Monday, 30 March 2020

ഒരിക്കലും പിരിയാത്ത സ്നേഹിതൻ


ഈശോ ഒരിക്കലും പിരിയാത്ത സ്നേഹിതൻ


"എല്ലാവരും നമ്മളെ വിട്ടു നടന്നു അകലുമ്പോഴും നമ്മെ തേടി കടന്നു വരുന്നവരാണ് സുഹൃത്തുക്കൾ ".
നൻമകളാൽ മനസ്സിനെ നിറച്ച്
വെൺമകളാൽ ആത്മാവിനെ പൊതിഞ്ഞ്
മനസ്സും, ഹൃദയവും ഒരു പോൽ ലയിക്കും
നൽ അനുഭൂതിയാണ് സൗഹൃദം.


സൗഹൃദത്തെക്കുറിച്ച് ഏറ്റവും നല്ല നിർവ്വചനം തന്ന് അത് സ്വജീവിതത്തിലൂടെ കാണിച്ചു തന്ന മഹത് വ്യക്തിത്വമാണ് യേശു ക്രിസ്തു. കർത്താവ് തൻ്റെ ശിഷ്യരെ വിളിച്ചത് 'സ്നേഹിതർ' എന്നാണ്. തൻ്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഓരോരുത്തരേയും സൗഹൃദത്തിൻ്റെ ഒരു പുതിയ കരവലയത്തിലാക്കി അവർക്ക് ഒരു പുതിയ നിയമം കൊടുത്തു. "സ്നേഹിക്കുക!"ശത്രുവിനെയും മിത്രത്തെയും ഒരു പോലെ... സ്നേഹിതനു വേണ്ടി ജീവൻ കൊടുക്കുന്നതിനെക്കാൾ വല്ലിയസ്നേഹമില്ലെന്ന് പിഠിപ്പിച്ച് അവസാനം ജീവിതം തന്നെ ഒരു സ്നേഹബലിയാക്കി. ആ സ്നേഹത്തിൻ്റെ ഓർമ്മയാണ്, പുനരർപ്പണമാണ്, ആഘോഷമാണ് ഓരോ വിശുദ്ധ ബലിയർപ്പണവും. വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു: "സർവ്വോത് കൃഷ്ടമായ സ്നേഹത്തിൻ്റെ കൂദാശയാണ് ദിവ്യകാരുണ്യം. സ്നേഹമെന്നു തന്നെ അതിൻ്റെ പേര്. അതിൻ്റെ സ്ഥാപനത്തിനു കാരണം സ്നേഹമാണ്. തുടർച്ചയും, അന്ത്യവും സ്നേഹം തന്നെ ".



നമ്മോടുള്ള ഈശോയുടെ സ്നേഹം എത്രമാത്രം നാം അനുഭവിച്ചിട്ടുണ്ട്? ജെനീവയിലെ വിശുദ്ധ കത്രീന പറയുന്നു: വേർപിരിയാത്ത സ്നേഹമാണ് സക്രാരിയിലെ യഥാർത്ഥ സാന്നിദ്ധ്യം. സ്നേഹം അവസാനിക്കുന്നില്ല. സക്രാരിയുടെ മുമ്പിൽ ഞാൻ ചിലവഴിച്ച സമയമാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ". പരമകാരുണ്യവാനായ തമ്പുരാൻ കൂട്ടുകാരനായി, നിത്യം കൂടെ വസിക്കുന്ന സക്രാരിക്കരികെ ആയിരിക്കാൻ ഇത്തിരി നേരം കണ്ടെത്താൻ മറക്കരുതേ... മറന്നാൽ ജീവിതത്തിലെ ഏറ്റവും മഹനീയവും വിലപ്പെട്ടതുമായ നിമിഷങ്ങൾ ആണ് നഷ്ടപ്പെടുന്നത്. ഫിലിപ്പിയർ 2 അധ്യായം വിവരിക്കുന്നത് മഹിമ വെടിഞ്ഞ് മനുജനായ യേശുവിനെക്കുറിച്ചാണ്.



