Tuesday, 31 December 2019

Mother of 1084

                            1084 ന്റെ അമ്മ

 ജീവിച്ചിരിക്കുമ്പോൾ ഒരു അമ്മയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം അവരുടെ മകളോടൊപ്പം അവളുടെ പേരും ചേർക്കുക എന്നതാണ്. അമ്മയെക്കുറിച്ച് എഴുതുമ്പോൾ തൂലിക നിൽക്കാറില്ല. കാരണം, അത്രയ്ക്ക് മാധുര്യമുള്ള മറ്റൊരു പേര് മനുഷ്യനു മുന്നിൽ ഇല്ല.

 "നൊന്തുപെറ്റ അമ്മേ
 പേറ്റുനോവിന്റെ പേരിൽ ഒരു
പത്തുപൈസ പോലും
പറഞ്ഞു വാങ്ങാത്ത സ്നേഹമേ,
 നിന്റെ മറുപടി പേരാണ് സ്നേഹം"
എന്ന് കവി പാടുന്നതുപോലെയാണിത്.

 മഹേശ്വതാദേവിയുടെ വളരെ പ്രശസ്തി നേടിയ നോവൽ ആണ് "1084 ന്റെ അമ്മ'. താൻ ജീവനുതുല്യം സ്നേഹിച്ച് പോറ്റിവളർത്തിയ മകൻ നക്സൽവാദിയാണെന്ന കുറ്റമാരോപിച്ച് ജയിലിലടക്കപ്പെട്ടപ്പോൾ അവന്റെ മോചനത്തിനായി കാത്തിരുന്ന് കണ്ണീരൊഴുക്കിയ അമ്മയുടെ മുന്നിലെലെത്തിയ ഫോൺ സന്ദേശം അവനെ വെടിവെച്ചുകൊന്നു എന്നതായിരുന്നു. ഗാഗുൽത്താമലയിൽ സ്വപുത്രന്റെ കുരിശുമരണത്തിനു സാക്ഷ്യം വഹിച്ച മറിയത്തിന്റേതുപോലെ ഒരു ദു:ഖഭാരം അവളിൽ പതിഞ്ഞു. സ്വന്തം മക്കളുടെ കബന്ധങ്ങൾ തിരഞ്ഞു കണ്ടുപിടിച്ച ഗാന്ധാരിയെപ്പോലെ ദുഃഖിതയായ അമ്മ ഓടി സ്വപുത്രന്റെ നിശ്ചലമായ ശരീരത്തെ ഏറ്റുവാങ്ങാനായി ചെന്നപ്പോൾ പോലീസ് മേധാവികൾ അവളോട് ചോദിച്ചു: "1084 ന്റെ അമ്മയാണോ?" സ്വപുത്രന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ പ്രിയ മകന്റെ പേരുപോലും വിസ്മരിച്ച് വെറും അക്കം മാത്രം ആയ കാഴ്ച ആരെയും കരയിപ്പിക്കുന്നതാണ്...

 2008 ൽ വാഴ്ത്തപ്പെട്ടവളായി ഉയർത്തപ്പെട്ട രക്തസാക്ഷിയായ ലിൻഡാൾവാ എന്ന Daughter of Charity യുടെ ചടങ്ങിന് മുൻനിരയിൽ സ്വന്തം മകളെ നഷ്ടപ്പെട്ട വേദനയെക്കാൾ അവരുടെ വിശുദ്ധിയും മാതൃകാജീവിതവും, അവൾ വിശുദ്ധയാണ് എന്ന പ്രഖ്യാപനവും കാണുവാനായി അനുഗ്രഹീതയായ ആ പുണ്യവതിയുടെ അമ്മ ഇരിപ്പുണ്ടായിരുന്നു.

 1925 ൽ മരിയ ഗൊരേറ്റിയുടെ അമ്മ അസൂന്തയും ഇതേ സൗഭാഗ്യം അനുഭവിച്ച അമ്മയായിരുന്നു. തന്റെ മകൾ മരിയയെ കൊലപ്പെടുത്തിയ ഘാതകനൊപ്പം അവൾ മുന്നിലിരുന്ന് അൾത്താരയിലേക്ക് ഉയർത്തപ്പെട്ട പുണ്യനിമിഷങ്ങൾക്ക് സാക്ഷിയായി. മക്കൾ മാതൃകാജീവിതം നയിക്കുമ്പോൾ അവർ അവരുടെ മാതാപിതാക്കളുടെ ശിരസ്സിൽ തങ്കക്കിരീടം അണിയിക്കുകയാണ്. സ്നേഹം മാത്രം പകർന്നു തന്ന ജീവിതങ്ങളുടെ ജന്മസാഫല്യം നേടുകയാണ്. രോഗനിമിഷങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ജീവനുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയ വിശുദ്ധ ജിയന്ന മോള്ളെയും കഴിഞ്ഞവർഷം നമ്മിൽ നിന്നും വിട വാങ്ങിയ എട്ടു മക്കളുടെ അമ്മയും മാതൃത്വത്തിന്റെ വില അത്യുംഗപദത്തിലെത്തിച്ച അനേകായിരം അമ്മമാരുടെ ജീവിക്കുന്ന സാക്ഷ്യങ്ങൾ തന്നെ.

 ഒരു വശത്ത് ആയിരക്കണക്കിന് അമ്മമാർ കുഞ്ഞുങ്ങളെ ഉദരത്തിൽ വച്ചു തന്നെ കുരുതിക്ക് കൊടുക്കുമ്പോൾ... മറുവശത്ത് മക്കൾ മാതാപിതാക്കൾക്ക് വർണ്ണപതംഗങ്ങൾ ചാർത്തുകയും, അവരിലെ നന്മയും സ്നേഹവും തെളിഞ്ഞുനിൽക്കുന്നത് അവരുടെ മക്കളിൽ ആണ്. അത് തിരിച്ചും അങ്ങനെ തന്നെ. ജ്വലിക്കുന്ന ജീവജ്വാലകളായി മാതാപിതാക്കൾ അവരുടെ ജീവൻ അനശ്വരമാക്കി മറ്റു ജീവിതങ്ങളെ ജ്വലിപ്പിക്കുന്നു .

 ലോകത്തിലേക്കുള്ള കവാടമായ അമ്മ, ജീവനിലേക്കും ജീവിതങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന ജീവബന്ധമാണ്. മുലപ്പാലിന്റെ മാധുര്യത്തിൽ... മാതൃസ്പർശത്തിന്റെ ധന്യവേളയിൽ അമ്മയുടെ കൈപിടിച്ചു നടന്ന നാളുകൾ നമുക്ക് എന്നും ഓർമ്മയിൽ കുളിരാണ്...

 ജനുവരി 1, പരിശുദ്ധ ദൈവമാതാവിനെ സഭ അനുസ്മരിക്കുമ്പോഴും, അവിടെ മാതൃത്വം പുകഴ്ത്തപ്പെടുകയാണ്. പ്രത്യേകിച്ചു എലിസബത്തിന്റെ വാക്കുകളിൽ: "എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഭാഗ്യം എനിക്ക് എവിടുന്ന്?".
 അമ്മേ നിന്റെ മഹനീയതയുടെ മുമ്പിൽ, അമ്മയുടെ സ്നേഹത്തിന്റെ മുന്നിൽ, അമ്മയുടെ നിത്യജീവിതത്തിന്റെ മുമ്പിൽ ഞങ്ങൾ നിൽക്കുന്നു; ബാഷ്പാഞ്ജലിയോടെ...

 Sr സോണിയ കെ ചാക്കോ, DC

Wednesday, 25 December 2019


 പുൽക്കൂട്ടിലേക്ക്

പാരിനു മുഴുവൻ പൊൻ പ്രകാശം വിതറി പരിശുദ്ധനായവൻ പിറന്നു പുൽക്കൂട്ടിൽ പരിമളം ഒഴുകുന്ന പാൽ മഞ്ഞു രാവിൽ പാരിജാതത്തിൻ സുഗന്ധവും പരിശുദ്ധിയുമായി.


പാടുന്നു വാനവ ദൂതൻ ആഹ്ലാദത്താൽ പതിയെ അറിഞ്ഞു ആട്ടിടയർ സുവിശേഷം 
പാതിരാവിൽ ദിശ പറഞ്ഞു താരകം 
പാരിന്റെ അതിർവരമ്പുകൾ താണ്ടി വന്നവർ ആമോദത്താൽ...

പതിയെ തുറക്കൂ നിൻ മിഴികൾ 
പതിയെ തുറക്കൂ നിൻ നിധികൾ 
പതിയെ തുറക്കൂ നിൻ ഹൃദയം 
പാരിന്റെ നാഥൻ പിറക്കുവാൻ. 

-സിസ്റ്റർ സോണിയ കെ ചാക്കോ,ഡി സി 

Tuesday, 24 December 2019

            ക്രിസ്മസ് സമ്മാനം

                    ക്രിസ്മസ് നീയാണ്
                    സമ്മാനങ്ങളില്ലാത്ത ക്രിസ്മസ് നമുക്കോർക്കാൻ വയ്യ. ക്രിസ്മസിസ് ഒരു സമ്മാനമാണ്. ദൈവം നമുക്കായി ഏറ്റവും വലിയ സമ്മാനം - സ്വന്തം മകനെ നല്കിയ ദിനമാണിത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനായ വിശുദ്ധനാണ്
വിശുദ്ധ ജെറോം. വിശുദ്ധഗ്രന്ഥം ഗ്രീക്കിൽ നിന്നും ലത്തിനിലേക്ക് വിവർത്തനം ചെയ്ത പുണ്യവാനായിരുന്നു അദ്ദേഹം. ഒരു ക്രിസ്മസ് ദിനത്തിൽ ഈശോ ദർശനത്തിൽ അദ്ദേഹത്തിനരികെ വന്നു ചോദിച്ചു. എന്താണ് ക്രിസ്മസ് സമ്മാനമായി നൽകാൻ പോകുന്നത്? അപ്പോൾ അദ്ദേഹം പറഞ്ഞു: കർത്താവേ ഇത്രനാൾ എഴുതിയ എല്ലാ ബൈബിൾ കൃതികളും ഞാൻ അങ്ങേയ്ക്ക് തരാം എൻറെ അധ്വാനത്തിന് ഫലം. അപ്പോൾ ഈശോ പറഞ്ഞു :എനിക്ക് അതൊന്നും അല്ല വേണ്ടത് നിൻ ഹൃദയം ആണ് എനിക്ക് വേണ്ടത്. തെല്ലും സംശയിമില്ലാതെ മറുപടി നല്കി, കർത്താവേ എൻറെ ഹൃദയം മുഴുവൻ നിനക്കായി ഞാൻ ഇതാ തരുന്നു. ഓരോ ക്രിസ്മസിലും ദൈവം നമുക്കായി അവിടുത്തെ തരുമ്പോൾ അവിടുന്ന് തിരിച്ചു ഒരു സമ്മാനം പ്രതീക്ഷിക്കുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും ഹൃദയമാണ് അത്.

ഫ്രാന്‍സിസ് പാപ്പായുടെ ക്രിസ്മസ് വിചിന്തനം നമുക്ക് ധ്യാനിക്കാം.

ക്രിസ്മസ് നീയാണ്, ഓരോ ദിനവും വീണ്ടും ജനിക്കാന്‍ നീ തീരുമാനിക്കുമ്പോള്‍.

ക്രിസ്മസ് മരം നീയാണ്, ജീവിതത്തിലെ കൊടുങ്കാറ്റുകളെ നി ചെറുക്കുമ്പോള്‍.
ക്രിസ്മസ് അലങ്കാരം നീയാണ്, സ്വന്തം നന്മകള്‍ നിന്‍റെ ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍.

ക്രിസ്മസ് മണിമുഴക്കം നീയാണ്, സര്‍വരേയും വിളിച്ചു കൂട്ടി നീ ഒന്നിപ്പിക്കുമ്പോള്‍.

ക്രിസ്മസ് വിളക്ക് നീയാണ്, നിന്‍റെ അനുകമ്പയും ക്ഷമയും ഔദാര്യവും കൊണ്ടു മറ്റുള്ളവരുടെ ജീവിതങ്ങളെ നീ പ്രകാശഭരിതമാക്കുമ്പോള്‍.

ക്രിസ്മസ് മാലാഖ നീയാണ്, സമാധാനത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും സന്ദേശം ലോകത്തിനു നീ പാടിക്കൊടുക്കുമ്പോള്‍.

ക്രിസ്മസ് നക്ഷത്രം നീയാണ്, മറ്റൊരാള്‍ക്കു ദൈവത്തിങ്കലേയ്ക്കു നീ വഴി കാട്ടുമ്പോള്‍.

ക്രിസ്മസ് സമ്മാനം നീയാണ്, ഓരോ മനുഷ്യനും നീ ആത്മാര്‍ത്ഥ മിത്രവും സഹോദരനുമാകുമ്പോള്‍.

ക്രിസ്മസ് കാര്‍ഡ് നീയാണ്, കരുണ നിന്‍റെ കരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍.

ക്രിസ്മസ് ആശംസ നീയാണ്, സഹിക്കുമ്പോള്‍ പോലും നീ ക്ഷമിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുമ്പോള്‍.

ക്രിസ്മസ് വിരുന്ന് നീയാണ്, നിന്‍റെ ചാരേയുള്ള പാവപ്പെട്ടവര്‍ക്കു നീ ആഹാരം കൊടുക്കുമ്പോള്‍.

ക്രിസ്മസ് രാത്രിയും നീയാണ്, രാത്രിയുടെ നിശബ്ദതയില്‍ ശബ്ദഘോഷങ്ങളില്ലാതെ രക്ഷകനെ നീ സ്വീകരിക്കുമ്പോള്‍.

നിനക്കുള്ളില്‍ ദൈവരാജ്യം സ്ഥാപിക്കുന്ന നിത്യമായ ക്രിസ്മസിന്‍റെ ആന്തരിക സമാധാനത്തില്‍, നീ ആര്‍ദ്രതയുടെയും വിശ്വാസത്തിന്‍റെയും ഒരു പുഞ്ചിരിയാണ്,
നീ ക്രിസ്മസാണ്.

എല്ലാവര്‍ക്കും
ക്രിസ്മസ് ആശംസകള്‍.


സ്നേഹത്തോടെ,
Sr സോണിയ കെ ചാക്കോ, DC

Greatness of being Little

ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തുവേണം




'ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തു വേണം'എന്ന ഈരടികൾ അധരത്തിലും ഹൃദയത്തിലും ഏറ്റുപാടിയ വരാണ് നമ്മൾ. മനുഷ്യമക്കളെ ദൈവമക്കൾ ആക്കാൻ ദൈവപുത്രൻ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന അതുല്യവും അനര്ഘവും ആയ നിമിഷം ആണ് ഓരോ ക്രിസ്തുമസ്സും.

ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനായ കാൾ ബാറ്ററി നോട് ഒരിക്കൽ വിദ്യാർഥികൾ ചോദിച്ചു: അങ്ങ് കണ്ടു പിടിച്ച ഏറ്റവും വലിയ ദൈവിക സത്യം എന്താണ്? ദൈവശാസ്ത്രത്തിൽ അഗ്രഗണ്യനായ അദ്ദേഹത്തിന് ഈ ചോദ്യം അത്ര വലിയൊരു ചോദ്യം ആയിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന് ഉത്തരം ജാതികളെ അമ്പരപ്പിച്ചു. "പാപികളിൽ ഒന്നാമനായ നീച പാപിയായ എന്നെ തേടി സ്വർഗ്ഗത്തിന്റെ മഹിമ വെടിഞ്ഞ് യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നു. എനിക്കുവേണ്ടി മനുഷ്യനായി അവതരിച്ച്, കുരിശിൽ മരിച്ച് അവിടുന്ന് ഉത്ഥാനം ചെയ്തു" ഇതായിരുന്നു അദ്ദേഹം കണ്ടുപിടിച്ച മഹനീയ സത്യം. കേൾക്കുമ്പോൾ വളരെ ലളിതമെങ്കിലും ഇതാണ് നമ്മുടെ വിശ്വാസത്തിന്റെ കാതൽ.

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിനോട്
അദ്ദേഹം സുരക്ഷിതനായി വന്നപ്പോൾ ഒരു പറ്റം ശാസ്ത്രജ്ഞർ ചോദിച്ചു. അങ്ങേയ്ക്ക് ഇപ്പോൾ എന്താണ് തോന്നുന്നത്? ഉത്തരരിതായിരുന്നു. മനുഷ്യനായ് ഞാൻ എൻറെ പാദങ്ങൾ കൊണ്ട് ചന്ദ്രനിൽ കുത്തി എന്നത് സത്യമാണ്. എന്നാൽ അതിലും എത്രയോ അത്ഭുതമാണ് ദൈവമായ യേശു മനുഷ്യനായി ഈ ഭൂമിയിൽ നടന്നു എന്നത് . നക്ഷത്രങ്ങളെയും ലോകത്തിലെ സകല ജീവജാലങ്ങളെയും പേര് ചൊല്ലി വിളിക്കുന്ന ദൈവം, അവയെ ഒന്നുമില്ലായ്മയിൽനിന്നും തിരുവചനത്തിൽ ഉരുവാക്കിയ ദൈവം മനുഷ്യനായി , നമ്മിലൊരുന്നായി ... ഇതിലും വലിയ അത്ഭുതരില്ല ". അത് അനുസ്മരിക്കാൻ ഒരു ഒരു അവസരം കൊടുക്കുകയാണ് ഓരോ ക്രിസ്തുമസും.
ദൈവം മനുഷ്യനായി ഭൂമിയിൽ വന്നതിന് ഒരേ ഒരു ഒറ്റ കാരണമേ ഉള്ളൂ. തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹന്നാൻ 3:16). നീലിന് ഓരോ ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും ഉപസംഹാരം ഈ സത്യത്തിന്റെ അന്ത:സത്ത മനസ്സിലാക്കലും, പ്രചരിപ്പിക്കലും അയിരുന്നു.

മഹത്വത്തിൽ നിന്നും പടിയിറങ്ങി എളിമയും ലാളിത്യവും സരിതയും ധരിച്ച് സരളതയേയും ധരിച്ച് മനുഷ്യ മക്കളുടെ ഹൃദയത്തിൽ ഇടം നേടിയ ഒരുപിടി ആളുകൾ നമുക്കിടയിലുണ്ട്. കഴിഞ്ഞദിവസം കൽക്കട്ടയിലെ ബാലഭവനിൽ ക്രിസ്മസ് അപ്പൂപ്പൻ ആയി എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശ്രീ വിരാട് കോഹ്ലി കുട്ടികളുടെ ഹൃദയം കവർന്നു. അതുപോലെ തന്നെ നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി ശ്രീ എപിജെ അബ്ദുൽ കലാം ഏതൊരു കൊച്ചു ബാലനും സമീപിക്കാവുന്ന വിധം ജനങ്ങളിലേക്കും വിദ്യാർഥികൾക്കും കുഞ്ഞുങ്ങളിലേക്കും ഒരുപോലെ ഇറങ്ങി കഴിയുന്നത്ര മഹാവ്യക്തിത്വത്തിന്ന് ഉടമമായിരുന്നു. 2013 മുതൽ മതത്തിന്റെയോ ഭാഷയുടെയോ, രാജ്യത്തിന്റെയോ കെട്ടുകളില്ലാതെ ജനതയുടെ ഹൃദയത്തിൽ നല്ലൊരിടം നേടിയ വ്യക്തിത്വത്തിനുടമയാണ് ഫ്രാൻസിസ് മാർപ്പാപ്പ.
ലാളിത്യം ജീവിതശൈലിയാക്കി ആയിരങ്ങളെ ആയിരങ്ങളുടെ ഹൃദയങ്ങളെ തൊടുവാൻ അദ്ദേഹത്തിന് കഴിഞ്ഞത്, ഇവർക്കൊക്കെ കഴിഞ്ഞത് കഴിവിനാലും, പ്രാഗല്ഭ്യത്താലും, പ്രതാപത്താലും അല്ല. മറിച്ച്, അവരിൽ കുടികൊണ്ടിരുന്ന ചില മഹത് പുണ്യങ്ങളായ എളിമയും, ലാളിത്യവുമൊക്കെയാണ്.

