കുഞ്ഞു ദൈവം
ദൈവത്തെ കണ്ടിട്ടുണ്ടോ? ദൈവത്തെ തൊട്ടിട്ടുണ്ടോ? ദൈവത്തിൻ്റെ ശബ്ദം കേട്ടിട്ടുണ്ടോ? ദൈവത്തിന് എത്രമാത്രം വലിപ്പമുണ്ട്? കുഞ്ഞുനാളിലെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചില ചോദ്യങ്ങളാണ് ഇവ. ചിലപ്പോഴൊക്കെ ഇത് നമ്മൾ നമ്മുടെ മാതാപിതാക്കളോടും അധ്യാപകരോടും ഒക്കെ ചോദിച്ചിട്ടുണ്ട് .
പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയിട്ടും അവാർഡുകളും ബഹുമതികളും വാരിക്കൂട്ടിയിട്ടും വിശുദ്ധിയുടെ മുഖമുദ്രയായ വിനയവും ലാളിത്യവും തിളങ്ങിനിന്ന വ്യക്തിയായിരുന്നല്ലോ മദർ തെരേസ. മാഗ്‌സസെ അവാർഡും, ടെംപിൾടൺ അവാർഡും, കെന്നഡി ഫൗണ്ടേഷൻ അവാർഡും, നെഹ്‌റു അവാർഡും, നൊബേൽ സമ്മാനവും, ഭാരതരത്നവും ആ മഹനീയ വ്യക്‌തിത്വത്തോടു ചേർന്നപ്പോൾ ആ അവാർഡുകൾക്കാണു തിളക്കമേറിയത്. നൊബേൽ സമ്മാനം പ്രഖ്യാപിച്ചപ്പോൾ മദർ പറഞ്ഞതിങ്ങനെയാണ്: ‘‘ഈ സമ്മാന പ്രഖ്യാപനത്തോടെ സ്‌നേഹമാണു സമാധാനമെന്നു ലോകം അംഗീകരിച്ചിരിക്കുന്നു. ഭൂമിയിൽ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും സാന്നിധ്യം ലോകം തുറന്നു സമ്മതിച്ചിരിക്കുന്നു ’’.
2017 ൽ ഏറെ പ്രശസ്തി നേടിയ 'കുഞ്ഞു ദൈവം' എന്ന മലയാളം ചലചിത്രത്തിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ആദിഷ് പ്രവീൺ ചെയ്യുന്ന കഥാപാത്രത്തിൻ്റെ പേരാണ് ഔസേപ്പച്ചൻ. വളരെയധികം കോമളത്വവും, തീഷ്ണതയും നിറഞ്ഞുനിന്ന ഒരു കൊച്ചു ബാലനായി അഭിനയിക്കുന്നു. അതിരാവിലെ എഴുന്നേറ്റു പള്ളിയിലേക്ക് പോകുന്ന ഔസേപ്പച്ചൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ആകപ്പാടെ അവൻ്റെ ഒരു ബുദ്ധിമുട്ട് കണക്ക് പരീക്ഷകൾ മാത്രമായിരുന്നു. ആയിടക്ക് അവൻറെ വല്യപ്പച്ചൻ വാർദ്ധക്യസഹജമായ അസുഖത്താൽ മരണപ്പെട്ടു. ഔസേപ്പച്ചൻ്റെ ഏക കൂട്ടുകാരനും, സന്തതസഹചാരിയുമായിരുന്നു വല്യപ്പച്ചൻ. വേർപാടിൻ്റെ തലേദിവസം കണക്ക് പരീക്ഷ ഉള്ളതിനാൽ പഴയൊരു രാഷ്ട്രപതി മരിക്കാൻ വേണ്ടി അവൻ പ്രാർത്ഥിച്ചു. പക്ഷെ, പിറ്റേന്ന് രാഷ്ട്രപതിയും മരിച്ചു, അതിനടുത്ത ദിനം വല്ല്യപച്ചനും മരിച്ചു. രണ്ടുമൂന്നു ദിവസം അവൻ സ്വപ്നത്തിൽ വല്യപ്പച്ചൻ വന്നു ചോദിക്കുന്നതായി കണ്ടു : എടാ ഔസേപ്പച്ചാ നീ എന്നെ പ്രാർത്ഥിച്ചു കൊന്നു അല്ലേ? ഈ ചോദ്യം അവനെ വല്ലാണ്ട് വിഷമിപ്പിച്ചു ആദ്യകുർബ്ബാനക്ക് പഠിപ്പിച്ച സിസ്റ്ററിൻ്റെ അടുത്ത് ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ പറഞ്ഞു മരിക്കാൻ വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമെങ്കിൽ ആ ദൈവം ഉറപ്പായിട്ടും ജീവിക്കാൻ വേണ്ടി പ്രാർത്ഥിച്ചാൽ അത് സാധിക്കിച്ചു തരും. അതുകൊണ്ട് അസുഖം ബാധിച്ച് കിടക്കുന്ന ഓരോരുത്തർക്കും വേണ്ടി ഇനിമുതൽ പ്രാർത്ഥിക്കുക എന്ന് പറഞ്ഞുകൊടുത്തു ആ സിസ്റ്റർ. അതുകേട്ട് തിരിച്ചുവരും വഴിക്കാണ് അവനൊരു പോസ്റ്റൽ ബാനർ കണ്ടത് സ്കൂളിലെ ഒമ്പതാംക്ലാസിൽ പഠിക്കുന്ന 'കഥ' എന്ന പെൺകുട്ടി ഇരുവൃക്കകളും തകരാറിലായി ധനസഹായം അഭ്യർത്ഥിക്കുന്നത് ആയിരുന്നു. അന്ന് വഴിയിൽ വെച്ച് കഥയെയും അവളുടെ അമ്മയെയും കണ്ടുമുട്ടുകയും അവരെ സഹായിക്കാൻ വേണ്ടി അവൻറെ കൊച്ചു സൈക്കിളിൽ അവരുടെ വീട് വരെ സാധനങ്ങളുമായി കൂടെ ചെന്നു. പിറ്റേന്ന് മുതൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കഥചേച്ചിടെ വീട്ടിൽ വരികയും അവളുമായി വർത്തമാനം പറഞ്ഞു സന്തോഷിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ വളരെ ഹൃദയസ്പർശിയാണ്. അവൻ്റെ രക്ത ഗ്രൂപ്പ് അറിഞ്ഞ്, O"നെഗറ്റീവ് വൃക്ക ഞാൻ തരാം എന്ന് സന്തോഷത്തോടെ വന്ന് പറയുന്ന കൊച്ച ഓസേപ്പ് ആരുടെയും കണ്ണുകൾ ഈറനണിയിക്കും. കൂടാതെ അവളുടെ സൗഖ്യത്തിനായി എന്നും പള്ളിയിൽ പോയി അവൻ പ്രാർത്ഥിക്കുന്നു. 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന് പറയുന്നപോലെ കഴിയുന്നതു പോല എല്ലാവരോടും ഔസേപ്പച്ചൻ ധനസഹായത്തിനായി ചോദിക്കുന്നതും കാണാം... മാത്രമല്ല ആരെങ്കിലും "O"നെഗറ്റീവ് ഉണ്ടെങ്കിൽ എന്ന അന്വേഷണവും അവൻ്റെ ഗ്രാമത്തിൽ തുടങ്ങി - വികാരിയച്ചൻ മുതൽ അധ്യാപകർ എല്ലാരോടും.
അവസാനം അവൻറെ ഗ്രാമത്തിൽ തന്നെയുള്ള അലസനായി കഴിഞ്ഞത് യുവാവ് ജോജു ഔസേപ്പച്ചൻ്റെ തീഷ്ണതയിൽ അലിഞ്ഞ് ആ കൊച്ചു ബാലികയ്ക്ക് വൃക്ക നൽകുവാൻ തയ്യാറാവുകയാണ്. ! ഒരു കഥ മോൾ മാത്രം അല്ല, ആ ദേശത്തെ ജനങ്ങളും അവിടെ ഒരു കുഞ്ഞു ദൈവത്തെ മുന്നിൽ കണ്ടു. അവസാനം വല്യപ്പച്ചൻ വീണ്ടും സ്വപ്നത്തിൽ വന്ന് ഔസേപ്പിനെ ധൈര്യപ്പെടുത്തി വിളിക്കയാണ് " ഔസേപ്പച്ചാ, നീയൊരു കുഞ്ഞു ദൈവമാണ്. ദൈവത്തിന് ഇവിടെ രണ്ടു മൂന്നടി പൊക്കമേ ഉള്ളൂ. ദൈവത്തിന് ഇവിടെ 11 വയസ്സ് ഉള്ളൂ. എന്നാൽ ദൈവത്തിൻറെ പ്രവർത്തനങ്ങൾക്ക് എന്തുമാത്രം സാന്ത്വനവും സന്തോഷവും സമാധാനവും ആണ് ആ കുഞ്ഞു വഴി അവർ അനുഭവിച്ചത്.
