ആതുരശുശ്രൂഷയിൽ നിന്ന് അൾത്താരയിലേക്ക്
ജീവനാണോ സ്നേഹമാണോ വലുത് ?
ജീവനാണോ സ്നേഹം ?
അതോ, സ്നേഹമാണോ ജീവൻ? സ്നേഹമേ നീ തെളിയിച്ചു നീ സ്നേഹത്തിലലിയുന്ന ജീവനാണെന്ന്.
എനിക്കേകി നിൻ ജീവൻ
എന്നോടുള്ള സ്നേഹം നീ പ്രകടമാക്കി.
ഓരോ ശ്വാസത്തിലും ഓർക്കുന്നു അമ്മെ
നിൻ്റെ കാണാത്ത രൂപം
ഓരോ ഹൃദയമിടിപ്പിലും ഞാനറിയുന്നു അമ്മെ
എനിക്കായി മിടിച്ച നിൻ ഹൃദയം. സ്നേഹം ജീവനായി ഒഴുകിയിറങ്ങിയ ആശുപത്രി മുറികളും, വരാന്തയുമറിഞ്ഞു നിന്നെ ഞാനറിയും മുൻപെ.
ചിൻമയൻ തൻ ചിന്തയാം അമ്മേ,
ജീവത്യാഗത്തിൻറെ സ്നേഹ ജ്വാലയെ
നിനക്ക് മുൻപിലെൻ സ്നേഹപ്രണാമം.
ഉയിർ തന്ന ഉടലേ
നിൻ ഉയിരാകട്ടെ ഞാൻ ജനങ്ങൾക്കും എൻ ഉയിരിൻ നാഥനും.
മാതൃത്വത്തിൻ്റെ മനോജ്ഞത മതി വരുവോളം നുകർന്ന അമ്മയോട് ഒരു ചോദ്യമുയർന്നു ഉദരത്തിൽ ഉരുവായ ജീവൻ വേണോ? സ്വന്തം ജീവൻ വേണോ?എന്ന ചോദ്യത്തിനു മുന്നിൽ പതറാതെ ഉദരത്തിലുരുവായിക്കൊണ്ടിരിക്കുന്ന കുഞ്ഞിനായി സ്വജീവൻ വെടിയാൻ തയ്യാറായപ്പോൾ അവൾ വെറും അമ്മയല്ല, വിശുദ്ധയായ അമ്മയായി, വിശുദ്ധയായ ഭിഷഗ്വരയായി, വിശുദ്ധയായ ഭാര്യയായി... വിശുദ്ധ ജിയാന്ന ബെരേറ്റ മോള്ള ആതുരാലയത്തിൽ നിന്നും ദിവ്യതയുടെ പടവുകൾ കീഴടക്കി. ആ ഭാഗ്യവതിയുടെ തിരുന്നാൾ (28 ഏപ്രിൽ ) തിരുസഭ ഇന്ന് ആചരിക്കുകയാണ്.
1922 ഒക്ടോബർ 4ന് ഇറ്റലിയിലെ മജന്തായിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ആണ് അവളുടെ ജനനം. പഠിക്കുവാൻ മിടുക്കിയായിരുന്ന ജിയാന്ന ശിശു രോഗവിദഗ്ദയി. മിലാൻ സർവ്വകലാശാലയിൽ നിന്നും ശിശുരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും നേടി. പാവങ്ങളോടും സമൂഹത്തിലെ ബലഹീനരോടും സദാ കാണിച്ചിരുരുന്ന ജിയെന്നാ വിൻസെൻറ് ഡി പോൾ സംഘടനയിലെ സജീവ അംഗമായിരുന്നു. 1955 പ്രിയട്രോ മൊളെളയുമായി വിവാഹിതയായി. 1956 ൽ ആദ്യത്തെ മകൻ ജനിച്ചു.1957-ൽ ഒരു മകളും 1959ൽ ലൂജിയും , 61 ൽ നാലാമതായി ഒരു കുഞ്ഞിനെ കൂടി ദൈവം നല്കി - ഇമ്മാനുവേല ജിയന്ന. ജിയന്ന 2 മാസം ഗർഭിണി ആയിരിക്കുമ്പോൾ അവരുടെ ഉദരത്തിൽ ഒരു മുഴ വളരുന്നതായി സ്കാനിംഗ് വഴി ഡോക്ടർ കണ്ടെത്തി. ഒന്നുകിൽ ഓപ്പറേഷൻ വഴി മുഴ എടുത്തുമാറ്റുക അല്ലെങ്കിൽ ഭ്രൂണഹത്യ വഴി കുഞ്ഞിനെ നീക്കം ചെയ്യുക എന്ന് വിദഗ്ദർ വിധിയെഴുതി. ഒരു ശുശുവിദഗ്ദയായ ഡോക്ടർ ജിയന്നക്കും സ്ഥിതിയെക്കുറിച്ച് ആഴമായി ബോധ്യമുണ്ടായിരുന്നതു കൊണ്ടും, ഉത്തമ കത്തോലിക്കാ വിശ്വാസിയായിരുന്നു കൊണ്ടും, കുഞ്ഞിനെ ഉദരത്തിൽ വെച്ച് കൊല്ലുന്നതിനു പകരം ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കുക എന്ന ഒരേ ഒരു തീരുമാനമാണ് ഡോ. ജിയന്നാക്ക് ഉണ്ടായിരുന്നത്. പിഞ്ചു കുഞ്ഞിനായി സ്വജീവൻ നല്കാൻ അവൾ തയ്യാറായി. "ദൈവനിശ്ചയം നടക്കട്ടെ". ഇതിന് ഒരാഴ്ച മുന്നേ അവൾ വീണ്ടും തന്നെ ഭർത്താവിനെ ധൈര്യപ്പെടുത്തി കൊണ്ട് പറഞ്ഞു. "ഓപ്പറേഷൻ സമയത്ത് ഭയപ്പെടേണ്ട , നമ്മുടെ കുഞ്ഞ് ജീവിക്കട്ടെ. എനിക്ക് എൻ്റെ ജീവൻ അവളുടെ ജീവനുവേണ്ടി ത്യജിക്കുന്നതിന് യാതൊരു വിഷമവും ഇല്ല. അങ്ങ് വിഷമിക്കരുത് ". പ്രസവവും ശസ്ത്രക്രിയക്ക് ശേഷം വിജയകരമായി നടന്നെങ്കിലും 2 - 3 ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലെ എന്തോ ഒരു തകരാറിൽ 1962 ഏപ്രിൽ 28 -ാം തിയ്യതി അവൾ സ്വർഗ്ഗത്തിലേക്ക് യാത്രയായി.
1994 ൽ ജിയന്നയുടെ ഭർത്താവിനെയും മൂന്ന് മക്കളുടേയും മുൻപാകെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി ഉയർത്തി. 10 വർഷത്തിനു ശേഷം 2004 മെയ് 16ആം തീയതി ജിയന്നയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ അവളുടെ ഭർത്താവിന് 88 വയസ്സായിരുന്നു. മൂന്ന് മക്കളും അതിനു സാക്ഷ്യം വഹിക്കുവാൻ വേണ്ടി സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരുന്നു. വിവാഹ ജീവിതത്തിനും, ഗർഭസ്ഥ ശിശുക്കൾക്കും, മാതൃത്വത്തിനും വേണ്ടത്ര വില നൽകാതെയും വിലനല്കാതെ അധ:പതിച്ചു കൊണ്ടിരിക്കുന്ന ഈ ആധുനിക ലോകത്തിൽ Dr ജിയന്നായുടെ സജീവസാക്ഷ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.
" രോഗികൾക്ക് ഈശോയെ ആണ് ഡോക്ടർമാർ കൊടുക്കേണ്ടത് " എന്ന് ഒരിക്കൽ അവൾ എഴുതിയതായി അമ്മ ജിയന്നയെക്കുറിച്ച് ലൂയി പറയുന്നു.
2004 മെയ് പതിനാറാം തീയതി പുറത്തിറക്കിയ സ്വന്തം ഭാര്യയായ ജിയന്നാ വിശുദ്ധപദവിലേക്ക് ഉയർത്തെപ്പെടുന്നതിന് 92 വയസ്സുള്ള അവരുടെ ഭർത്താവ് പിയ ത്രാ മൊള്ളയും അവരുടെ മൂന്നു മക്കളും സാക്ഷ്യം വഹിച്ചു. സ്വന്തം ഭാര്യ വിശുദ്ധപദവിലേക്ക് ഉയർത്തപ്പെടുന്നത് കാണാൻ ഭാഗ്യം ലഭിച്ച, ദൈവാനുഗ്രഹം കിട്ടിയ ലോകത്തിലെ ആദ്യ ഭർത്താവാണ് പിയത്ര മൊള്ള. ത്യാഗമാണ് എന്ന ക്രിസ്തീയ ധർമ്മമെന്ന് തിരിച്ചറിഞ്ഞ ഭാര്യയായിരുന്നു ജിയാന്ന.
ഭ്രൂണഹത്യ ഫാഷനായിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ മാതൃത്വത്തിൻ്റെ വില അറിയുകയും തനിക്കായി ദൈവം തന്ന കുഞ്ഞിൻ്റെ വേണ്ടി ജീവൻ വെടിഞ്ഞ കറയറ്റ സ്നേഹമായിരുന്നു ഡോക്ടർ വിശുദ്ധ ജിയെന്നാ ബൊള്ളെ.
"കർത്താവേ നിന്നെ ഞാൻ സ്നേഹിക്കുന്നു " മരണത്തിലും ഈശോയോടുള്ള സ്നേഹ മന്ത്രണമായിരുന്നു ആ ചുണ്ടുകളിൽ. 1962 ഏപ്രിൽ 28 ആം തീയതി അവൾ സ്വർഗ്ഗം സ്വർഗ്ഗം പുൽകി.
പിയട്രാ മക്കളെ ഇങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു: "വിശുദ്ധയായ ഒരു അമ്മയുടെ മക്കൾ ആകാൻ ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു".