എളിമയും ലാളിത്യവും സ്നേഹവും ഏറ്റവും മാതൃകാപരമായി ജീവിച്ചു തീർത്തു അതിന്റെ തുംഗപദത്തിലെത്തുകയും, ശൂന്യവൽക്കരണത്തിലൂടെ നമ്മിലൊന്നായി ചെറുതാകലിന്റെ സുവിശേഷം പഠിപ്പിച്ച നാഥന് - ഇന്ന് ഭൂജാതനായ യേശുവിന് ജന്മദിനാശംസകൾ.

ഇത്ര ചെറുതാവാൻ എത്ര വളരേണം ഇത്ര സ്നേഹിക്കാൻ എന്തുവേണം എന്നാവർത്തിച്ച് പാടുമ്പോഴും അതിന്റെ മാഹാത്മ്യം കണ്ടനുഭവിക്കാൻ കഴിയുന്നത് ഓരോ പുല്ക്കൂട്ടിലും, ഓരോ ദിവ്യബലിയിലെ തിരുവോസ്തിയിലുമാണ്. തന്നെത്തന്നെ ചെറുതാക്കി മനുഷ്യാവതാരമായി ,അപ്പാവതാരമായി, നമ്മിൽ നിത്യം വസിക്കുന്ന ഈശോയെ കാണാം, കുമ്പിടാം, ആരാധിക്കാം.

ക്രിസ്തുമസ് വരവായി ...
സ്നേഹവും സാഹോദര്യവും കൈകോർക്കുന്ന ദിവ്യ മുഹൂർത്തം ...
നന്മകളും നിറഞ്ഞൊഴുകുന്ന ആനന്ദവും ,പ്രതീക്ഷയും , കുളിരുന്ന രാവിൽ
നമ്മിലേക്ക്‌ ഒഴുകുമ്പോൾ എങ്ങും തിളങ്ങി നിൽക്കുന്ന താരകൾ പുഞ്ചിരി തൂകുന്ന പൊൻ സുദിനത്തിൽ ...
വിണ്ണിന്റെ നാഥൻ അനുഗ്രഹങ്ങളാൽ , നിറഞ്ഞ മനസ്സാൽ , അനുഗ്രഹങ്ങൾ ചൊരിയുകയാണ് കുളിരാൽ വിറക്കുന്ന ഈ തിരുപ്പിറവി ദിനത്തിൽ
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ !!!

സ്നേഹപൂർവ്വം,
സിസ്റ്റർ സോണിയ കെ ചാക്കോ, ഡിസി.

Sunday, 22 December 2019

God's Presence

                     ദൈവസാമീപ്യം
 


"ആരോരും തുണയില്ലാത്തവർക്ക് ദൈവം തുണയാണ് " എന്ന് എന്റെ പപ്പാ ആവർത്തിച്ച് എന്നോട് പറയാറുണ്ട്. "ആരാരും കൂടെ ഇല്ലാത്തവന് ദൈവം കൂട്ടാണ് , ആരെല്ലാം ഉപേക്ഷിച്ചാലും ദൈവം സങ്കേതമാണ്, ആരെല്ലാം വെറുത്താലും ദൈവം ഒരിക്കലും മറക്കില്ല, വെറുക്കില്ല, ആരെല്ലാം കൈവെടിഞ്ഞാലും ദൈവം നമ്മെ മാറോടുചേർത്ത് ചേർക്കും. ദൈവം നടക്കുന്ന പാത എന്ന ചെറുകഥ കഥയിൽ ഹൃദയസ്പർശിയായ ഒരു രംഗമുണ്ട് :
ഏക ആശ്രയമായ അമ്മ മരിക്കാറായപ്പോൾ മകനെ മാറോടുചേർത്ത് പറയുകയാണ്, "വൈകിയാലും ദൈവം വരും". ഇരുൾ പടർന്ന രാവിൽ, ആരുമില്ലാതെ ഒട്ടിയ വയറുമായി ആ വഴി വരുന്ന ദൈവത്തെ കാത്തിരുന്ന കൊച്ചുബാലൻ അവസാനം ദൈവം വരുന്നത് കണ്ടു. ജയിൽശിക്ഷ കഴിഞ്ഞ് എവിടേയ്ക്കു പോകണമെന്നറിയാതെ പതിയെ നടക്കുന്നടുത്ത ഒരു തടവുകാരനിൽ. അവൻ പറഞ്ഞു, "എനിക്ക് അറിയാമായിരുന്നു വൈകിയാലും നിങ്ങൾ വരുമെന്ന് ...."

അഞ്ഞൂറോളം വർഷങ്ങൾ അടിമത്തത്തിൽ കിടന്ന് ഇസ്രയേൽ മക്കൾക്ക് പ്രത്യാശയുടെനുറുങ്ങുവെട്ടമായിരുന്നു മിശിഹാ വരുമെന്ന പ്രവചനം. ആയിരങ്ങൾ കാത്തിരുന്നു... ഒന്നു രണ്ടുവർഷം അല്ല. നൂറ്റാണ്ടുകൾ ...ഒരു രക്ഷകനെ കാത്ത് ...

അവസാനം അവൻ വന്നു. തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത വേഷത്തിൽ പ്രതീക്ഷിക്കാത്ത അവസ്ഥയിൽ. എന്നാൽ ദൈവം ആയിരുന്നിട്ടും മനുഷ്യനായി, ഉടയവൻ ആയിരുന്നിട്ടും നാടും വീടും ഇല്ലാതെ, ഉടുതുണിക്കു പോലും വകയില്ലാതെ ...ദൈവം നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന സമയം, അവസ്ഥ, സ്ഥലം, രൂപം, ഭാവം ഒന്നും നമുക്ക് നിഷിദ്ധമല്ല എങ്കിലും അവൻ വരും പ്രതീക്ഷിക്കാതെ നേരത്തെ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത വ്യക്തികളുടെ സാഹചര്യത്തിൽ.

ഒരിക്കൽ ഒരു വിദ്യാർത്ഥി എന്നോട് ചോദിച്ചു. "സിസ്റ്റർ ദൈവത്തെ കണ്ടിട്ടുണ്ടോ ?" ഒരു നിമിഷം കണ്ണുകൾ അടച്ചു തുറന്നു ഞാൻ മറുപടി നൽകി. ഒന്നല്ല, ഒരുപാട് തവണകൾ .

കഴിഞ്ഞ 12 വർഷത്തെ സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി ചില ജീവിത സംഭവങ്ങളും, ജീവിതസാഹചര്യങ്ങളും വിവരിച്ച് ഞാൻ അവരോട് പറഞ്ഞു. ദൈവം വിളിച്ചു അനുഗ്രഹിച്ച ദാനമായി നൽകിയ വിളിയാണ് എന്റെ ജീവിതം. പാവങ്ങളെ ശുശ്രൂഷിക്കാൻ ഉള്ള ദൈവവിളി. ഞങ്ങൾ പാവങ്ങളെ കുളിപ്പിച്ചിട്ടുണ്ട്, ചോറ് കൊടുത്തിട്ടുണ്ട് , ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു... അവരിൽ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, മതമില്ലാത്തവരും ഉണ്ടായിരുന്നു
... എയ്ഡ്സ്, ക്ഷയം , കുഷ്ഠം തുടങ്ങിയ രോഗികൾ വരെ ഉണ്ടായിരുന്നു . ദൈവം വിളിക്കുന്നവരുടെ മുന്നിൽ നില്ക്കുന്ന ആളുകൾക്ക് മതമില്ല, നിറമില്ല, ജാതിയില്ല, ഭാഷയില്ല,രോഗമില്ല... അത് എന്തൊക്കെ തന്നെയായാലും അവർ അതിലെല്ലാമുപരി,നമ്മുടെ സ്വന്തം സഹോദരർ. അനുദിന കുർബ്ബാനയിൽ സ്വീകരിക്കുന്ന യേശുവായി തീരുന്നു... ഒന്നു മനസ്സിലാക്കാം - ദൈവം നമ്മുടെ ജീവിതത്തിൽ വരുന്ന വഴികൾ തികച്ചും അപ്രതീക്ഷിതം ആണെന്ന്. ചിലപ്പോൾ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൂടെയും ദുരിതങ്ങളിലൊക്കെ ദൈവത്തിന്റെ മുഖം നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും.

ക്രിസ്തുവിൻറെ ജനനം യഥാർത്ഥത്തിൽ സംഭവിക്കുന്നത് ആത്മാവിനെ കൂരിരുട്ടിലാണ്, നിലവിളികൾക്ക് നടുവിലാണ്, ഒറ്റപ്പെടലിലാണ്, നിരാശയുടെ പടുകുഴിയിൽ ആണ്... അത്തരം സന്ദർഭങ്ങളിൽ വിശ്വാസത്തിൻറെ ഒരു കൈത്തിരിയുമായി തിരിഞ്ഞുനോക്കുമ്പോൾ "ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട് എന്ന് മൃദുലമായി മന്ത്രിച്ച് നിൽക്കുന്ന യേശുവിനെ നമ്മൾ കാണും. ചിലപ്പോൾ അവൻ ശബ്ദിക്കില്ല... ആ സാമീപ്യം മാത്രം നാമറിയും. വേദനകളുടെ ആശ്വാസമായി, കുറവുകൾ നിറവുകളാക്കി, ഇരുളിലെ പ്രകാശമായി, നിരാലംബതയിൽ ബലമായി, ദുഃഖത്തിൽ സന്തോഷമായി പുൽകൂട്ടിലെ ഉണ്ണിയേശു വീണ്ടും പിറക്കും നമ്മുടെ ജീവിതങ്ങളിൽ. കണ്ണു തുറക്കാം ...കാണാം ഉണ്ണിയേശുവിനെ നമ്മുടെ മുന്നിൽ ... നമുക്ക് ആ തിരുക്കൈപിടിച്ചു നടക്കാം നമ്മുടെ ജീവിതത്തിലേക്ക് ...
- Sr സോണിയ കെ ചാക്കോ, DC

Wednesday, 18 December 2019

Where there is love, there is God

എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട്

നാലായിരത്തോളം വർഷങ്ങൾ പഴക്കമുള്ള ഭാരതീയ മഹാഗ്രന്ഥങ്ങൾ പഠിപ്പിച്ച പരമസത്യം അഹംബ്രഹ്മാസ്മി, തത്ത്വമസി എന്നീ ശ്രേഷ്ഠ വാക്കുകളിലൂടെ ഉപനിഷത്തിലെ പരമ സത്യം - പരമസത്യമായ പരിശുദ്ധനായ ദൈവം എല്ലാ ചരാചരങ്ങളിലും ഉണ്ടെന്ന് വസ്തുതയാണ് ഓർമ്മിപ്പിക്കുന്നത്.

40 ദിവസം വ്രതമെടുത്ത് ശബരിമലയിലെത്തുന്ന ഭക്തൻ ആദ്യം വായിക്കുന്നത് ഒരു വലിയ ഉപനിഷത്ത് സൂക്തമാണ് "നീ തേടുന്നത് നീ തന്നെയാണ് " - തത്ത്വമസി . 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട്' എന്ന പ്രസിദ്ധ സാഹിത്യകാരൻ ടോൾസ്റ്റോയ് എഴുതുമ്പോൾ മലയാളത്തിന്റെ സ്നേഹഗായകൻ പാടുന്നു ... സ്നേഹമാണഖിലസാരമൂഴിയിൽ...

"സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു

സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും

സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;

സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം".

സ്നേഹത്തെ കുറിച്ച് എഴുതിയ കവി കുമാരനാശാൻ സ്നേഹഗായകൻ ആയി. കരുണയെ കുറിച്ച് പ്രഘോഷിച്ച ദലൈലാമ കരുണയുടെ പ്രവാചകനായി. എന്നാൽ, ആനയുമമ്പാരിയും ഇല്ലാതെ ആരവങ്ങൾ ഒന്നും ഇല്ലാതെ ആഗതനായ ആട്ടിടയനായ നാഥൻ നമുക്കുണ്ട്. ആടുകൾക്ക് അജപാലകൻ ആയി, അന്ധർക്ക് കാഴ്ചയായി, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യമായി, അസുഖമുള്ളവർക്ക് സൗഖ്യമായി, അനാഥർക്ക് അത്താണിയായി, അവിശ്വസ്തത വിശ്വസ്തനായി ,അരികൾക്ക് ഉത്തമ സുഹൃത്തായി ,അമ്മയായും അപ്പൻ ആയും ഒക്കെ സ്നേഹം പകർന്നു അവസാനം നമ്മുടെ പാപത്തിനു വേണ്ടി ഉള്ള സ്നേഹ ബലിയായി ആ ജീവിതം നമുക്ക് വേണ്ടി ചിന്തി അവിടുന്ന് പഠിപ്പിച്ചു: സ്നേഹിക്കുക, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ ...അളവുകൾ ഇല്ലാതെ ...
ക്രിസ്തുമസിന് ഒരു സന്ദേശം ഉണ്ടെങ്കിൽ അത് ദൈവ സ്നേഹത്തിൻറെ സന്ദേശമാണ് .യോഹന്നാൻ 3 :16ൽ പറയുന്നതുപോലെ , "തന്റെ പുത്രനെ

നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചു .നമ്മെ ഓരോരുത്തരെയും മക്കളായ കണ്ടു താതൻ ആണ് നമ്മുടെ സ്വർഗസ്ഥനായ പിതാവ് .

ക്രിസ്തുമസ് ഒരു സദ്‌വാർത്തയാണ്. രക്ഷകൻ പിറന്നു എന്ന സദ്‌വാർത്ത. മനുഷ്യനായി പിറന്ന ദൈവമെന്നും കൂടെയുണ്ടെന്ന് വിശ്വാസം അത് ഊട്ടിയുറപ്പിക്കാനും അനുഭവിച്ചറിയാനും ആണ് ഓരോ ക്രിസ്തുമസും അനുസ്മരിക്കേണ്ടത്, ആഘോഷിക്കേണ്ടത്.

അറിയാത്ത ഒരുവന് ഒരു പുഞ്ചിരി കൊടുക്കാൻ കഴിയുമ്പോൾ, അവശനായ വനയാത്രയിൽ ഇത്തിരി ഇടം കൊടുക്കുമ്പോൾ ,അനാഥർക്ക് തലചായ്ക്കാൻ ആയി ഒരിടം കൊടുക്കുമ്പോൾ ,വിശപ്പടക്കാൻ കഴിയാത്തവന് കൈ സഹായം ചെയ്യുമ്പോൾ, അപരിചിതൻ എങ്കിലും സഹോദരാ /സഹോദരി എന്ന് വിളിക്കുമ്പോൾ അവിടെയെല്ലാം ഉണ്ണിയേശു വീണ്ടും പിറക്കുകയാണ് ക്രിസ്തുമസ് സംഭവിക്കുകയാണ്. വേദനകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ ഒരു സ്നേഹസ്പർശവുമായി, സാന്ത്വനമായി, തീരുക എന്നത് ശ്രേഷ്ഠകരം. ഹൃദ്യമായ വാക്കുകളും കുളിർമഴയായി നമ്മിൽ പതിയും. ഒറ്റപ്പെടൽ കൊണ്ട് നെഞ്ചു നീറുമ്പോൾ, ഒന്ന് മനസ്സ് തുറക്കുവാൻ മനസ്സിലാക്കുവാൻ ആരുമില്ലാത്ത അവസ്ഥയിൽ, ഒന്ന് മിണ്ടാൻ പോലും അരികെ ആരുമില്ലാത്ത വേളകളിൽ, ഒരു പുഞ്ചിരിയോടെ കടന്നുവരുന്ന സുഹൃത്ത് ഒരു അപരിചിതൻ പോലും നമ്മുടെ ആത്മാവിൽ മാലാഖമാരുടെ യുടെ സന്തോഷഗാനം പാടും.ക്രിസ്തുവിനെ കൺമുന്നിൽ ദർശിക്കും ...

വിശ്വ പ്രസിദ്ധ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ പ്രസിദ്ധമായ കഥയാണ് 'എവിടെ സ്നേഹം ഉണ്ടോ അവിടെ ദൈവം ഉണ്ട് " എന്നത്.

അകാലത്തിൽ മരിച്ച സ്നേഹനിധിയായ ഭാര്യയും മക്കളുടെയും വേർപാടിന്റെ ദുഃഖത്തിൽ കഴിഞ്ഞിരുന്ന സ്റ്റെപ്പ് സ്റ്റെപ്പനീച്ചിന് ഒരു ദിവസം ഈശോ വിരുന്നുകാരനായി വരുമെന്നുള്ള ഒരു പ്രകാശം ഉൾപ്രചോദനം ലഭിച്ചു. പാവപ്പെട്ടവനായ അദ്ദേഹം ഉള്ളവ കൊണ്ട് ഇത്തരം നല്ല വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു. വിറക്കുന്ന മഞ്ഞുകാലത്ത് ആദ്യം ഒരു വയസ്സായ അപ്പച്ചനും ,പിന്നെ അവിടെ കണ്ടിട്ടില്ലാത്ത ഒരു യുവതി കുഞ്ഞിനെ കൊണ്ടും, അതിന് ശേഷം ആപ്പിൾ കച്ചവടക്കാരിയും, വിശന്നു തളർന്ന ഒരു ബാലനും അടക്കം നാലു പേരെ അദ്ദേഹം അന്ന് സത്കരിച്ചു. ആദ്യത്തെ രണ്ടു പേരെ ഭക്ഷണം കൊടുത്തു മറ്റു രണ്ടു പേരെ മാനുഷികമായ പരിഗണനയാലും. പുഞ്ചിരിയാൽ കാത്തിരുന്ന കർത്താവിനെ കാണാതെ എടുത്താൽ ഉറങ്ങി. അദ്ദേഹം അന്ന് രാത്രി ഒരു സ്വപ്നം കണ്ടു അത് അശരീരി ഇങ്ങനെ കേട്ടു മത്തായിയുടെ സുവിശേഷം 25ആം അധ്യായം നാല്പതാം വാക്യം : "എൻറെ എളിയ സഹോദരൻ ഒരുവന് നിങ്ങൾ ഇത് ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് അവർ ചെയ്തത്".

ഈ കഥയിൽ സ്റ്റെപ്പനീച്ച് എന്ന ചെരുപ്പുകുത്തി യേശുവിനെ കാത്തിരിക്കുകയായിരുന്നു. കോണർ മാക് ഗ്രിഗർ എന്ന ഐറിഷ് ബോക്സർ ഇങ്ങനെ ഒരിക്കൽ പറഞ്ഞു.
"ഞാൻ എപ്പോഴും തയ്യാറാണ്. അതുകൊണ്ട് എനിക്ക് പ്രത്യേകമായി തയ്യാറാക്കേണ്ട ആവശ്യമില്ല". അദ്ദേഹത്തെപ്പോലെ ,സ്റ്റെപ്പ്നിച്ചിപ്പോലെ കർത്താവിൻറെ വരവിനായി എപ്പോഴും നമ്മൾ ജാഗരൂകരായിരിക്കണം .
കാരണം അനുദിനജീവിതത്തിൽ അവിടുത്തെ നമ്മൾ അനവധി തവണ കണ്ടുമുട്ടും കണ്ടുമുട്ടലുകൾ ദൈവാനുഭവങ്ങൾ ആകാൻ ഈ ജാഗരൂകത അത്യാവശ്യമാണ്.

നിർമലമായ ജീവിതത്തിൽ സ്നേഹം കൊണ്ട് നാം നിറയ്ക്കുമ്പോൾ അവിടെ നമ്മളും തത്ത്വമസി ആകും. ദൈവ സ്നേഹത്തിൻറെ പ്രതിരൂപങ്ങളും, വക്താക്കളും ആകും. അവരിൽ സമ്പൂർണ സ്നേഹവും ,സമ്പൂർണ്ണ ത്യാഗവും ,ക്ഷമയും ഉണ്ടാവുകയും, മുകളിലെ ഉയർന്ന വിളക്കുപോലെ ഞാൻ നിങ്ങളുടെ നക്ഷത്രം പോലെ ജീവിതങ്ങളിൽ കെടാവിളക്കായി അവർ നിത്യം ശോഭിക്കും .

