമ്പരത്തിൽ... നമ്മുടെ പിതാവായ ദൈവം നമ്മുടെ ഒപ്പമാണ് ദൈവത്തിൻറെ ഇടപെടൽ ഏറ്റവും അറിയുന്നത് നമ്മുടെ വേദനകളിൽ ആണ്, ഒറ്റപ്പെടലുകളിൽ ആണ്. പ്രത്യേകിച്ചും കൂടെ നിൽക്കാനും സ്നേഹിക്കുവാനും ആരുമില്ലാത്ത അവസ്ഥകളിൽ...

തൻറെ യജമാനത്തിയാൽ വലിച്ചെറിയപ്പെട്ട വേദനയിൽ ഊരത്തിൽ ഒരു കുഞ്ഞുമായി കരയുന്ന ഹാഗാറിനെ ദൈവം ഒരു ദൂതനെ അയച്ച് ആശ്വസിപ്പിച്ചു പറഞ്ഞു :നിൻറെ മകന് ഇസ്മായിൽ എന്ന പേര് പേരിടണം
ആ വാക്കിൻറെ അർഥം . " കർത്താവ് നിൻറെ രോദനം ചെവിക്കൊണ്ടിരിക്കുന്നു എന്നാണ് (ഉല്പത്തി 16 :11).

അടിമത്വത്തിൻറെ ഒറ്റപ്പെടലിൽ യാതനകളിൽ തളർന്ന ഇസ്രായേൽ മക്കളോട് ദൈവം മോശയിലൂടെ അരുളിചെയ്തു: ഇതാ ഇസ്രായേൽ മക്കളുടെ നിലവിളി എൻറെ അടുക്കൽ എത്തിയിരിക്കുന്നു നീ എൻറെ ജനമായ യിസ്രായേൽ മക്കളെ ഈജിപ്തിൽ നിന്നും പുറത്തു കൊണ്ടുവരണം... അവിടുന്ന് അവരുടെ നിലവിളികൾക്ക് മോശയിലൂടെയും അനുഗാമികളിലൂടെയും, അവസാനം യേശു ക്രിസ്തുവിലൂടെയും ഉത്തരമേകി.

സ്നേഹപിതാവായ ദൈവത്തിൻറെ മഹനീയ സ്നേഹം നാം ഓരോരുത്തരും കാണുന്നത് ധൂർത്ത പുത്രൻ്റെ ഉപമയിലെ മഹാ സ്നേഹനിധിയായ അപ്പനിലാണ്.

തൻറെ ഇളയമകൻ പോയ നാൾമുതൽ പോയ വഴിയിലേക്ക് കണ്ണും നട്ടു അപ്പൻ ഹൃദയവും ശരീരവും ഒരു പോലെ നോക്കി നിന്നിരുന്നു... മകൻറെ തിരിച്ചുവരവിനായി ...എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി. കാത്തിരിപ്പിന് ഉത്തരമുണ്ടായി...

ഒന്നുമില്ലാതെ കഴിഞ്ഞ ആ മകൻ്റെ മനസ്സിൽ അവസാനം ഒന്ന് ഉണ്ടായിരുന്നു തൻറെ പിതാവിൻറെ വാത്സല്യവും സ്നേഹവും. അതോർത്തപ്പോൾ അവന് ആ പന്നിക്കുഴിയിൽ ജീവിക്കുവാൻ ആയില്ല. പകരം എഴുന്നേറ്റ് ഭവനത്തിലേക്ക് തിരികെ നടന്നു. അപ്പോൾ എത്ര മനോഹരമായാണ് ആ പിതാവിനെ സ്നേഹം നാം കാണുന്നത്... മകൻ വിചാരിക്കുന്നതിലും എത്രയോ മടങ്ങുക എത്രയോ മടങ്ങ് സ്നേഹമാണ് ആ സ്നേഹനിധിയായ താതൻ കൊടുക്കുന്നത്. ദൈവസ്നേഹത്തിൽ നിന്നും നാം പിന്തിരിയുന്ന ഓരോ നിമിഷവും ആ കരുണയുടെ കണ്ണുകൾ നനഞ്ഞിരുന്നു... നമ്മെ തേടി ആ സ്നേഹമുള്ള ഹൃദയം നൊന്തു പിടഞ്ഞു... നമുക്കായി ആ കരുണയുടെ കരങ്ങൾ എന്നും അവിടുന്ന് വിരിച്ചുപിടിച്ചിരുന്നു... നമ്മെ ഓർത്ത്, നമ്മളെ സ്നേഹിച്ച നമുക്കൊപ്പം ആയിരിക്കുന്ന അപ്പനൊപ്പം എന്നും നമുക്ക് ആയിരിക്കാം .

