Tuesday, 24 March 2020

കൂട്ടുകാരനാം ദൈവം

കൂടെ നടക്കുന്ന കർത്താവ്

കൂടെ നടക്കുന്നവൻ
കൂടെ നടക്കാനും, കൂട്ടിനിരിക്കാനും,
കൂടെ വരുന്ന കൂട്ടുകാരൻ...
കൂടെ നടന്നു, കൂട്ടിനിരുന്നു
കുർബ്ബാനയായി കൂടെ വസിക്കും കർത്താവ്.

കൂടെയുണ്ടെന്ന് കൂടെ കൂടെ പറഞ്ഞ്
കൂടെ വസിക്കുന്നു നിത്യവും കുർബ്ബാനയിൽ.
കൂട്ടിനായി സഹായകനെ നൽകി
കാരുണ്യവാൻ കർത്താവ് .


മനുഷ്യജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യമാണ് കൂടെ നടക്കുന്നവനെ കണ്ടെത്തുവാനുള്ള പ്രയാസം. ഇത്ര പുരാതനവും, ഇത്ര നവീനവുമായ സൗന്ദര്യമെ, നിന്നെ സ്‌നേഹിക്കുവാന്‍ ഇത്ര ഏറെ താമസിച്ചുവല്ലോ എന്ന് വിളിച്ചു പറയുവാന്‍ അഗസ്തിനോസിന് മുപത്തിലേറെ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ചരിത്രത്തിന്റെ താളുകള്‍ മറിഞ്ഞപ്പോള്‍ കൂടെയായിരിക്കുന്ന ദൈവത്തെ കൂടെ വസിക്കുന്നവരില്‍ കണ്ടെത്തുവാന്‍ അനേകര്‍ക്ക് സാധിച്ചുകഴിഞ്ഞിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി, വിവിന്‍സെന്റ് ഡിപോള്‍, വി. ലൂയീസ് ഡി മരിയാസ്, വി കൊച്ചുത്രേസ്യ, വി ഡാമിയന്‍, വി മാര്‍ട്ടിന്‍, വി മദര്‍ തെരേസ, വി എവുപ്രാസ്യ, മദര്‍ പേത്ര, സുക്കോളച്ചന്‍, കുറ്റിക്കലച്ചന്‍ തുടങ്ങി എത്രയെത്ര വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം സ്‌നേഹത്തില്‍ നിരതമാക്കി (ഗലേ. 4:5). അള്‍ത്താരയില്‍ വണങ്ങുന്നവനെ അയല്‍ക്കാരിലും, അഗതികളിലും കണ്ടെത്താൻ അനേകര്‍ക്കായിട്ടുണ്ട്. എന്നാല്‍ , athinayi ആത്മാര്‍പ്പണം ചെയ്ത് ജീവിതം ചിലവഴിക്കുന്ന അനേകര്‍ അതിലേറെയുണ്ട് താനും.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ഘോഷിക്കുന്നതിപ്രകാരമാണ്. ''യേശുവിനെ അനുദിനം കണ്ടുമുട്ടുക; അനുദിന ദിവ്യബലിയിലൂടെ അപ്പമായ് ഹൃദയകോവിലില്‍ ദിവ്യനാഥനെ കണ്ടുമുട്ടാന്‍ നമുക്ക് സാധിക്കുമ്പോള്‍ കൂടെയായിരിക്കുന്നവരിലും പതിതരിലും പാവങ്ങളിലും മറഞ്ഞിരിക്കുന്ന കര്‍ത്താവിനെ കണ്ടുമുട്ടുവാന്‍ നമുക്ക് പ്രായസമുണ്ടാവുകയില്ല.

വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ''എവിടെ സ്‌നേഹമുണ്ടോ, അവിടെ ദൈവമുണ്ട്'' എന്ന പരിചിതമായ ചെറുകഥ ഇവിടെ ഏറെ പ്രസക്തമാണ്. തന്റെ പ്രിയതമയും, മൂന്നു മക്കളും ആകസ്മികമായി വന്ന അസുഖങ്ങളാല്‍ മരണമടഞ്ഞ് ജീവിതം തികച്ചും നിരാശയുടെ പടുവക്കില്‍ ചെന്ന മാര്‍ട്ടിൻ എന്ന വ്യക്തി. അദ്ദേഹത്തെ വിശ്വാസത്തിന്റെ തീരത്തേക്ക് കൈപിടിച്ചു നടത്തുവാന്‍ ഒരു മിഷനറിയുടെ സാന്നിദ്ധ്യത്തിന് സാധിക്കുകയും, വിശുദ്ധഗ്രന്ഥ പാരായണത്തിലൂടെ വിശ്വാസത്തിന്റെ പുതിയ തുറയിലേക്ക് മാര്‍ട്ടിന്റെ ജീവിതം വഴി മാറുകയും ചെയ്തു. വൃദ്ധനായ സ്റ്റെഫനീഷിനും, ആരോരുമില്ലാത്ത അമ്മയ്ക്കും പിഞ്ചു കുഞ്ഞിനും, വിശന്നു വലഞ്ഞ കൊച്ചുബാലനും, ആപ്പിള്‍ വ്യാപാരി വൃദ്ധക്കും തനിക്കുണ്ടായിരുന്ന കുറച്ചു ഭക്ഷണസാധനങ്ങള്‍ പങ്കുവെച്ചപ്പോള്‍ അവരുടെ ഉദരങ്ങള്‍ ഭക്ഷണത്താലും, ഹൃദയങ്ങള്‍ സ്‌നേഹത്താലും നിറഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു. രാത്രിയില്‍ ഉറങ്ങവേ സ്വപ്നത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. മത്തായിയുടെ സുവിശേഷം 25:40 - തന്റെ എളിയ സഹായത്തിലൂടെ അദ്ദേഹം ദൈവത്തെയാണ് ശുശ്രൂഷിച്ചത് എന്ന പരമ യാഥാര്‍ത്ഥ്യം.

തൂണിലും, തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് കവിപാടുന്നു. ദൈവത്തിനായ് തിരഞ്ഞുമടുത്ത് അവസാനം സ്വന്തമുള്ളില്‍ ജ്വലിക്കുന്ന ദൈവചൈതന്യത്തെ കണ്ടെത്തിയ മഹാസിദ്ധഭാവനയും, ആര്‍ഷഭാരത്തിന്റെ മഹാവാക്യങ്ങളിലെ ഒന്നായ ''തത്ത്വമസി''- 'നീ തേടുന്നതെന്തോ അത് നീ തന്നെയാണ്' എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.

നമ്മില്‍ കുടികൊള്ളുന്ന, നമ്മിലേയ്‌ക്കെഴുന്നള്ളി വരുന്ന, നമുക്കു ചുറ്റുമുള്ള, നമ്മുടെ മദ്ധ്യേ ഉള്ള ദൈവീക സാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ നമ്മുടെ കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കി മാറ്റണം. മത്തായി 1:26-  "ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെയുണ്ട്", സെഫാനിയ 3:17- ''ദൈവം നമ്മുടെ മദ്ധ്യേ ഉണ്ട്.''  നാം അനുഭവിച്ചറിഞ്ഞ ദൈവീക സാന്നിദ്ധ്യ മാധുര്യം  നമ്മൾക്ക് പകര്‍ന്നു കൊടുക്കാം,  സ്‌നേഹംപൂര്‍വ്വം.  സ്‌നേഹം കുടികൊള്ളുന്നവരിലേക്ക്  നമുക്ക്എത്തിച്ചേരാം. അടിച്ചാലും, ഇടിച്ചാലും, കുത്തിയാലും, മധുരം മാത്രം തരുന്ന കരിമ്പുപോലെ, തേനറകള്‍ പോലെ...

നരേന്ദ്രന്‍ (വിവേകാനന്ദന്‍) ശ്രീരാമകൃഷ്ണ പരമഹംസനോട് ചോദിച്ചു, 'ഗുരുജി അങ്ങ് എപ്പോഴെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ? ഗുരു പറഞ്ഞു ''ഉവ്വ് കണ്ടിരിക്കുന്നു.'' ''എവിടെ?'' ''നിന്റെ കണ്ണുകളില്‍''.  പിന്നെ നരേന്ദ്രന്‍ വിവേകത്തില്‍ ആnaന്ദം കണ്ടെത്തി വിവേകാനന്ദനായി.

- സോണിയ കളപ്പുരക്കൽ, ഡിസി








No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...