നമ്മുടെ ഒരു പുഞ്ചിരിയും, പരദേശിളിലേക്കുനമ്മുടെ ആതിഥേയത്വവും, അപരിചിതനിലയ്ക്കും, നമ്മുടെ സഹതാപം സഹജീവി കളിലേക്കും ,നമ്മുടെ സ്നേഹം സകല മനുഷ്യരിലേക്കും എത്ര പെടുമ്പോൾ ക്രിസ്തു വീണ്ടും ജനിക്കുകയാണ് നമ്മുടെ കണ്മുൻപിൽ.
"ദൈവം സ്നേഹമാണ് സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു". 1 യോഹന്നാൻ 4 :16
- Sr Soniya K Chacko, DC

Journey to Bethlahem

     ബെത്ലഹേമിലേക്ക് ഒരു യാത്ര

യാത്രകൾ എന്നും അനിശ്ചിതത്വം ആശ്വാസവും ആനന്ദവും ആകർഷകത്വവും പകരുന്ന അനുഭൂതിയാണ് . ചില വ്യക്തികൾക്ക് യാത്രകൾ ഒരു ഹരം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിരഹവും വേദനയും ആണ്. എന്തൊക്കെയായാലും, അകലേക്കുള്ള ലക്ഷ്യസങ്കേതത്തിലേക്ക് മിഴികൾ ഉയർത്തി, കാൽ നീട്ടി വെച്ച് നടക്കുന്നവരാണ് നാമോരോരുത്തരും. യാത്രയിലെ ഏറ്റവും പ്രധാന കാര്യം കൂടെയുള്ളവൻ ആര് എന്നതാണ് പലപ്പോഴും സഹ യാത്രക്കാർ അപരിചിതൻ ആയിരിക്കും. ആ അപരിചിതർ തന്നെ പിന്നീട് അടുത്ത സുഹൃത്തുക്കളുമായി തീരുന്ന അത്ഭുത പ്രതിഭാസം കൂടിയാണ് യാത്രകൾ.

യാത്രകളിലെ ഏറ്റവും വേദനാജനകമായ യാഥാർത്ഥ്യം വഴിതെറ്റി കയ്യിൽ ഒരു തൊട്ടും ഇല്ലാതെ ആരോട് ചോദിക്കും എന്ന അവസ്ഥയാണ്. യാത്രയ്ക്ക് തുണയില്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ അതിലും ഭയാനകരം തന്നെ. പോർച്ചുഗീസുകാർക്ക് ഏറ്റവും ഫലവത്തായ യാത്ര വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള യാത്ര ആവാം. ഇംഗ്ലീഷുകാർക്ക് കൊളംബസിൻറെ അമേരിക്കൻ യാത്രയും ആവാം. റഷ്യക്കാർക്ക് ഒരുപക്ഷേ ചന്ദ്രനിലേക്ക് ഉള്ളതും ആയിരിക്കാം. എന്നാൽ മനുഷ്യൻ ചെയ്താൽ ഏറ്റവും ഫലവത്തായ യാത്രയിൽ ഒന്ന് കിഴക്കുനിന്നും ഉണ്ണിയേശുവിനെ കാണുവാൻ വന്ന മൂന്ന് ജ്ഞാനികളുടെ തായിരുന്നു.കിഴക്ക് ദേശത്തുനിന്നും നാടും നടവഴിയും ഒന്നുമറിയാതെ കേവലം ഒരു നക്ഷത്രത്തിൽ ആശ്രയിച്ച് അവർ നടന്നപ്പോൾ അവർക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ കഴിഞ്ഞത് മറ്റ് ആരെയും അല്ല ഈ ഭൂമി മുഴുവൻ നാഥനായ യേശുവിനെയാണ്. ഒരായുസ്സ് മുഴുവൻ പലരും കാത്തിരുന്നിട്ടും കാണുവാൻ കഴിയാത്ത അപൂർവ അനുഗ്രഹ ദൃശ്യം .

ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ യാത്രകളിൽ ഒന്ന് ജോസഫ് മേരിയും ഈജിപ്തിലേക്ക് നടത്തിയ യാത്ര ആയിരിക്കാം.അന്നും ഇന്നും നമുക്ക് പാലായനം പാരമ്പര്യം തന്നെ. ദൈവം ഭരമേല്പിച്ച അമൂല്യ നിധിയെ ഉണ്ണിയേശുവിനെ കാത്തു പരിപാലിക്കുവാനായി അവർ നന്നേ പാടുപെട്ടു. അറിയാത്ത ദേശത്ത് അറിയാത്ത ആളുകളിലേക്ക്, അറിയാത്ത ഭാഷയിലേക്ക് അവർ യാത്ര തിരിക്കുകയാണ്. എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം? എവിടെ ജീവിക്കണം? ആരുടെ കൂടെ ജീവിക്കണം ? എത്ര കഷ്ടപ്പെട്ട് ജീവിക്കണം? എന്നൊന്നും അവർക്ക് അറിയില്ല ഒരു അനിശ്ചിതാവസ്ഥ കളുടെ യാത്രയായിരുന്നു ആ യാത്ര.


അനിശ്ചിതത്വത്തിലും, ക്ലേശത്തിലും അത്രമാത്രം അനുഗ്രഹങ്ങൾ നിറഞ്ഞൊഴുകുന്ന ഒരു യാത്രയായി അത് അവർക്ക് പരിണമിച്ചു. അവരുടെ ഏറ്റവും ക്ലേശകരമായ ഈ യാത്ര കാരണം ആ മാതാപിതാക്കൾ തനിച്ചായിരുന്നില്ല. അവരുടെ മധ്യത്തിൽ സകലതിന്റെയും ദൈവം ഉണ്ടായിരുന്നു. അവരുടെ കൈയിലും തോളിലും മടിയിലും ഒന്നുമറിയാതെ - എല്ലാം അറിഞ്ഞു അവൻ ഉറങ്ങിയിരുന്നു.

ജീവിതം ഒരു നിരന്തരമായ യാത്രയാണല്ലോ. അത് എത്ര ക്ലേശം നിറഞ്ഞതായാലും സന്തോഷവും സമാധാനവും ആയ സമാപ്തി എത്താറുണ്ട്. അതിന് ഏക കാരണം ആർക്കു വേണ്ടിയുള്ളതാണ് ആരുടെ കൂടെ ഉള്ള യാത്രയാണ് എന്നതിലാണ്.

മറിയത്തെയും യൗസേപ്പിതാവിനെ പോലെ നമ്മുടെ യാത്രകളിൽ നമുക്കും യേശുവിനെ കൂട്ടുകാരൻ ആക്കാം. ഈശോയുടെ കൂടെ നടക്കുന്നവരാകാം. അപ്പോൾ നമ്മുടെ ജീവിത യാത്രയും ഏറ്റവും ഫലവത്തായ ഒരു യാത്രയായി മാറും .
ക്രിസ്തുമസിന് ഏറ്റവും ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ നമുക്കും ഒരു യാത്ര നടത്താം. ബെത്ലഹേമിൽ നിന്ന് ഈജിപ്തിലേക്ക്. കാരണം ജീവിതത്തിൽ സന്തോഷവും ദുഃഖവും ഒരു നാണയത്തിന് ഇരുപുറങ്ങൾ ആണല്ലോ. പക്ഷേ മറക്കാതിരിക്കാം കൂടെ യേശു ഉണ്ടായിരിക്കണം എന്ന കാര്യം. ഓർക്കാം നമ്മുടെ യാത്രയിൽ എപ്പോഴും കൂടെ വരുന്നവരാണ് യേശു എന്ന വസ്തുതയും . കാരണം അവിടുന്ന് ഇമ്മാനുവേൽ - ദൈവം നമ്മോട് കൂടെയാണ്.
ആ ശുഭപ്രതീക്ഷകളാൽ നമുക്ക് യാത്ര തുടരാം ...
-സി. സോണിയ കെ ചാക്കോ, DC

Saturday, 14 December 2019

Rays of Hope

                                        ==============================
                                                 🎅🔔 *JINGLE BELLS *🔔🎅
                                       =============== ===============
                                               പ്രത്യാശയുടെ കിരണങ്ങൾ 


ആംഗലേയ സാഹിത്യകാരൻ ജോൺ മിൽട്ടന്റെ  വിഖ്യാതമായ 'നഷ്ടപ്പെട്ട പറുദീസ' എന്ന കവിതയിലെ പ്രസിദ്ധമായ വരികൾ ആണ്  "ഓരോ കാർമേഘത്തിലും ഒരു വെള്ളി വരകളുണ്ട് ".

ഇരുണ്ട മാനവും , ഇരുൾ നിറയുന്ന രാത്രിയും ഇലപൊഴിഞ്ഞ മരങ്ങളും ഒന്നും അവസാനമല്ല ഒരു പുതിയ പ്രതീക്ഷയുടെ പര്യായങ്ങൾ ആണ്. മരണം സുനിശ്ചിതമായ ജർമൻ കോൺസെൻട്രേഷൻ ക്യാമ്പിലും വിക്ടർ ഫ്രാങ്കിളിന്  പ്രത്യാശയുടെ പടിവാതിൽ മനസ്സിലേക്ക് തുറന്നു കൊടുത്തത്  ഒരു തളിരിലയാണ്.

അമേരിക്കൻ സാഹിത്യകാരൻ ഒ. ഹെൻറിയുടെ വിഖ്യാതമായ ചെറുകഥയാണ്  'അവസാനത്തെ ഇല'. ഈ കഥയിൽ ന്യുമോണിയ ബാധിച്ച് മരണാസന്നയായ ജോൺസിയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പര്യായമായി എത്തിയതും  അവളറിയാതെ അവൾക്കായി ബെർഹമൻ വരച്ചു വച്ചത് പൊഴിയാത്ത ഒരു ഇലയായിരുന്നു. ബർഹമ്മാൻ എന്ന ചിത്രകാരന്റെ സൃഷ്ടി ആയിരുന്നെങ്കിലും ഒരു ജീവിതം നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് കൊണ്ടുവരാൻ ചെറുകഥയിലൂടെ അന്നുമിന്നും സാധിച്ചു .അതിലുമുപരി ഇക്കാലമത്രയും അനേകായിരങ്ങൾക്ക് പ്രത്യാശയുടെ ഒരു നുറുങ്ങു വെട്ടം അതു കൊടുത്തിരുന്നു .

അഞ്ഞൂറിലേറെ വർഷങ്ങൾ അടിമത്വത്തിൽ കഴിഞ്ഞ ഇസ്രായേൽ  ജനതയ്ക്ക് പ്രത്യാശയായി അവരുടെ അന്ധകാരത്തിൽ ജ്വലിച്ച് നീതി സൂര്യനാണ് ,നിത്യ പ്രകാശമാണ് -  ഈശോ മിശിഹാ. ഏശയ്യ പ്രവാചകൻ ഇത് വളരെ മനോഹരമായി വിവരിക്കുന്നു: "അന്ധകാരത്തിൽ കഴിഞ്ഞ ജനം ഒരു പ്രകാശം കണ്ടു, കൂരിരുട്ടിൽ കഴിഞ്ഞവർക്ക് ഒരു പ്രകാശം ഉദയം ചെയ്തു... "

വർഷങ്ങൾ ആയി ഒരു ജനത കാത്തിരുന്ന വാഗ്ദാന പൂർത്തീകരണം മാത്രമായിരുന്നില്ല യേശുവിൻറെ ജനനം. മറിച്ച്, കൂരിരുട്ടിലും പ്രത്യാശിച്ച ഒരു ജനതക്ക് നിത്യമായ പ്രതീക്ഷയും ശുഭചിന്തയുമായിരുന്നു ഈശോമിശിഹാ.

ജീവിതത്തിൽ ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ തളർച്ചകളനുഭവിക്കുന്ന മക്കൾക്ക് നിത്യമായ സൗഖ്യവും പ്രതീക്ഷയുമാണ് പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശു . വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തെയാണ്  ഈശോയുടെ മനുഷ്യാവതാരത്തിലും, അപ്പാവതാരത്തിലും നാം സാക്ഷ്യം വഹിക്കുന്നത്‌.

ഒരു സന്തോഷവും നിത്യമല്ല, ഒരു വേദനയും ശാശ്വതമല്ല. കേരളക്കരയെ ദു:ഖ ദുരിതത്തിലാക്കിയ ഇക്കഴിഞ്ഞ മഴക്കാല കെടുതികൾക്കുമൊരു വിരാമമുണ്ടായിരുന്നു. അമേരിക്കയെ ഞെടുക്കിയ ടൊർനാടോയ്ക്കും, കത്രീനയ്ക്കുമെല്ലാം ഒരു പരിധിയുണ്ടായിരുന്നു. ദുഃഖവും, സന്തോഷവും ചുട്ടുപൊള്ളുന്ന ഇരുമ്പിൽ വീഴുന്ന ഒരു തുള്ളി ജലം അപ്രത്യക്ഷമാകുന്നതു പോലെ വെറും നിമിഷ നേരത്തേയ്ക്കു മാത്രം.ഏതൊരു വേദനിക്കും കാലപരിധി ഉണ്ട് ... എല്ലാം കടന്നു പോകും. എന്നാൽ പരിധികളില്ലാത്ത ഒന്നാണ് പ്രതീക്ഷയും ദൈവസ്നേഹവും .

വർഷങ്ങൾ രക്ഷകനെ കാണുവാനായി ദേവാലയത്തിൽ പ്രാർത്ഥനയിൽ ആയിരുന്ന വൃദ്ധരായ ശിമയോനും, ഹന്നയും  ഇന്നും പ്രത്യാശയുടെ ഗോപുരങ്ങളായി, അവരുടെ കാത്തിരിപ്പ് സഫലമായി കണ്ട്  പ്രതീക്ഷയ്ക്ക് സാക്ഷ്യംവഹിച്ചവരാണ് .

ജ്ഞാനികളെ നയിച്ച നക്ഷത്രം പ്രത്യാശയുടെ ഒരു പ്രതീകമാണ്. അതിലും ഉപരിയായി ജനങ്ങൾക്ക് പ്രതീക്ഷയായിത്തീർന്ന യേശുവിന്റെ ജീവിതവും ഇന്നും നമ്മോടുകൂടെ ജീവിക്കുകയാണ്  നമ്മുടെ ഇമ്മാനുവേലായി.

ഉണ്ണിയേശുവിനെ കണ്ടെത്തിയ ജ്ഞാനികൾ ,കഥാപാത്രമായ
 ബർഹമാൻ, വിക്ടർ ഫ്രാങ്ക്ളിൻ... ഇവരെല്ലാം ജീവിതത്തിലെ അന്ധകാര  നിബിഡമായ വേളകളിൽ വെളിച്ചം വിതറുവാൻ ശ്രമിച്ചവരാണ്. അവരുടെ മാത്രല്ല മറ്റുള്ളവരുടെയും. ഇരുൾ നിറഞ്ഞ രാവുകളിൽ തോരാത്ത മഴയുടെ വേളകളിൽ പ്രത്യാശയ്ക്ക് യാതൊരു വകയും ഇല്ലാത്ത വേദന നിറഞ്ഞ നിമിഷങ്ങളിൽ  ഓ  ഹെൻട്രിയുടെ കൊഴിയാത്ത ഇല എന്ന കഥാസാരം നമ്മുടെ ജീവിതത്തിലും അന്വർത്ഥമാവുകയാണ്.ജോൺസിയെ പോലെ തല ഉയർത്തി നോക്കാൻ പ്രതീക്ഷ നൽകുന്ന കൊഴിയാത്ത  ഇല ബെത്‌ലഹേമിലെ ഉണ്ണി യേശുവാണ് .

കുറച്ചുവർഷങ്ങളായി അനേകായിരങ്ങളുടെ നാവുകൾ ഏറ്റുപാടി ഹൃദയത്തിൽ പതിഞ്ഞ  ബേബി ജോൺ കലയന്താനിയുടെ 'ഇലപൊഴിയും കാലങ്ങൾക്കപ്പുറം ' എന്ന 
ഗാനവും, 'ഒരു മഴയും തോരാതിരുന്നിട്ടില്ല' എന്ന സാജൻ അച്ചന്റെ  ഭക്തി ഗാനവും ഒന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിൽ പ്രത്യാശയുടെ ഒരു  ജ്വലനം നമുക്ക്  അനുഭവിക്കുവാൻ സാധിക്കും.   ജീവിതത്തിന്റെ കഷ്ഠ നഷ്ടങ്ങൾ, കയ്പ്പേറിയ അനുഭവങ്ങൾ, ഇരളിന്റെ മറവിൽ നാം ചെയ്ത പാപങ്ങൾ അവ നമ്മെ വേദനിപ്പിക്കുമ്പോൾ, പ്രത്യാശയുടെ പൊൻ പ്രകാശമായ് ശരിയുടെ ഉദയ സൂര്യനായ് പ്രകാശം വിതറുന്ന പുൽക്കൂട് നമ്മുടെ ലക്ഷ്യമാകണം,അത് അണയാറായ വിളക്കിൽ എണ്ണ പകരും,നമ്മുടെ ആത്മാവിനെ സത്യ പ്രകാശത്തിൽ ജ്വലിപ്പിക്കും, നിരാശബോധത്തെ ആട്ടിയകററി പ്രത്യാശയുടെ പുതു വസ്ത്രമണിയിക്കും. യേശു നിന്നെ സ്വീകരിക്കാൻ പുൽക്കൂട്ടിലുണ്ടെന്ന് മറക്കരുത് ,വിനയാന്വിതനായി....

ഈ ക്രിസ്മസ് ദിനത്തിൽ നമുക്കും പ്രത്യാശയുടെ ഒരു കൊച്ചു വിത്ത് ആകാം . പ്രതീക്ഷയുടെ തളിരിലകൾ ആകട്ടെ നമ്മുടെ വാക്കുകൾ, നമ്മുടെ കൊച്ചു പുഞ്ചിരികൾ,നമ്മുടെ കൊച്ചു സഹായങ്ങൾ...ആ മരങ്ങൾ തളിർക്കട്ടെ 
മങ്ങിയ  ആ വിളക്കുകൾ പ്രകാശിക്കട്ടെ...മറ്റുള്ളവരിലേക്ക്,  വേദന നിറഞ്ഞവരിലേക്ക് നമുക്ക് ഇറങ്ങിച്ചെന്ന് പ്രതീക്ഷയുടെ ഒരു വാക്ക്, വചനമാകുന്ന വാക്ക് എന്നാണ് ബൈബിൾ പറയുന്നത്  ഓർമ്മയുണ്ടല്ലോ വചനം വിത്ത് ആണെന്ന്. അതുപോലെ പ്രത്യാശയുടെ ഒരു വിത്ത് നമുക്ക് മനസ്സിലാക്കാം...  കുളിരാർന്ന ക്രിസ്മസിൽ അവരിലേക്ക് കുളിരായും, മഴയായും ഇറങ്ങി പ്രതീക്ഷയുടെ ഫലം പുറപ്പെടുവിക്കുന്ന വലിയ മരമായി അവർ വളരട്ടെ... പ്രത്യാശയുടെ വിത്തും, പ്രതീക്ഷയുടെ നുറുങ്ങുവെട്ടവും ആയി നമുക്ക് മാറാം ഈ ക്രിസ്മസ് ദിനത്തിൽ.


-സിസ്റ്റർ സോണിയ കെ ചാക്കോ, DC



*"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം"*

🎊🎉🎈🎁🎀🎼🥁🎺🎷🎊🎉

Wednesday, 4 December 2019

Journey to the Crib




                                                 *പുൽക്കൂട്ടിലേക്ക് *


ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും, സൂപ്പർസോണിക് വിമാനങ്ങളുടെയും ഒരു കൈ വിരൽ സ്പർശത്തിലൂടെ ലോകത്തിൻറെ ഏതു കോണിലും ഒരു നിമിഷം കൊണ്ട് എത്തിച്ചേരാവുന്ന ഈ നൂറ്റാണ്ടിൽ ഈ ക്രിസ്തുമസ് വേളയിൽ നമുക്കും നടക്കാം പുൽക്കൂട്ടിലേക്ക്...!

