Saturday, 28 March 2020

ആശ്വാസത്തിൻ്റെ മാലാഖ


ആശ്വാസത്തിൻ്റെ മാലാഖ

അധ്വാനത്തിന് വിയർപ്പിൻ്റെ വിലയാണല്ലോ? രക്തത്തിന് ജീവൻറെ വിലയാണല്ലോ? ദുഃഖത്തെയും അനുതാപത്തിൻ്റെയും അടയാളമാണല്ലോ കണ്ണുനീർ.

ദൈവപുത്രൻ്റെ കണ്ണുനീരും രക്തവും വിയർപ്പും എല്ലാം ഒരുപോലെ ഇറ്റിറ്റിറങ്ങിയ പൂന്തോട്ടം ആണല്ലോ ഗത്സമനി.
അതൊരു പൂന്തോട്ടം ആയിരുന്നാലും പഴത്തോട്ടം ആയിരുന്നാലും നമ്മുടെ ജീവിതത്തിൽ നമ്മളും മുഖാമുഖം ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാണ് അത്. ഒരുപക്ഷേ എല്ലാവരും ആയിരിക്കില്ല എങ്കിലും തമ്മിൽ ഏറെ ആളുകൾ.

ജീവിതത്തിൽ ഒറ്റപ്പെടലുകൾ അനുഭവപ്പെടാത്തതായി ആരുണ്ട്? ഈ ലോകം നേരിടുന്ന കൊറോണാ കോവിഡ് ഭീഷണിയിൽ, ഒറ്റപ്പെടലിൽ, ഭയതതിൻ്റെയും വിശപ്പിൻ്റെയും രോഗത്തിൻ്റെയും ഭീഷണിയുടെ മുൾമുനയിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകൾ... അതിനുപുറമേ പലവിധമായ പ്രശ്നങ്ങളുടെ,നിരാശയുടെ, വേദനയുടെ കൂരിരുട്ട് നിറഞ്ഞ ഇരുണ്ട രാത്രികൾ, ജീവിതത്തിലെ വരണ്ട ദിനങ്ങൾ ഈ അനുഭവങ്ങളുടെ നടുവിൽ നമ്മളൊക്കെ ഗത്സമനി തോട്ടത്തിലാണ്. 

കൂടെ നിന്നവർ പോലും ഏറ്റവും സ്നേഹം നടിച്ച്,ഏറ്റവും നല്ല സ്നേഹ ഭാവത്തിലൂടെ ഒറ്റി കൊടുക്കുമ്പോൾ, ഏറെ സ്നേഹിച്ചവർ വിഷമഘട്ടങ്ങളിൽ ഓടി അകലുമ്പോൾ, സ്നേഹം മാത്രം കൊടുത്തവർ പകരം കുരിശുമായി ആർത്തിരമ്പി സത്യം മറച്ച് അഭിനയിക്കുമ്പോൾ, എല്ലാറ്റിനുമുപരി മനുഷ്യപാപത്തിനായി നമ്മോടുള്ള സ്നേഹത്തെ പ്രതി സ്വയം കുരിശിൽ ആത്മായാഗമാകുമ്പോൾ കടന്നുപോകേണ്ട വേദനകൾ... അവയുടെ കാഠിന്യവും... അവ കണ്മുൻപിൽ കാണുമ്പോഴുള്ള ഞെട്ടൽ ഏതൊരു മനുഷ്യനാണ് ഇവ താങ്ങാൻ ആവുക? 

തലയിൽ മുൾമുടിയും ദേഹമാസകലം ആയിരത്തിൽപരം ചാട്ടവാറടികളും, ഭാരമേറിയ കുരിശും താങ്ങി മൂന്നുപ്രാവശ്യം വീണതിനെ മുറിവുകളും, ഇതിനെല്ലാമുപരി കൈകളിലും കാലുകളിലും തുടങ്ങിയ കയറി തുളഞ്ഞു കയറിയ മൂന്ന് ആണികളുടെ വേദന മുന്നിൽ കാണുമ്പോൾ എത്രമാത്രം വേദനയായിരിക്കും ഈശോ നമുക്കായി അനുഭവിച്ചിട്ടുണ്ടാവുക !!!

വേദനയുടെ കാഠിന്യവും ദൈർഘ്യവും ഏറുമ്പോൾ പിതാവിനെ വിളിച്ചു കരയുന്ന കർത്താവിനെയാണ് ഈ തോട്ടത്തിൽ നമുക്ക് കാണാനാവുക. "പിതാവേ, ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റണമേ... പറഞ്ഞു നിർത്താതെ അവിടുന്ന് കൂട്ടിച്ചേർത്തു എൻറെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ...

