Tuesday, 31 March 2020

എൻറെ അടുക്കൽ വരുവിൻ


എൻറെ അടുക്കൽ വരുവിൻ
Come to Me 

"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും ആയ നിങ്ങളെല്ലാവരും എൻറെ അടുക്കൽ വരുവിൻ" (മത്തായി 11: 28).
ജീവിതത്തിൻ്റെ എല്ലാതുറയിലുള്ള വരെയും കർത്താവ് തന്നിലേക്ക് വിളിച്ചിരുന്നു. കുഞ്ഞുങ്ങളെയും, ശിഷ്യന്മാരെയും, ഭാരത്താൽ അദ്ധ്വാനത്താൽ രോഗത്തിലും തളരുന്ന ഓരോ മക്കളെയും അവിടുന്ന് തന്നിലേക്ക് സ്വാഗതം ചെയ്തു. അവനിലേക്ക് ചേർന്നിരിക്കാൻ, അവിടുന്ന് തരുന്ന ആശ്ലേഷം സ്വീകരിച്ചത് വിശ്വസിക്കുവാൻ, അവിടുത്തോട് കൂടെയായിരിക്കാൻ, ആശ്വസിപ്പിക്കുവാൻ...

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചീടുന്നു.
അധ്വാന ഭാരത്താൽ വലയുന്നോരെ
ആശ്വാസം ഇല്ലാതെ അലയുന്നോരെ
അരുമ പിതാവിൻ്റെ ഇമ്പ സ്വരം
നീ ഇന്ന് ശ്രവിച്ചീടുമോ?...
ആണി പാടുള്ള വൻ കരങ്ങൾ നീട്ടി നിന്നെ വിളിചച്ചീടുന്നു...
നമുക്ക് എത്ര സുപരിചിതവും, അർത്ഥവത്തുമായ വരികളാണിവ.


1830 ജൂലൈ 18 ആം തീയതി പാരീസിൽ ഉള്ള ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മദർഹൗസിൽ ഒരു കൊച്ചു നോവീസായ വിശുദ്ധ കാതറിൻ ലബോറക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു അവളോട് പറഞ്ഞു: "അൾത്താരയിലേക്ക് വരുവിൻ അവിടെ നിന്നും നിങ്ങൾക്ക് അനുഗ്രഹങ്ങൾ വർഷിക്കപ്പെടും വിശ്വാസത്തോടെ കേണപേക്ഷിക്കുന്ന ഓരോരുത്തരും അനുഗ്രഹങ്ങളാൽ നിറയും". 1830 കളിൽ ഫ്രാൻസിനെ മാത്രമല്ല യൂറോപ്പിലെ മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ വിനാശകാരിയായ പ്ലേഗിൽ നിന്നും രക്ഷ പ്രാപിക്കുവാൻ പരിശുദ്ധ അമ്മ കാണിച്ചുതന്ന ഏകവും, വിശുദ്ധവുമായ മാർഗ്ഗമായിരുന്നു അൾത്താരയിലേക്കുള്ള സ്വാഗതം. "പരിശുദ്ധമായ അൾത്താരയിലേക്ക് - സക്രാരിയുടെ മുൻപിലേക്ക് വരിക..." വിശ്വാസത്തേടെ സമീപിക്കുന്നവർ അവിടെ നിന്ന് ആശ്വാസവും,
സൗഖ്യം സ്വീകരിക്കുവാൻ വേണ്ടി അമ്മ ഇന്നും നമ്മെ ഓരോരുത്തരേയും ക്ഷണിക്കുന്നു. കൂടാതെ വരുന്നവർക്കെല്ലാവർക്കും ആശ്വാസമേകുവാൻ അത്താണിയാകുവാൻ മാറു പിളർന്ന സ്നേഹവുമായി, വിരിച്ച കരങ്ങളാൽ കർത്താവ് കാത്ത് കാത്തിരിക്കുന്നു...

കോവിഡ് 19 വൈറസിൻ്റെ കൂർത്ത മുള്ളുകൾ ലോകത്തെ വിറപ്പിക്കുകയും, പരിഭവത്തിലാക്കുകയും, നമ്മുടെ ഒന്നുമില്ലായ്മ വെളിപ്പെടുത്തുകയുമാണ്. ഇത്തിരിക്കുഞ്ഞൻ വൈറസിനെ പേടിച്ചുള്ള ആധിയാലും വ്യാധിയാലും വലയുന്ന മാനവരാശിയുടെ മുന്നിൽ ഒരേയൊരു ആശ്രയം ദൈവം മാത്രം . അവിടുന്ന് സന്നിഹിതരായിരിക്കുന്ന പരിശുദ്ധ അൾത്താരയിലെ സക്രാരി മനുഷ്യമക്കളെ കാത്തു കാത്തു പ്രഭാതം മുതൽ പ്രദോഷം വരെ മാത്രമല്ല

365 ദിവസവും നമ്മെ കാത്തിരിക്കുന്നു. സക്രാരിയിൽ കാത്തിരിക്കുന്നു കർത്താവിൽ നിന്നും നമുക്ക് ആശ്വാസം സ്വീകരിക്കാം.. രണ്ടായിരം വർഷങ്ങൾക്കു മുന്നേ പാലസ്ത്തിനായിൽ മുഴങ്ങിയ ശബ്ദം ലോകമാസകലം കൊറോണ വൈറസിൻ്റെ ഭീതിയിൽ നിറയുന്നവരുടെ കാതുകളിൽ വീണ്ടും അലയടിക്കുന്നു... " എൻ്റെ അടുക്കൽ വരുവിൻ"...

കർത്താവിൻറെ സ്വരം നമുക്ക് ശ്രവിക്കാം... ആശ്വാസദായകൻ യേശു നമ്മെ വിളിക്കുന്നു...

ആശ്വാസദായകനാം യേശു
വിളിക്കുന്നു
ആണികൾ തുളഞ്ഞ കരങ്ങളാൽ വിളിക്കുന്നു
ആഗതരാകുവിൻ അലയും മക്കളേ ഈ
അൾത്താരയിങ്കൽ ഒന്നായി വരുവിൻ...

ആശ്വാസമേകാം ആനന്ദം ഏകാം ആകുലനാകരുതെ
ആധിയും വ്യാധിയും അകലും വചനധാരണയാൽ വിശ്വസിച്ചിടുവിൻ
അസ്വസ്ഥൻ ആകരുത് നിങ്ങൾ അനാഥരല്ല
അണയൂ നിങ്ങൾ ഈ ബലിവേദി മുന്നിൽ

ആത്മസന്തോഷത്താൽ ആമോദ രാഗം ആശ്വാസമേകാൻ വിശ്വസി ച്ചിടുവിൻ
അനുരഞ്ജിതരായ് പാപക്കറകൾ കഴുകി
ആശ്രയിക്കൂ നിങ്ങൾ പ്രത്യാശിക്കുവിൻ നിങ്ങൾ

അലകളിൽ നിന്നും
വൈരികളിൽനിന്നും
അന്നും ഇന്നും സഭയെ കാക്കുന്നവൻ ഞാൻ ആത്മാർത്ഥമായി അണയൂ . ആശ്വാസമേകാൻ ഞാൻ പ്രത്യാശിച്ചിടുവിൻ.

- Sr സോണിയ കെ ചാക്കോ DC

No comments:

Post a Comment

Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...