പണ്ട് പേർഷ്യ ഭരിച്ചിരുന്ന മഹാനായ രാജാവാണ് അബ്ബാസ്.

അദ്ദേഹം ജനങ്ങളെ ഏറെ സ്നേഹിച്ചിരുന്നു, ജനങ്ങൾ അദ്ദേഹത്തെയും. ഒരിക്കൽ വേഷപ്രച്ഛന്നനായി ഒരു കൊല്ലൻ്റെ ആലയിലേക്ക് അദ്ദേഹം ചെന്ന് ജോലിയിൽ സഹായിച്ചു. അതിഥിയായി എത്തിയ രാജാവുമായി തനിക്ക് ആകെയുള്ള അല്പം ഉണക്ക റൊട്ടി പങ്കുവെച്ച് രണ്ടുപേരും കഴിച്ചു. ഏകനായി ദാരിദ്ര്യത്തിൽ കഴിഞ്ഞ കൊല്ലനോട് സുഹൃത്തിനോട് എന്നപോലെ സംസാരിച്ചു അദ്ദേഹത്തോട് രാജാവിന് ഒത്തിരി സ്നേഹവും തോന്നി. പലപ്പോഴും അയാളെ കാണാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടു. അങ്ങിനെയിരിക്കെ ഒരിക്കൽ അവിടുന്ന് താൻ രാജാവാണെന്ന് വെളിപ്പെടുത്തി. തന്നോട് ഒരു സമ്മാനവും ചോദിക്കാതെ ഇരിക്കുന്ന കൊല്ലനോട് കാരണം തിരക്കിയപ്പോൾ കൊല്ലൻ പറഞ്ഞു: എന്നോടൊത്തു ദരിദ്രമായ ഭവനത്തിൽ ഇരിക്കുവാനും ദരിദ്രമായ ഭക്ഷണം പങ്കുവെക്കുവാനും അങ്ങ് കൊട്ടാരത്തിൻറെ മഹത്വം വിട്ട് മുന്നോട്ടുവന്നു. എൻറെ സന്തോഷ - സങ്കടങ്ങളിൽ പങ്കുപറ്റി. അങ്ങ് മറ്റുള്ളവർക്ക് വിലപിടിച്ച സമ്മാനങ്ങൾ കൊടുക്കുന്നു എന്നാൽ എനിക്കു അങ്ങയെ തന്നെ തന്നു. എനിക്ക് അങ്ങയോടു ചോദിക്കാനായി ഒന്നു മാത്രമേ ഉള്ളൂ അത് 'ഈ സൗഹൃദം എന്നിൽ നിന്നും നീക്കി കളയരുത് ' എന്നാണ്. അങ്ങയുടെ സാന്നിധ്യം അതാണ് എനിക്കുള്ള അങ്ങയുടെ ഏറ്റവും വലിയ സമ്മാനം. 



യേശുവും തൻറെ മഹിമ വിട്ട് നമ്മിൽ ഒരുവനായി മാറി നമ്മോടൊത്തു ജീവിച്ചു സഹിച്ചു എല്ലാം നമ്മുടെ സ്നേഹം തരാൻ, നമ്മുടെ ഹൃദയങ്ങളെ നേടാൻ എന്നിട്ട് ഉത്തമ സുഹൃത്തായി നിത്യം കൂടെ ആയിരിക്കാൻ.  വിശ്വകവി ഷേക്സ്പിയർ പാടി " സ്നേഹവും, സൗഹൃദവുമുണ് അനശ്വരതമായവ " എങ്കിൽ ഇത് യാഥാർത്ഥ്യമായിരിക്കുന്നത് ഈശോയുമായുള്ള സൗഹൃദത്തിലും സ്നേഹത്തിലുമാണ്.


- സോണിയ കെ ചാക്കോ DC. 

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...