പാരീസിലെ തെരുവോരങ്ങളിലേക്ക്1600കളുടെ ആരംഭത്തിൽ ഉപവിപുത്രിമാരെ (Daughters of Charity of St vincent de Paul) വലിച്ചെറിയപ്പെട്ട അനാഥ കുരുന്നുകളുടെ എടുത്ത് സംരക്ഷിക്കാനായും, പകർച്ചവ്യാധിയ പ്ലേഗിൽ മരിച്ച് പടരുമെന്ന പേടിയിൽ അവഗണിച്ച് എറിയപ്പെട്ട രോഗബാധിതരുടെ മൃതദേഹ ശവസംസ്കാരത്തിനും, എല്ലാതരം രോഗികളുടെ ശുശ്രൂഷയ്ക്കായി അവരെ അയയ്ക്കുമ്പോൾ വിശുദ്ധ വിൻസെൻറ് അവരോട് എപ്പോഴും പറഞ്ഞിരുന്നു: "എൻ്റെ പുത്രിമാരേ, നിങ്ങൾക്ക് ആട്ടു തുപ്പലുകളും, പുച്ഛവും, അവഗണനയും, വാക്കുകളും സ്വീകരിക്കേണ്ടി വരും. എങ്കിലും ഒന്നും മറുപടി പറയരുത്. തിരികെ വീട്ടിൽ എത്തുമ്പോൾ കർത്തൃ സന്നിധിയിൽ എല്ലാം പറയുക. നിങ്ങൾക്ക് ആശ്വാസം ലഭിക്കും". അതെ, തൻറെ ജീവിതത്തിൽ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിൽ സ്വപിതാവിലാണ് യേശു അഭയംതേടിയത്. തൻറെ പ്രിയപുത്രൻ്റെ രോധനം ദൈവപിതാവിന് കണ്ടു നില്ക്കാനായില്ല...എങ്കിലും കൈപ്പേറിയ കാസ അവിടുന്ന് തിരിച്ചെടുത്തില്ല. പകരം ഒരു മാലാഖയെ ആശ്വസിപ്പിക്കാനായി അയച്ചു . 

നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണുവാൻ സാധിക്കും നമ്മുടെ കയ്യിലും കയ്പേറിയ കാസകൾ ഇരിക്കുമ്പോൾ അവ തിരികെ എടുക്കില്ല. പകരം, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത വ്യക്തികൾ ആശ്വാസത്തിനു മാലാഖമാർ വന്നു നമ്മെ ആശ്വസിപ്പിക്കുന്നത് നമുക്കറിയുവാൻ സാധിക്കും... 

പ്രിയ സഹോദരരെ, നമുക്കുചുറ്റും വേദനയുടെ പുകയുന്ന രോദനമുയരുകയാണ് ഇന്ന്... ലോകജനത നിലവിളിക്കുകയാണ്... രാഷ്ട്രങ്ങൾ എന്തുചെയ്യണമെന്നറിയാതെ വിയർക്കുകയാണ്... കർത്താവിൻറെ അനുഗ്രഹത്തിൻ്റെയും, ആശ്വാസത്തിൻ്റയും, സൗഖ്യത്തിൻ്റെയും കരത്തിൽ കീഴിൽ വിശ്വാസത്തോടും പ്രതീക്ഷയോടുംകൂടെ കാത്തിരിക്കാം. അതേ സമയം നമുക്ക് മാറാം ആശ്വാസ ദൂതരായി... നമ്മുടെ സമൂഹത്തിലെ വേദനിക്കുന്നവരിലേക്ക് എത്തിച്ചേരാം... പ്രതിസന്ധികളിൽ, വേദനകളിൽ ആശ്വാസവാക്കുകളുമായി, ഒരു പുഞ്ചിരിയുമായി,ഒരു ഫോൺ സന്ദേശം ആയി, ഒരു കൈത്താങ്ങായി... അങ്ങനെ സ്നേഹത്തിൻ്റെ ചിറകിൽ പറക്കാം... വേദനിക്കുന്ന മനുഷ്യരിലേക്ക്... ഇതാ ഇപ്പോൾ തന്നെ ഇന്നുതന്നെ.

Sr സോണിയ കെ ചാക്കോ, DC

2 comments:

  1. Very touching and timely article. Good Lenten meditation. Thsnk you Sr Soniya.

    ReplyDelete
  2. Very touching and timely article. Good Lenten meditation. Thsnk you Sr Soniya.

    ReplyDelete

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...