AC വാഹനങ്ങളും മണിമാളികകളും നിറഞ്ഞുനിൽക്കുന്ന നിരത്തിൽ നിന്നും അധികം ആരും സഞ്ചരിക്കാത്ത നിരത്തിലേക്ക് മനസ്സിൻറെ നിശബ്ദതയിൽ ചലിച്ചു തുടങ്ങാം ഈ യാത്ര ദീർഘം ആണോ, ഹ്രസ്വമാണോ, ചിലവുള്ളതാണോ, ചിലവ് കുറഞ്ഞ താണോ, മനോഹരമാണോ,  ആത്മീയമാണോ, എന്ന് നമുക്ക് തന്നെ തീരുമാനിക്കാം. ചിലപ്പോൾ ജ്ഞാനികളെ പോലെ ഒരു ദീർഘ യാത്രയാവാം, ചിലപ്പോൾ ആട്ടിടയരെപോലെ ഒരു ലളിത യാത്രയാകാം, ചിലർക്ക് അത് ഹേറോദോസിന്റെ അരമനയിലുള്ളവരെ പോലെ യേശുവിനെക്കുറിച്ചുള്ള കേട്ടറിവു മാത്രമാകാം.

 അറിവിൽ നിന്ന് അനുഭവത്തിലേക്ക് മൃദുലത നിറഞ്ഞ നല്ല മനുഷ്യരായി നീങ്ങാം നമുക്ക് പുൽക്കൂട്ടിലേക്ക്.

         ലോകത്തിൻറെ നാഥനും ഹൃദയത്തിൻറെ രാജനുമായ സർവ്വേശ്വരൻ ഈ ക്രിസ്തുമസ് ദിനം ജനിക്കുന്നത് ഏത് പുൽക്കൂട്ടിൽ ആകും.?

പഴനിയിൽ എവിടെയോ ജനിച്ച്, മലബാറിലെ ഇരിട്ടിയിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അമ്മാൾ അപസ്മാരത്താൽ ബോധമറ്റു കിടക്കുന്നത് കണ്ട് ചില സംഘടനാ ഭാരവാഹികൾ മാരിലാക് ഭവനത്തിൽ എത്തിച്ചു. ആദ്യമേ തന്നെ രണ്ടുമൂന്നു പ്രാവശ്യം ഞങ്ങൾ കുളിപ്പിച്ച്, തലമുടി , ഭക്ഷണം കൊടുത്തു കൊണ്ടിരുന്നപ്പോൾ അമ്മ ചോദിച്ചു  “അമ്മാ, നീങ്കൾ കടവുളാ..?

 പുല്ലുവഴിയിലെ വാഴ്ത്തപ്പെട്ട റാണി മരിയയുടെ വീട്ടിലെത്തിയ മകളുടെ ഘാതകനെ ഊഷ്മള സ്നേഹത്തോടെ സ്വീകരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ സമന്തർ സിംഗ് മനസ്സിൽ പറഞ്ഞു  “ഇവർ ദൈവമാണ്..!"

           ബെത്‌ലഹേം നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന നഗരമാണ്. പാരിന്റെ നാഥൻ പിറന്ന പുൽക്കൂടും നമ്മുടെ നയനങ്ങൾക്ക് മുന്നിലാണ്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണി മിശിഹാ കൺമുന്നിൽ കടന്നുവരുന്ന ഓരോ വ്യക്തിയും ആണ്. അറിയാതെ മനസ്സിൽ മെനഞ്ഞു വെച്ച അന്ധതയുടെ അതിർവരമ്പുകൾ പൊട്ടിച്ചെറിയുമ്പോൾ പുൽക്കൂട്ടിലെ ഉണ്ണിയുടെ നിഷ്കളങ്കമായ പുഞ്ചിരി അവിടെ നമ്മൾ കാണും. ജ്ഞാനികൾ കണ്ട താരം മനസ്സിൽ സന്തോഷത്താൽ ഉദിക്കും. പിന്നെ നമ്മൾ യാത്രികരല്ല താരകങ്ങൾ ആയിരിക്കും. മറ്റുള്ളവരെ പുൽക്കൂട്ടിൽ എത്തിക്കുന്ന ദിവ്യ താരങ്ങൾ. അതാവണം നമ്മുടെ നിയോഗം... യാത്ര തുടരുന്നു..!

....✒️ *സി  സോണിയ കെ ചാക്കോ,ഡിസി*

(Daughters of Charity of St Vincent de Paul)


🧚‍♀️🧚‍♀️🎼🎺🎼🎷🎹🎺🥁🧚‍♂️🧚‍♂️
*"അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം"*

🎊🎉🎈🎁🎀🎼🥁🎺🎷🎊🎉

Sunday, 3 November 2019

Nizhal

                     നിഴൽ


നിഴലുകൾ, നിഴലുകൾ സർവ്വത്ര നിഴലുകൾ,
അരികത്തും,അകലത്തും നിഴലുകൾ, വിസ്മയങ്ങളാകാൻ, വിസ്മൃതിയിലാകാൻ,
വെറുതെ വരുന്നൊരു വിഭ്രമം മാത്രം.

ഞാൻ പോലുമറിയാതെ എന്നെ പിന്തുടർന്ന്
ഞാൻ വിളിക്കാതെ എൻ ചാരെ വന്നു.
കൂടെ നടന്നപ്പോൾ ഞാൻ നിനച്ചു നീ വരുമെന്ന്
കൂട്ടുകൂടാൻ കാവൽ ആകാൻ എന്നുമെന്നും.

 നിഴലുകൾ തണൽ അല്ലെന്ന് അറിഞ്ഞു പയ്യെ,
നിഴലുകൾ താല്ലെന്നും അറിഞ്ഞു പിന്നെ പോയി മറയുന്ന ക്ഷണകോമരങ്ങൾ
പ്രകാശത്തിന്റെ അഭാവം പ്രതിച്ഛായകൾ,
പ്രച്ഛന്ന വേഷത്തിൽ മിഥ്യയാം കിനാവുകൾ.

നിത്യ പ്രകാശമേ നീ നയിക്കൂ പടരെന്നിൽ നിൻ കിരണങ്ങൾ
നിത്യ ജ്യോതിയെ നീ നിറയൂ, പടരെന്നിൽ നിൻ കിരണങ്ങൾ.
 നിന്റെ ദ്യുതിയാൽ ജ്വലിക്കട്ടെ ചിന്തകൾ നിൻ ദീപനാളത്തിൽ എരിയട്ടെ എൻ നയനങ്ങൾ .

കൂരിരുട്ടിൽ പോയി മറയുന്ന കപട മൈത്രികൾ
കൂട്ടുകാർ  അല്ല കഴിത്തോഴരുമല്ല നിഴലുകൾ.
പൂർണ്ണ മധ്യാഹ്നത്തിൽ പൂർണ്ണ പ്രകാശത്തിൽ പോയി മറയുന്ന ക്ഷണ സഖാക്കൾ നിഴലുകൾ.

- Sr Soniya K Chacko DC

Thursday, 31 October 2019

                    ബലിമൃഗങ്ങൾ

പാരിനു ദീപ്തിയേകേണ്ട പെൺ ദീപനാളങ്ങൾ
പട്ടാപ്പകലിൽ നിശ്ചലരായ് തീരുന്നു.
പകയും പകരം വീട്ടലുമില്ലാതെ നിലക്കുന്നു
പാരിൽ പാവനപെൺ ജൻമങ്ങൾ.

അബലയെന്ന കവിവാക്യം പരിചയാക്കുന്നു
അധമമാനുഷ്യഹൃദയങ്ങൾ പതുങ്ങി നില്ക്കുന്നു
അക്രമ, കാമഭ്രാന്തിൽ മറക്കുന്നു മനുഷ്യത്വം
അരാജകത്വം നാടുവാഴുന്നീ ദേവ മണ്ണിൽ.

ഉയരുന്നു നിലവിളികൾ ഈ മണ്ണിൽ
ഉയിരറ്റ പെൺമേനികൾ നിരക്കുന്നീ മണ്ണിൽ
ചിറകറ്റ ശലഭങ്ങൾ ഇഴയുന്നൂ നിശബ്ദരായ്
ചാരിത്രത്തെ കാർന്നെടുക്കുന്നു കരാളഹസ്തങ്ങൾ.

അകാലത്തിൽ ഇറുത്തെടുത്തു നിങ്ങൾ
ആയിരം ജീവസ്പന്ദനങ്ങൾ, സ്വപ്നങ്ങൾ
അറ്റുനോറ്റു പോറ്റു വളർത്തിയ അച്ഛനമ്മമാർ
അടക്കാനാവാത്ത നൊമ്പരങ്ങളാൽ എരിഞ്ഞമരുന്നു
അശ്രുബിന്ദുക്കളാൽ കുതിരുന്നീ മണ്ണും, മനസ്സും ഈ മണ്ണിലിന്ന്...
അറിയുന്നു ഞങ്ങൾ ബലിമൃഗങ്ങളെന്നും സിംഹങ്ങളല്ല കുഞ്ഞാടുകൾ.

കേരള, ഉണരൂ... തുറക്കൂ നിൻ ഭ്രാന്തൻകണ്ണുകൾ
കാമ, കപാലിക കഴുകൻമാരെ അറിയൂ
എരിഞ്ഞമർന്ന കുരുന്നു ജൻമങ്ങൾ
എന്റെയും നിന്റെയും കുഞ്ഞനുജത്തിമാർ...
-സിസ്റ്റർ സോണിയ കെ ചാക്കോ, ഡിസി

Tuesday, 15 October 2019

അമ്മത്രേസ്യാ



ദൈവം മാത്രം മതി


ഒരു കുഞ്ഞുപൂവിലും, തളിര്‍ക്കാറ്റിലും, മണല്‍ത്തരിയിലും, മനുജരിലും, സര്‍വ്വസൃഷ്ടിയിലും സൃഷ്ടാവിന്റെ ഒരംശമെങ്കിലും കണ്ടെത്തുമ്പോള്‍ അവിടെ വിശ്വാസം, ദൈവമായി അവതരിക്കുകയാണ്. വിശുദ്ധ അമ്മത്രേസ്യാ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു: 'എന്റെ സഹോദരിമാരേ, നിങ്ങള്‍ അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ ദൈവം അവിടുത്തെ പാത്രങ്ങള്‍ക്കിടയിലും നടക്കും.'

ദൈവത്തിന്റെ കരസ്പര്‍ശം ജീവിതത്തിലും, ദൈവത്തിന്റെ സാന്നിധ്യം അനുദിന ജീവിതത്തിലും 500 വര്‍ഷങ്ങള്‍ക്കും മുന്നേ അനുഭവിച്ചറിഞ്ഞ പുണ്യവതി കേവലം ഒരു വിശുദ്ധ മാത്രമല്ല, നൂറ്റാണ്ടുകളായി ലോകത്തെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത ദിവ്യസാന്നിധ്യമായിരുന്ന ആവിലായിലെ വിശുദ്ധ തെരേസ. ധ്യാനപ്രാര്‍ത്ഥനാശീലം, ദൈവീക ദര്‍ശനങ്ങള്‍, കര്‍മ്മലീത്താ സഭാനവീകരണം, എന്നിവയാൽ ആത്മര്‍ത്ഥമായി സഭയെ സ്‌നേഹിച്ച്, സന്യാസത്തിന്റെ പവിത്രതയും വിശ്വസ്തതയും മാതൃകാപരവുമായ ജീവിതത്താല്‍, കഴിഞ്ഞ 436 വര്‍ഷങ്ങളായി തലമുറകളെ സ്വാധീനിക്കുകയും അനേകരെ വിശ്വാസത്തിലേയ്ക്കും വിശുദ്ധിയിലേയ്ക്കും നയിച്ച മഹത് വ്യക്തിത്വത്തിനുടമയും വേദപാരംഗതയുമാണ് ആവിലായിലെ വിശുദ്ധ ത്രേസ്യാമ്മ.

...എന്നാല്‍, ദൈവമാണ് എന്റെ ബലം. അവിടുന്നാണ് എന്നേയ്ക്കുമുള്ള എന്റെ ഓഹരി. - അമ്മത്രേസ്യാ

നശ്വരമായവ നഷ്ടപ്പെടുമ്പോള്‍ അനശ്വരമായതിനെ പുല്‍കുവാനുള്ള ത്വര ജന്മനാ ത്രേസ്യാ പുണ്യവതിയിലുണ്ടായിരുന്നു. 14-ാം വയസ്സില്‍ തന്റെ പ്രിയപ്പെട്ട അമ്മച്ചി അകാലത്തില്‍ മരിച്ചപ്പോള്‍ ആ ദുഃഖത്തില്‍ തകരാതെ പരിശുദ്ധ അമ്മയുടെ സ്വരൂപത്തിലേയ്ക്ക് ഓടി അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'അമ്മേ, ഇന്നുമുതല്‍ നീയാണ് എന്റെ അമ്മ.' അന്നുമുതല്‍ ദൈവമാതാവ് കൊച്ചുപുണ്യവതിയെ ഒരുക്കുകയായിരുന്നു... വേദനകളുടെയും, തീരാ രോഗത്തിന്റെയും, അവഗണനയുടെയും മുള്ളുകളിലൂടെ... നിഷ്പാദുക സഭയുടെ നവീകരണ മാതാവാകാന്‍, നിശബ്ദതയുടെ ആഴങ്ങളില്‍ അനശ്വരമായ പരമദൈവത്തെ ദര്‍ശിക്കുവാന്‍.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പീഢാനുഭവങ്ങളെയോര്‍ത്ത് നിത്യവും പൂര്‍ണ്ണസ്‌നേഹത്തില്‍ ത്രേസ്യാ പുണ്യവതി ധ്യാനിച്ചിരുന്നു. ഒരിക്കല്‍ പാടുപീഢകളേറ്റ യേശുവിന്റെ ചിത്രം കണ്ട് ഒരുപാട് ദിനം അവള്‍ കരഞ്ഞിരുന്നു. ഈശോയുടെ മുറിവുകള്‍ തന്റെ വേദനകളില്‍ പലപ്പോഴും സ്‌നേഹത്തോടെ സഹിച്ചിരുന്ന ത്രേസ്യാമ്മ വേദനകളുടെയും സഹനത്തിന്റെയും ആഴവും എണ്ണവും കൂടുമ്പോള്‍ ഇപ്രകാരം ഈശോയോടു പറയുമായിരുന്നു: 'ചുമ്മാതല്ല നിന്നെ ആരും സ്‌നേഹിക്കാത്തത്. സ്‌നേഹിക്കുന്നവരെ എത്രമാത്രം സഹനങ്ങള്‍ കൊടുത്താണ് നീ പരീക്ഷിക്കുന്നത്..'  തന്റെ ദിവ്യനാഥനായ യേശുവിനോട് അതിയായ സ്‌നേഹം അമ്മ പ്രകടിപ്പിച്ചിരുന്നു.

ചരിത്രത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തി ത്രേസ്യാ പുണ്യവതിയാണ്. കര്‍മ്മലീത്താ നിഷ്പാദുക സഭയുടെ നവീകരിച്ച ആദ്യ കമ്മ്യൂണിറ്റിയെ വിശുദ്ധ യൗസേപ്പിതാവിന്റെ പേരിലാണ് നാമകരണം ചെയ്തത്. കൂടാതെ, ഏതെങ്കിലുമൊരു ആവശ്യത്തിനോ, യാത്രയ്‌ക്കോ പുറത്തുപോകുമ്പോള്‍ ത്രേസ്യാ പുണ്യവതി, തന്റെ മഠത്തിനു മുന്നിലെ യൗസേപ്പിതാവിന്റെ  രൂപത്തിന്റെ മുന്നിൽ വന്ന് പ്രാര്‍ത്ഥിച്ച് അകത്തുള്ളവരുടെ സംരക്ഷണവും, യാത്രയും ആ പിതാവിനെ ഭരമേല്‍പിക്കുക നിത്യശീലമായിരുന്നു. യൗസേപ്പിതാവിനോട് ചോദിച്ച ഒരു കാര്യവും എനിക്ക് ഇതുവരെ ലഭിക്കാതിരുന്നിട്ടില്ല എന്ന അടിവരയിട്ട് വിശുദ്ധ ആവര്‍ത്തിക്കുമായിരുന്നു.

ലോകത്തിന്റെ തിളങ്ങുന്ന ആകര്‍ഷണങ്ങളിലും, മറ്റുള്ളവരുടെ പരിഹാസത്തിന്റെയും അവഗണനയുടെയും നടുവിലും, നോവുന്ന സഹനദിനങ്ങളിലും അന്തരാത്മാവിലേയ്ക്ക് നിശബ്ദതയുടെ ആഴങ്ങളിലൂടെ, പ്രാര്‍ത്ഥനയുടെ അഭിഷേകത്തിലൂടെ സുകൃതസരണിയിലൂടെ നടന്ന് ആയിരങ്ങള്‍ക്ക് സുകൃതസരണിയായി അമ്മ ഉറക്കെ പ്രഘോഷിച്ചു: 'ദൈവം മാത്രം മതി! ദൈവം മാത്രം മതി!' 'ഈ ലോകത്തിലുള്ള സര്‍വ്വവും മറഞ്ഞുപോകും; എന്നാല്‍, നാഥനായ അങ്ങു മാത്രം നിത്യസത്യമായി വാഴും.' സനാതനവും നിത്യസത്യവുമായ സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ച് അഗാധമായ ജ്ഞാനവും അനുഭവവും പുണ്യവതിക്ക് ഉണ്ടായിരുന്നു.
1515 മാര്‍ച്ച് 28-ാം തീയതി സ്‌പെയിനിലെ ആവിലായില്‍ ജനിച്ച പുണ്യവതി കര്‍മ്മനിരതയായും ഭക്തി, വിശ്വാസവതിയായും ജീവിച്ച് 1582 ഒക്‌ടോബര്‍ 4-ന് തന്റെ ദിവ്യമണവാളന്റെ അരികിലേയ്ക്ക് യാത്രയാവുകയാണ്. 1622 മാര്‍ച്ച് 12-ാം തീയതി ഗ്രിഗറി 15-ാം മാര്‍പാപ്പാ ഒരു വിശുദ്ധയായി അവളെ ഉയര്‍ത്തി.

കേരളത്തിലെ ഉത്തര മലബാറുകാര്‍ക്ക് ഏറ്റവുമധികം ഭക്തിയുള്ള ഒരു വിശുദ്ധയാണ് വി. അമ്മത്രേസ്യാ. മാഹീലമ്മ എന്ന ചെല്ലപ്പേരില്‍ സ്‌നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്നത് വി. അമ്മത്രേസ്യായെ ആണ്. 1723 ഡിസംബറിലാണ് അമ്മത്രേസ്യായുടെ തിരുസ്വരൂപം, തലശ്ശേരിക്കടുത്തുള്ള മാഹിയിലെത്തിയത്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയായി അന്നുമിന്നും അമ്മയെ വണങ്ങുകയാണ് എല്ലാവരും.

മാഹീലമ്മേ, അമ്മത്രേസ്യായെ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായി...

സിസ്റ്റർ സോണിയ കെ ചാക്കോ DC


Friday, 11 October 2019

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍

വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ (1801-1890)


കോളനിവത്ക്കരണവും, വ്യാവസായിക വിപ്ലവവും, അസമത്വങ്ങളുമെല്ലാം നിറഞ്ഞുനിന്ന ഇംഗ്ലണ്ടിന്റെ ഇരുണ്ട ദിനങ്ങളിലേയ്ക്ക് 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1801 ഫെബ്രുവരി 21-ന് ഉദയം ചെയ്ത ദിവ്യജ്യോതിയാണ് വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍. ആഗ്ലിക്കന്‍ സഭയുടെ ചരിത്രത്താളുകളില്‍ നിന്നും കത്തോലിക്കാസഭയുടെ ചരിത്രത്തിലേയ്ക്ക്, ദൈവപരിപാലനകള്‍ നിറഞ്ഞ സംഭവബഹുലമായ സാഹചര്യങ്ങളില്‍ ധീരവും വിശുദ്ധവുമായ ചുവടുകളാല്‍ കടന്നുവന്ന തീക്ഷ്ണവാനായ പുരോഹിതനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാന്‍.