ഒപ്പമുള്ള അപ്പൻറെ അചഞ്ചല സ്നേഹം വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം കാണുന്ന നാം അവസാനം കാണുന്നത് ആ സ്നേഹത്തിൻറെ മൂർദ്ധന്യ നിമിഷങ്ങൾ കാണുന്നത് സുവിശേഷത്തിൽ ആണ്. യോഹന്നാൻറെ സുവിശേഷം 3: 16 ഇപ്രകാരം പറയുന്നു "എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കാൻ ആയി ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു". അവിടുന്ന് വീണ്ടും ഈശോയിലൂടെടെ പറയുകയാണ് "എൻറെ അടുക്കൽ വരുന്നവരെ ഞാൻ ഒരിക്കലും തള്ളിക്കളയില്ല" യോഹന്നാൻ 6 : 37.

ജീവിതവഴികളിൽ ബുദ്ധിമുട്ടുമ്പോൾ ഒരു നിമിഷം നമുക്ക് ശിരസ്സ് ഉയർത്താം... കൂടെയുള്ളവരെ തിരിച്ചറിയാം... അപ്പോൾ നാം കേൾക്കുമീ മധുരസ്വരം "കുഞ്ഞേ ഇതാണ് വഴി ഇതിലെ പോവുക നിൻറെ കഷ്ടതയിൽ നിന്നോട് കൂടെ ഞാൻ ഉണ്ട് "ഏശയ്യ 30: 20. നമുക്ക് ഉറപ്പിക്കാം.
ഒന്ന്- ദൈവം നമ്മുടെ കൂടെയുണ്ട് എന്ന വലിയ ബോധ്യത്തിൽ വളരുവാൻ
രണ്ട് -ജീവിതത്തിലെ കണക്കുകൂട്ടലുകൾ തെറ്റുമ്പോൾ സമചിത്തത കൈവെടിയാതെ പിതാവിലേക്ക് നോക്കി ദൈവ കരം അവയിൽ കാണുവാൻ ...

സിസ്റ്റർ സോണിയ കെ ചാക്കോ,ഡിസി 

പ്രകാശം പരത്തുന്ന മുറിവുകൾ

പ്രകാശം പരത്തുന്ന മുറിവുകൾ

തേനറയിൽ തട്ടിയാൽ തേൻ ഒലിക്കുന്നത് ഒരു സാധാരണ കാര്യമാണല്ലോ. എന്നാൽ, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒന്നു തട്ടിയാൽ അറിയും നാം ആരാണെന്ന്. വേദനയുടെയും ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും രോഗത്തെയും മുറിവുകൾ നിറഞ്ഞ അവസ്ഥയിൽ സ്വയം അറിയുവാനും മറ്റുള്ളവർ നമ്മെ അനുഭവിക്കാനുള്ള ഒരു മാർഗമാണ് മനസ്സിൻറെ ആഴങ്ങളിലേക്ക് ഉള്ള യാത്ര.

കൊച്ചു ആണികൾ മുതൽ വലിയ ആഴമേറിയ മുറിവുകളുടെ വേദന അറിഞ്ഞവരാണ് നമ്മിൽ പലരും. വേദനകളുടെ കറുത്ത രാത്രികളിൽ വിശ്വാസദീപമേന്തി പ്രത്യാശ നക്ഷത്രങ്ങൾ ആകാനുള്ള വിളിയാണ് സഹനങ്ങൾ. സഹനത്തിൻ്റെ താഴ് വരയിൽ സാന്ത്വനമായി സമീപത്തു ഒരേ ഒരാളെ കാണൂ... എല്ലാം സഹിച്ച നാഥൻ നമ്മുടെ കർത്താവായ യേശുക്രിസ്തു.

