Thursday, 19 March 2020

ഒപ്പം ഉള്ളവൻ അപ്പൻ

ഒപ്പം ഉള്ളവൻ അപ്പൻ


കൂട്ടുകൂടാനും കൂടെ ഇരിക്കാനും കൂടെയിരുന്ന് സ്നേഹിക്കാനും ഒപ്പമുള്ള അപ്പനാണ് ദൈവം.

"കണ്ണീരോടെയാണ് അവർ വരുന്നത് എന്നാൽ ഞാൻ അവരെ ആശ്വസിപ്പിച്ചു നയിക്കും. ഞാൻ അവരെ നിരത്തുകളിലേക്ക് നയിക്കും, അവരുടെ വഴി സുഖമായിരിക്കും, അവർക്ക് കാൽ ഇടുകയില്ല, എന്തെന്നാൽ ഞാൻ ഇസ്രായേലിന് പിതാവാണ് " ജെറമിയ പ്രവാചകൻ 31: 9 .

ദൈവം നമ്മോട് ഏറ്റവും അടുത്തുള്ളത് നമ്മുടെ കഷ്ടതയിൽ ആണ് നമ്മുടെ ഒറ്റപ്പെടലിൽ വേദനയിൽ, വേർപാടിൻ്റെ നൊമ്പരത്തിൽ... നമ്മുടെ പിതാവായ ദൈവം നമ്മുടെ ഒപ്പമാണ് ദൈവത്തിൻറെ ഇടപെടൽ ഏറ്റവും അറിയുന്നത് നമ്മുടെ വേദനകളിൽ ആണ്, ഒറ്റപ്പെടലുകളിൽ ആണ്. പ്രത്യേകിച്ചും കൂടെ നിൽക്കാനും സ്നേഹിക്കുവാനും ആരുമില്ലാത്ത അവസ്ഥകളിൽ...

തൻറെ യജമാനത്തിയാൽ വലിച്ചെറിയപ്പെട്ട വേദനയിൽ ഊരത്തിൽ ഒരു കുഞ്ഞുമായി കരയുന്ന ഹാഗാറിനെ ദൈവം ഒരു ദൂതനെ അയച്ച് ആശ്വസിപ്പിച്ചു പറഞ്ഞു :നിൻറെ മകന് ഇസ്മായിൽ എന്ന പേര് പേരിടണം
ആ വാക്കിൻറെ അർഥം . " കർത്താവ് നിൻറെ രോദനം ചെവിക്കൊണ്ടിരിക്കുന്നു എന്നാണ് (ഉല്പത്തി 16 :11).

അടിമത്വത്തിൻറെ ഒറ്റപ്പെടലിൽ യാതനകളിൽ തളർന്ന ഇസ്രായേൽ മക്കളോട് ദൈവം മോശയിലൂടെ അരുളിചെയ്തു: ഇതാ ഇസ്രായേൽ മക്കളുടെ നിലവിളി എൻറെ അടുക്കൽ എത്തിയിരിക്കുന്നു നീ എൻറെ ജനമായ യിസ്രായേൽ മക്കളെ ഈജിപ്തിൽ നിന്നും പുറത്തു കൊണ്ടുവരണം... അവിടുന്ന് അവരുടെ നിലവിളികൾക്ക് മോശയിലൂടെയും അനുഗാമികളിലൂടെയും, അവസാനം യേശു ക്രിസ്തുവിലൂടെയും ഉത്തരമേകി.

സ്നേഹപിതാവായ ദൈവത്തിൻറെ മഹനീയ സ്നേഹം നാം ഓരോരുത്തരും കാണുന്നത് ധൂർത്ത പുത്രൻ്റെ ഉപമയിലെ മഹാ സ്നേഹനിധിയായ അപ്പനിലാണ്.

തൻറെ ഇളയമകൻ പോയ നാൾമുതൽ പോയ വഴിയിലേക്ക് കണ്ണും നട്ടു അപ്പൻ ഹൃദയവും ശരീരവും ഒരു പോലെ നോക്കി നിന്നിരുന്നു... മകൻറെ തിരിച്ചുവരവിനായി ...എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി. കാത്തിരിപ്പിന് ഉത്തരമുണ്ടായി...