വളരെ ഹൃദയസ്പർശിയായ മറ്റൊരു ഇംഗ്ലീഷ് ഡോക്യുമെൻററി " ഒരു ദിവസം ദൈവത്തിനൊപ്പം '' അതിൽ വിവരിക്കുന്നത്
ദൈവത്തെ കാണാൻ വേണ്ടി പുറപ്പെടുന്ന ഒരു ബാലൻ്റെ കഥയാണ്. അവൻ കുറച്ചു കളി സാധനങ്ങളും, ഒരു ദിവസത്തെ ഭക്ഷണസാധനങ്ങളും ഒരു കൊച്ചു ബാഗിലാക്കി ഒരു ദിവസം യാത്ര തുടങ്ങുകയാണ്. ഒരു പാർക്കിനരികിൽ വിശ്രമിക്കാനിരുന്നു. മധ്യാഹ്നമായപ്പോൾ ഭക്ഷണ പൊതി തുറന്നു. അപ്പോഴാണ് കരുതിയിരുന്ന വൃദ്ധനായ ഭക്ഷണസാധനങ്ങൾ പങ്കുവെച്ചു അവർ പരസ്പരം നോക്കി സ്നേഹത്തോടെ നന്ദിയോടെ യും വൃദ്ധ നേരുന്നു അവന് പിന്നെ വേറെ ആരെയും അന്വേഷിക്കേണ്ടി വന്നില്ല തിരിച്ചുവന്നപ്പോൾ ആ കൊച്ചു ബാലൻ അമ്മയോട് പറയുകയാണ് അമ്മെ, ഞാൻ ദൈവത്തെ കണ്ടു.ദൈവം എനിക്ക് നല്ലൊരു പുഞ്ചിരി തന്നു. എത്ര മനോഹരമാണത് !
ഇതുകൊണ്ടൊക്കെ തന്നെയാണ് മത്തായിയുടെ സുവിശേഷം 25 അദ്ധ്യായം 40 ആം വാക്യത്തിൽ ഈശോ പറയുന്നത് "എൻറെ ഈ എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത്". "ആർക്കെങ്കിലും ഒരു കപ്പ് കുടിവെള്ളം കൊടുക്കുമ്പോൾ അത് ഒരിക്കലും പ്രതിഫലം ലഭിക്കാതെ പോവില്ല".
പരോപകാര പ്രവർത്തനങ്ങൾക്ക് ദൈവത്തിൻറെ മുൻപിലും മനുഷ്യരുടെ മുൻപിലും എത്ര മാത്രം അർത്ഥവും ആഴം ആണുള്ളത് ... കൊറോണ വൈറസിനാൽ ലോകം മുഴുവനും വേദനിക്കുമ്പോൾ അഹോരാത്രം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന എത്ര ആളുകളെയാണ് നമ്മുടെ കൺമുന്നിലും, സാമൂഹിക മാധ്യമങ്ങളിലുമായി നാം കാണുന്നത്... അവശ്യ സേവനത്തിൽ പെട്ട നമ്മുടെ സഹോദരർ സ്വന്തമായതും, സ്വന്തമായ വരെയും മറന്ന് ജീവനു വേണ്ടി അഹോരാത്രം ജീവൻ മരണ പോരാട്ടത്തിലാണവർ... ജീവിക്കുന്ന വിശുദ്ധർ... ജീവിക്കുന്ന ദൈവങ്ങൾ...
ഇനി പറയൂ ദൈവത്തെ കണ്ടിട്ടുണ്ടോ? 1 യോഹന്നാൻ 4 പറയുന്നു: " ദൈവം സ്നേഹമാക്കുന്നു". എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്. മറ്റുള്ളവർക്ക് നൻമ ചെയ്യാത്ത ഒരു ദിനം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ. കർത്താവായ ഈശോയുടെ കുരിശു വഴിയിൽ ഒരു തൂവാല കൊണ്ട് മുഖമൊപ്പിയ വേറോനിക്കയും, ഇത്തിരി നേരം കുരിശു ചുമക്കാൻ സഹായിച്ച കെവുറീൻകാരൻ ശിമയോനെയും 2000 വർഷങ്ങൾക്ക് ശേഷവും നാം ഓർക്കുന്നു...
തുറക്കാം നമ്മുടെ കണ്ണുകൾ ദൈവത്തെ കാണാൻ...
തുറക്കാം നമ്മുടെ കാതുകൾ ചുറ്റുമുള്ള നിലവിളി കേൾക്കാൻ... തുറക്കാം നമ്മുടെ ഹൃദയങ്ങൾ സ്നേഹം പങ്കുവയ്ക്കാൻ...
Sr സോണിയ K ചാക്കോ DC
No comments:
Post a Comment