വിശുദ്ധ കുരിശിൻറെ യോഹന്നാനാണ് ഒരിക്കൽ ഒരു ദർശനമുണ്ടായി താൻ ക്രിസ്തുവാണ് എന്നു പറഞ്ഞ് പിശാച് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ മറുപടിയായി ചോദിച്ചു "നീ ക്രിസ്തു ആണെങ്കിൽ നിൻറെ മുറിവുകൾ എവിടെ?" മുറിവുകളെ മാറ്റിവയ്ക്കാൻ ഒരു പിശാചിനും സാധിക്കുകയില്ല കർത്താവ് അവിടുത്തെ സ്നേഹത്തിൻറെ മഹനീയത നമുക്ക് കാണിച്ചത് അവിടുത്തെ തിരുമുറിവുകളിൽ നിന്നുമാണ്. മുറിവുകൾ ഇല്ലാത്ത കർത്താവ് ക്രിസ്തു അല്ല എന്നാണ് ഈ ദർശനം നമ്മോട് പറയുന്നത്. അതുപോലെതന്നെ, വേദനകളും സഹനങ്ങളും ഇല്ലാത്ത ക്രിസ്തീയ ജീവിതം ഒരു ക്രിസ്ത്യാനിയുടെ അല്ല എന്ന് നമുക്ക് ഓർക്കാം.

നീ ക്രിസ്ത്യനാണ് എങ്കിൽ നിന്നിൽ മുറിവുകൾ ഉണ്ടാവണം മുറിവേൽപ്പിച്ചവരെ നോക്കാതെ മുറിവേറ്റവനിിലേക്ക് നമ്മുടെ നേത്രങ്ങൾ ഉയർത്താൻ ആവുമ്പോൾ, നമുക്ക് അതിനു ശക്തി ഉണ്ടാകുമ്പോൾ നാം അവിടെ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി രൂപപ്പെടുകയാണ്. മുറിവിനും മുറിവേറ്റവനും ഇടയിലെ ഏകാന്ത സഹനത്തിൽ മുറിവുകൾ തിരുമുറിവുകളുമായി ചേർക്കുമ്പോൾ സഹനങ്ങൾക്ക് അർത്ഥം ഉണ്ടാകും. ജീവിതത്തിന് പരിമളം ഉണ്ടാകും കുരിശുകൾക്ക് മഹിമ ഉണ്ടാകും. ക്രൂശിതന് ആശ്വാസമാകും. നമ്മുടെ ജീവിതത്തിലും ഉത്ഥാനം ഉണ്ടാവുകയും ചെയ്യും.

ഈശോയുടെ പഞ്ചക്ഷതങ്ങൾ എക്കാലവും നന്മയുടെ അനുഗ്രഹത്തിന് നീർച്ചാലുകൾ ആണ്. ആ മുറിയിലേക്ക് നമ്മുടെ മുറിവുകൾ വയ്ക്കുമ്പോൾ നാമറിയാതെ നമ്മുടെ മുറിവുകൾ പ്രകാശം ഉള്ളതായി തീരും.നമ്മുടെ ജീവിതത്തിലെ കൊച്ചു ദുഃഖങ്ങളും സങ്കടങ്ങളും പാപങ്ങളും രോഗങ്ങളും ദുരിതങ്ങളും ക്രൂശിതരൂപത്തിൽ ചേർത്തു വയ്ക്കുമ്പോൾ അതെല്ലാം അനുഗ്രഹം ആയി മാറുന്നത് നമ്മുടെ തന്നെ കണ്ണുകൾ കൊണ്ട് കാണുവാൻ സാധിക്കും. അപ്രകാരം ചെയ്തു നമുക്കും നമ്മുടെ മുറിവുകൾ പ്രകാശം ആക്കാം .