17-ാം നൂറ്റാണ്ടിനു ശേഷം സാമ്രാജ്യവത്ക്കരണത്തിന്റെ സാമ്രാട്ടായ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ജനിച്ചവരില്‍ നിന്നും വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ന്യൂമാന്‍. സൂക്ഷ്മബുദ്ധിയിലും, പ്രതിഭ നിറഞ്ഞ എഴുത്തിലും നന്നേ ചെറുപ്പത്തിലേ പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന ആംഗ്ലിക്കന്‍ വൈദീകനായ ന്യൂമാന്‍, തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികളായി മുന്നിൽ നിര്‍ത്തുന്നത് അരിസ്റ്റോട്ടില്‍, പ്ലേറ്റോ, സോക്രട്ടീസ് തുടങ്ങിയ തത്വചിന്തകരെയും ഡാന്റെ, ജോണ്‍ മില്‍ട്ടണ്‍, സീസറോ, ബട്ട്‌ലര്‍ തുടങ്ങിയ സാഹിത്യസാമ്രാട്ടുകളെയും ഒരിജന്‍, വി. അഗസ്റ്റിന്‍, വി. തോമസ് അക്വീനാസ് തുടങ്ങിയ ദൈവശാസ്ത്ര പണ്ഡിതരെയുമാണ്.
താന്‍ വിശ്വസിക്കുന്ന മതത്തിന്റെ ഏറ്റവും വിശ്വസ്ത പുത്രനായിരുന്ന അദ്ദേഹം വി. പൗലോസ് ശ്ലീഹായെപ്പോലെ തന്നെ വാഴ്. ന്യൂമാനും അതി തീക്ഷ്ണതയോടെ നീങ്ങിയ നിമിഷങ്ങളെ അനര്‍ഘ നിമിഷമാക്കിയത് അപ്രതീക്ഷിതമായി വന്ന രോഗാവസ്ഥകളും തുടര്‍ന്നുള്ള ദൈവീക ഇടപെടലുകളുമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ദൈവമറിയാതെ, അനുവദി'ക്കാതെ ഒന്നും സംഭവിക്കുകയില്ല. മാത്രമല്ല, റോമ 8:28-ല്‍ പറയുന്നതുപോലെ, ദൈവം എല്ലാം നമ്മുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്നു. അതു തന്നെയാണ് വാഴ്ത്തപ്പെട്ട ന്യൂമാന്റെ ജീവിതത്തിലും സംഭവിച്ചത്.

1830-കളില്‍ എഴുത്തിന്റെ ലോകത്ത് പടിപടിയായി അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും, ന്യൂമാന്‍ ഏറ്റവുമധികം സ്മരിക്കപ്പെടുന്നത് 'നയിക്കണേ നിത്യപ്രകാശമേ, ഇരുള്‍മൂടുമീ ധരയിലൂടെന്നെ നയിക്കണേ...' (Lead Kindly light..) എന്ന കവിതയിലൂടെയാണ്. എങ്കിലും അന്നുമിന്നും ആയിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ് ഈ കവിതാശകലങ്ങള്‍. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക് ഈ വരികള്‍ ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തും തത്ത്വിചിന്തയും ചിലരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തി. അവരിൽ ചിലരാണ് ആക്റ്റണ്‍ പ്രഭു, അര്‍ണോള്‍ഡ്, ജി.കെ. ചെസ്റ്റേര്‍ട്ടണ്‍, സി.എസ്. ലൂവിസ്, ഒസ്‌കാര്‍ വൈല്‍ഡ്, ജയിംസ് ജോയ്‌സ് തുടങ്ങിയവര്‍.

സാവൂള്‍ -  അഗസ്റ്റിന്‍ - ന്യൂമാന്‍

തീക്ഷ്ണതയുടെയും വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും ഏറ്റവും നല്ല നാളുകളാണ് യുവത്വം. യഹൂദ മതത്തോടുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ച താര്‍സൂസില്‍ നിന്നുള്ള യുവകോമളന്‍ സാവൂളും, അസാധാരണ ബുദ്ധിയാല്‍ ജ്വലിച്ച് ആജ്‌ഞേയവാദികളുമായി ധീരമായി ചര്‍ച്ച ചെയ്തു നടന്ന് വിശുദ്ധ അംബ്രോസില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച അഗസ്റ്റിനും, ഓക്‌സ്‌ഫോര്‍ഡിലെ ഉന്നത വിദ്യാഭ്യാസവും പ്രഗത്ഭനായ ആംഗ്ലിക്കന്‍ പ്രാസംഗികനും എഴുത്തുകാരനുമായ ന്യൂമാനും കത്തോലിക്കാ സഭയിലേയ്ക്ക് വിശ്വാസത്തിന്റെ ആഴമേറിയ കണ്ണുകളും ദൈവാനുഭവത്തിന്റെ ഉള്‍ക്കാഴ്ചകളുമായി പ്രവേശിച്ചത് അവരുടെ മുപ്പതാം വയസ്സുകളിലാണെന്ന വസ്തുത വിസ്മയകരമാണ്.

ഒരിക്കല്‍ രുചിച്ചറിഞ്ഞ ദൈവകരുണയെ അവര്‍ അവസാനം വരെ പ്രഘോഷിച്ചു. അവര്‍ അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അവസാനം വരെ നെഞ്ചോടു ചേര്‍ത്ത് രക്തം ചൊരിഞ്ഞും സാക്ഷ്യം വഹിക്കുവാന്‍ കഴിഞ്ഞതായിരുന്നു അവരുടെ ദൈവാനുഭവത്തിന്റെ ശക്തി. അറിഞ്ഞാല്‍ പിന്നെ പറയാതിരിക്കാനാവില്ല. അനുഭവിച്ചറിഞ്ഞാല്‍ പിന്നെയൊരിക്കലും വിസ്മരിക്കാനുമാവില്ല. ദൈവാനുഭവം ആത്മാവിന്റെ ആഴങ്ങളിലേയ്ക്ക് പടരുമ്പോള്‍ അവിടെ വ്യക്തിയല്ല, യുക്തിയല്ല, യേശു മാത്രം മതി!

'സനാതന സത്യമേ, എത്ര വൈകീ നിന്നെ അറിയുവാന്‍... എത്ര വൈകീ നിന്നെ സനേഹിക്കുവാന്‍...' എന്ന് കരഞ്ഞ് കൊണ്ട് വിശുദ്ധ അഗസ്റ്റിന്‍ ഏറ്റുപറയുമ്പോള്‍ വാഴ്. ന്യൂമാന്‍ എഴുതുന്നത് ഇപ്രകാരമാണ്:  'നയിക്കണേ, നിത്യപ്രകാശമേ, ഇരുള്‍മൂടുമീ ധരയിലൂടെന്നെ നയിക്കണേ... ഇരുള്‍ നിറയുമീ നിശയില്‍, എന്‍ ഗൃഹത്തില്‍ നിന്നകലുമീ വേളയില്‍ നയിക്കണമെന്നെ മുന്നോട്ട്...' കൊച്ചുവൈദീകനായിരിക്കെ, രോഗക്കിടക്കയല്‍ കിടന്ന് വിതുമ്പിക്കൊണ്ട് 1833-ല്‍ ഇറ്റലിയില്‍ വച്ച് ന്യൂമാന്‍ എഴുതിയ വരികളാണിവ.

തിരിച്ചറിവുകള്‍ തിരിച്ചുനടത്തുമ്പോള്‍, പതറാതെ തിരിച്ചുനടന്ന് നേരായ വഴിയിലൂടെയുള്ള ധീരമായ ചുവടുവയ്പ്പാണ് വിശുദ്ധിയിലേയ്ക്കുള്ള ആദ്യ ചുവടുകള്‍. തന്റെ പേരു പോലെ തന്നെ ദൈവസമ്മാനവും (ജോണ്‍) പുതിയ മനുഷ്യനും ( Newman) ആയ അനര്‍ഘ നിമിഷമായിരുന്നു അത്. 1845 ഒക്‌ടോബര്‍ 9-ാം തീയതി കത്തോലിക്കാ സഭാംഗമായ സ്വര്‍ഗ്ഗീയ നിമിഷമായിരുന്നു അത്. എഴുത്തുകാരനും പ്രാസംഗീകനുമായ വൈദികനായി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോള്‍ പെട്ടെന്ന് റോമില്‍ വച്ച് രോഗിയാവുകയും ആ വേദനയുടെ ദിനങ്ങളില്‍ വലിയൊരു ഉള്‍ക്കാഴ്ചയാല്‍ കത്തോലിക്കാ സഭയുടെ തുറന്ന കവാടങ്ങള്‍ നടന്നുകയറുകയും, തുടര്‍ന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ്ണസൗഖ്യം നേടുകയും, പതിയെ സ്വര്‍ഗ്ഗത്തിന്റെ പടവുകളും ചവിട്ടിക്കയറി ഇന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വം ആണ് ന്യൂമാൻറേത്.
1824 ജൂണ്‍ 13-ാം തീയതി ആംഗ്ലിക്കന്‍ വൈദീകനായ ന്യൂമാന്‍, 1845 ഒക്‌ടോബര്‍ 9-ാം തീയതി കത്തോലിക്കാ സഭാംഗമാവുകയും 1847-ല്‍ കത്തോലിക്കാ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ 1879 മെയ് 12-ാം തീയതി ലിയോ 13-ാമന്‍ മാര്‍പാപ്പാ കര്‍ദ്ദിനാള്‍ പദവി നല്‍കി ഉയര്‍ത്തിയപ്പോള്‍ ആദര്‍ശവാക്യമായി കര്‍ദ്ദിനാള്‍ ന്യൂമാന്‍ സ്വീകരിച്ചത് (Heart speaks unto Heart' - 'ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു' എന്നായിരുന്നു.

:വാഴത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്റെ ആദര്‍ശവാക്യമായ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു എന്ന വാക്കുകള്‍ക്ക് വ്യക്തിജീവിതത്തിലും, സന്യാസ ജീവിതത്തിലും, വൈദിക ജീവിതത്തിലും, കുടുംബ ജീവിതത്തിലുമൊക്കെ ഹൃദയത്തോളം അര്‍ത്ഥവും ആഴവുമുണ്ട്.

ഹൃദ്യംഗമായ സംഭാഷണങ്ങളാല്‍, പ്രസംഗങ്ങളാല്‍, ഈശോയുടെ ഹൃദയത്തോടു ചേര്‍ന്ന് താന്‍ അനുഭവിച്ച സ്‌നേഹം വിശ്വാസികളിലേയ്ക്ക് പകര്‍ന്നുകൊടുക്കുവാന്‍ മാത്രമല്ല, നാനാതുറയില്‍ പെട്ട ആളുകളുടെ ഹൃദയങ്ങളെ തൊടുവാന്‍ കര്‍ദ്ദിനാള്‍ ന്യൂമാന് സാധിച്ചിരുന്നു. 1890 ആഗസ്റ്റ് 11-ാം തീയതി സ്വര്‍ഗ്ഗീയഭവനത്തിലേയ്ക്ക് മടങ്ങിയ ന്യൂമാന്റെ ഭൗതികശരീരത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ പല വിഭാഗത്തില്‍പ്പെട്ട് പതിനയ്യായിരിത്തിലധികം ആളുകള്‍ ക്ഷമയോടെ ബര്‍മിംഗ്ഹാം പള്ളിക്കു മുമ്പില്‍ വരിയായി നിന്നിരുന്നു.

89 വര്‍ഷക്കാലം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിേലയ്ക്കും എത്തിപ്പെടാന്‍ കഴിഞ്ഞ കര്‍ദ്ദിനാള്‍ ന്യൂമാനെ കത്തോലിക്കാ സഭ മാത്രമല്ല ആംഗ്ലിക്കന്‍ സഭയും, എപ്പിസ്‌കോപ്പിയന്‍ സഭയും ആദരിക്കുന്ന ഈ ധന്യജീവിതം ഇന്നും ആയിരങ്ങള്‍ക്ക് പ്രചോദനവും പ്രതീക്ഷയുമേകുമ്പോള്‍ ആ പുണ്യജീവിതമാതൃക നമുക്കും ഹൃദയത്തോട് ചേര്‍ക്കാം.

പാണ്ഡിത്യവും പ്രതാപവും പ്രാഗത്ഭ്യവുമെല്ലാം പുണ്യതയിലേയ്ക്കുള്ള ഉപകരണങ്ങളായേക്കാമെങ്കില്‍ ദൈവംതമ്പുരാനിലേയ്ക്കുള്ള അകലം കേവലം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കുള്ള ദൂരമാണെന്ന് 2019 ഒക്‌ടോബര്‍ 13-ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന വിശുദ്ധ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍ നമ്മെ പഠിപ്പിക്കുന്നു.

- സിസ്റ്റർ സോണിയ കളപ്പുരയ്ക്കല്‍,ഡി സി

Thursday, 10 October 2019

മാറാത്ത സ്നേഹിതൻ


    മാറാത്ത സ്നേഹിതൻ


മലകൾ മാറിയകന്നാലും, കുന്നുകൾ നിരന്നാലും
താഴ്‌വരകൾ ഉയർന്നാലും, കര കാലായാലും
മനുഷ്യർ മറന്നാലും, ബന്ധുക്കൾ പിരിഞ്ഞാലും
മാറാത്ത സ്നേഹമായ് മാറോടു ചേർക്കുമെൻറിശോ.
ഈശോ മാറാത്ത സ്നേഹിതൻ

മാതാവു മറന്നാലും, പിതാവു വെറുത്താലും
മറക്കാത്ത സ്നേഹമാണെന്റെ ദൈവം.
ശത്രുക്കൾ പിരിഞ്ഞാലും, സഹോദരർ പിരിഞ്ഞാലും
ശാന്തനായ് തഴുകുമെന്നെ സ്നേഹിതനാം ദൈവം.
ദൈവം ശാന്തസ്നേഹിതൻ.

കുന്നോളം പാപങ്ങൾ ചെയ്തു ഞാൻ അകലുമ്പോൾ
കടലോളം കാരുണ്യമായ് വന്നുചേരുമവൻ.
വഴി തെറ്റി പോയാലും പിഴകൾ ഞാൻ ചൊല്ലുമ്പോൾ
വാരിയെടുത്തുമ്മ തരും വാത്സല്യനാഥൻ
നാഥൻ ദിവ്യകാരുണ്യ നാഥൻ !

വരണെ നീ മാറോട് ചേർക്കണേ...
എന്നെ നിൻ കരുണയാൽ നിറക്കണേ...
കൃപയാൽ നിത്യവും പൊതിയണെ...
തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണേ
കർത്താവെൻ രക്ഷകനാം നാഥൻ !
- Sr സോണിയ കെ ചാക്കോ DC

Monday, 29 July 2019

അൽഫോൻസാമ്മ

ജീവിച്ചാലും മരിച്ചാലും ദൈവതിരുമുഖം നമ്മെ വെളിപ്പെടുത്തുന്ന ധന്യജീവിതങ്ങളാണ് വിശുദ്ധര്‍. ദൈവത്തിനു മുന്നിലെ മിഴിവിളക്കുകളും മനുഷ്യര്‍ക്കു മുന്നിലെ വഴിവിളക്കുകളാണ് വിശുദ്ധര്‍. https://www.lifeday.in/lifeday-st-alphonsa-5/

Friday, 21 June 2019

കിംഗ് ഓഫ് സ്പെയിൻ ഉന്നത ബഹുമതി മെഡൽ ഓഫ് സിവിൽ മെറിറ്റ്,Daughter of Charity of St Vincent de Paul അംഗമായ സിസ്റ്റർ മോനിക്ക ജുവാന് സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് സമ്മാനിച്ചു.






ഈ ജൂൺ 19 ബുധനാഴ്ച സ്പെയിനിൽ വെച്ച് നടന്ന മെഡൽ ഓഫ് സിവിൽ മെറിറ്റ്, വളരെ പ്രധാനപ്പെട്ട ഒരു ബഹുമതി നല്കപ്പെട്ടു, സാമൂഹികജീവിതത്തിൽ മികവ് പുലർത്തുന്ന ആളുകളെ ആദരിക്കുകയും, മെച്ചപ്പെട്ട സംഭാവന സമൂഹത്തിനൽകുകയും ചെയ്തവർക്കുള്ള അംഗീകാര നല്കൽ ചടങ്ങിൽ ഒരു സന്യാസിനിയും നില്ക്കുന്നത് ഏവരുടെയും ശ്രദ്ധക്ക് കാരണമായതിൽ സഭയ്ക്കൊപ്പം സന്യസ്തർ മുഴുവനും, സ്പെയിനും സന്തോഷിക്കുന്നു. ഹെയ്തിയിലെ ഭൂകമ്പ ബാധിതർക്കായുള്ള സേവനത്തിലൂടെ സ്പാനിഷ് ഭരണകൂടത്തിന്റെ "സിവിക് വെർച്ച്യൂ" അവാർഡ് അർഹയായ ഞങ്ങളുടെ സിസ്റ്റർ മോനിക്ക ഡി ജുവാൻ DC പരമോന്നത ബഹുമതി ഫിലിപ്പ് ആറാമൻ രാജാവിൽ നിന്നും സ്വീകരിച്ചു.

ഫിലിപ്പ് ആറാമൻ രാജാവിന്റെ പ്രഖ്യാപനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഉന്നത സാമൂഹിക പ്രവർത്തനത്തിന് മെഡൽ ഓഫ് സിവിൽ മെറിറ്റ് അവാർഡ് ഹെയ്തിയിലെ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെൻറ് ഡി പോളിലെ (DC) അംഗമാണ് സിസ്റ്റർ മോനിക്ക അർഹയായി. 10 വർഷമായി ഹെയ്തിയിൽ മിഷനറിയായിരുന്ന മാഡ്രിഡിൽ നിന്നുള്ള 45 വയസ്സുള്ള സിസ്റ്റർ മോനിക്ക. 1973 മുതൽ Daughters of Charity Sisters ഹെയ്റ്റിയിൽ സേവനമനുഷ്ഠിച്ചു വരുന്നു.
2010 ൽ ഹെയ്ത്തിയിൽ ഉണ്ടായ ഭീകരമായ ഭൂകമ്പത്തിൽ, ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയുടെ മദർ ജനറൽ സന്നദ്ധപ്രവർത്തകരോട് ഈ രാജ്യത്തേക്ക് യാത്ര ചെയ്യാനും അവർക്ക് കഴിയുന്നത്ര സഹായം നൽകാനും ആവശ്യപ്പെട്ടു.
ഭൂരിപക്ഷം ജനങ്ങളും പട്ടിണിയനുഭവിക്കുന്ന ഈ കൊച്ചു രാജ്യത്തിൽ അപ്രതീക്ഷിതമായി 2010 ൽ താണ്ഡവമാടിയ ഭൂമികുലുക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രത്യാശയുടെ കിരണവും ,അശരണർക്ക് ആശ്രയവുമായി, പട്ടിണിപ്പാവങ്ങൾക്ക് ആഹാരവുമായി, രോഗികൾക്ക് മരുന്നായി ആത്മാവിൽ സ്നേഹത്തിന്റെ തീജ്വാലകളേന്തി നാല് സോട്ടേഴ്സ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് പാരീസിലെ ഞങ്ങളുടെ മദർ ഹൗസിൽ നിന്നും തിരിച്ചു.

സിസ്റ്റർ മോണിക്ക അതിലൊരാളായിരുന്നു.
ഒരു വർഷത്തിനുശേഷം അവൾ തിരിച്ചെത്തിയപ്പോൾ, "ഒരു മിഷനറിയാകാനുള്ള ആഹ്വാനം അവൾക്ക് അനുഭവപ്പെട്ടു." അതിനാൽ സിസ്റ്റേഴ്സ് ഹെയ്തിയിലേക്ക് പോകാൻ തീരുമാനിച്ചു. പ്രത്യേകിച്ചും, ആ രാജ്യത്തെ ഏറ്റവും ദരിദ്രവും അപകടകരവുമായ അയൽ‌പ്രദേശങ്ങളിലൊന്നായ സൈറ്റ് സോലൈലിൽ ജോലി ചെയ്യുകയായിരുന്നു.51 കാരനായ കറ്റാലൻ മിഷനറി ഈസ സോളെ കൊല്ലപ്പെട്ട ഈ സ്ഥലത്തിന് വളരെ അടുത്തായിരുന്നു ഇത്.
2018 ലാണ് സ്പെയിനിലെ ലെറ്റിസിയ രാജ്ഞി രാജ്യം സന്ദർശിച്ചത്. ആ പരിസരത്ത് ചാരിറ്റിയുടെ പുത്രിമാർ ചെയ്യുന്നതെന്താണെന്ന് അവൾ കണ്ടു. രോഗികളോടൊപ്പം സ്പാനിഷ് ചാരിറ്റിയുടെ ഒരു മകൾ കുട്ടികളുമായി ഇത്ര മനോഹരമായ ഒരു ജോലി ചെയ്യുന്നത് എങ്ങനെയെന്ന് കാണുകയുണ്ടായി.
ഇത് ഒരു സുവിശേഷവത്ക്കരണ ദൗത്യമാണ്, ദരിദ്രർക്കുവേണ്ടി ഒരാളുടെ ജീവൻ നൽകുക "മതിപ്പ് വളരെ വലുതായിരുന്നു, ഫിലിപ്പ് ആറാമൻ രാജാവിന്റെ നിയമനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആലോഷമായ ചടങ്ങിൽ സ്പെയിനിൽ വച്ച് ഈ ബഹുമതി നല്കിയത്. ഇത് സുവിശേഷവത്ക്കരണം, അർപ്പണബോധം, ദരിദ്രർക്കായി ഒരാളുടെ ജീവൻ നൽകുവാനുള്ള ധൈര്യം എന്നിവക്കുള്ള അംഗീകാരമായാണ് കൊട്ടാരത്തിലെ ഓർഡർ ഓഫ് സിവിൽ മെറിറ്റ് ബഹുമതിയാൽ Sr മോനിക്കയെ അലങ്കരിച്ചത് .