ഒന്നുമില്ലാതെ കഴിഞ്ഞ ആ മകൻ്റെ മനസ്സിൽ അവസാനം ഒന്ന് ഉണ്ടായിരുന്നു തൻറെ പിതാവിൻറെ വാത്സല്യവും സ്നേഹവും. അതോർത്തപ്പോൾ അവന് ആ പന്നിക്കുഴിയിൽ ജീവിക്കുവാൻ ആയില്ല. പകരം എഴുന്നേറ്റ് ഭവനത്തിലേക്ക് തിരികെ നടന്നു. അപ്പോൾ എത്ര മനോഹരമായാണ് ആ പിതാവിനെ സ്നേഹം നാം കാണുന്നത്... മകൻ വിചാരിക്കുന്നതിലും എത്രയോ മടങ്ങുക എത്രയോ മടങ്ങ് സ്നേഹമാണ് ആ സ്നേഹനിധിയായ താതൻ കൊടുക്കുന്നത്. ദൈവസ്നേഹത്തിൽ നിന്നും നാം പിന്തിരിയുന്ന ഓരോ നിമിഷവും ആ കരുണയുടെ കണ്ണുകൾ നനഞ്ഞിരുന്നു... നമ്മെ തേടി ആ സ്നേഹമുള്ള ഹൃദയം നൊന്തു പിടഞ്ഞു... നമുക്കായി ആ കരുണയുടെ കരങ്ങൾ എന്നും അവിടുന്ന് വിരിച്ചുപിടിച്ചിരുന്നു... നമ്മെ ഓർത്ത്, നമ്മളെ സ്നേഹിച്ച നമുക്കൊപ്പം ആയിരിക്കുന്ന അപ്പനൊപ്പം എന്നും നമുക്ക് ആയിരിക്കാം .

ഒപ്പമുള്ള അപ്പൻറെ അചഞ്ചല സ്നേഹം വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം കാണുന്ന നാം അവസാനം കാണുന്നത് ആ സ്നേഹത്തിൻറെ മൂർദ്ധന്യ നിമിഷങ്ങൾ കാണുന്നത് സുവിശേഷത്തിൽ ആണ്. യോഹന്നാൻറെ സുവിശേഷം 3: 16 ഇപ്രകാരം പറയുന്നു "എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കാൻ ആയി ഏകജാതനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു". അവിടുന്ന് വീണ്ടും ഈശോയിലൂടെടെ പറയുകയാണ് "എൻറെ അടുക്കൽ വരുന്നവരെ ഞാൻ ഒരിക്കലും തള്ളിക്കളയില്ല" യോഹന്നാൻ 6 : 37.

ജീവിതവഴികളിൽ ബുദ്ധിമുട്ടുമ്പോൾ ഒരു നിമിഷം നമുക്ക് ശിരസ്സ് ഉയർത്താം... കൂടെയുള്ളവരെ തിരിച്ചറിയാം... അപ്പോൾ നാം കേൾക്കുമീ മധുരസ്വരം "കുഞ്ഞേ ഇതാണ് വഴി ഇതിലെ പോവുക നിൻറെ കഷ്ടതയിൽ നിന്നോട് കൂടെ ഞാൻ ഉണ്ട് "ഏശയ്യ 30: 20. നമുക്ക് ഉറപ്പിക്കാം.
ഒന്ന്- ദൈവം നമ്മുടെ കൂടെയുണ്ട് എന്ന വലിയ ബോധ്യത്തിൽ വളരുവാൻ
രണ്ട് -ജീവിതത്തിലെ കണക്കുകൂട്ടലുകൾ തെറ്റുമ്പോൾ സമചിത്തത കൈവെടിയാതെ പിതാവിലേക്ക് നോക്കി ദൈവ കരം അവയിൽ കാണുവാൻ ...

സിസ്റ്റർ സോണിയ കെ ചാക്കോ,ഡിസി 

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...