നമ്മുടെ ഓരോരുത്തരുടെയും സഹനത്തെക്കുറിച്ച് ഒരു മഹനീയ മഹത്തായ ദൈവിക പദ്ധതി അതിനു പിന്നിലുണ്ട് . ആ പദ്ധതികൾ മനസ്സിലാക്കുമ്പോൾ നമ്മുടെ മുറിവുകൾക്ക് പിന്നിലെ അനുഗ്രഹത്തെ നമ്മുടെ കണ്മുന്നിൽ കാണും.

ഈശോയുടെ സ്നേഹം അത്യധികം കൂടുമ്പോൾ നമുക്ക് സഹായത്തോടും ഇഷ്ടവും സ്നേഹവും കൂടും വിശുദ്ധ കൊച്ചുത്രേസ്യ ഇപ്രകാരം അത് നമുക്ക് വെളിപ്പെടുത്തി തരുന്ന
"പ്രവാചകരെയും വേദപാരംഗതൻ മാരെയും പോലെ ആത്മാക്കളെ പ്രകാശിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രേഷിതയാകുക എന്നുള്ള ദൈവവിളി എനിക്കുണ്ട്. ഈ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച തിരുനാമം പ്രസംഗിക്കാനും,
അവിശ്വാസികളുടെ രാജ്യത്തിൽ അങ്ങയുടെ പ്രതാപം ഏറിയ കുരിശു നാട്ടുവാനും ഞാൻ ആഗ്രഹിക്കുന്നു.എന്നാൽ ഹാ! എൻറെ പ്രാണനാഥാ ഒരു മിഷൻ രംഗം കൊണ്ട് മാത്രം ഞാൻ തൃപ്തിപ്പെടുകയും ഇല്ല. ഒരേ സമയത്തുതന്നെ പഞ്ച് ഭൂഖണ്ഡങ്ങളിലും ഏറ്റവും വിദൂര ദ്വീപുകളിൽ പോലും സുവിശേഷം പ്രഘോഷിക്കാൻ എനിക്ക് ആഗ്രഹമുണ്ട് മിഷനറി ആകാൻ ഞാൻ ആഗ്രഹിക്കുന്നത് ഏതാനും വർഷത്തേക്ക് മാത്രമല്ല ലോക സൃഷ്ടി മുതൽ ലോകാവസാനം വരെയും ആ കൃത്യം നിർവഹിക്കണം എന്നാണ് എൻറെ ആഗ്രഹം. എല്ലാറ്റിനുമുപരിയായി എനിക്കുള്ള മോഹം എൻറെ രക്തം അവസാനം വരെയും അങ്ങേയ്ക്ക് വേണ്ടി ചിന്തിക്കണം എന്നതാണ്...
ആരാധ്യനായ എൻറെ ദിവ്യ മണവാളാ, അങ്ങയെപ്പോലെ പരിഹരിക്കപ്പെടുവാനും, ക്രൂശിക്കപ്പെടുന്നതും ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധ ബർത്തലോമിയെ പോലെ തോൽ ഉരിയറിയപ്പെട്ടു മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധ യോഹന്നാനെ പോലെ തിളച്ച എണ്ണയിൽ താഴ്ത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.... വേദസാക്ഷികളെ ഏൽപ്പിച്ച സകല പീഡകളും സഹിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധ അഗ്നസിനും സിസിലിക്കും ഒപ്പം വാളിനു നേരെ കഴുത്തു നീട്ടിക്കൊടുക്കുവാനും പ്രിയ സഹോദരി ജൊവാൻ ഓഫ് ആർക്ക് ഒപ്പം എരിയുന്ന ചിരിയിൽ നിന്ന് ഹായ് യേശുവേ അങ്ങയുടെ തിരുനാമ ഉച്ചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അന്തി ക്രിസ്തുവിനെ കാലത്ത് ക്രിസ്ത്യാനികൾ അനുഭവിക്കാൻ ഇരിക്കുന്ന നിഷ്ഠൂരത ക്രൂരതകളെ കുറിച്ച് ചിന്തിക്കുമ്പോൾ എൻറെ ഹൃദയം ആനന്ദത്താൽ തുടിക്കുന്നു. അവയെല്ലാം എനിക്ക് നീക്കിവെച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുവേ ആഗ്രഹങ്ങളെല്ലാം എഴുതണമെങ്കിൽ ജീവൻറെ പുസ്തകം അങ്ങയുടെ പക്കൽ നിന്നും ഞാൻ കടം വാങ്ങണം. പുണ്യവാന്മാർ എല്ലാവരുടെയും സകല പ്രവൃത്തികളും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ...?. അവയെല്ലാം അങ്ങയെ പ്രതി നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു.

ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ഏതു സഹനവും ഏറ്റവും സ്നേഹത്തോടെ സഹിക്കുവാൻ ആയി ആഗ്രഹിക്കുന്ന വിശുദ്ധ കൊച്ചുത്രേസ്യ പോലെയും, വിശുദ്ധ അൽഫോൻസാമ്മയെ പോലെയും ജീവിതത്തിലെ സാധനങ്ങളെയും സ്നേഹത്തോടെ നമുക്ക് സ്വീകരിക്കാം. സ്നേഹത്തോടെ ഏറ്റു വാങ്ങാം ഇനിയും ഏറ്റു വാങ്ങാം അതിലൂടെ നമ്മുടെ സഹനങ്ങളിലൂടെ ക്രിസ്തുവിൻറെ പ്രകാശം പരക്കട്ടെ .
Sr Soniya K chacko, DC

പകരക്കാരൻ

പകരക്കാരൻ

പിതാവിൻ്റെ സ്നേഹധ്വനി കളുമായി
പിറന്നു പാരിൽ പൊന്നുണ്ണീശോ പാരിൽ ശാന്തി ഏകാൻ സ്നേഹമേകാൻ
പ്രത്യാശയേകി സന്തോഷമേകി സ്നേഹം ആയവൻ.

പാലസ്തീനായിലും പരിസരങ്ങളിലും
പ്രഘോഷിച്ചു സുവിശേഷം
പാവങ്ങൾക്കും പാപികൾക്കും
പകർന്നേകി വചനാമൃത്.

പകരണങ്ങൾ ഇല്ലാത്ത സ്നേഹം
ഏകി ജീവനേകി പാപികൾക്ക്
പിതാവിൻ്റെ വാത്സല്യമറിയിക്കൻ - പുത്രനെടുത്തു തോളിൽ വൻകുരിശ്.
പാപികൾക്കെല്ലാം പകരക്കാരനായി
കുരിശിൽ.