ഓർഡർ ഓഫ് സിവിൽ മെറിറ്റ് മോനിക്ക സിസ്റ്ററിന് മാത്രമല്ല വിൻസെൻറ് ഡി പോളിന്റെ ഉപവിപുത്രിമാർ ലോകത്തിന് പ്രത്യേകിച്ചും ഹെയ്റ്റിയിലെ പാവങ്ങളിലേക്ക് കാരുണ്യത്തിന്റെ ചിറക് വിരിച്ച്, അർപ്പണവും, ത്യാഗവും സഹനശക്തിയും സ്നേഹത്തിൽ കലർത്തി സുവിശേഷത്തിന് ഉള്ള മൗനസാക്ഷ്യം വാചാലമായതാണ്.
സഭ വളരട്ടെ... ക്രിസ്തുവിശിഷ്യരിലൂടെ...


സി സോണിയ കളപ്പുരക്കൽ DC

ഒപ്പമാകാൻ അപ്പമായവൻ

ഒപ്പമാകാൻ  അപ്പമായവൻ

ഒപ്പമാകാന്‍ അപ്പമായവന്‍

 https://www.lifeday.in/lifeday-jesus-with-us-as-a-bread/


Saturday, 8 June 2019

പരിശുദ്ധ റൂഹാ


പരിശുദ്ധ റൂഹാ



സ്നേഹത്തിന്റെ ഉടമ്പടിയാൽ മുദ്രവച്ച ആത്മാവിന്റെ വാഗ്ദാനത്താൽ ഉറപ്പേകി യേശു നമുക്കു നല്കിയ വില്പത്രമാണ് പരിശുദ്ധാത്മാവ്. പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിന്റെ ഫലമായ ആത്മാവ് ദൈവസ്നേഹത്തിന്റെ വറ്റാത്ത നീരുറവയാണ്.

മഞ്ഞിന്റെ മൃദുലതയെപ്പോലെ ആത്മാവിനെ തട്ടി തലോടുന്ന ആർദ്രതയുടെ രൂപമാണ് പരിശുദ്ധാത്മാവ്. സഹായകനായ ആത്മാവ് സാന്ത്വനത്താൽ സങ്കടഹൃദയങ്ങളെ തട്ടി അഴലും ആകുലതയുമകറ്റി ആശ്വാസത്താൽ നിറക്കും.

അപ്പസ്തോലൻമാർക്ക് ശക്തി പകർന്ന് ആദിമസഭാ വിശ്വാസികളെ വരദാനങ്ങളാൽ നിറച്ച്, കർത്താവിന്റെ വഴിയെ നയിച്ച്, ജീവൻപോലും ത്യജിക്കാനുള്ള ആത്മശക്തിയും, വിശ്വാസവും നല്കി സത്യ സഭയെ ഇന്നോളം നയിച്ച ശക്തിയാണ് നിത്യാത്മാവ് - പരിശുദ്ധാത്മാവ്.

മാമ്മോദീസായിലൂടെ ദാനമായി വസിച്ച് സ്ഥൈര്യലേപനത്തിലൂടെ നമ്മെ ദൃഢപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലെ മൃദുമന്ത്രണങ്ങൾ പോലും പ്രാർത്ഥനയാക്കി മാറ്റുകയും, മന്തതയെ നീക്കി, മാലിന്യങ്ങൾ അകറ്റി വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന പാവന ചൈതന്യമാണ് പരിശുദ്ധ റൂഹാ.

അഹങ്കാരത്തിന്റെ മകുടമായ ബാബേൽഗോപുരം തകർത്തപോൽ മാലോകർ വിഭിന്ന ഭാഷകളിൽ ലോകത്തിന്റെ നാനാകോണിലേക്ക് ചിതറിക്കപ്പെട്ടു ഒരിക്കലും തമ്മിലടുക്കാത്ത പോലെ. ചിതറപ്പെട്ട മക്കളെ തിരുസ്സഭയെന്ന മഹോന്നത സൗധത്തിൽ ക്രൈസ്തവവിശ്വാസം എന്ന അത്ഭുതകണ്ണിയാൽ കോർത്തിറക്കി ഇന്നും സത്യസഭയെ നയിക്കുന്ന അദൃശ്യ ശക്തിയാണ് റൂഹാ.

പരിശുദ്ധ റൂഹായെ വന്നു നിറയണമേ എന്ന് ഈ പെന്തക്കുസ്തായിലും യാചിച്ചു പ്രാർത്ഥിക്കാം... ആത്മാവിൽ നിറയാം...


ആത്മാവേ വരേണമേ
അകതാരിൽ നിറയണമേ.
ആകുലതകളകറ്റി നീ ഞങ്ങളെ
ആശീർവ്വദിക്കൂ നിൻ വരങ്ങളാൽ.

സ്നേഹമായ് , ശക്തിയായ് ജ്വലിക്കയെന്നിൽ
ത്യാഗമായ്, ശാന്തിയായ് ചൊരിയണമേ.
സഹനശക്തിയാൽ നിറയുകെന്നിൽ
ദൈവാത്മാവേ നിൻ ഫലങ്ങളാൽ .


അറിവിലും, ബുദ്ധിയിലും നിറയണമേ
ആലോചന, ഭക്തിയാൽ കനിയണമേ
ദൈവഭയത്താൽ ജ്വലിക്കയെന്നിൽ
ദൈവാത്മാവേ നിൻ ദാനങ്ങളാൽ.



- Sr സോണിയ കളപ്പുരക്കൽ DC




Friday, 7 June 2019

ഹൃദയരൂപ ശിലകൾ


ഹൃദയരൂപ ശിലകൾ


പ്രശാന്ത സുന്ദരമായ തിബേരിയാസ് കടൽത്തീരം. തിരമാലകളെ തൊട്ടുണർത്തുന്ന ഇളം കാറ്റ് കടലോരത്തെ സർവ്വ സസ്യലതാദികളെയും തഴുകി എന്നരുകിൽ എത്തി. ഒരു ദിവസത്തെ ധ്യാനത്തിനായി ഞാൻ തിരഞ്ഞെടുത്തപ്പോൾ ഈ കടൽത്തീരത്തിനരികെ ഉത്ഥിതനായ കർത്താവ് അവസാനമായി പ്രത്യക്ഷപ്പെട്ടു കൂടിക്കാഴ്ച നടത്തിയ വികാരഭരിതമായ രംഗമായിരുന്നു എന്റെ മനസ്സിൽ. ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്ന യോഹന്നാന്റെ സുവിശേഷത്തിലെ 21:15 വാക്കുകളിലൂടെ ഒന്ന് യാത്ര ചെയ്യാം തിബേരിയാസ് തീരത്തിനരികെ.
തിരമാലകളുടെ നൃത്തച്ചുവടുകളും, ഇളം കാറ്റിന്റെ തഴുകലിലും മൂളിപ്പാട്ടിലും ലയിച്ചു ഞാൻ നടന്നപ്പോൾ മൂന്ന് പാറകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. അവയ്ക്ക് ചില പ്രത്യേകതയും വേറിട്ട സൗന്ദര്യവും ഉണ്ടായിരുന്നു; അവ മൂന്നും ഹൃദയാകൃതിയിൽ ആയിരുന്നു. രണ്ടായിരം വർഷത്തെ പഴക്കമുള്ള ആ പാറകൾ അന്ന് കർത്താവ് പത്രോസിനോട് മൂന്നു പ്രാവശ്യം സ്നേഹിക്കുന്നുവോ? എന്ന് ചോദിച്ച് പത്രോസാകുന്ന പാറമേൽ സഭയെ ഏല്പിച്ച ഏറ്റവും വികാരഭരിതമായ സംഭവങ്ങൾക്ക് ദൃക്സാക്ഷ്യം വഹിച്ചവയായിരിക്കാം ഈ ശിലാത്രയങ്ങൾ .ആ ശിലകളിലേക്ക് ദൃഷ്ടിയുറപ്പിച്ചപ്പോൾ അരികെ വന്ന ഇളംകാറ്റിൽ കർത്താവിന്റെ ചോദ്യം ധ്വനിച്ചിരുന്നു: " നീ എന്നെ സ്നേഹിക്കുന്നുവോ?". തന്റെ പ്രിയ കുടുംബത്തെയും, സ്വത്തായ വലയെയും വഞ്ചിയെയും, തന്നെയുംകാൾ എന്നെ സ്നേഹിക്കുന്നുവോ എന്ന് പത്രോസിനോട് ചോദിച്ച ചോദ്യം അവിടുന്ന് ആവർത്തിക്കുകയാണ്. ആ സ്വരധ്വനി എന്റെ കാതിലൂടെ കരളിലെത്തിയപ്പോൾ കരഞ്ഞു പോയ് ഞാനറിയാതെ... മൂന്നുവർഷം കൂടെ നിന്നിട്ടും അവനെ അറിയില്ലന്ന് പറഞ്ഞ നിമിഷങ്ങൾ... ക്ലേശത്തിന്റെൽവരി യാത്രയിൽ ഞാൻ സഹായിയാകാതിരുന്നതും...കാരിരുമ്പ് തുളച്ചു കയറി എനിക്കായി മരിച്ചപ്പോൾ വികാരരഹിതയായി നിന്ന നിമിഷങ്ങൾ... കരളിലെ നൊമ്പരം കണ്ണുനീരായ് പെയ്തിറങ്ങി... മനസ്സിലെ ക്രൂശിതരൂപത്തെ ഞാൻ നോക്കി നിന്നു ധ്യാനനിമഗ്നയായ്.

ചുടുനിണമൊഴുകുന്ന തിരുശരീരത്തെ നോക്കി
വാവിട്ടു കരഞ്ഞപ്പോൾ ഞാൻ കണ്ടു
എന്നെ ഓർത്തൊഴുക്കുന്ന രണ്ടു കണ്ണുകൾ.
കുഞ്ഞേ... വരൂ! എൻ ചാരെ
നുകരൂ ... എൻ സ്നേഹം
നിശബ്ദത മാടി വിളിച്ചെന്നെ.

തോരാതൊഴുകുന്ന മിഴിനീരുകൾ
ചുടുചോരയാണെന്ന് അറിഞ്ഞു വൈകി.
നേത്രാംബുവും നിണവുമൊന്നു ചേർന്ന്
പതിഞ്ഞെൻ നെഞ്ചിൽ ഒരു മണിമുത്തായ്.
രക്ഷിതൻ രണമെന്നിൽ ജീവനായി.

സന്യാസവ്രതങ്ങളായ ബ്രഹ്മചര്യം, ദാരിദ്രം, അനുസരണം, പാവങ്ങളുടെ സേവനം എന്നിവ ആദ്യമായ് ഞാൻ ഉരുവിട്ടപ്പോൾ ഉണ്ടായ അതേ ഹൃദയഭാവമെനിക്കപ്പോൾ അനുഭവവേദ്യമായി. എന്നെ സ്നേഹിക്കുന്നവരുടെയും, ഞാൻ സ്നേഹിക്കുന്നവരുടെയും പേരുകൾ ഉരുവിട്ടവിടുന്ന് എന്നോട് ചോദിച്ചു: " ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ? അവരുടെ സ്നേഹം ഞാനൊരു നിമിഷം മനസ്സിലോർത്തു. പിന്നെ കർത്താവെന്നോട് കുരിശിൽ കാണിച്ചുതന്ന മഹനീയ സ്നേഹവും. അനന്ത സ്നേഹത്തിന് മുന്നിൽ നമ്രശിരസ്കയായ് തെല്ലും മടിക്കാതെ ഞാൻ വിളിച്ചു പറഞ്ഞു, " ഉവ്വ് കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു".
മറ്റൊന്നും ആലോചിക്കും മുമ്പേ, അവിടുന്ന് ഒരിക്കൽകൂടി ചോദിച്ചു; നീ എന്നെ സ്നേഹിക്കുന്നുവോ? ലോകത്തിലുള്ള കാഞ്ചന തിളക്കത്തിലേ സ്വത്തുക്കളിൽ മയങ്ങാത്ത കർത്തൃ സന്നിധേ ചേർന്നു നില്ക്കാനല്ലേ ഞാൻ എന്നു മാഗ്രഹിക്കുന്നത്... ഒന്നുമെന്നിക്കായി കരുതി വയ്ക്കാതെ കർത്താവിന്റെ പരിപാലനയിൽ ആശ്രയിച്ചല്ലേ കാലിത്തൊഴുത്തിലെ ലാളിത്യത്തെ പുണർന്ന യേശുവിനെ ഞാനിഷ്ടപ്പെട്ടത്? "കർത്താവേ, ഈ ലോക സമ്പത്തിനേക്കാൾ ഞാനങ്ങയെ സ്നേഹിക്കുന്നു". ഒട്ടും മടിയില്ലാതെ ഞാനുത്തരം വിളിച്ചു പറഞ്ഞു.

ബംഗളൂരുവിലെ വിധാനസൗധയുടെ മുന്നിലൂടെ ഞാൻ കടന്നു പോകുമ്പോഴൊക്കെ ആ സൗധത്തിന്റെ സൗന്ദര്യത്തെക്കാൾ എന്നെ ആകർഷിച്ചത് നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തിലഴുതിയ വാക്കുകളാണ് " ഗവൺമെന്റിന്റെ പ്രവർത്തനം ദൈവത്തിന്റെ പ്രവർത്തനമാണ് ". അധികാരം ദൈവത്തിൽ നിന്നാണെന്ന് അഹങ്കരിച്ചുരുവിട്ട ഏകാധിപതികളെയും ഓർത്തിരുന്നു. അധികാരം മനുഷ്യനെ മാറ്റുന്ന ഈ യുഗത്തിൽ തന്നെ അധികാരം തെല്ലും വകവയ്ക്കാതെ തികഞ്ഞ ലാളിത്യത്തിൽ കഴിഞ്ഞ നമ്മുടെ സ്വന്തം രാഷ്ട്രപതിയായിരുന്ന ശ്രീ അബ്ദുൾ കലാം... അങ്ങനെ പലരെയും ഞാനോർത്തു. അധികാരവും അനുസരണവും കൈകോർത്തപ്പോൾ, ദൈവീകപദ്ധതികൾക്ക് മുന്നിൽ കൈകൂപ്പിയ ഞാൻ വീണ്ടും മൂന്നാം പ്രാവശ്യം കർത്താവിന്റെ ചോദ്യം കേട്ടു; " നീയെന്നെ സ്നേഹിക്കുന്നുവോ കുഞ്ഞെ?" സർവ്വ സൃഷ്ടികൾക്കും മകുടമായ, മഹനീയമായ യേശുനാമത്തിനു മുന്നിൽ തല കുമ്പിട്ട് ആ തിരുസാമീപ്യമറിഞ്ഞ് ഞാൻ ഏറ്റവും ശക്തിയോടും ശബ്ദത്തോടും കൂടി പറഞ്ഞു: "കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". എന്റെ ഉത്തരത്തിന്റെ പ്രതിധ്വനി അവിടെ മാത്രമല്ല ആ കടൽക്കരയാകെ പടർന്നു.

തന്റെ ബലഹീനതയിൽ വീണ്ടും വീണുപോയ സക്കേവൂസ് യേശുവിനെ കണ്ടതിൽ പിന്നെ പലതവണ ആ സിക്കമൂർ മരത്തിൽ നിന്ന്ആദ്യമനുഭവിച്ച ദൈവാനുഭവ സ്മരണകളിലേക്ക് തിരിച്ചവന്നതു പോലെ തിബേരിയാസിന്റെ കരയിലെ ഈ ഹൃദയരൂപശിലകൾ ആരെയും ഒരു ക്രിസ്ത്വാനുഭത്തിലേക്ക് നയിക്കും. അളവില്ലാത്ത അചഞ്ചല സ്നേഹത്തിന്റെ സ്മരണയുതിരുന്ന തിരുഹൃദയത്തിന്റെ സ്മൃതിയുണർത്തുന്ന ഈ ജൂൺ മാസത്തിൽ തിരുസഭ നമ്മെ കാത്തിരിക്കുകയാണ് - സ്നേഹത്തിന്റെ വറ്റാത്ത നീർച്ചാലുകളായ പരിശുദ്ധ കുർബ്ബാനയിലൂടെ കരുണയുടെ കവാടമായ കുമ്പസാരത്തിലൂടെ വീണ്ടും കർത്തൃ സന്നിധിയിലേക്ക്...
തിരുഹൃദയ സ്നേഹത്തിലേക്ക് തിരികെ വരാൻ...
തിരിച്ചു നടത്തുന്ന തിരിച്ചറിവിലേക്ക്
തിരിച്ചു നടക്കാം നമുക്ക്
തിരിച്ചറിവുകളിലൂടെ
തിരുത്തലുകളിലൂടെ
തിരുഹൃദയ നാഥനിലേക്ക്‌
തിരുഹൃദയ മാസത്തിൽ.
തിരുമുറിവുകൾ തൊട്ടൊരു യാത്ര.
തിരുമാറിലെന്നെയും ചേർക്കണെ
നാഥാ എന്നെ പൊതിയൂ തിരുരക്തത്താൽ....
സോണിയ ചാക്കോ കളപ്പുരക്കൽ DC
















Friday, 3 May 2019



ദൈവസ്നേഹത്തണലിൽ


ജീവൻ കൊടുത്തും സ്നേഹിക്കും സ്നേഹമേ
ജീവിതം ഞാനേകട്ടെ നിൻ തിരു സവിധേ
ജീവിതകാലം ഞാനേറെ കണ്ടൂ നിൻ
ജീവസ്പർശന വേളകളെൻ വേദനയിൽ.

ജീവിക്കാനാരുമില്ല, ഒന്നുമില്ല, അർത്ഥമില്ലെന്ന്
പരാജയം മുന്നിൽ കണ്ട് പുലമ്പുമ്പോൾ
ജീവനേകിയത് നിനക്കായ് ഞാൻ,
പ്രിയജനമേ ... മറക്കരുത്.
ജാലിക്കൂ എൻ സ്നേഹത്താൽ.

ജനനീ... നിൻ വാത്സല്യത്തണലിൽ
ജനനം മുതൽ നീ ചേർത്തണച്ചു.
ജയഘോഷത്താൽ സ്തുതിക്കുന്നു ഞാൻ
ജഗദീശാ നിൻ തവ ചരണെ... ചേർത്തണക്കൂ നീ ഒരിക്കൽ കൂടി.

ജീവനായ നാഥാ ചൊരിയൂ നിൻ ജീവധാരകൾ
ജീവാംശമായ് മാറൂ നിയെൻ സിരകളിൽ
ജീവ സ്മൃതികളാൽ നിറയട്ടെ എൻ അധരം
ജീവജ്വാലകളാൽ ജ്വലിക്കട്ടെ എൻ ഹൃദയം.
- സോണിയ ചാക്കോ കളപ്പുരക്കൽ DC

Friday, 26 April 2019

              മൃത്യു സ്മൃതി




മനുഷ്യ മുന്നിലെ ദിനമറിയാത്ത നിത്യ യാഥാർത്ഥ്യം
മനുഷ്യൻ മന്നനായാലും, പാമരനായാലും
മണ്ണ് മണ്ണിലേക്ക് വിലയം പ്രാപിക്കും
മറക്കാനാവാത്ത നിത്യസത്യം.