"ക്രൈസ്തവ പരിപൂർണതയുടെ അതിവിശിഷ്ട മാതൃകയായിരുന്നു ജിയന്ന എന്ന അമ്മ എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും മാതൃത്വത്തിൻ്റെയും, സ്നേഹത്തിൻ്റെയും, ത്യാഗത്തിൻ്റെയും സന്ദേശവാഹകയായി എന്നും ജിയന്ന ഉണ്ടായിരിക്കും" എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു. വിശുദ്ധയായി സ്വന്തം അമ്മയെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച ചടങ്ങിൽ പങ്കെടുക്കാൻ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയ ജനാവലിയുടെ മുൻപിൽ നിറകണ്ണുകളോടെ ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഇമ്മാനുവേല ജിയന്ന പറഞ്ഞു: "എൻറെ പ്രിയപ്പെട്ട അമ്മേ, അമ്മ എനിക്ക് രണ്ടു തവണ ജീവൻ തന്നു: ഒന്ന് എന്നെ ഗർഭം ധരിച്ചപ്പോൾ. എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ തുടർന്നും ജീവിക്കാൻ ഇതാണ് രണ്ടാമത്തെ അവസരം. അമ്മയോടെ ജീവനും ജീവിതത്തിനും തുടർച്ചയാണ് ഞാൻ. ഈ കൊച്ചു സാക്ഷ്യം കേട്ട് മാർപാപ്പയടക്കം അവിടെ കൂടിയിരുന്ന അനേകരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
സ്വയം സമ്പൂർണ്ണമായ ബലിയായ് ദൈവത്തിന് സമർപ്പിച്ച ജിയന്ന സ്വന്തം മക്കളും ഭർത്താവും അടങ്ങുന്ന കുടുംബത്തിന് വേണ്ടിയും, ആശുപത്രിയിലെത്തിയ നിരവധി രോഗികൾക്കും, വൃദ്ധരായ വർക്കും, ഏറെ സ്നേഹിച്ച കുഞ്ഞുങ്ങൾക്കും സ്നേഹം മാത്രമേ പകർന്നുകൊടുത്തുള്ളൂ. അതുകൊണ്ട് തന്നെ സമ്പൂർണ്ണ സ്നേഹത്തെയും സമ്പൂർണ്ണ ത്യാഗത്തെയും ഉത്തമ മാതൃകയായ ജിയെന്ന വിശുദ്ധയായ മാതാവും, ധീരയായ ഡോക്ടറും, വിശ്വസ്തയായ കുടുംബിനിയുമായിരുന്നു.
സ്നേഹനിധിയായ അമ്മയും ഉത്തമയായ കുടുംബിനിയുമായ വിശുദ്ധ ജിയന്ന സ്വർഗ്ഗത്തിൽനിന്നും മാദ്ധ്യസ്ഥം വഹിക്കുകയാണ്. ഇന്ന് ഭൂമിയിലുള്ള കുടുംബ ജീവിതം നയിക്കുന്നവരെയും, ഗർഭിണികളായവരെയും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരെയും അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്... കൂടാതെ അംഗമായിരുന്ന വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിൽ 153 രാജ്യങ്ങളിലായി ലോകമെങ്ങും പരസ്നേഹ പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന 8ലക്ഷം അംഗങ്ങൾക്കായും.
കോവിഡ് 19ൻ്റെ വ്യാപനത്തിൽ ലോകം മുഴുവൻ വേദനിക്കുമ്പോൾ ഏറ്റവുമധികം ത്യാഗപൂർവം ലോകമാസകലം ജോലിചെയ്യുന്നത് ഓരോ ആശുപത്രികളിലും ഉള്ള ഡോക്ടർമാരും നഴ്സുമാരും ആണ്. ഒരുപക്ഷേ, പലരും ഒരു പ്രൊഫഷനായി ഡോക്ടർ ജോലി ആരംഭിച്ചിരുന്നതായിരിക്കാം. ഇന്ന് ജീവൻ പണയം പറയപ്പെട്ടും, ഒരു പാട് ത്യാഗം സഹിച്ചും, അനേകർക്ക് സ്നേഹത്തോടെ ജീവൻ്റെ അവസാനശ്വാസമെടുക്കുവാൻ സഹായിക്കുകയാണവർ. സ്വന്തം ജീവൻ പണയം വച്ചും, ഭാവിയെയും, കുടുംബത്തെയും മറന്നും ജോലി ചെയ്യുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഓരോരുത്തർക്കും ശക്തിയും ഊർജ്ജവും വിശുദ്ധയായ ഡോക്ടർ ജിയാന്നാ പകരട്ടെ. ത്യാഗ മനോഭാവവും ആത്മശക്തിയും, ധീരതയും, കൂടുതലായി പ്രധാനം ചെയ്യട്ടെ. അവരുടെ എല്ലാവരുടെയും ജീവിതം പ്രകാശംപരത്തുന്ന ദീപനാളങ്ങളായി മാറട്ടെ.
-Sr സോണിയ കെ ചാക്കോ,DC