സിസ്റ്റർ സോണിയ കെ ചാക്കോ ഡിസി 

ക്രിസ്തുവിൻ്റെ മുറിവുകൾ നമ്മിൽ

അവൻറെ ക്ഷതങ്ങൾ നാം സൗഖ്യം പ്രാപിച്ചു.- ഏശയ്യാ 53 :5

പെലിക്കൻ പക്ഷി തൻറെ കുഞ്ഞുങ്ങൾക്കായി സ്വന്തം ശരീരം കുത്തി മുറിച്ച് കുഞ്ഞുങ്ങൾക്ക് ആഹാരമായി മാറുന്ന അത്യധികം ഹൃദയ സ്പർശിയായ ചിത്രം നമ്മൾ അധികംപേരും മിക്ക ദേവാലയങ്ങളിലും കണ്ടിരിക്കും. മനുഷ്യ മകൾക്ക് വേണ്ടി സ്വന്തം ശരീരം അവസാന തുള്ളി രക്തം വരെ ഇറ്റിറ്റു നൽകിയ ക്രിസ്തു നാഥനെ ഒരു ചെറിയ ചിത്ര പതിപ്പാണത്. സ്നേഹമായും , വാത്സല്യവും കരുണയും നിറഞ്ഞ ഒരു കൊച്ചു അപ്പത്തോളം ചെറുതായി ചെറുതായി എന്നും കൂടെ വസിക്കാൻ കൊതിക്കുന്ന പിതാവിൻറെ ഹൃദയസ്പർശിയായ ഒരു ചിത്രവും ഓരോ തിരുവോസ്തിയിലും അടങ്ങിയിട്ടുണ്ട്. ഈശോയുടെ പാട് പീഡകൾ ഏറ്റു രക്തമൊലിക്കുന്ന ഒരു ഛായാചിത്രം സ്പെയിനിലെ മിണ്ടാമoത്തിൽ ഉണ്ടായിരുന്നു. ഈശോയുടെ പീഡാസഹന ത്തിൻറെ ആ ഐക്കൺ ഒരിക്കൽ കണ്ടപ്പോൾ നേരിട്ട് കണ്ട പ്രതീതി അമ്മ ത്രേസ്യാ വാവിട്ടുകരഞ്ഞു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമ കണ്ട് ഒരു തുള്ളി കണ്ണീർ ഒഴുക്കാത്ത ആരുണ്ട് നമിക്കിടയിൽ?

കുരിശിൻറെ വഴിയിലെ ഓരോ സ്ഥലത്തെയും അവസാനം നാം പ്രാർത്ഥിക്കാറുണ്ട് 'പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങേ പ്രിയപുത്രൻ്റെ തിരുമുറിവുകൾ എൻറെ ഹൃദയത്തിലും പഠിപ്പിക്കണമെന്ന്' നാം പ്രാർത്ഥിക്കുന്നത് പോലെ ഈശോയുടെ പീഡാനുഭവ തന്നെ മായാത്ത മുദ്ര നമ്മിൽ പതിയുമ്പോൾ
നമ്മൾ എത്രയോ പുതിയ മനുഷ്യരായ മാറുന്നു... ക്രിസ്തുവിൻറെ പാടു പീഡകൾ, ക്രിസ്തുവിൻറെ മുറിവുകൾ നമ്മിൽ ഉണ്ടാകുമ്പോൾ, നമ്മുടെ വേദനകൾ ആ തിരുമുറിവുകളിലേക്ക് ചേർത്ത് വയ്ക്കുമ്പോൾ വിശുദ്ധിയുടെ കൊടുമുടി നാം താനെ ചവിട്ടുകയാണ് ...

നമ്മുടെ പീഡകൾ നമ്മുടെ ശരീരത്തിലുണ്ടാവുന്ന ആത്മാവിൽ ഉണ്ടാവുന്ന ഈശോയുടെ പീഡകളുടെ മായാത്ത മുദ്രകൾ മായാത്ത മുറിവുകൾ അനുഗ്രഹങ്ങൾ ആയി നമ്മിൽനിന്നും നിർഗളിക്കുന്ന അനുഗ്രഹ ധാരകളായി മറ്റുള്ളവരിലേക്ക് എത്തിപ്പെടും അപ്പോൾ നാം അറിയാതെ നമ്മൾ തന്നെ മാനസാന്തരത്തിന് ജീവിക്കുന്ന ചിത്രങ്ങൾ ആയി മാറും

കർത്താവിന് തിരു മുറിവിൽ നിന്നും നിർമ്മിക്കുന്ന ദിവ്യപ്രകാശം നമ്മെ കഴുകി ശുദ്ധമാക്കി സൗദി റിയാൽ നമ്മെ അനുഗ്രഹിക്കും

ഈ നമുക്ക് ഏറ്റവും അർത്ഥത്തോടെ ഏറ്റവും സ്നേഹത്തോടെ കുരിശിൻറെ വഴിയിലെ ഓരോ സ്ഥലത്തിലും അവസാനം ഉരുവിടാം "പരിശുദ്ധ അമ്മയെ ദൈവമാതാവേ അങ്ങേ തിരുക്കുമാരൻ്റെ പീഡകളുടെ മായാത്ത മുദ്ര ഞങ്ങളുടെ ഹൃദയത്തിലും പതിപ്പിക്കണമേ ".

-Sr സോണിയ കെ ചാക്കോ, DC


Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...