മരിച്ചാലും മറക്കാത്ത ഓർമ്മകൾക്ക് മുന്നിൽ
മരിക്കുമോ നിങ്ങൾ പ്രിയ ജീവിതങ്ങളെ...?
മൃതരാണെങ്കിലും, നിത്യജീവനായ്
മനസ്സിലുയരുന്നു മരിക്കാത്ത നൽ സ്മൃതികൾ.

മടങ്ങൂ എൻ മിഴികളെ, മെല്ലെ, മെല്ലെ...
മൃതിയിലല്ല, സ്മൃതിയിലാണ് ജീവൻ.
മയങ്ങൂ എൻ മനസ്സെ, മെല്ലെ, മെല്ലെ...
മനസ്സിനെ തളിരണിയിക്കും ജീവസ്മരണയിൽ.

മാന്തളിരും, മലരും, മഞ്ചാടിക്കുരുവും,
മനവും, മൗനവും, മാനവും, മയിൽപ്പീലിയും,
മൗനമായ് മയങ്ങുന്നു മൃതു മന്ദഹാസത്താൽ
മനസ്സിൻ മരീചികയിൽ...
മരിക്കില്ല , മറക്കില്ല നിങ്ങൾ മനസ്സിന്നറയിൽ.

- സോണിയ കളപ്പുരക്കൽ, ഡിസി.



കുരിശിലൊരിടം


കുരിശിലൊരിടം


അലഞ്ഞുഞാൻ നിന്നെ തേടി ലോകമെല്ലാം,
കണ്ടുഞാൻ നിന്നെ മണ്ണിനും വിണ്ണിനും മദ്ധ്യേ,
സർവ്വം മറന്നു ഓടി ഞാൻ നേടിയതെല്ലാംവ്യർത്ഥമായ് നിൻ കരിശിലിടം നേടിയപ്പോൾ.

വരൂ എന്നരികെ എന്നവൻ ചൊല്ലി ഞാൻ കുഞ്ഞായിരുന്നപ്പോൾ...
വരൂ എൻ പിന്നാലെ എന്നവൻ പറഞ്ഞു ഞാൻ വളർന്നപ്പോൾ
വരൂ എൻ കുരിശു വഹിക്കൂ എന്നവനോതി ഞാൻ ശിഷ്യയായപ്പോൾ
തരൂ നിൻ കുരിശിലൊരിടം എന്നു ഞാൻ കെഞ്ചി നാഥനെ ഞാനറിഞ്ഞപ്പോൾ.

വ്യർത്ഥ സ്വപ്നങ്ങളേ വിട
വിരഹ ദു:ഖങ്ങളേ വിട
വീടിനും, വീട്ടാർക്കും, കൂട്ടുകാർക്കും വിട
വിജയത്തിനും വീറിനും വെറുപ്പിനും വിട...

നിന്റെ നെടുവീർപ്പുകൾ കേട്ടു നിശബ്ദയായ് കരയാൻ,
നിന്റെ ആണികളുടെ മുനകളാൽ എൻ കൈകാലുകൾ തുളക്കുവാൻ,
നിന്റെ ചെഞ്ചോരയാൽ എൻ ഘോര പാപങ്ങൾ കഴുകാൻ,
നിന്റെ സാമീപ്യത്താൽ, തിരുമൊഴിയാൽ പറുദീസ നേടാൽ
നിന്റെ സ്നേഹത്തിൻ നിഴലാകാൻ,
നിന്റെ ത്യാഗത്തിൻ സാക്ഷിയാകാൻ,
നിന്റെ മുറിവുകളാൽ മുദ്രിതയാകാൻ
നിൻ കുരിശിലൊരിടമേകണേ നാഥാ...

സോണിയ കെ ചാക്കോ , ഡിസി

Thursday, 18 April 2019

തിളങ്ങുന്ന ഓർമ്മകൾ


തിളങ്ങുന്ന ഓർമ്മകൾ

ഓർമ്മകളെ... മനസ്സിന്റെ ഓരത്തെ തട്ടിത്തടവി
മൗനത്തെ വാചാലമാക്കി
കണ്ണിനെ ഈറനണിയിക്കുകയും
കരളിനെ ലയിപ്പിക്കുന്നു നനുത്ത ചിന്തകൾ .

ഓർമ്മകളേ, ഓർത്താലും മറക്കാൻ ശ്രമിച്ചാലും,
ഓടി നടക്കും നിങ്ങൾ മനസ്സിന്റെ മ്ലാനമാം മൈതാനത്ത്
മധുരവും, കയ്പും നിറയും ജീവിത പാഠങ്ങൾ.

ഓർമ്മകളെ, മരിക്കാത്ത സ്മൃതികൾ, മറക്കാത്ത നിമിഷങ്ങൾ,
മനസിന്റെ ചുമരിൽ പതിക്കുന്നു
മിന്നി മായും മിന്നാമിനുങ്ങായ്... മിന്നും താരകമായ്, ഇരുളിൻ മിത്രമായ് തെളിയുന്നു മനസ്സിലെ മായാ ദീപമായ്.

-സോണിയ കെ ചാക്കോ , ഡി സി

തിരുരക്തത്താൽ തിരിച്ചറിവിലേക്ക്

തിരുരക്തത്താൽ തിരിച്ചറിവിലേക്ക്


ചുടുനിണമൊഴുകുന്ന തിരുമേനിയെ നോക്കി
വാവിട്ടു കരഞ്ഞപ്പോൾ ഞാൻ കണ്ടു
എന്നെ ഓർത്തൊഴുക്കുന്ന രണ്ടു കണ്ണുകൾ.
കുഞ്ഞേ... വരൂ! എൻ ചാരെ
നുകരൂ ... എൻ സ്നേഹം
നിശബ്ദനായ് ചൊല്ലി നീ.

തോരാതൊഴുകുന്ന മിഴിനീരുകൾ
ചുടുചോരയാണെന്ന് അറിഞ്ഞു വൈകി.
നേത്രാംബുവും നിണവുമൊന്നു ചേർന്ന്
പതിഞ്ഞെൻ നെഞ്ചിൽ ഒരു മണിമുത്തായ്.
രക്ഷിതൻ രണമെന്നിൽ ജീവനായി.

തിരിച്ചു നടത്തുന്ന തിരിച്ചറിവിലേക്ക്
തിരുമുറിവുകൾ തൊട്ടൊരു യാത്ര.
തിരുമാറിലെന്നെയും ചേർക്കണെ...
തിരുനാഥാ എന്നെ പൊതിയൂ.. തിരുരക്തത്താൽ.
- സോണിയ കെ ചാക്കോ DC

Monday, 18 March 2019

വിശുദ്ധ യൗസേപ്പിതാവ്


ദൈവതണലില്‍ വസിച്ച് ദൈവത്തിന് തണലേകിയവന്‍ - വിശുദ്ധ യൗസേപ്പിതാവ്


ദൈവതണലില്‍ വസിച്ച് ദൈവപുത്രന് തണലേകിയ താതന്‍ - യൗസേപ്പിതാവ്

പിതാക്കന്മാരുടെ മാര്‍ഗ്ഗവും രാജാക്കന്മാരുടെ വംശമഹിമയും വിജ്ഞാനികളുടെ ജ്ഞാനവും വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണവുമായി വിണ്ണിന്റെ കുമാരനെ മണ്ണിലേയ്ക്കിറക്കിയ വിധേയന്‍

മൗനങ്ങള്‍ പ്രാര്‍ത്ഥനയാക്കി, കിനാക്കളുടെ പൊരുളറിഞ്ഞ് വേദനകളില്‍ ത്യാഗത്തെ പുണര്‍ന്ന് ദിവ്യസുതനെ നെഞ്ചിലേറ്റിയ വിദ്‌നയൗസേപ്പ്.

ഈശോയ്ക്കു വേണ്ടി
ഈശോയും മേരിയുമൊപ്പം, ഈശോയെ മാറിലേറ്റി,
ഈശോയെ നിനച്ച്, ഈശോയാല്‍ നയിച്ച്,
ഈശോയെ മടിയിലുറക്കി, ഈശോതന്‍ മടിയിലുറങ്ങി
ഈശോയുടെ സ്‌നേഹപിതാവ് നീതിമാന്‍ യൗസേപ്പിതാവ്.


"എന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനാണ്, വിശുദ്ധ യൗസേപ്പിതാവ്. എനിക്ക് യൗസേപ്പിതാവിനോട് ഒത്തിരി സ്‌നേഹമാണ്. കാരണം, അദ്ദേഹം നിശബ്ദനും ശക്തനുമായ ഒരു മഹദ്‌വ്യക്തിയാണ്. എന്റെ മേശയില്‍ ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപമുണ്ട്. ഉറക്കത്തിലും ദിവ്യതാതന്‍ സഭയെ കാത്തുപരിപാലിക്കുന്നു." ഫ്രാന്‍സിസ് പാപ്പാ. ഘോരമായ തിരമാലകളാലും ശക്തമായ കൊടുങ്കാറ്റുകളാലും സഭാനൗക ആഞ്ഞുലഞ്ഞാലും അമരത്ത് ഉറങ്ങുന്നവന്‍ അലകളെക്കാള്‍ ശക്തനായവന്‍ ആയതിനാല്‍ എല്ലാം ഒരു നിമിഷം കൊണ്ട് ശാന്തമാകും. അതിനാലാണ് ഏറ്റവും കുലീനവും മഹനീയവുമായ ഈ മാദ്ധ്യസ്ഥരീതി പരിശുദ്ധ ഫ്രാന്‍സീസ് പിതാവ് സഭയെ പഠിപ്പിച്ചത് - അദ്ദേഹത്തിന്റെ ഉറങ്ങുന്ന ജോസഫിനോടുള്ള കൊച്ചുഭക്തിയിലൂടെ. വിശുദ്ധ യൗസേപ്പിതാവ് നാസീർ വ്രതക്കാരനാകയാൽ 20 വയസ്സിന് മുൻപെ യഹൂദ നിയമപ്രകാരം വിവാഹം കഴിച്ചിരിക്കണം. യുവത്വം തുളുമ്പുന്ന വിശുദ്ധൻ ഒരു മാലാഖയെയും നേരിൽ കണ്ടില്ലെങ്കിലും, സ്വപ്നങ്ങളുടെ പെരുളറിഞ്ഞ്, ദൈവഹിതത്തിന് ചെവി ചായ്ച്ച്, ഉണ്ണിയേശുവിനെയും, മറിയത്തെയും എല്ലാ വിപത്തുകളിൽ നിന്നും കാത്തു സംരക്ഷിച്ച് കന്യാവ്രതക്കാരുടെയും, കുടുംബങ്ങളുടെയും, കത്തോലിക്കാ സഭയുടെയും , തൊഴിലാളികളുടെയും സംരക്ഷകനായും, മദ്ധ്യസ്ഥനായും വിളങ്ങുന്നു.

ഓര്‍മ്മവച്ച കാലം മുതല്‍ വിശുദ്ധ യൗസേപ്പിതാവ് എന്റെ മനസ്സിലും ജീവിതത്തിലും വലിയ ഒരു അനുഗ്രഹമായിരുന്നു. ഏറ്റവുമധികം പ്രചോദനമായി മുന്നിലുള്ളത് ഞങ്ങളുടെ ആദ്യപിതാവ് മാര്‍ സെബാസറ്റിയന്‍ വള്ളോപ്പള്ളിയാണ്. തലശ്ശേരി അതിരൂപതയുടെയും, എന്റെ ഇടവകപ്പള്ളിയും വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലാണ് എന്നുള്ളത് സന്തോഷവും അനുഗ്രഹപ്രദവും തന്നെ. ആ ദിവ്യാനുഗ്രഹങ്ങള്‍ക്കു മുന്നില്‍ ഒന്നേ പറയാനുള്ളൂ. വേദപാരംഗതയായ വിശുദ്ധ അമ്മത്രേസ്യായുടെ ഉജ്ജ്വലവാക്കുകള്‍ "വിശുദ്ധ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ ത്താല്‍ ഞാന്‍ ചോദിച്ചിട്ടുള്ള യാതൊന്നും ലഭിക്കാത്തതായി ഓര്‍ക്കുന്നില്ല. അവിടുത്തെ സഹായം അപേക്ഷി ച്ച ഒരുവനും പുണ്യത്തില്‍ അഭിവൃദ്ധിപ്പെടാത്തതായി ഞാന്‍ കേട്ടിട്ടില്ല". കുടിയേറ്റമക്കളെ അനുഗ്രഹിച്ചു സംരക്ഷിച്ച മാര്‍ യൗസേപ്പിനെക്കുറിച്ച് വാതോരാതെ സംസാരിച്ച പിതാവാണ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി.  വിനയനും വിശുദ്ധനുമായ ഈ ശ്രേഷ്ഠ പിതാവിന്റെ കുറച്ച് സവിശേഷതകളിലൂടെ ഒന്നു യാത്ര ചെയ്യാം.


1. തിരുക്കുടുംബത്തിന്റെ തിരുസംരക്ഷകന്‍

വാനോളം ചിറകുവിരിക്കുന്ന സ്‌നേഹവുമായി പറന്നകന്ന വാഴച്ചാല്‍ വനമേഖലയിലെ അപ്പന്‍ വേഴാമ്പല്‍, ബൈജു വാസുദേവനിലൂടെ സോഷ്യല്‍ മീഡിയാകളില്‍ കഴിഞ്ഞ വര്‍ഷം വളരെ വൈറലായ ഒരു ചിത്രമായിരുന്നു. മരണവേദനയിലും ഒരുപിടി ശ്വാസത്തിനായി കൊക്കു തുറക്കാതെ പ്രിയപ്പെട്ടവര്‍ക്കായി കരുതിയ കാട്ടുപഴങ്ങളുമായി നിത്യതയില്‍ ആ വേഴാമ്പല്‍ അപ്രത്യക്ഷനായപ്പോള്‍, അവന്‍ ബാക്കിവച്ചത് ആര്‍ക്കും പകരം കൊടുക്കാനാവാത്ത സ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ പിതൃസ്‌നേഹവും സംരക്ഷണവുമാണ്. തന്റെ ആരോമല്‍ കുഞ്ഞുങ്ങള്‍ക്കും അവര്‍ക്ക് തുണയായിരിക്കുന്ന പ്രിയസഖിയ്ക്കായും കരുതിയ പഴങ്ങളായിരുന്നു ആ വേഴാമ്പലപ്പന്‍ തന്റെ ചുണ്ടില്‍ നഷ്ടപ്പെടാതെ കാത്തത്. ആ അപ്പന്‍ വേഴാമ്പല്‍ ഒരു നിമിഷത്തേയ്ക്ക് ലോകത്തെ തന്റെ നിസ്വാര്‍ത്ഥ സ്‌നേഹത്താല്‍ നിശബ്ദമാക്കിയെങ്കില്‍, വിശുദ്ധ യൗസേപ്പിതാവ് അദ്ദേഹ ത്തിന്റെ നിശബ്ദ സ്‌നേഹത്തിലൂടെ ആരെയും അറിയിക്കാതെ ആരുമറിയാതെ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന അപ്പന്മാരുടെ നിസ്വാര്‍ത്ഥവും നിശബ്ദവുമായ സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്.

ഖലീല്‍ ജിബ്രാന്‍ തന്റെ 'അലഞ്ഞുനടക്കുന്നവന്‍' എന്ന കൃതിയില്‍ ഇപ്രകാരം വിവരിക്കുന്നു: 'ഒരിക്കല്‍ രണ്ടുപേര്‍ വഴിയില്‍ വച്ച് കണ്ടുമുട്ടി. കോളംസ് നഗരത്തിലെ സലാമീസിലേയ്ക്ക് അവര്‍ ഒന്നിച്ചു നടന്നു. നട്ടുച്ചയ്ക്ക് അവര്‍ ഒരു നദിക്കരയിലെത്തി. മറുകരയെത്താന്‍ പാലമില്ലാത്തതിനാല്‍ നീന്താനായി അവര്‍ വെള്ളത്തിലേ യ്ക്ക് എടുത്തുചാടി. നീന്തല്‍ നന്നായി അറിയാമായിരുന്ന അവരിലൊരാള്‍ പെട്ടെന്ന് ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ മുമ്പൊരിക്കലും നീന്തിയിട്ടില്ലാത്ത മറ്റേയാള്‍ നേരെചൊവ്വെ നദി മുറിച്ചുകടന്ന് ഒഴുക്കില്‍പ്പെട്ട സഹയാത്രികനെ രക്ഷിച്ചു. 'നീന്തല്‍ അറിയാത്ത താങ്കളെങ്ങനെ നദി മുറിച്ചുകടന്നു' എന്ന് രണ്ടാമന്‍ ചോദിച്ചപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: 'ചങ്ങാതി എന്റെ അരപ്പട്ട കണ്ടോ? ഒരു കൊല്ലക്കാലം ഭാര്യയ്ക്കും മക്കള്‍ക്കുമായി ശേഖരിച്ച സ്വര്‍ണ്ണനാണയങ്ങളാണ് ഇതു നിറയെ. അതിന്റെ ഭാരമാണ് എന്നെ മറുകരയില്‍ എത്തിച്ചത്. എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി നീന്തുമ്പോള്‍ അവരെന്റെ ചുമലിലുണ്ടായിരുന്നു.'

സ്വഭാര്യ - മറിയത്തെയും യേശുവിനെയും തോളില്‍ മാത്രമല്ല, ഹൃദയത്തില്‍ക്കൂടി വഹിച്ച സ്‌നേഹതാതനാണ് വിശുദ്ധ യൗസേപ്പിതാവ്. നസ്രത്തിലെ തന്റെ കുടുംബത്തെ ഏറെ സ്‌നേഹിച്ച് അവര്‍ക്കായി വിയര്‍പ്പൊഴുക്കിയ, തൊഴിലാളികളുടെ മാതൃകയും കുടുംബജീവിതക്കാരുടെ അലങ്കാരവുമായിത്തീര്‍ന്ന പുണ്യതാതന്‍ കുടുംബനാഥന്മാര്‍ക്ക് ഉത്തമ മാതൃകയാണ്.' പ്രകൃതിക്ക് ഇണങ്ങിയ ജോലികളാല്‍ മനുഷ്യനെ ഒരര്‍ത്ഥത്തില്‍ക്കൂടുതല്‍ മനുഷ്യനാക്കുന്ന മാനുഷിക നന്മയായ അദ്ധ്വാനത്തെ ഒരു സ്‌നേഹപ്രകടനവും ജീവിതചര്യയുമാക്കിത്തീര്‍ത്ത അപ്പച്ചനാണ് യൗസേപ്പിതാവ്'. കൂടാതെ, തന്റെ കഴിവുകള്‍ ബാല്യത്തിലേ തന്നെ സ്വപുത്രനെ പരിശീലി പ്പിക്കാനും പഠിപ്പിക്കാനും അദ്ദേഹം മറന്നില്ല.


കഴിഞ്ഞ കാലങ്ങളിലത്രയും കത്തോലിക്കാസഭയെയും കുടുംബങ്ങളെയും അളവുകളില്ലാതെ അനുഗ്രഹിച്ചാശിര്‍വ്വദിച്ച വിശുദ്ധ യൗസേപ്പ് താതന്റെ സംരക്ഷണത്തിന് നമ്മുടെ കുടംബങ്ങളെ ഇനിയും ഭരമേല്‍പ്പിക്കാന്‍ നമുക്ക് മറക്കാതിരിക്കാം.


2. മൗനം വാചാലമാക്കിയ വിശുദ്ധ താതന്‍

"നിശബ്ദത വാചാലതയെക്കാള്‍ വാചാലമാണ് " എന്ന് ജോസഫ് അഡിസന്‍ പറഞ്ഞത് യൗസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമാണ്. സുവിശേഷങ്ങളില്‍ ഒരു വാക്കുപോലും ഉരിയാടാത്ത മഹാവ്യക്തിത്വമാണ് യൗസേപ്പ് താതന്റേത്. ദൈവത്തെ കണ്ടെത്തുവാനായുള്ള മഹാപ്രയാണത്തില്‍, ഏറെ തിരക്കിലായിരിക്കുന്ന ഇന്നത്തെ ലോകത്തിനു മുന്നില്‍ ആത്മീയതയുടെ ഉറവിടങ്ങള്‍ കണ്ടെത്തുവാനായി നിരന്തരം തീര്‍ത്ഥാടനത്തിലായിരിക്കുന്ന മറ്റൊരു ഭാഗം ലോകജനതയ്ക്കും മുന്നില്‍ വിലമതിക്കാനാവാത്ത ഭാഗ്യവാനായി മിന്നിത്തിളങ്ങുകയാണ് വിശുദ്ധ യൗസേപ്പിതാവ്. ഈ മഹോന്നതഭാഗ്യം ലഭിച്ച പുണ്യപിതാവിന് സ്വജീവിതം തന്നെ ഒരു മനോഹര-മഹോന്നത പ്രാര്‍ത്ഥനയായിരുന്നു. ഈശോയുടെ കൂടെ ഈശോയ്ക്കു വേണ്ടി ഈശോയോടൊപ്പം ആയിരിക്കുക എത്ര മഹോന്നത സൗഭാഗ്യമാണ്. സ്വര്‍ഗ്ഗം ഭൂമിയില്‍ ആഘോഷിക്കുകയായിരുന്നു ആ തിരുക്കുടുംബം. ദൈവം തന്റെ അമൂല്യനിധിയുടെ രക്ഷകര്‍ത്താവായി ജോസഫിനെ ഭരമേല്‍പ്പിച്ചപ്പോള്‍ എത്രമാത്രം ജാഗ്രതയോടും ഉത്തരവാദിത്വത്തോടും വിശ്വസ്തതയോടും വാത്സല്യത്തോടെയുമാണ് യൗസേപ്പിതാവ് പരിപാലിച്ചത് എന്ന് വിവരിക്കുക അവര്‍ണ്ണനീയം തന്നെ. ജീവിതത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും നിരന്തര തീര്‍ത്ഥാടനമാക്കി മാറ്റിയ വിശുദ്ധന്‍ അവസാനംവരെ ദൈവത്തോട് വിധേയപ്പെട്ട് വിശ്വസ്ത കാര്യസ്ഥനായിരിക്കുവാന്‍ പരിശുദ്ധ മറിയത്തെപ്പോലെ വിശുദ്ധ യൗസേപ്പിനും സാധിച്ചു.

ജോസഫ് പറഞ്ഞ ഒരു വാക്കുപോലും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിതാവിന്റെ മൗനം വാചാലമാണ്. യൗസേപ്പിന്റെ മൗനം അഗാധമായ പ്രാര്‍ത്ഥനയുടെയും ദൈവത്തോടുള്ള സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെയും അടയാളങ്ങളാണ്. ദൈവവുമായി നിരന്തരം സമ്പര്‍ക്കത്തിലായിരുന്ന വന്ദ്യപിതാവിന്റെ മരണം പോലും ഈശോയുടെയും മാതാവിന്റെയും അരികെയായിരുന്നു. എത്ര വിശിഷ്ടവും മഹനീയവുമായിരുന്നു ആ പുണ്യജീവിതം!


3. മാര്‍ യൗസേപ്പിനോടുള്ള ഭക്തി മാര്‍പ്പാപ്പാമാരിലൂടെ

വിണ്ണില്‍ നിന്നും മണ്ണിലേയ്ക്ക് മനുജരില്‍ ഒരാളായി ദൈവപുത്രനെ അയച്ചപ്പോള്‍ ദിവ്യശിശുവിന്റെ സംരക്ഷണം ഏറ്റവും നന്നായി നടത്തുവാന്‍ ദൈവംതമ്പുരാന്‍ ഏല്‍പ്പിച്ച വിശ്വസ്തപാലകന്‍ യൗസേപ്പിതാവാണെങ്കില്‍ ക്രിസ്തുവിന്റെ മൗതികശരീരവും മണവാട്ടിയുമായ സഭയെ ഇക്കാലമത്രയും കാത്തുപരിപാലിക്കുന്ന ദിവ്യ സംരക്ഷകനും യൗസേപ്പിതാവാണെന്നത് നിസ്സംശയമായ യാഥാര്‍ത്ഥ്യമാണ്.

ഒന്നരപ്പതിറ്റാണ്ടായി മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള പഠനങ്ങളിലും ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മികതയിലും ഏറെ പുരോഗതിയുണ്ടായിരിക്കുകയാണ്. ജോസഫോളജി എന്ന ശാസ്ത്രശാഖ തന്നെ ദൈവശാസ്ത്രത്തില്‍ ഉത്ഭവിച്ചിരിക്കുകയാണ്. വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള മാര്‍പ്പാപ്പാമാരുടെ ഭക്തിയും പ്രബോധനങ്ങളും വളരെ ചുരുക്കത്തില്‍ കാണാം.


1. പീയൂസ് 9-ാമന്‍ പാപ്പ:- 'പൊതെന്റിസിമോ പത്രോചിനിയോ' എന്ന തിരുവെഴുത്തിലൂടെ 1870 ഡിസംബ ര്‍ 8-ാം തീയതി മാര്‍ യൗസേപ്പിനെ കത്തോലിക്കാസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും 1871 ജൂലൈ 7-ാം തീയതി വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മാര്‍ച്ച് 19-ന് ആചരിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെയ്തു. കൂടാതെ, സഭയെ മഹാപിതാവായ യൗസേപ്പിന്റെ ശക്തമായ സംരക്ഷണത്തിന് സമര്‍പ്പിക്കുകയും കത്തോലിക്കാസ ഭയുടെ രക്ഷാധികാരി എന്ന് വിളിക്കുകയും ചെയ്തു.

2. ലിയോ 13-മാന്‍ പാപ്പ:
മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള ആദ്യ അപ്പസ്‌തോലിക ലേഖനം ക്വാം ക്വാം പ്ലൂ രിയെസ്. 1889 ആഗസ്റ്റ് 15-ാം തീയതി പുറപ്പെടുവിച്ചു.

3. പീയൂസ് 10-ാമന്‍ പാപ്പ: മാമ്മോദീസായിലൂടെ ജോസഫ് എന്ന് നാമകരണം ചെയ്യപ്പെട്ട പാപ്പായാണ് വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ അംഗീകരിച്ചത്.

4. ബെനഡിക്ട് 15-ാമന്‍: വിശുദ്ധ യൗസേപ്പിതാവിന്റെ നാമം സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ കൂട്ടിച്ചേര്‍ക്കുകയും വിശുദ്ധന്റെ ഓര്‍മ്മയാചരണം കടമുള്ള ദിവസമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കുകയും ചെ യ്തു.

5. പീയൂസ് 11-ാമന്‍:- പീയൂസ് 11-ാമന്‍ മാര്‍പ്പാപ്പ തന്റെ ചാക്രികലേഖനം 'ദിവീനി റെദംതോരിസീ'ലൂടെ വിശുദ്ധ യൗസേപ്പിന്റെ സ്ഥാനം പരിശുദ്ധ കന്യകാമറിയത്തിന് തൊട്ടുതാഴെയും വിശുദ്ധ പത്രോസിനും സ്‌നാപകയോഹന്നാനും മേലെയാണെന്നും പഠിപ്പിച്ചു.

6. പീയൂസ് 12-ാമന്‍ പാപ്പ:- 1955 മുതല്‍ മെയ്ദിനം (മെയ് 1) തൊഴിലാളികളുടെ മദ്ധ്യസ്ഥനായ യൗസേപ്പിന്റെ തിരുനാളായി സഭയില്‍ ആചരിക്കാന്‍ ആരംഭിച്ചു. ഇത് കമ്മ്യൂണിസ്റ്റുകാരുടെ തൊഴിലാളിദിനാചരണത്തോടുള്ള പ്രതികരണമായിരുന്നു.

7. ജോണ്‍ 23-ാമന്‍ പാപ്പ:- 1962-65 വരെ നടന്ന സാര്‍വ്വത്രിക സഭയിലെ ഏറ്റവും വലിയ സൂന്നഹദോസിന്റെ മദ്ധ്യസ്ഥനും സംരക്ഷകനുമായി വിശുദ്ധ യൗസേപ്പിതാവിനെ പ്രഖ്യാപിക്കുകയും റോമന്‍ തക്‌സയില്‍/കുര്‍ബാനക്രമത്തില്‍ മറിയത്തിന്റെ നാമത്തിനു ശേഷം യൗസേപ്പിന്റെ നാമം ചേര്‍ക്കുകയും ചെയ്തു.

8. പോള്‍ 6-ാമന്‍ പാപ്പ:- പലതവണ പ്രംസംഗങ്ങളില്‍ യൗസേപ്പിന്റെ എളിമ, അനുസരണം, തുടങ്ങിയ ഗുണങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

9. ജോണ്‍പോള്‍ 2-ാമന്‍ പാപ്പ:- ലിയോ 13-ാമന്‍ പാപ്പ യൗസേപ്പിതാവിനെക്കുറിച്ച് ആദ്യ അപ്പസ്‌തോലികലേഖനം പുറപ്പെടുവിച്ചതിന്റെ നൂറാം വര്‍ഷം 1989 ആഗസ്റ്റ് 15-ാം തീയതി മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള അപ്പസ്‌തോലിക ആഹ്വാനം എഴുതി.

റെദെംതോറിസ് കുസ്‌തോസ് (രക്ഷകന്റെ പാലകന്‍) എന്ന ഈ ശ്ലൈഹികാഹ്വാനത്തില്‍ പാപ്പ പറയുന്നു: 'ദൈവം തന്റെ അമൂല്യനിധിയുടെ പരിപാലനം ഏല്‍പ്പിച്ചിരിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിനെയാണ്' (RC. 3)

ലിയോ 13-ാമന്‍ പാപ്പാ ഇപ്രകാരം പറയുന്നു: "സഭ യൗസേപ്പിനെ തന്റെ മദ്ധ്യസ്ഥതയിലും വലിയ പ്രത്യാശ അര്‍പ്പിക്കുന്നതിനും ഏറ്റവും പ്രധാനകാരണം അദ്ദേഹം മറിയത്തിന്റെ ഭര്‍ത്താവും യേശുവിന്റെ വളര്‍ത്തുപിതാവുമായിരുന്നു. തന്റെ കാലത്ത് യേശുവിന്റെ നിയമപരവും സ്വാഭാവികവുമായ രക്ഷകര്‍ത്താവായിരുന്ന യൗസേപ്പ് - തിരുക്കുടുംബത്തിന്റെ തലവനും സംരക്ഷകനുമായിരുന്നു. അതുകൊണ്ട് ഒരിക്കല്‍ നസ്രത്തിലെ തിരുക്കുടുംബത്തിന് നിതാന്തജാഗ്രതയോടെയുള്ള വിശുദ്ധ സംരക്ഷണം നല്‍കിയ ജോസഫ്, ക്രിസ്തുവിന്റെ സഭയ്ക്കും സ്വര്‍ഗ്ഗീയമാദ്ധ്യസ്ഥ്യം നല്‍കി അതിനെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു".

10. ബെനഡിക്ട് 16-ാമന്‍:- 'കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ എളിയ വേലക്കാരന്‍' എന്ന അഭിസംബോധനയോടെ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ബെനഡിക്ട് 16-ാമന്‍ 2005-ല്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റു. പാപ്പ നിശ്ചയദാര്‍ഢ്യത്തോടെ പഠിപ്പിച്ചു: 'നിക്ഷേപങ്ങളൊന്നുമില്ലാതെയും സ്‌നേഹിക്കാന്‍ സാധ്യമെന്ന് മാര്‍ യൗസേപ്പ് പഠിപ്പിക്കുന്നു.' മാര്‍ യൗസേപ്പിനോട് വളരെ ഭക്തിയും സ്‌നേഹവും പാപ്പായ്ക്ക് ഉണ്ടായിരുന്നു.


11. ഫ്രാന്‍സിസ് പാപ്പ:- 1953-ല്‍ ബുവനസ് ഐരസിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലു ള്ള പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് 17-ാമത്തെ വയസ്സില്‍ തന്റെ ദൈവവിളി ആദ്യമായി തിരിച്ചറിഞ്ഞത്. ആ ജോര്‍ജ്ജ്, 50 വര്‍ഷങ്ങള്‍ക്കുശേഷം 2013 മാര്‍ച്ച് 19-ല്‍ 266-ാമത്തെ മാര്‍പ്പാപ്പയായി സ്ഥാനമേറ്റു. അതിനുശേഷം പാപ്പായുടെ ഉറങ്ങുന്ന യൗസേപ്പിനോടുള്ള സ്വകാര്യഭക്തി സഭയിലുടനീളം പടര്‍ന്നു. "എന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനായ യൗസേപ്പിനോട് എനിക്ക് അളവറ്റ സ്‌നേഹവും ഭക്തിയുമാണ്. എന്റെ യൗസേപ്പിതാവ് ഉറങ്ങുന്നത് മെത്തയിലല്ല, അപേക്ഷകളുടെ മേലെയാണ്. എനിക്കെന്തെങ്കിലും വിഷമങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ അതൊരു തുണ്ടുകടലാസിലെഴുതി യൗസേപ്പിന്റെ രൂപത്തിനടിയില്‍ വയ്ക്കും. അതിനാല്‍, അദ്ദേഹത്തിന് അവയെക്കുറിച്ച് കിനാക്കള്‍ കാണാം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഞാന്‍ മാര്‍ യൗസേപ്പിനോട് പറയും ഈ പ്രശ്‌നത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം".


4. നിക്ഷേപങ്ങളുടെ അക്ഷയപാത്രം

പഴയനിയമത്തിലെ ജോസഫിന്റെ ഒരു പ്രതിച്ഛായയാണ് നമ്മുടെ പുതിയ ജോസഫ് താതന്‍. പൂര്‍വ്വപിതാവ് ജോസഫ്, ഈജിപ്തില്‍ സര്‍വ്വാധികാരിയായി രാജകീയ ഭണ്ഡാരത്തിലുള്ളവ വിതരണം ചെയ്ത് അക്കാലത്തെ ജനതയെ സംരക്ഷിച്ചതുപോലെ നമ്മുടെ പിതാവായ മാര്‍ ജോസഫിനെ ഈജിപ്തിലെ മാത്രമല്ല, ദൈവം അവിടുത്ത സ്വര്‍ഗ്ഗീയനിക്ഷേപങ്ങളുടെയും സംരക്ഷകനായി നിയോഗിച്ചിരിക്കുകയാണ്.

അപേക്ഷിച്ചാല്‍ ഒരിക്കലും ഉപേക്ഷിക്കാത്ത പാവന യൗസേപ്പിന്റെ പിതൃവാത്സല്യത്തണലില്‍ നമുക്കേവര്‍ക്കും ആമോദം അണിനിരക്കാം. അനുഗ്രഹങ്ങളുടെ കലവറയുടെ കാവല്‍ക്കാരനായ വിശ്വസ്ത താതന്‍ - നമ്മുടെ മുമ്പാകെ, നമുക്കായി തുറന്ന് അനുഗ്രഹം വര്‍ഷിക്കുവാനായി കാത്തിരിക്കുന്ന വത്സലതാതനെ നമ്മുടെയും കുടുംബങ്ങളുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി സ്വീകരിക്കാം. ഈശോയ്ക്കു വേണ്ടി ഈശോയും മാതാവും യൗസേപ്പ് താതനുമൊപ്പം സ്വര്‍ഗ്ഗതുല്യം ജീവിക്കാം.


വിശുദ്ധ അമ്മത്രേസ്യായെപ്പോലെ വീടിന് പുറത്തുപോകുമ്പോള്‍ വീടിനെയും വീട്ടിലുള്ളവരെയും പുണ്യപിതാവിന്റെ സംരക്ഷണത്തിനേല്‍പ്പിക്കാം. വിശുദ്ധ വിന്‍സെന്റ് ഡി പോളിനെപ്പോലെ ജീവിതവിശുദ്ധിക്കും വിളിയിലെ നിലനില്‍പ്പിനായും യൗസേപ്പ് താതന്റെ മാദ്ധ്യസ്ഥ്യം തേടാം. വിശുദ്ധ ചാവറ പിതാവിനെപ്പോലെ  കു ടുംബങ്ങളുടെ നാഥനായി, ജീവിതപരീക്ഷകളില്‍, ക്ലേശങ്ങളില്‍ കൂട്ടാളിയായി ഈശോയ്ക്കു വേണ്ടി സഹിക്കുവാന്‍ നമ്മെയും പഠിപ്പിക്കുവാനായി യാചിക്കാം. വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ..


സി സോണിയ കളപ്പുരയ്ക്കല്‍,ഡിസി.


സുകൃതജപങ്ങൾ


1. നീതിമാനായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ.

2. വിവേകമതിയായ വിശുദ്ധ യൗസേപ്പേ, നന്മ തിരഞ്ഞെടുക്കാനുള്ള വിവേകം ഞങ്ങള്‍ക്ക് തരേണമേ.

3. ദാവീദിന്റെ പുത്രനായ മാര്‍ യൗസേപ്പേ, തിരുസഭയുടെ ഉത്തമപുത്രരാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ.

4. തിരുക്കുടുംബത്തിന്റെ പാലകനായ മാര്‍ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സദാ പരിപാലിക്കേണമേ.

5. ദൈവകുമാരന്റെ വളര്‍ത്തുപിതാവേ, ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളെ സഹായിക്കേണമേ.

6. രക്ഷാകരകര്‍മ്മത്തില്‍ സഹകരിച്ച മാര്‍ യൗസേപ്പേ, നിത്യരക്ഷ നേടുവാന്‍ ഞങ്ങളെ സഹായിക്കേണമേ.

7. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ജോലിയുടെ മഹത്വം ഞങ്ങളെ പഠിപ്പിക്കേണമേ.

8. തിരുസഭയുടെ പാലകാ, ദൈവജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.

9. പ്രാര്‍ത്ഥനാജീവിതത്തിന്റെ മാതൃകയായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കേണമേ.

10. അനുസരണത്തിന്റെ മകുടമായ വിശുദ്ധ യൗസേപ്പേ, ദൈവതിരുമനസ്സ് അനുസരിച്ച് ജീവിക്കുവാന്‍ ഞങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തേണമേ.

11. ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ ക്ലേശങ്ങള്‍ ധീരതയോടെ നേരിടുവാന്‍ സഹായിക്കേണമേ.

12. ദിവ്യകുമാരന്റെ വളര്‍ത്തുപിതാവേ, ഞങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കേണമേ.

13. വിനീതഹൃദയനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിനയമുള്ളവരാക്കേണമേ.

14. ഈശോയുടെ സ്‌നേഹമുള്ള വളര്‍ത്തുപിതാവേ, ഈശോയെ സ്‌നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ.

15. കന്യാമറിയത്തിന്റ വിശ്വസ്ത ഭര്‍ത്താവേ, ഞങ്ങളില്‍ പരസ്പരവിശ്വാസം വര്‍ദ്ധിപ്പിക്കേണമേ.

16. തിരുക്കുടുംബത്തിന്റെ നാഥനായ പിതാവേ, ഞങ്ങളുടെ ഭവനത്തിന്റെ നാഥനായിരിക്കേണമേ.

17. വിശുദ്ധരുടെ സമുന്നതനേതാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിശുദ്ധിയില്‍ നയിക്കേണമേ..

18. നീതിമാനായ മാര്‍ യൗസേപ്പേ, നീതിബോധം ഞങ്ങള്‍ക്ക് നല്‍കേണമേ..

19. ദൈവസ്‌നേഹം നിറഞ്ഞ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കേണമേ.

20. നന്മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നന്മരണം പ്രാപിക്കുവാനിടയാക്കേണമേ.


https://www.lifeday.in/lifeday-devotion-to-st-joseph-through-different-popes/

--

https://www.lifeday.in/lifeday-st-joseph-father-of-son-of-god/





Sr Helena Studler DC

  ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരയായ ഒരു സന്യാസിനി - Sr ഹെലെന DC പ്രത്യാശയുടെ പാതയിൽ തീർത്ഥാടകരായി നമ്മൾ ഒരുമിച്ചു നടക്കുമ്പോൾ...വായിച്ചറിയാം...